പാമ്പൻ കുത്ത്*



ആംഗ്രി ബേഡ്സ് കളിച്ചുകൊണ്ടിരിക്കേ
അപ്പിയിട്ടിട്ട് വരാമെന്നു പറഞ്ഞ് പോയ 
മോന്റെ നിലവിളി ടോയിലറ്റിൽ നിന്നും
ഉമ്മീ പാമ്പ്, ഓടി വരണേ, പാമ്പ്.

ഭയന്നു പോയി ഭവനം
അടുത്ത വീടുകൾ പോലും വന്നു
ഭയത്തിൽ പങ്കു ചേർന്നു
ഒറ്റമുറിയിലെ
അടുക്കള കിടപ്പറ കോലായ
ഒന്നിച്ചു ഫണം വിടർത്തി നിന്നു.

'ങ്ങള് ചെല്ല്
എനിക്കു പേടിയാകുന്നു'
അവളു പിന്മാറി
പലമടങ്ങ് ധൈര്യമെടുത്ത്
ചെന്നു നോക്കുമ്പോൾ
വിരയാണ്
തീവ്രഭാവമില്ല
പത്തിപോലുമില്ല
മലത്തൊടുള്ള പ്രതിപത്തിയിൽ
ചത്ത് മലച്ച്,

അയവു വന്ന സംഘർഷത്തോടുള്ള
അവളുടെ അനുശോചനം കേട്ട്
എന്റെ ആത്മ നിന്ദ പോലും ചിരിച്ചുപോയി

"അവനിന്നലെ പള്ളപൊത്തിക്കരഞ്ഞിരുന്നു
പാമ്പൻ കുത്താണെന്ന് ഞാനോർത്തില്ല".

*പാമ്പൻ കുത്ത്: വിരശല്യത്തിനു നാട്ടിൽ പറയുന്ന വാക്ക്.

ജീവിതം മുന്നോട്ടു പേകേണ്ടതിന്റെ ആവശ്യം


സ്വര്‍ണക്കടക്കാരന്‍ ജോസഫ്‌ പറഞ്ഞു
ഇക്കൊല്ലം ഞങ്ങള്‍ക്ക്‌ നൂറാമത്തെ ഷോപ്പ്‌ തുറക്കാനുള്ളതാണ്‌
പലചരക്കു കടക്കാരന്‍ യൂസുഫ്‌ പറഞ്ഞു
ആയിരം ടണ്‍ അരിക്കാണ്‌ ഓഡറു കൊടുത്തിട്ടുള്ളത്‌
എഴുത്തുകാരനോട്‌ ചോദിച്ചു
ആഗോള വല്‍ക്കരണത്തെ കുറിച്ച്‌
ഞാനൊരു നോവലെഴുതിക്കൊണ്ടിരിക്കുന്നു
ഡി.സി ബുക്‌സ്‌ തന്നെ പ്രസിദ്ധീകരിക്കും
വേറൊരെഴുത്തുകാരന്‌
കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്‌
അടുത്ത തവണ തരപ്പെടാനിരിക്കുകയാണ്‌
ജീവിതം മുന്നോട്ടു തന്നെ പോകേണ്ടതുണ്ട്‌
ചൊല്ലിക്കൊടുത്തതൊക്കെ
ഓതിപ്പഠിക്കുകയാണ്‌ കുട്ടികള്‍
അവരത്‌ ഓതിക്കൊടുക്കുന്നത്‌ കേള്‍ക്കണം
ഭാവി തലമുറകള്‍ക്ക്‌ ദീന്‍ പഠിക്കണ്ടെ
ജീവിതം മുന്നോട്ട്‌ പേകേണ്ടതിന്റെ ആവശ്യകത
പള്ളിയിലെ ഉസ്‌താദ്‌ വിശദീകരിച്ചു
ഒരു ലോട്ടറി എടുത്തിട്ടുണ്ട്‌
നറുക്കെടുപ്പു വരേയെങ്കിലും ഒരു പ്രതീക്ഷയുണ്ടല്ലോ
പഠിപ്പും പത്രാസുമുള്ള യുവാവ്‌ വികാരാധീനനായി
ജീവിതം മുന്നോട്ടു തന്നെ പോകേണ്ടതുണ്ട്‌
വീട്ടില്‍ ചോദിച്ചപ്പോള്‍
മുളകും മഞ്ഞളും ഉണക്കാനിട്ടതല്ലേ എന്നുമ്മ പറഞ്ഞു
മോളെക്കെട്ടിക്കാന്‍ ഉള്ള അറുപതു പവന്‍ ലോക്കറിലുണ്ട്‌
കമ്പ്യൂട്ടറിന്റെ പണിയുള്ള പുതിയപ്പിളയെ
നോക്കിക്കൊണ്ടിരിക്കുന്നതായി അയല്‍വാസി
വിസ വരുന്നുണ്ടെന്ന്‌
സൂപ്പര്‍ മാര്‍ക്കറ്റിലെ പണിക്കാരന്‍
കഴിഞ്ഞ ഉല്‍സവത്തിന്‌ നാടകുത്തുകാരന്‍ കുമാരന്റെ ടീം
ഇരുട്ടടി അടിച്ചതാണ്‌
ഇക്കുറി അതു തിരിച്ചു കൊടുക്കണമെന്ന്‌ പിസി കുമാരന്‍
ജീവിതം മുന്നോട്ടു തന്നെ പോകേണ്ടതുണ്ട്‌
ഇനിയുമെത്രയോ
ആവശ്യങ്ങള്‍ പിന്നിലുള്ളതിനാല്‍
മുന്നോട്ടു തന്നെ പോകുന്നതായിരിക്കുമെന്ന്‌
ജീവിതവും ഇതേ ചോദ്യത്തിനു മറുപടി പറഞ്ഞു.

