കിടന്ന പുറം
മുറിഞ്ഞു പൊട്ടിയതിന്‍റെ
ചോരക്കലകളും ചലവും നീക്കി
കയ്യും കാലും കഴുകി
ഉപ്പയെ കുളിപ്പിച്ചെടുക്കുമ്പോള്‍
അവള്‍ പറഞ്ഞു,
അതിറ്റാലൊന്ന്
നമുക്കും വാങ്ങുന്നതാ നല്ലത്
നാരായണി ടീച്ചര്‍
ചരിഞ്ഞു മാത്രം കിടന്ന്
-ടീച്ചര്‍ ഹിന്ദി പടിപ്പിച്ചിരുന്നൂ അവളെ
എല്ലാ ഭാഷയും തെറ്റിച്ചപ്പോള്‍
മക്കള്‍ വാങ്ങിയ
വെള്ളം നിറക്കുന്ന കിടക്കക്ക്
എന്തു പറയണം എന്നറിയില്ല പാവത്തിന്
അതെവിടെയാണ് കിട്ടുന്നത്
എന്ന അന്വേഷണത്തില്‍
ദാമോദരന്‍ മേസ്ത്രിയുടെ വീട്ടിലുണ്ട്
ആറു മാസമദ്ദേഹം
അതിലായിരുന്നു നരകിച്ചത്
കമ്പോണ്ടര്‍ ശശി
അച്ചന്‍ കിടപ്പിലായപ്പോള്‍ വാങ്ങീട്ടുണ്ട്
അതില്‍ കിടത്തിയതിന്‍റെ
പിറ്റേന്ന് മൂപ്പരങ്ങു പോയി
അന്നു തന്നെ
അത്യാവശ്യക്കാരാരോ കൊണ്ടു പോയതാ
മെഡിക്കല്‍ കോളേജില്‍ നിന്നും
മടക്കിയ മൂസ മുസ്ലിയാരെ കിടത്തിയിരിക്കുന്നത്
പുതിയതൊന്ന് വാങ്ങിയാണ്
കഴിഞ്ഞ പള്ളിക്കമ്മിറ്റി കൂടിയപ്പോള്‍
വാങ്ങുന്നതിന് തീരുമാനിച്ചതാ
ഗള്‍ഫ് കമ്മറ്റിയുടെ പിരിവും എത്തീട്ടുണ്ട്
ഹാജിയാരെ ഒന്ന് കാണ്
വര്‍ഷങ്ങളുറങ്ങിയ ഉന്നക്കിടക്കയില്‍
ഉറക്കം കണ്ണുവിട്ട് പോകാന്‍ തുടങ്ങിയ
ആദ്യത്തെ വെള്ളിയാഴ്ച
മൂന്നാം കിടക്കയിലെ ദേഹം
തത്സ്ഥാനം ഒഴിഞ്ഞു തന്നു
മയ്യിത്ത് പുറത്തേക്കെടുക്കുമ്പോള്‍
ചായ്പ്പിലത് മടക്കി മൂലക്കിട്ടത് കണ്ടു
വേറെ നോക്കണ്ട
മുസ്ലിയാരു കിടന്നതല്ലേ
കണ്ണോക്കിനു ചെന്നപ്പോള്‍
അതാ നല്ലതെന്ന്
മനസ്സും മറ്റുള്ളവര്‍ക്കൊപ്പം നിന്നു
ഉപ്പയെ മാറ്റിക്കിടത്തി
കട്ടിലില്‍ നിവര്‍ത്തിയിട്ട്
വെള്ളം പിടിച്ച് വീര്‍പ്പിക്കുമ്പോള്‍
വീര്‍പ്പ് മുട്ടാന്‍ തുടങ്ങി
കണ്ണില്‍ ജലം നിറയാന്‍ തുടങ്ങി
ആരെയും കേള്‍പിക്കാനാകാത്തൊരു കരച്ചില്‍
അകമേ പടരാന്‍ തുടങ്ങി
വെള്ളത്തില്‍ ചേര്‍ത്ത നീലമരുന്ന്
അങ്ങിങ്ങു പരക്കാന്‍ തുടങ്ങി
കിടക്ക നിറയെ നീലച്ചോര നിറഞ്ഞ ഞരമ്പുകള്‍
വാട്ടര്‍ ബെഡ്
ReplyDeleteജല ശയ്യയോ ചാവുകിടക്കയോ...?
എനിക്കറിയില്ല.
അനായാസേന മരണം
അനാദൈന്യേന ജീവിതം...
എന്ന പ്രാര്‍ത്ഥന അറിയാം.
സൂചികൊണ്ട് കുത്തുമ്പോലത്തെ സങ്കടങ്ങള്‍ ഇങ്ങനെ എഴുതാതിരുന്നൂടേ എന്ന് ചോദിക്കണമെന്നുണ്ട്...അല്ലെങ്കിലെന്ത്, എഴുതുകയെങ്കിലും ചെയ്യാമല്ലോ..
ReplyDeleteവീട്ടില്‍ എന്നെ കൊണ്ടു ചെന്നിരുത്തുമ്പോഴാണ്
ReplyDeleteവല്ലതും എഴുതുന്നത്,
അതു കൊണ്ടിങ്ങനെയാകുന്നു അത്.
സൂചി പൊന്നിന്‍റെയായാലും കുത്തുമ്പോ നോവുന്നു,
ക്ഷമ ലാപൂടാ.....
കമന്റിടുമ്പോള്‍ ഭാഷ തെറ്റുന്നു.
ReplyDelete