രണ്ടു കത്തികള്‍

സഹ പ്രവര്‍ത്തകരായിരുന്ന
രണ്ടു കത്തികള്‍
പരസ്പരം പിന്നെയും കണ്ടുമുട്ടി

മുറിച്ചുകടന്ന
ചോര ഞരമ്പുകള്‍ ഒന്ന്
ഒളിവില്‍ പോയ
കാട്ടുപൊന്തകള്‍ രണ്ട്

മേല്‍പാലത്തിനു ചുവട്ടിലെ
വില്‍ക്കാന്‍ വച്ച വീട്ടില്‍ നിന്നും
പുഴവക്കത്തെ പൂട്ടിയ പീടികയുടെ
പിറകില്‍ നിന്നും
നാടോടികളായ തമിഴ് ബാലികമാര്‍ക്കൊപ്പം
പിന്നീട്
അവരുടെ അമ്മമാര്‍ക്കൊപ്പം
തുരുമ്പിച്ച നിലയില്‍
നഗര പ്രാന്തത്തിലെ കൊല്ലപ്പുരയിലെത്തി

സഹ പ്രവര്‍ത്തകരായിരുന്ന
രണ്ടു കത്തികള്‍
അങ്ങനെ
വീണ്ടും കണ്ടു മുട്ടി

ഉലയില്‍
തീക്കാറ്റേറ്റ്, ചുട്ടു പഴുത്ത്
മാനസാന്തരപ്പെട്ടിട്ടും
ചുടു ചോരയുടെ രുചി
മത്തു പിടിപ്പിച്ചു കൊണ്ടിരുന്നു
രണ്ടിനേയും

തൊട്ടരികിലെ
മണ്ണില്‍ കുഴിച്ചിട്ട
ഇരുമ്പു ചട്ടിയിലെ പച്ചവെള്ളത്തില്‍
തണുത്തു കിടക്കുമ്പോഴും
നാളത്തെ ഹര്‍ത്താലിലാണ്
രണ്ടിനും പ്രതീക്ഷ.

8 comments:

  1. തൊട്ടരികിലെ
    മണ്ണില്‍ കുഴിച്ചിട്ട
    ഇരുമ്പു ചട്ടിയിലെ പച്ചവെള്ളത്തില്‍
    തണുത്തു കിടക്കുമ്പോഴും
    നാളത്തെ ഹര്‍ത്താലിലാണ്
    രണ്ടിനും പ്രതീക്ഷ.

    ReplyDelete
  2. കത്തികള്‍ക്ക് നല്ല മൂര്‍ച്ച.
    -സുല്‍

    ReplyDelete
  3. ഉമ്പാച്ചീ.. സൂപ്പര്‍ കത്തി..:)

    ReplyDelete
  4. നാളത്തെ ഹര്‍ത്താലിലാണ്
    രണ്ടിനും പ്രതീക്ഷ.

    പറഞ്ഞു വന്ന ആഴം ഈ വരികളില്‍ നഷ്ടമാകുന്നു.
    ചരിത്രവും വര്‍ത്തമാനവും ഭാവിയും ഒക്കെ മുറിച്ചെറിയുന്ന ഈ കത്തിയെ ഹര്‍ത്താലില്‍ കുരുക്കാതിരുന്നെങ്കില്‍ എന്ന് കൊതിച്ചുപോയി

    ReplyDelete
  5. കത്തികളെക്കാളും മൂര്‍ച്ചയുള്ള വാക്കുകളും ആശയവും

    ReplyDelete
  6. ഹര്‍ത്താലുകള്‍ പ്രതീക്ഷകളേ കത്തിക്കും കാലം. കത്തിക്കാലം ...
    നന്നായിരിക്കുന്നു

    ReplyDelete