കൂണുകള്‍ കാതുകള്‍

എനിക്കു കഴിക്കാനാവില്ല കൂണ്‍കറി 
ഒട്ടും രസിക്കില്ല
അതിന്റെ രുചിയിലെ
മാംസത്തിന്റേയും മണ്ണിന്റേയും കലര്‍പ്പ്‌

മരിച്ചവരുടെ കാതുകളാണ്‌ കൂണുകളായി
ഭൂമിയില്‍ മുളക്കുന്നത്‌ എന്നെനിക്കുറപ്പാണ്

മഴ ചൊരിയുന്ന രാത്രിയില്‍
ആരും പുറത്തിറങ്ങാത്ത തഞ്ചത്തില്‍
ഇടി വെട്ടുന്ന ഒച്ചയില്‍
ആരെയും കേള്‍പിക്കാതെ
പുറത്തേക്ക് വിടുന്നു അവരവരുടെ കാതുകൾ

അവർക്കും കേൾക്കണ്ടേ
പുറം ലോകത്തെ മൗനങ്ങൾ
ജനിമൃതികൾ അപകട വാർത്തകൾ
പാട്ടുകൾ പരാഗങ്ങളും രാഗദ്വേഷങ്ങളും

നിങ്ങളുടെ മരിച്ചവരെപ്പറ്റി
നല്ലതു മാത്രം പറയുകയെന്ന്‌
പടച്ചവൻ തന്നെ അവന്റെ കിതാബിൽ

അവനവനെ പറ്റി നല്ലതു കേൾക്കാൻ
ആഗ്രഹിക്കാത്ത ആരാണുള്ളത്
സംശയമില്ല, മരിച്ചവരുടെ കാതുകളാണ്‌
കൂണുകളായി ഭൂമിയില്‍ മുള പൊട്ടുന്നത്

കൂണുകളെ കൂട്ടത്തോടെ
പുറത്തേക്കു വരുത്തുന്ന
മിന്നൽ പിണരുകളുണ്ട് പോലും ചിലരുടെ കയ്യിൽ
മരിച്ചവരെ മണ്ണിനടിയിൽ നിന്നും
പുറപ്പെടുവിക്കുന്ന വെളിച്ചം അവരുടെ കയ്യിലുണ്ടാകുമോ
എനിക്കു ചിലരെ കാണാൻ കൊതിയാകുന്നു.

അനാര്‍ക്കലീ,

അനാര്‍ക്കലീ,
നിന്റെ നടത്തങ്ങള്‍
നൃത്തത്തിന്റെ ചുവടുകളായി
ജഹനാരാ,
നിന്റെ നിലവിളികള്‍ കവിതകളായി.

ഉമ്മയോ പെങ്ങളോ അല്ലാത്ത പെണ്ണുങ്ങളേ
നമുക്കിടയിലൂടെ 
അവസാനത്തെ രാജാവിന്റെ 
മുതുകിൽ പതിഞ്ഞ 
അതേ ചാട്ടവാർ പാഞ്ഞു പോകുന്നു.

..........................



പൂവിടുക മാത്രം ചെയ്യുന്ന
ചെടികളായാലും മരങ്ങളായാലും
പിഴുതു കളയണം

വേരു പോലും ബാക്കി വെക്കരുതെന്തെന്നാല്‍
ഇത്തിരി നനവു ചെന്നാല്‍ മതി
ചില അഭ്യാസങ്ങള്‍ കൊണ്ട്‌
തളിര്‍ത്തു വന്ന്‌ രാഷ്ട്രീയം പറയാന്‍ തുടങ്ങും
ചില്ലകളിൽ കൊടികെട്ടും
പരിഭ്രമിപ്പിച്ചു കളയും

കായ്‌ക്കുന്നവ മാത്രം
നനയ്‌ക്കണം തടമെടുക്കണം
വളര്‍ത്തണം
നല്ല മരുന്ന്‌ കുത്തി വച്ച്‌
അരോഗ മൃദുഗാത്രമാക്കണം
കൂടിയ വിലക്കു കൊടുക്കണം

പൂവിടുക മാത്രം ചെയ്യുന്ന
ചെടികളായാലും മരങ്ങളായാലും
പിഴുതു കളയണം.

ടാ തുടയാ...

മുട്ടു കുത്തി നിന്ന്‌ ഞാനും
മുട്ടു കുത്തി നിന്ന്‌ നീയും
പ്രാര്‍ത്ഥിച്ചു
ഇരുവരും ആത്മാവിനെ പ്രവര്‍ത്തിപ്പിച്ചു
ശരീരങ്ങളെ ഉഴുതു മറിച്ചു കൊണ്ട്‌
ലോകത്തെ മോചിപ്പിക്കുകയായിരുന്നു നാം
മോചനദ്രവം നല്‍കി
പരസ്‌പരം മാപ്പു നല്‍കുകയായിരുന്നു നാം

എല്ലാം കാണുന്ന അവന്‍
അത്യുന്നതങ്ങളിലിരുന്ന്‌
ഉള്ളിലെ ആരവം വചനങ്ങളാക്കി
ആഹ്ലാദം
കൊണ്ട്‌ തൊള്ള കീറി
ഒരിടി വെട്ടി
ആനന്ദം
കൊണ്ട്‌ കണ്ണു നിറച്ചു
ഒരു മഴ പെയ്‌തു
ഭൂമിയില്‍ വിത്തുകളുടെ മുള പൊട്ടി
ആദം എന്നും ഹവ എന്നും പോരുള്ള പരമ്പരകളുണ്ടായി.

തുടകളിലൂന്നി നിന്ന്‌ ഇന്നു ഞാനൊറ്റക്ക്‌
തിരിച്ചു യാത്ര പോകുന്നു
നിന്റേതെന്നു തോന്നുന്ന ഒരു മണം പിടിക്കുന്നു
നിന്റെ രൂപത്തിലൊന്നിനെ കണ്ടെത്തുന്നു
കടിച്ചു കീറി ചോരയൂറ്റി കുടഞ്ഞെറിയുന്നു...

