നഗരത്തിലെ മരങ്ങള്‍

നഗരത്തിലെ മരങ്ങളാണു
ഫ്ലാറ്റുകളെന്ന്
കൂട്ടുകാരി പറഞ്ഞ ശേഷമാണ്
മുടങ്ങാതെ
നിരീക്ഷിക്കാന്‍ തുടങ്ങിയത്

അതെ,
ആദ്യം ആഴത്തില്‍
കുഴിക്കണം

വെള്ളമൊഴിക്കണം
തളിരില്‍
വെയിലു തട്ടാതെ മറപിടിക്കണം

കരുതലോടെ
പോറ്റിയില്ലെങ്കില്‍
ഉണങ്ങിയടരുകയോ
കൂമ്പിലേ വാടുകയോ ചെയ്യാം

ഏറ്റവുമൊടുക്കം
രണ്ടുമൊന്നെന്ന പോലെ

ചില്ലകളില്‍
ബഹളങ്ങളോടെ
വന്നു രാപാര്‍ക്കുന്നു
പലതരം നിശ്ശബ്ദതകള്‍

മുറിച്ചു വില്‍ക്കാന്‍
തക്കം
പാര്‍ത്തു നടക്കുന്നു
മഴുമുനകളേറെ ചുറ്റിലും.

16 comments:

  1. കോണ്‍ക്രീറ്റ്
    വനത്തില്‍ നിന്ന്...
    വന ഭോജനത്തിന് കാടു കാണാനില്ല,
    ഫ്ലാറ്റേയുള്ളൂ മുന്നില്‍.

    ReplyDelete
  2. മൊത്തം ഫ്ലാറ്റായല്ലോ ഉമ്പാച്ചി കവിത :)
    -സുല്‍

    ReplyDelete
  3. പ്രവാസിക്ക്‌ നേരെ പിടിക്കുന്ന ഒരു കവിത. അങ്ങനെയാണൊ റഫീക്കെ???

    എന്തായാലും നന്നായി

    നന്മകള്‍

    ReplyDelete
  4. നന്നായി...

    ReplyDelete
  5. ഉമ്പാചി

    തനി കാടുകളില്‍ സന്തോഷം, സമാധാനം, സഹവര്‍തിത്ത്വം...

    ഇവിടെയോ?? ഈ കൊണ്‍ക്രീറ്റുകാടുകളില്‍...
    പക, രോദനം, വഞ്ചന,ചതി...

    സ്നേഹം, ദയ, സാന്ത്വനം എന്നിവ അന്യം നിന്നുപൊയവ.

    നല്ല കവിത. എല്ലാ നന്മകളും നേരുന്നു.

    ReplyDelete
  6. കൊള്ളാം നല്ല ആശയം.

    ReplyDelete
  7. നന്നായി...

    ReplyDelete
  8. കോണ്‍ക്രീറ്റുകാടുകള്‍ ഡിസിന്റെഗ്രേറ്റ് ചെയ്താല്‍ മരങ്ങളാകും അല്ലേ :)

    ReplyDelete
  9. ചേക്കാറാനിടമില്ലാതെ രാപ്പക്ഷി മാത്രം
    ചിറകടിക്കുന്നു.
    ദേശാടനപക്ഷികളുടെ ചില്ലയില്‍ മാത്രം ആരുമില്ല

    ReplyDelete
  10. ഏറ്റവുമൊടുക്കം
    രണ്ടുമൊന്നെന്ന പോലെ കവിതയിലും കാണാം

    ReplyDelete
  11. ആ കാടുകളില്‍ നിഗൂഢത ഞാന്‍ വരികളില്‍ നിന്നറിയുന്നു.

    ReplyDelete
  12. നഗരം കാടാകുമ്പോള്‍
    ചീറിപ്പായുന്ന വാഹനങ്ങള്‍
    മുരണ്ടു നടക്കുന്ന മൃഗങ്ങള്‍ അല്ലേ?
    :)
    നല്ല കവിത.

    ReplyDelete
  13. നല്ല കവിത..

    "മുറിച്ചു വില്‍ക്കാന്‍
    തക്കം
    പാര്‍ത്തു നടക്കുന്നു
    മഴുമുനകളേറെ ചുറ്റിലും."

    ഇത് അങ്ങൊട്ട് കത്തിയില്ല... :)

    ReplyDelete
  14. മുറിച്ചുവിറ്റാ ഇപ്പൊ എന്താ വില.
    കോണ്‍ക്രീറ്റു മരങ്ങള്‍ :)

    കലക്കി.

    ReplyDelete
  15. സുല്‍, മൊത്തം ഫ്ലാറ്റായോ?
    ക്ഷമിക്കണം.
    നജൂസ്,അഹം,കിച്ചു,ഫസല്‍,കാവലാന്‍,സനാതനന്‍
    നിങ്ങള്‍ എല്ലാരും നാട്ടില്‍ പാര്‍ക്കാത്തവരാണല്ലേ..?
    വഡവോസ്കി,അനക്കം
    -വെള്ളവും വളവും തേടി പോകുന്ന വേരു പോലെ
    ഡ്രൈനേജിലേക്കിറങ്ങുന്ന പൈപ്പുകള്‍-
    ഈ വരി വെട്ടിക്കളയുകയായിരുന്നു.
    സിമി, എനിക്കറിവില്ല നിന്റെ ചോദ്യത്തിനുത്തരം.
    നജീം,
    ഞങ്ങളുടെ ഫ്ലാറ്റിലേക്കുള്ള വഴിയില്‍
    റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരായ രണ്ടു പേരെ
    പതിവായി കാണാറുണ്ട്.
    അവരുടെ നോട്ടം നടപ്പ് എന്നിവയിലെല്ലാം
    ഞാന്‍ കാണാറ്
    പണ്ട് തറവാട്ടിലെ പ്ലാവ് മാവ് എന്നിവ
    വില്‍ക്കുന്നോ എന്ന് ചോദിച്ച് വരാറുള്ള ചിലരെയാണ്.
    രണ്ടിനേയും കണ്ടാല്‍ മഴു പോലിരിക്കും.
    ശെഫി നിഗൂഢതയൊന്നുമില്ല,
    ഇത് വെളിപ്പെട്ട കാട്.

    ReplyDelete