നോമ്പ് നിയ്യത്തു ചൊല്ലി
വാമൊഴിയുന്നത് കാതിനെപ്പോലും
കേള്‍പ്പിക്കാതെ
ഇക്കൊല്ലത്തെ
റമദാന്‍ മാസത്തിലെ
നാളത്തെ നോമ്പിനെ
അല്ലാഹുത്തആലാക്ക് വേണ്ടി
നോറ്റു വീട്ടുവാന്‍ കരുതി ഉറപ്പിച്ചു
അരിയിട്ടോ
അത്താഴത്തിനാരാ വിളിക്കുക
ഉമ്മാമ ചോദിച്ചു
മാസം കണ്ടോ അതിന്
ഉപ്പാപ്പ
ഒരു പ്രത്യേക അറിയിപ്പ്
റേഡിയോ തുടങ്ങി
കുറേ നിശ്ശബ്ദതകള്‍ അത് കാതു കൂര്‍പ്പിച്ചു കേട്ടു
റംസാന്‍ മാസപ്പീറവി കണ്ടതായി
ഇതുവരേ വിവരമൊന്നും ലഭിച്ചിട്ടില്ല
അടുത്ത അറിയിപ്പ്
അതൊന്ന് പൂട്ടുന്നുണ്ടോ
ബാങ്ക് കൊടുത്താല്‍ കേള്‍ക്കില്ല
ഉപ്പാപ്പ
അതിനെ ബാക്കി പറയാനയച്ചില്ല
പൂട്ടുന്ന സമയം
റേഡിയോയില്‍ ഖാന്‍ കാവിലിന്‍റെ നാടകം
തുടങ്ങി
ബാങ്ക് കൊടുക്കുന്നതു വരേ
നാടകം കാത്തു നില്‍ക്കില്ലെന്ന്
അടുക്കള അക്ഷമ കൂട്ടി
റേഡിയോ കോലായീന്ന്
പതുക്കേ അകത്തേക്ക് കയറി
ഒരു പ്രത്യേക അറിയിപ്പ്
മാസപ്പിറവി കണ്ടതായി
വിവരം ലഭിച്ചതിനാല്‍
നാളെ റമദാന്‍ ഒന്നായി
ഖാദിമാര്‍ ഉറപ്പിച്ചെന്ന്
അകത്തു നിന്ന് റേഡിയോ പറഞ്ഞു
മാസം കണ്ടു കൂയ്
അക്കുഡേറ്റ് അടുത്ത രാജ്യത്തേക്ക്
ആളെ കടത്തുന്ന തുളയില്‍
ഒരു ചൂട്ട് മിന്നി
നോമ്പു നോറ്റാല്‍
പെരുന്നാളു കിട്ടുമെന്ന്
ഉപ്പാപ്പ പറഞ്ഞു
നോമ്പെടുക്കുമെന്ന്
കുട്ടികള്‍ കരഞ്ഞു
വിശപ്പില്ലാത്ത
ക്ഷമയായതിനെ നാമകരണം
ചെയ്യുമവര്‍ നാളെ
o
മുഴുവന്‍ കണ്ടു കഴിഞ്ഞാല്‍
തീര്‍ന്നു പോകുമല്ലോ എന്ന് കരുതീട്ട്
പിറ്റേന്നു മുതല്‍
ആകാശം നിലാവിനെ
കുറേശ്ശെയായി പുറത്തു കാണിച്ചു
*നോമ്പരം എന്ന ടൈറ്റിലിന് നോവലിസ്റ്റ് ഹഫ്സ എന്ന ഹാശിമിക്കയോട് കടപ്പാട്