എല്ലാം കാണുന്ന അവന്‍
ഉള്ളം നൊന്ത്‌,
തീരുമാനം മാറ്റി
ചാട്ടവാറോ കരവാളോ നല്‍കി
നീതിസാരവുമായി
ഭൂമിയിലേക്ക്‌
ഒരുത്തനെ വീണ്ടും അയക്കുമാറാകട്ടെ...
(ആമേൻ)

പുല്‍ക്കൂടോ പുരയിടമോ അവനെ സ്വീകരിക്കും
അവന്റെ വിളി
കാതു തുറന്ന്‌
കണ്ണു തുറന്ന്‌
ഹൃദയം തുറന്ന്‌
എന്റെ അരക്കെട്ടിലും പതിക്കും
അവന്റെ വചനം
ഇപ്രകാരം എന്റെ ആസക്തികളെ സ്‌പര്‍ശിക്കും

ടാ തുടയാ,
വണങ്ങെടാ മുട്ടുകുത്തി നിന്ന്‌
ക്രൂശിക്കപ്പെട്ടവളുടെ മുഖ കമലം,
തുടക്കെടാ അവളുടെ കവിളില്‍ ചാലിട്ട ദുഖത്തിനിളം നദി...
---

എസ്. ജോസഫിന്റെ 'ഒരു കുറിപ്പ്'

കേരള കവിത (2011-2012)യിൽ എസ്. ജോസഫ് 'തിരുവള്ളൂരി'നെ കുറിച്ച് ഒരു കുറിപ്പെഴുതിയിരിക്കുന്നു, ആ പുസ്തകത്തെ പറ്റി എഴുതപ്പെട്ടിട്ടുള്ള ആകെയൊരു കുറിപ്പ് അതായതിനാലും ജോസഫ് എന്റെ പ്രിയപ്പെട്ട കവിയായതിനാലും അതിവിടെ പകർത്തുന്നു:

റഫീക്ക് തിരുവള്ളൂര് - ഒരു കുറിപ്പ്
എസ്. ജോസഫ് 

90-കൾക്ക് ശേഷം മലയാള കവിതകളിൽ പുതിയൊരു തരംഗമുണ്ടാക്കുകയും മുമ്പെങ്ങും കാണാത്ത ജനുസ്സിൽ പെട്ട കവികളും കവിതകളും അരങ്ങത്തെത്തുകയും ചെയ്തു. കാണപ്പെടാതെ കിടന്ന ദേശങ്ങളും അവിടത്തെ പ്രകൃതിയും മനുഷ്യരും മനുഷ്യരൊടു ബന്ധപ്പെട്ട കാര്യങ്ങളും ഭാഷയും എഴുത്തിൽ ഇടം പിടിച്ചു. കവിതയിലെ ജനാധിപത്യം എന്ന് ഈ പുതിയ പ്രവണതയെ ചില കാവ്യ ചിന്തകർ വിവരിച്ചിട്ടുണ്ട്. ഇന്ന് ആ തരംഗത്തിന്റെ തുടർച്ചകളിൽ പലതും കവിതാ ധൂർത്തായി മാറിയിട്ടുണ്ട്. ഒരാളോ രണ്ടാളോ എഴുതിയ കവിതകൾ എന്ന് ഇക്കാലത്തെ കവിതകളെ പറ്റി പറയാം. എങ്കിലും അങ്ങിങ്ങായി ചില കവികൾ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്.


റഫീക്ക് തിരുവള്ളൂര് എന്ന കവി ഉമ്പാച്ചി എന്ന പേരിൽ ബ്ലോഗിൽ ശ്രദ്ധ നേടിയ ഒരു കവിയാണ്. മുമ്പേത്തന്നെ ഈ കവിയെ വലിയൊരു ബ്ലോഗ് വായനക്കാരനല്ലാത്ത ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. പ്രവാസിയുടെ എഴുത്താകയാൽ ബ്ലോഗിലെഴുതി എന്നത് ഒരു പുതിയ എഴുത്തിടം ആണെങ്കിലും കവിത ബ്ലോഗിലെഴുതിയാലും കല്ലിലെഴുതിയാലും കടലാസിൽ അച്ചടിച്ചാലും കവിതയാണെങ്കിലേ മനസ്സിൽ തൊടുകയുള്ളൂ എന്നത് നാം മറന്നു കൂടാ. പ്രവാസിയുടെ ഗൃഹാതുരമായ ജന്മ നാടും പ്രവാസ ഭൂമിയും ഈ കവിതകളിൽ ദൃശ്യപ്പെടുന്നു. പുതിയ ഒരു നോട്ടസ്ഥാനം കവിക്ക് ഉണ്ട്. അതിനാൽ കക്കൂസ്, സാന്റ് പേപ്പർ, ആദ്യ പകൽ, മാർച്ച്-16, നഗരത്തിലെ മരങ്ങൾ എന്നീ കവിതകളിലെല്ലാം പരമ്പരാഗതമായ നോട്ടസ്ഥാനം മാറുന്നു. മാർച്ച്-16 പോലുള്ള കവിതകൾ പുതിയ ഒരു കാവ്യാനുഭവം നൽകുന്നുണ്ട്. റഫീക്കിന്റെ കവിതകൾ പുതിയ ഒരെഴുത്തായി മാറുന്നത് കവി വേറിട്ട ഒരു നിരീക്ഷണ രീതി സൃഷ്ടിച്ചതു കൊണ്ടാണ്. ഇതു മാത്രമല്ല, രണ്ടാമത്തെ ഒരു മാറ്റം അചേതന വസ്തുക്കൾ കവിതയിൽ സചേതനങ്ങളാകുന്നു എന്നിടത്താണ്.

