Showing posts with label നഗരത്തിലെ മരങ്ങള്‍. Show all posts
Showing posts with label നഗരത്തിലെ മരങ്ങള്‍. Show all posts

നഗരത്തിലെ മരങ്ങള്‍

നഗരത്തിലെ മരങ്ങളാണു
ഫ്ലാറ്റുകളെന്ന്
കൂട്ടുകാരി പറഞ്ഞ ശേഷമാണ്
മുടങ്ങാതെ
നിരീക്ഷിക്കാന്‍ തുടങ്ങിയത്

അതെ,
ആദ്യം ആഴത്തില്‍
കുഴിക്കണം

വെള്ളമൊഴിക്കണം
തളിരില്‍
വെയിലു തട്ടാതെ മറപിടിക്കണം

കരുതലോടെ
പോറ്റിയില്ലെങ്കില്‍
ഉണങ്ങിയടരുകയോ
കൂമ്പിലേ വാടുകയോ ചെയ്യാം

ഏറ്റവുമൊടുക്കം
രണ്ടുമൊന്നെന്ന പോലെ

ചില്ലകളില്‍
ബഹളങ്ങളോടെ
വന്നു രാപാര്‍ക്കുന്നു
പലതരം നിശ്ശബ്ദതകള്‍

മുറിച്ചു വില്‍ക്കാന്‍
തക്കം
പാര്‍ത്തു നടക്കുന്നു
മഴുമുനകളേറെ ചുറ്റിലും.