അവളുടെ ഓര്‍മ്മക്ക്‌



മഴ പെയ്യേണ്ടതായിരുന്ന
ഒരു ദിവസം
പൂര്‍ണ്ണ ഗര്‍ഭിണിയായ
ഒരാകാശം
ഞങ്ങളുടെ അടുത്തുള്ള
എല്‍.പി സ്‌കൂളിന്റെ
മുറ്റത്തേക്ക്‌
തുറിച്ചുനോക്കി നിന്നു

ഇന്റര്‍വെല്ലിനു ശേഷം
പെട്ടെന്ന്‌ കാണാതായ
ഒരു കുട്ടിയുടെ
നിബ്ബ്‌
ഡബ്ബര്‍
ചിത്രങ്ങളൊട്ടിച്ച
ബൗണ്ട്‌ പേപ്പറുകള്‍
ക്രയോണ്‍ പെട്ടി
എല്ലാം
കുഞ്ഞുങ്ങളുടെ പാര്‍ക്ക്‌ പോലെ
കാണുന്നവര്‍ക്ക്‌ കൗതുകമായി

പിന്നെ കണ്ട
അഴിച്ചുവച്ച
രണ്ടു ചെരിപ്പുകള്‍
അവരുടെയൊക്കെ
മുഖത്ത്‌
കനത്തില്‍ പതിഞ്ഞുകൊണ്ടിരുന്നു.

ദാഹം
ശ്വാസം മുട്ടിച്ച
ഒരു കുട്ടിയുടെ
കരച്ചില്‍ പോലെ
ഒരു മഴ പെയ്യുകയുണ്ടായി.

16 comments:

  1. ഷഹാന നിന്നെക്കൊണ്ട്‌ എഴുതിക്കാഞ്ഞതെന്തേയെന്ന്‌ ഞാനും ആലോചിച്ചിരുന്നു.

    ReplyDelete
  2. നീ വന്നോ...
    ഓര്‍മ്മിപ്പിക്കല്ലേ... ഇനിയും വയ്യ

    ReplyDelete
  3. അഴിച്ചുവച്ച ചെരുപ്പുകള്‍ പോലെ ഒലിച്ചുപോയി ഞാന്‍ മഴയില്‍..ഒന്നും പറയാതെ എല്ലാം പറഞ്ഞിരിക്കുന്നു..വാക്കുകളെ വാക്കുകള്‍ മാത്രമല്ലാതാക്കുന്ന തെറ്റ് ഒരു വലിയശരിയാണെന്ന് കൂടി ഉറപ്പിച്ചു ഉമ്പാച്ചീ.ആ “ഡബറിനെ“ ആര്‍ക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിയും!!

    ReplyDelete
  4. പേരക്ക കൊതിപ്പിച്ച്‌........ പേരൊക്കെ ചോദിച്ച്‌..
    (ആ ചെകുത്താനെയും ഈ കാലം കഞ്ഞികുടിപ്പിക്കുന്നു)
    ഉമ്പാച്ചി, ഈ നീറ്റലിനുവേണ്ടി വരികള്‍ കൊടുത്തത്‌ നന്നായി

    ReplyDelete
  5. ഓർമിപ്പിക്കല്ലേ അത്, നിന്റെ വരികളും കൂടി ആവുമ്പോൾ കൂട്തൽ പോള്ളും

    ReplyDelete
  6. എന്‍‌റെ മനസ്സ് തണുപ്പിക്കാനുള്ള മഴ എങ്ങനെ പെയ്യും?

    ReplyDelete
  7. ആ മഴ കുളിരല്ല, കനലാണ് പെയ്തത്. ഈ കവിതയും

    ReplyDelete
  8. ഇതുപോലൊരു കവിത ഇഷ്ടമായെന്ന് എങ്ങനെ പറയും..!
    ശരിക്കും പൊള്ളിച്ചു ഉമ്പാചി..

    ReplyDelete
  9. വരികളേക്കാള്‍ കൂടുതല്‍ നിശബ്ദദകളാണ്‌ ഈ കവിതയില്‍ സംസാരിക്കുന്നത്‌. എവിടെയൊക്കയൊ എന്തൊക്കയൊ കൊളുത്തി വലിക്കുന്നു

    ReplyDelete
  10. AnonymousJuly 22, 2008

    ore nottam... ore chaattam..ithrayum mathiyo kavithayil.sterio type aavaathirikkan sramikkuka.

    ReplyDelete
  11. ്‌നൂറു നൂറു വാര്‍ത്തകള്‍ക്ക്‌ പോലും പറയാന്‍ സാധിക്കാത്തത്‌ ചില വരികളിലൂടെ... ഷഹാന നമ്മുടെ ഹൃദയത്തിലെ നീറ്റലായി എന്നുമുണ്‍ടാകും; ഉമ്പാച്ചിയുടെ വരികളും

    ReplyDelete
  12. അടുത്ത കാലത്തൊന്നും ഇതുപോലെ വായിച്ച് കണ്ണു നിറഞ്ഞിട്ടില്ല.

    ReplyDelete
  13. ഒരു കവിത വായിച്ച് വിറങ്ങലിച്ചു പോയെന്ന് ആരെങ്കിലും പറയാറുണ്ടോ?

    ReplyDelete
  14. പെയ്യേണ്ടതായിരുന്ന
    ഒരു ദിവസം
    പൂര്‍ണ്ണ ഗര്‍ഭിണിയായ
    ഒരാകാശം
    ഞങ്ങളുടെ അടുത്തുള്ള
    എല്‍.പി സ്‌കൂളിന്റെ
    മുറ്റത്തേക്ക്‌
    തുറിച്ചുനോക്കി നിന്നു
    നന്നായി

    ReplyDelete
  15. നല്ല വരികള്‍

    ReplyDelete