"വടകരക്ക് ഇപ്പോൾ ബസുണ്ടോ?
ആയഞ്ചേരിക്കുള്ള
ഗ്രീൻ സ്റ്റാർ പോയോന്ന്
റോഡിലിറങ്ങി 
നില്പുണ്ട് പീടികകൾ"

"ഇപ്പോഴും നിരത്തിലിറങ്ങി
അടുത്ത ബസിൽ പോയാലോ എന്ന്
നിൽപ്പാണ് അങ്ങാടി"

റഫീക്കിന്റെ കവിതകളിൽ അചേതന വസ്തുക്കൾ സചേതനങ്ങളെ പോലെ പെരുമാറുന്നു. അചേതനങ്ങൾക്ക് ആത്മാവു ലഭിക്കുന്ന ഒരു ചെയ്തിയാണിത്. അത് കവിതയിൽ നിശ്ശബ്ദത സംസാരിച്ചു തുടങ്ങുന്നതു പോലെയാണ്. ഇത് മറ്റു കവികളിലും കാണാവുന്നതാണ്. അതു കൊണ്ട് ആദ്യത്തെ മാറ്റം തന്നെയാണു പ്രധാനപ്പെട്ടത്. വളരെ വേഗം മാറിപ്പോകുന്ന കുറേ കാര്യങ്ങളും മാറാതിരിക്കുന്നതു മൂലം പാർശ്വവൽക്കരിക്കപ്പെടുന്ന കുറേക്കാര്യങ്ങളും ഈ കവിതകളിൽ ഉണ്ട്. വർത്തമാന കാലത്തിന്റെ സങ്കീർണതകളുടെ ഒരു ചിത്രീകരണവുമാണ് അത്തരത്തിൽ ഈ കവിതകൾ..

അമ്പത്തൊന്നക്ഷരാധീ,

അമ്പത്തൊന്നക്ഷരാളീ
മലയാളമേ
വ്രണിത തനു ലതേ
അമ്പത്തൊന്നു മുറിവുകളില്‍
ചോരയുടെ വേദമാകുക
വേദനേ,

തിരുത്തുന്നതിനു പകരം
വെട്ടിക്കളഞ്ഞല്ലോ കൈപ്പട
ശരിയായാലും തെറ്റായാലും
നീ പഠിപ്പിച്ചതില്‍ നിന്നും
കിട്ടിയ ഉത്തരങ്ങളായിരുന്നൂ
കൂട്ടിവായിച്ചതൊക്കെയും

അമ്പത്തിയൊന്നെന്ന്
അക്ഷയമാല പഠിപ്പിച്ച
നീ
അന്നേ പറഞ്ഞതല്ലേ
വേറെയും വര്‍ണ്ണങ്ങള്‍
സ്വരങ്ങള്‍ വന്നു ചേരുമെന്ന്,
സ്വരങ്ങളധികം വഹിച്ചതിനല്ലേ
ഇങ്ങനെ വരഞ്ഞു
വെട്ടിയതെന്നെ..

അമ്പത്തൊന്നക്ഷരാധീ,
കഠാരകള്‍ക്കു പകരം
വ്രണിത നാരായം
ലിപികളെഴുതിയ
ദേഹമാകുക വീണ്ടും
ക്ഷതങ്ങളേ,
അക്ഷരങ്ങളാകുക വീണ്ടും.

മുൻ പുഴു

പൂക്കൾക്കും കുഞ്ഞുങ്ങൾക്കുമൊപ്പമാണിപ്പോൾ
ഒരു പൂവിലുമിരിപ്പുറക്കാത്തതിനാൽ
മാറിമാറി പ്രേമിക്കുന്ന പൂവാലനെന്ന്
കളിയാക്കി ഇന്നാളൊരാൾ*
പൂമ്പാറ്റയെന്നത് വീട്ടിൽ വിളിക്കുന്ന പേരോന്ന്
ചോദിച്ചിരുന്നു അതിനും മുമ്പൊരു കുട്ടി*
കുട്ടികളെനിക്ക് ജീവൻ
അവർക്കുമെന്നെ പെരുത്തിഷ്ടം
ബാല സാഹിത്യങ്ങളേക്കാൾ
അവരെന്നെ ഇഷ്ടപ്പെടുന്നൂ

അവരെപ്പോലിരിക്കുന്നതിനാണ്
പല നിറങ്ങളുള്ള ഉടുപ്പിട്ട് പുറത്തേക്കിറങ്ങുന്നത്
അവരോടൊപ്പം കളിക്കുന്നതിനാണ്
അവരുടെ വഴികളിൽ വന്നിരിക്കുന്നത്

നിങ്ങൾക്കും എന്നെ സ്നേഹമാണെന്നറിയാം
പൂമ്പൊടിയേറ്റിച്ചെന്ന്
പ്രണയങ്ങളെ പൂവിടീക്കുന്നതു മുതൽ
സ്വപ്നങ്ങളിൽ പറ്റിക്കൂടി
ഓർമ്മകളുടെ ആൽബത്തിന്റെ വക്കിലെ 
തൊങ്ങലായിരിക്കുന്നതു വരേ,

ചിത്രച്ചിറകുകളിലെ
ഭാഷകൾക്കു മുന്നേയുള്ള ലിപികൾ
പാറ്റകളുടെ വംശത്തിലെ 
പറന്നു പോകുന്ന പൂക്കൾ
ഉടലിൽ ചിത്രത്തുന്നലുള്ള പുളകങ്ങൾ
സ്വപ്നദർശനം പോലെ മനംകിളിർപ്പിക്കുന്ന
ജീവന്റെ പലനിറത്തുള്ളികൾ
വെയിലിന്റെ നിലാവിന്റെ സൂര്യന്റെ
താരാട്ടിന്റെ വാൽസല്യത്തിന്റെ
പച്ചയുടെ പ്രാണന്റെ
ഏഴുനിറങ്ങളുടേയും പേരക്കിടാങ്ങൾ ഞങ്ങൾ

എന്നിട്ടും
ഭൂതകാലം തിന്നു കൊതി തീരാത്ത
ചില ജീവികളുടെ ദോഷൈകദൃഷ്ടിയിൽ
ഞാൻ മുൻ പുഴു,
അവർക്കറിയില്ല
കാറ്റിനു പോലും തുളക്കാവുന്ന ചിറകുകൾ കൊണ്ട്
ജീവിതമെഴുതുന്നതിന്റെ പ്രാണിവേദന.


