മൌനഭംഗം

എനിക്ക് ഒരു തുടക്കം കിട്ടുന്നില്ല
പറയാതിരുന്നിട്ട് കാര്യമില്ലാ എന്ന്
നാഡി ഞരമ്പുകള്‍
ഉറക്കെ നിലവിളിക്കുന്നുണ്ട്.
എന്നിട്ടും എനിക്ക്
എങ്ങനെ തുടങ്ങുമെന്ന്
ആലോചിക്കുന്നതേ പേടി,
ആലോചനയില്ലാത്ത തുടക്കത്തില്‍ നിന്ന്
നടന്നു തുടങ്ങുന്നതും.

ഒച്ച കേള്‍പ്പിക്കാതെ ഓരോന്ന്
അഴിഞ്ഞു പോകുന്നതും
ഒച്ച ഒറ്റു കൊടുക്കുന്നതു പോലെ
ഒളിച്ചിരിക്കുന്നതും
നിശബ്ദത ഉടലാകെ വാരിച്ചുറ്റുന്നതും
മനസിന്റെയും ശരീരത്തിന്റെയും
മരവിപ്പിനെ മറികടന്ന്
ഉള്ളില്‍ ഉണരാന്‍ തുടങ്ങുന്നതെന്തോ
കുഴഞ്ഞു വീഴുന്നതും

എനിക്കിതൊക്കെ ആരെയെങ്കിലും അറിയിക്കണം
എനിക്കുമുമ്പേ ആരോടൊക്കെയോ
പറഞ്ഞുകാണും
എന്റെയീ പരിഭ്രമം
എന്നു തോന്നുന്നുണ്ടെങ്കിലും.

എങ്കിലും ആവിഷ്കാരത്തിന്റെ
ആദ്യത്തെ വാക്കിലെ അക്ഷരങ്ങള്‍
ബലാല്‍ക്കാരത്തിനിടയില്‍
ഉടഞ്ഞുപോയ കുപ്പിവള പോലെ
ഒരിക്കലും ചേരില്ലെന്നു
വാശിപിടിക്കുന്നതെന്താണ്?

7 comments:

  1. എനിക്കിതൊക്കെ ആരെയെങ്കിലും അറിയിക്കണം
    എനിക്കുമുമ്പേ ആരോടൊക്കെയോ
    പറഞ്ഞുകാണും
    എന്റെയീ പരിഭ്രമം
    എന്നു തോന്നുന്നുണ്ടെങ്കിലും.
    .

    ReplyDelete
  2. ഉമ്പാച്ചിയുടെ കവിതകളിലെ ലാളിത്യം ശ്രധ്ധിക്കേന്ട് ഒന്നാണ്...

    ReplyDelete
  3. നന്നായിട്ടുണ്ട്.

    :)

    ReplyDelete
  4. റഫീഖ്,
    കൊള്ളാട്ടോ..

    ReplyDelete
  5. ഉമ്പാച്ചീ...

    നന്നാവുന്നുണ്ട്..

    ലളിതമായ കുറച്ചു വരികളിലൂടെ കൂടുതല്‍ ആശയ സംവാദം...

    ReplyDelete
  6. ഇതിലും നന്നായി എങ്ങനെ ഭഞ്ജിക്കും തൊണ്ടയില്‍ കുരുങ്ങുന്ന മൌനത്തെ..!

    ReplyDelete