ജീവിതം മുന്നോട്ടു പേകേണ്ടതിന്റെ ആവശ്യം


സ്വര്‍ണക്കടക്കാരന്‍ ജോസഫ്‌ പറഞ്ഞു
ഇക്കൊല്ലം ഞങ്ങള്‍ക്ക്‌ നൂറാമത്തെ ഷോപ്പ്‌ തുറക്കാനുള്ളതാണ്‌
പലചരക്കു കടക്കാരന്‍ യൂസുഫ്‌ പറഞ്ഞു
ആയിരം ടണ്‍ അരിക്കാണ്‌ ഓഡറു കൊടുത്തിട്ടുള്ളത്‌
എഴുത്തുകാരനോട്‌ ചോദിച്ചു
ആഗോള വല്‍ക്കരണത്തെ കുറിച്ച്‌
ഞാനൊരു നോവലെഴുതിക്കൊണ്ടിരിക്കുന്നു
ഡി.സി ബുക്‌സ്‌ തന്നെ പ്രസിദ്ധീകരിക്കും
വേറൊരെഴുത്തുകാരന്‌
കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്‌
അടുത്ത തവണ തരപ്പെടാനിരിക്കുകയാണ്‌
ജീവിതം മുന്നോട്ടു തന്നെ പോകേണ്ടതുണ്ട്‌
ചൊല്ലിക്കൊടുത്തതൊക്കെ
ഓതിപ്പഠിക്കുകയാണ്‌ കുട്ടികള്‍
അവരത്‌ ഓതിക്കൊടുക്കുന്നത്‌ കേള്‍ക്കണം
ഭാവി തലമുറകള്‍ക്ക്‌ ദീന്‍ പഠിക്കണ്ടെ
ജീവിതം മുന്നോട്ട്‌ പേകേണ്ടതിന്റെ ആവശ്യകത
പള്ളിയിലെ ഉസ്‌താദ്‌ വിശദീകരിച്ചു
ഒരു ലോട്ടറി എടുത്തിട്ടുണ്ട്‌
നറുക്കെടുപ്പു വരേയെങ്കിലും ഒരു പ്രതീക്ഷയുണ്ടല്ലോ
പഠിപ്പും പത്രാസുമുള്ള യുവാവ്‌ വികാരാധീനനായി
ജീവിതം മുന്നോട്ടു തന്നെ പോകേണ്ടതുണ്ട്‌
വീട്ടില്‍ ചോദിച്ചപ്പോള്‍
മുളകും മഞ്ഞളും ഉണക്കാനിട്ടതല്ലേ എന്നുമ്മ പറഞ്ഞു
മോളെക്കെട്ടിക്കാന്‍ ഉള്ള അറുപതു പവന്‍ ലോക്കറിലുണ്ട്‌
കമ്പ്യൂട്ടറിന്റെ പണിയുള്ള പുതിയപ്പിളയെ
നോക്കിക്കൊണ്ടിരിക്കുന്നതായി അയല്‍വാസി
വിസ വരുന്നുണ്ടെന്ന്‌
സൂപ്പര്‍ മാര്‍ക്കറ്റിലെ പണിക്കാരന്‍
കഴിഞ്ഞ ഉല്‍സവത്തിന്‌ നാടകുത്തുകാരന്‍ കുമാരന്റെ ടീം
ഇരുട്ടടി അടിച്ചതാണ്‌
ഇക്കുറി അതു തിരിച്ചു കൊടുക്കണമെന്ന്‌ പിസി കുമാരന്‍
ജീവിതം മുന്നോട്ടു തന്നെ പോകേണ്ടതുണ്ട്‌
ഇനിയുമെത്രയോ
ആവശ്യങ്ങള്‍ പിന്നിലുള്ളതിനാല്‍
മുന്നോട്ടു തന്നെ പോകുന്നതായിരിക്കുമെന്ന്‌
ജീവിതവും ഇതേ ചോദ്യത്തിനു മറുപടി പറഞ്ഞു.