*ശൈലന്റെ കവിതയിൽ
*വീരാൻ കുട്ടിയുടെ കവിതയിൽ

എന്നാപ്പിന്നെ:

നാളെ അഞ്ചുമണിക്കെണീറ്റ്‌
ഏഴു മണിക്കു പുറപ്പെട്ട്‌
എട്ടു മണിക്കെത്തണം
എന്നു കരുതി ഒപ്പിച്ചു വച്ച അലാറം
അടിച്ചു തുടങ്ങുമ്പോള്‍ തന്നെ കെടുത്തി
ഒരു മണിക്കൂറു കൂടി ഉറങ്ങി
അര മണിക്കൂറു കൂടി വൈകി
കാ മണിക്കൂറ്‌ ഒരുങ്ങി ഇറങ്ങി
എന്നും ചെല്ലുന്ന സമയവും കഴിഞ്ഞു
ചെന്നതിന്‌ മടക്കി അയച്ചിട്ടുണ്ടോ,
ശാസിച്ചിട്ടുണ്ടോ,
വല്ല മുടക്കവും വന്നിട്ടുണ്ടോ
ഇല്ലല്ലോ,
എന്നാപ്പിന്നെ
നാളെ അലാറം വച്ച്‌
നേരത്തിനെണീറ്റ്‌
നേരത്തെ ഇറങ്ങി
നേരത്തിനും മുന്നേ എത്തിനോക്ക്‌
എന്തു പറ്റീന്ന്‌ എല്ലാരും തുറിച്ചു നോക്കും,
ആളുകളുടെ തുറിച്ചുള്ള നോട്ടമേല്‍ക്കുന്നതിലും
നല്ലതല്ലേ നന്നായുറങ്ങുന്നത്‌,

ഉപയോഗ ശൂന്യമായ ഉണര്‍വ്വുകള്‍ക്കു പകരം
ഉറക്കത്തില്‍ തന്നെ നേരിടാന്‍ പഠിക്കൂ
ഈ ലോകത്തെ,
അഞ്ചുമണിക്കെണീറ്റ്‌
ഏഴു മണിക്കു പുറപ്പെട്ട്‌
എട്ടു മണിക്കെത്തണം
എന്നു കരുതി ഒപ്പിച്ചു വച്ച അലാറം
ഉറങ്ങും മുന്നേ കെടുത്തി വച്ചേക്കൂ,
എല്ലാ വിളക്കുകളേയും വിളികളേയും പോലെ.

വൈകുന്നേര കവിത

വൈകീട്ട്‌
തൊട്ടു താമസിക്കുന്ന വീട്ടിലെ
കുട്ടി വന്നിട്ട്‌
കാലു പിടിക്കുന്നൂ
അവനൊരു കവിത വേണം
അരപ്പായ
വെള്ളക്കടലാസുമായ്‌
അവന്റമ്മയും വക്കാലത്തിന്‌

കൈ കഴുകീട്ട്‌
തുണി കൂട്ടി തൊടണമത്രയും
നല്ലവളയല്‍ക്കാരി
ചോദിച്ചിട്ടൊരു
കവിത കൊടുക്കാത്തവനെന്തു
കവിതക്കാരനിടവലക്കാരന്‍

'രാവിലെ'യാണു
ടീച്ചറു കൊടുത്ത വിഷയം
എന്തെഴുതാനാണു ഞാന്‍
കവിതയാക്കാമോ രാവിലത്തെ
വെളുപ്പിനെ,തിരക്കിനെ
കവിത തേടുന്നവരും
കൂടെ ഞാനും, മുന്നില്‍ കാണാം
വെളുത്തു വരുന്നൊരു ലോകം

"രാവിലെ"

എത്ര വിളിച്ചാലുമുണരാ
മരങ്ങളെ
നെറും തലയില്‍
വെള്ളമിറ്റിച്ചുണര്‍ത്തിയതാണാകാശം
ഇലകളിലുണ്ടതിന്‍ കുഞ്ഞുനനവ്‌

മരക്കൊമ്പില്‍ പിന്നെയും
തല ചായ്‌ച്ചുറങ്ങൂന്നൂ വെയില്‍
ചില്ലകള്‍ വീശിക്കുടഞ്ഞ്‌
ഉണര്‍ന്നു വരുന്ന കിളികളെ
പല്ലു തേപ്പിക്കുകയാണു കാറ്റ്‌
കാറ്റിലവയുടെ കുഞ്ഞുവാമണം

സ്‌കൂളില്ലിവര്‍ക്കൊന്നും
അതാവുമിത്ര പെട്ടന്നെല്ലാരും
കണ്ണു തിരുമ്മി എഴുന്നേറ്റത്‌...

കേല

വെളിച്ചത്തിന്റത്ര
സുതാര്യമായ
മഷി നിറച്ചു വച്ചിട്ടുണ്ട്
തലക്കകത്ത്
സ്വപ്നങ്ങൾ വരക്കുന്നതിന്

ഉറക്കത്തിൽ തിരിഞ്ഞും മറിഞ്ഞും
കിടക്കുന്നേരമുള്ള
ഇളക്കത്തിൽ തട്ടി മറിയുന്നതാണ്
നിറച്ചു വച്ചൊരാ മഷിപ്പാത്രം

സ്വപ്ന ജീവിയായ
ഒരു കലാകാരനു മാത്രം
വരക്കാനാകുന്ന
നേർത്ത നിറപടങ്ങൾ കോറുന്നതാണ്
തല ഇണയിലന്നേരം

ഭൂമിയിലില്ലാത്ത
ദേശങ്ങളുടെ ഭൂപടങ്ങൾ
ആകൃതി ഭംഗം വന്നു
ഭംഗിയായ നിലങ്ങൾ
മോഹനിദ്രയിലെ റിപ്പബ്ലിക്കുകൾ
തല ചായ്ച്ചിടങ്ങളിലെല്ലാം
നിറം കെട്ടവയ്ക്കു മീതെ
വെളിച്ചത്തിന്റെ സൂചന, രചന

