മുട്ടു കുത്തി നിന്ന് നീയും
പ്രാര്‍ത്ഥിച്ചു
ഇരുവരും ആത്മാവിനെ പ്രവര്‍ത്തിപ്പിച്ചു
ശരീരങ്ങളെ ഉഴുതു മറിച്ചു കൊണ്ട്
ലോകത്തെ മോചിപ്പിക്കുകയായിരുന്നു നാം
മോചനദ്രവം നല്‍കി
പരസ്‌പരം മാപ്പു നല്‍കുകയായിരുന്നു നാം
എല്ലാം കാണുന്ന അവന്‍
അത്യുന്നതങ്ങളിലിരുന്ന്
ഉള്ളിലെ ആരവം വചനങ്ങളാക്കി
ആഹ്ലാദം
കൊണ്ട് തൊള്ള കീറി
ഒരിടി വെട്ടി
ആനന്ദം
കൊണ്ട് കണ്ണു നിറച്ചു
ഒരു മഴ പെയ്‌തു
ഭൂമിയില്‍ വിത്തുകളുടെ മുള പൊട്ടി
ആദം എന്നും ഹവ എന്നും പോരുള്ള പരമ്പരകളുണ്ടായി.
തുടകളിലൂന്നി നിന്ന് ഇന്നു ഞാനൊറ്റക്ക്
തിരിച്ചു യാത്ര പോകുന്നു
നിന്റേതെന്നു തോന്നുന്ന ഒരു മണം പിടിക്കുന്നു
നിന്റെ രൂപത്തിലൊന്നിനെ കണ്ടെത്തുന്നു
കടിച്ചു കീറി ചോരയൂറ്റി കുടഞ്ഞെറിയുന്നു...
എല്ലാം കാണുന്ന അവന്‍
ഉള്ളം നൊന്ത്,
തീരുമാനം മാറ്റി
ചാട്ടവാറോ കരവാളോ നല്‍കി
നീതിസാരവുമായി
ഭൂമിയിലേക്ക്
ഒരുത്തനെ വീണ്ടും അയക്കുമാറാകട്ടെ...
(ആമേൻ)
പുല്‍ക്കൂടോ പുരയിടമോ അവനെ സ്വീകരിക്കും
അവന്റെ വിളി
കാതു തുറന്ന്
കണ്ണു തുറന്ന്
ഹൃദയം തുറന്ന്
എന്റെ അരക്കെട്ടിലും പതിക്കും
അവന്റെ വചനം
ഇപ്രകാരം എന്റെ ആസക്തികളെ സ്‌പര്‍ശിക്കും
ടാ തുടയാ,
വണങ്ങെടാ മുട്ടുകുത്തി നിന്ന്
ക്രൂശിക്കപ്പെട്ടവളുടെ മുഖ കമലം,
തുടക്കെടാ അവളുടെ കവിളില്‍ ചാലിട്ട ദുഖത്തിനിളം നദി...
---