കൂണുകള്‍ കാതുകള്‍

എനിക്കു കഴിക്കാനാവില്ല കൂണ്‍കറി 
ഒട്ടും രസിക്കില്ല
അതിന്റെ രുചിയിലെ
മാംസത്തിന്റേയും മണ്ണിന്റേയും കലര്‍പ്പ്‌

മരിച്ചവരുടെ കാതുകളാണ്‌ കൂണുകളായി
ഭൂമിയില്‍ മുളക്കുന്നത്‌ എന്നെനിക്കുറപ്പാണ്

മഴ ചൊരിയുന്ന രാത്രിയില്‍
ആരും പുറത്തിറങ്ങാത്ത തഞ്ചത്തില്‍
ഇടി വെട്ടുന്ന ഒച്ചയില്‍
ആരെയും കേള്‍പിക്കാതെ
പുറത്തേക്ക് വിടുന്നു അവരവരുടെ കാതുകൾ

അവർക്കും കേൾക്കണ്ടേ
പുറം ലോകത്തെ മൗനങ്ങൾ
ജനിമൃതികൾ അപകട വാർത്തകൾ
പാട്ടുകൾ പരാഗങ്ങളും രാഗദ്വേഷങ്ങളും

നിങ്ങളുടെ മരിച്ചവരെപ്പറ്റി
നല്ലതു മാത്രം പറയുകയെന്ന്‌
പടച്ചവൻ തന്നെ അവന്റെ കിതാബിൽ

അവനവനെ പറ്റി നല്ലതു കേൾക്കാൻ
ആഗ്രഹിക്കാത്ത ആരാണുള്ളത്
സംശയമില്ല, മരിച്ചവരുടെ കാതുകളാണ്‌
കൂണുകളായി ഭൂമിയില്‍ മുള പൊട്ടുന്നത്

കൂണുകളെ കൂട്ടത്തോടെ
പുറത്തേക്കു വരുത്തുന്ന
മിന്നൽ പിണരുകളുണ്ട് പോലും ചിലരുടെ കയ്യിൽ
മരിച്ചവരെ മണ്ണിനടിയിൽ നിന്നും
പുറപ്പെടുവിക്കുന്ന വെളിച്ചം അവരുടെ കയ്യിലുണ്ടാകുമോ
എനിക്കു ചിലരെ കാണാൻ കൊതിയാകുന്നു.

അനാര്‍ക്കലീ,

അനാര്‍ക്കലീ,
നിന്റെ നടത്തങ്ങള്‍
നൃത്തത്തിന്റെ ചുവടുകളായി
ജഹനാരാ,
നിന്റെ നിലവിളികള്‍ കവിതകളായി.

ഉമ്മയോ പെങ്ങളോ അല്ലാത്ത പെണ്ണുങ്ങളേ
നമുക്കിടയിലൂടെ 
അവസാനത്തെ രാജാവിന്റെ 
മുതുകിൽ പതിഞ്ഞ 
അതേ ചാട്ടവാർ പാഞ്ഞു പോകുന്നു.

..........................പൂവിടുക മാത്രം ചെയ്യുന്ന
ചെടികളായാലും മരങ്ങളായാലും
പിഴുതു കളയണം

വേരു പോലും ബാക്കി വെക്കരുതെന്തെന്നാല്‍
ഇത്തിരി നനവു ചെന്നാല്‍ മതി
ചില അഭ്യാസങ്ങള്‍ കൊണ്ട്‌
തളിര്‍ത്തു വന്ന്‌ രാഷ്ട്രീയം പറയാന്‍ തുടങ്ങും
ചില്ലകളിൽ കൊടികെട്ടും
പരിഭ്രമിപ്പിച്ചു കളയും

കായ്‌ക്കുന്നവ മാത്രം
നനയ്‌ക്കണം തടമെടുക്കണം
വളര്‍ത്തണം
നല്ല മരുന്ന്‌ കുത്തി വച്ച്‌
അരോഗ മൃദുഗാത്രമാക്കണം
കൂടിയ വിലക്കു കൊടുക്കണം

പൂവിടുക മാത്രം ചെയ്യുന്ന
ചെടികളായാലും മരങ്ങളായാലും
പിഴുതു കളയണം.