കിടക്കവിരിയിൽ മെഴുക്കു പുരട്ടുന്ന
ഈ ഒലിച്ചിറക്കമാണു
സത്യത്തിൽ സ്വപ്ന സ്ഖലനം
കൂട്ടു കിടക്കുന്ന ഇണ
തലയിണയായ കാരണം
ആ പേരും കിട്ടിയില്ലെന്നു മാത്രം

വിശന്നുറങ്ങുന്നവന്റെ ദ്രവം
സ്വപനത്തിൽ പൊടിച്ച മരങ്ങളുടെ നീര്
വെയിലത്തു വിയർക്കുന്നവന്റെ രക്തം
അവർണ്ണം ദുർമണം
മറ്റേത് വിശപ്പറിയാത്തവന്റെ ദ്രവ്യം ശുക്ലം


തലക്കകത്തെ വെളിച്ചത്തിന്റെ മഷിയാണ്
സ്വപ്നങ്ങൾ വരക്കുകയായിരുന്നു
തട്ടി മറിഞ്ഞതാണ്
പതുക്കെ പരന്നതാണ്, പതിഞ്ഞതാണ്
ക്ഷമിച്ചേക്കണം...



ബൂലോകകവിതയുടെ അരാജ്യകകവിതകൾ ലക്കത്തിൽ നിന്ന്.

റഹ്‌മാനിയ.എച്ച്.എസ്


........................................
അതു കൊണ്ട്‌
ലോകത്തിലെ ഏറ്റവും വലിയ വീടേതാണ്‌?
വീടിന്റെ മുറ്റം പെങ്ങന്മാര്‍
അടിച്ചു വാരുന്നു
കോലായ അമ്മമാര്‍ തുടക്കുന്നു
വണ്ണാമ്പല നിങ്ങള്‍ തട്ടുന്നു
നമ്മുടെ വലിയ വീടാണ്‌ സ്‌കൂള്‍
അതാരു വൃത്തിയാക്കും?
കുറിയ വാചകങ്ങള്‍ക്കു ശേഷമുള്ള
ശാരദട്ടീച്ചറുടെ ചോദ്യം
ഒറ്റക്കെട്ടായ 4 B യുടെ ഉത്തരം:
റഹ്മാനിയ LP

ലോകത്തിലെ ഏറ്റവും ചെറിയ ദിനേശ്‌ ബീഡി ഏതാണ്‌
ടീച്ചര്‍ ക്ലാസില്‍ നിന്നിറങ്ങിയ ശൂന്യതയില്‍
കുഞ്ഞിമ്മൂസയുടെ ചോദ്യം
ശാരദട്ടീച്ചര്‍
ഒറ്റക്കെട്ടായ 4 B അപ്പോള്‍ രണ്ടു പക്ഷമാകും
പെണ്‍കുട്ടികള്‍ വിട്ടു നില്ക്കും 

ലോകത്തിലെ ഏറ്റവും വലിയ സ്‌കൂള്‍
റഹ്മാനിയ HS
ഒരു ചെറിയ കണ്ടം നിറയെ LP
നാലഞ്ചു പറമ്പുകളില്‍ UP
നിരത്തിനോട്‌ ചേര്‍ന്ന്
ലേശം മുതിര്‍ന്ന പോലെ HS
ഒത്ത നടുക്ക്‌ വലിയ മൈതാനം
പടിഞ്ഞാറേ മൂലക്ക്‌ 
കൂറ്റന്‍ സ്റ്റേജ്‌, അതില്‍ 10 A

4 B യില്‍ നിന്ന്‌ ജയിച്ചത്
ആദ്യം ദുഖമായി
അജ്‌മലിനും കുഞ്ഞിമ്മൂസക്കും 
നടുക്ക്‌ നിന്ന്‌ പോന്ന്‌
പ്രകാശനും വിനോദനും ഇടയിലായി

അവര്‍ കോമത്തെ LP ക്കാര്‍
ബാലമംഗളവും ബാലരമയും വായിക്കുന്നവര്‍
മലര്‍‌വാടി കണ്ടിട്ടേയില്ല
പതുക്കെ ഡാക്കിനിയെ
അവരു വെറുക്കുന്ന പോലെ ഞാനും വെറുത്തു
പൂച്ചപ്പോലീസിനെ എന്നെ പോലെ
അവരും സ്‌നേഹിച്ചു
ഞങ്ങള്‍ കുഞ്ഞുണ്ണി മാഷും കുട്ട്യോളുമായി

ക്ലാസ്സ് തുടങ്ങിയപ്പോള്‍
5 C
മലയാളം എടുത്തവരും
അറബിക്കിനു പോകുന്നവരുമായി
സംസ്‌കൃതത്തിനും ചേര്‍ന്നു മൂന്നു പേര്‍
മലയാളം ക്ലാസില്‍ തന്നെ നടക്കും
അറബിക്കിന്‌ 5 A യിലേക്ക്‌ പോകണം
മൂന്നു ഭാഷകള്‍ ചേര്‍ന്ന്
സ്‌കൂളു മൊത്തം കലപിലയാക്കി

അറബിക്കിനു ചേര്‍ന്നവര്‍
ഉച്ചക്കു വിട്ടാല്‍ കുഞ്ഞോള്ള മാഷിനൊപ്പം
പള്ളിയില്‍ പോയി
പത്തര വരേ മാഷ്‌ മദ്രസയിലെ ഉസ്‌താദ്‌
മദ്രസ വിട്ടാൽ മാഷ്‌
അല്ലാത്തപ്പോള്‍ മുന്‍‌ഷി
നിസ്‌കാരം നിര്‍‌ബന്ധമാക്കിയത്
അല്ലാഹുവല്ല മുന്‍‌ഷിയായായിരുന്നു

സ്‌കൂളതിരിനോട്‌ ചേര്‍ത്തു തുന്നിയതായിരുന്നു
നിസ്‌കാരപ്പള്ളി
ചെറുപ്പം കണ്ടാല്‍ നിസ്‌കാരപ്പള്ളാന്നു
വിളിക്കാന്‍ തോന്നും
മുറ്റത്തൊരു കുഞ്ഞു കിണറുണ്ട്‌,
തൊട്ടിയും കയറും വീണാല്‍ ഇറങ്ങി എടുക്കാം

കുടിവെള്ളമെടുക്കുന്നവര്‍ക്കും
ചോറ്റു പാത്രം കഴുകുന്നവര്‍ക്കും
ഇടയിലൂടെ
നിസ്‌കരിക്കുന്നവര്‍ ആദ്യം
*ഒളുവര്‍പ്പിക്കണം
കിണറ്റിന്‍ കരയിലെ പെണ്‍‌കുട്ടികള്‍ മാറി നില്ക്കും 
സ്‌ത്രീ പുരുഷന്മാരുടെ
തൊലി തമ്മില്‍ ചേര്‍ന്നു കൂടാ

നിസ്‌കാരം കഴിയുന്നതു വരെ
*തലക്കാമ തുടങ്ങാതെ
പ്രകാശനും വിനോദനും കാത്തു നില്ക്കും 

എല്ലാ സ്‌കൂളുകളിലേയും പോലെ
ഞങ്ങളുടെ സ്‌കൂളിലും 
ടി.സി യിലെഴുതിയ മാതിരി
ഹിന്ദുമതവും
ഇസ്ലാം മതവുമുണ്ടായിരുന്നില്ല.


*ഒളുവര്‍പ്പിക്കുക: നിസ്കാരത്തിനു മുമ്പുള്ള അംഗസ്നാനം.ആരാധനയായതിനാലാകണം ഒളു എടുക്കുകയെന്ന് പറയുന്നതിനു പകരം ഒളു അര്‍പ്പിക്കുകയെന്ന് മുമ്പ് പറഞ്ഞിരുന്നു നാട്ടില്‍.

*തലക്കാമ: കുട്ടിക്കാലത്തെ ഒരിനം ഓലപ്പന്തു കളി

കവികൾ നേരിൽ


ആന ബസ്സിനു പാലക്കാട്ടേക്ക്
ഒരു പേമഴക്കാലം
കവിത ചോദിച്ച് ട്രഷറിയാപ്പീസിൽ
ഫയലുകൾക്ക് മീതെ കവി
വയലുകൾക്കു മീതെ നോക്കി
മഴ വരമ്പിലിരുന്നുറങ്ങും തവള

കവിത തന്നില്ല
ചായ തന്നു
സിഗരറ്റ് വേണോന്നു ചോദിച്ചു
ഫ്രീയായിത്തന്നുപദേശം
ചങ്ങാതിക്കവിയെച്ചെന്നുകാണുക
"അവനെന്നേക്കാൾ അടക്കമൊതുക്കം കാവ്യശീലം"

അപ്പോൾ എന്റെ കേരളം വരക്കുന്ന
ഭാസ്കരനുദയം ചെയ്തു
ഉച്ച
ജീൻസ് ബുൾ ഷർട്ടിൽ
അംബാസഡർ കാറിൽ
കവി കൂടെ കോട്ട കാണാൻ പോയി

മടക്കത്തിൽ മറ്റേ കവിയുടെ ഗേറ്റിൽ
"ഇതു കവിയുടെ വീടാണോ?"
പുറത്തേക്കു വന്നതിൽ തിടുക്കത്തിൽ
ഒരു നോട്ടം അകത്തേക്കു പാഞ്ഞു

ചോദ്യം മാറ്റി
"കവി ഇവിടുണ്ടോ?"
മറുപടിയായിക്കവി
കട്ടിക്കണ്ണട നല്ല ആൾമറ.

മ്യാവൂ വാദി


പഴഞ്ചൊല്ലുകളെ അതിജീവിക്കുക
പൂച്ചകൾക്കും ദുഷ്ക്കരം തന്നെ
അടച്ചിട്ട മുറിയിൽ തല്ലരുതെന്നതു വെറുതേ,
പുറത്ത് കതകിൽ നഖമുരസി
അതിന്റെ ഇണ 
വിരഹത്തിന്റെ കടമ്പ ചാടിക്കടക്കാൻ ശ്രമിച്ചു
അത്രമാത്രം
ഏതു വീഴ്ചയിലും പൂച്ച നാലുകാലിൽ
എന്നതും മാധ്യമസൃഷ്ടി
ആദ്യ പ്രഹരത്തിൽ തന്നെ
ചത്തുമലച്ചു
ഇരുമ്പുപല്ലുകൾ ഉണ്ടായിരുന്നെങ്കിൽ
നിന്നെ ഞാൻ എന്നൊരു നോട്ടത്തോടെ
കണ്ണുകൾ തുറന്ന് പിടിച്ച്
ചത്തിട്ടും അതിന്റെ നാട്യം
ചതിക്കൂട്ടിൽ വീണ നരിയെന്ന്, സാധു.

കുട്ടികൾ കണ്ട് ഭയക്കാതിരിക്കാൻ
ചാക്കിൽ കെട്ടി പുഴയിലേക്കെറിഞ്ഞു

അതിനെ ചാക്കിലാക്കി
ഈ വീട്ടിലേക്ക് കൊണ്ടുവന്നത്
നരിയെന്ന് പറഞ്ഞു വിശ്വസിപ്പിച്ചത്
പരാക്രമങ്ങളിൽ കണ്ണിറുക്കിയത്

ഇപ്പോൾ ഒരു ചാക്കു കെട്ടിൽ പാവം
അധികം ജലമില്ലാത്ത ഒരൊഴുക്കിന്റെ മുതുകിൽ
തുള്ളിക്കളിച്ച് കൊണ്ട് അതിന്റെ ശവം
ദൂരെ മുഴങ്ങുന്ന അപായത്തിന്റെ സൈറൺ
അതിന്റെ കരച്ചിൽ
കാലിൽ തൊട്ടുരുമ്മി
ഉള്ളിലേക്കരിച്ച് കയറി എന്റെ ഭയം.

കാവ്യപൂർവ്വം

"ഒപ്പര"ത്തിലെ കുറേ കവിതകൾ
പുസ്തകരൂപം നേടി
മറ്റൊരു ജീവിതം തുടങ്ങിയതറിഞ്ഞിരിക്കുമല്ലോ,
യു.എ.ഇയിലുള്ള കൂട്ടുകാർക്കെങ്കിലും
പുസ്തകം നേരിൽ നൽകാനാകും.
എത്തിച്ചേരുന്നതിനുള്ള വഴി പറഞ്ഞാൽ
"തിരുവള്ളൂരി"നെ അങ്ങോട്ടയക്കാം,
കൂടെ പറ്റിയാൽ ഞാനും വരാം.
വിളിക്കുമല്ലോ, എഴുതുമല്ലോ,
കാവ്യ പൂർവ്വം ഉമ്പാച്ചി.

പുസ്തകമായി

ആദ്യ പുസ്തകം അധികം വൈകാതെ
വെളിച്ചം കാണും എന്നു കരുതുന്നു.
അച്ചടി കഴിഞ്ഞെത്തിയതായി അറിയിപ്പു കിട്ടി.
ഏപ്രിൽ 8 നു പ്രസാധകർ വക ഒരു പ്രകാശനം ഉണ്ട് ദുബായിൽ.
അതു കഴിഞ്ഞ് അബുദാബിയിലും
ഒന്നു കൂടണം കൂട്ടുകാരെ ഒക്കെ വിളിച്ച്,
കവിത പറഞ്ഞും കേട്ടും കുറച്ചു പേർ കുറച്ചു നേരം.
ഒരിരിപ്പിനു വഴി തേടുന്നു.
പുസ്തകത്തിന് അതിന്റെ വഴി ഒരുക്കിക്കൊടുക്കുന്നതിന്
നിങ്ങളിൽ വിശ്വസിച്ചു കൊണ്ട്
സന്തോഷത്തോടെ,
ഉമ്പാച്ചി
ഒപ്പ്

അരിയല്ലൂർ ശാന്തി

ഉച്ചപ്പടം
പപ്പടം
ഊണിനൊപ്പം
പൊടിച്ചു കുഴച്ചോ
കറി വരുന്നതിനു മുന്നേ
പൊട്ടിച്ചു ചവച്ചോ തീരും

വിശപ്പു മാറില്ല പൂതിയും തീരില്ല
അത്രമാത്രം
നീ കാണിച്ചതും
കൊതിപ്പിച്ചതുമെല്ലാം കൂടി

ഒരു വല്ലാത്ത സുഖം
എല്ലാം കണ്ട ഈ പ്രായത്തില്‍
നിന്നെക്കുറിച്ചോര്‍ക്കുന്നതു പോലും

കുളിപ്പുരയില്‍
നിന്റെ നനഞ്ഞ കഴുത്ത്‌ കാണുന്നേരം
ചുമരിനപ്പുറം നീ മുഴുവനും
നനഞ്ഞു നില്‍ക്കുന്നുണ്ടാകുമോ

ഒരു ദിവസം തന്നെ
ഇങ്ങനെ പലവട്ടം കുളിച്ചാല്‍
നിനക്കു ജലദോശം വരില്ലേ
പനി പിടിക്കില്ലേ നീ കിടപ്പിലാവില്ലേ

ഇത്രയും നര്‍ത്തകിമാരെ
തോഴികളായിക്കിട്ടാന്‍
നീയാര്‌, രാജാവിന്റെ മകളോ
ഒന്നു പോടീ

നിന്നെത്തന്നെ വേണമെന്നില്ല
പിന്നിലും ഇരു വശങ്ങളിലും
കൂടെത്തുള്ളുന്ന
ആട്ടക്കാരികളിലൊന്നിനെ മതി
നിന്നെപ്പറ്റി
ആലോചന പോയിട്ടുണ്ട്‌
കുരുത്തം കെട്ട്‌ പല പ്രകാരം
എല്ലാം പൊറുക്കണം ചെറുപ്പമായിക്കരുതി

ഇടവേളയില്‍
നിന്റെ ഭൃത്യന്‍മാര്‍
വിളക്കു തെളിക്കുന്നതു വരേ
നിന്നില്‍ തന്നെ മുഴുകി
മൂത്രമൊഴിക്കാന്‍ പോലും മറന്നിട്ടുണ്ട്‌

മൂത്രപ്പുരയില്‍ പോലും
ഞങ്ങളെഴുതീ നിന്റെ
നിന്ദാ സ്‌തുതി വചനങ്ങള്‍
നിന്നെ വിളിക്കാവുന്ന നമ്പറുകള്‍
സാക്ഷി നിന്റെ നാഭിച്ചുഴിയെന്നോര്‍ത്ത്‌
കുത്തിക്കെടുത്തിയ സിഗരറ്റു കുറ്റികള്‍

നിന്റെ ജന്മം വല്ലാത്തത്‌
എന്നൊന്നും പറഞ്ഞാല്‍ പോര
കാരണം
ഞങ്ങളുടെ വൃത്തികേടുകളത്രയും സഹിച്ച നീ
ഉച്ച ചരിഞ്ഞുള്ള സമയം
അമ്മയായി
അനിയത്തി പ്രാവായി
ഓപ്പോളും കുട്ട്യേടത്തിയുമായി
കുടംബങ്ങളുടെ കസ്‌തൂരിമാനായി
പുതിയ കുട്ടികളുടെ ക്ലാസ്‌മേറ്റു പോലുമായി
നീ ഭയങ്കരി തന്നെ

നിനക്കും പ്രായമായിരിക്കും
മരിച്ചോ മണ്ണടിഞ്ഞോ
ഒരു വിവരവുമില്ല
ഞാനും മരിച്ചു കൊണ്ടിരിക്കുന്നു
നിനക്കും നിത്യ ശാന്തി...


*കോഴിക്കോട് മലപ്പുറം ജില്ലകള്‍ക്കിടയിലെ അതിര്‍ത്തി ദേശമാണ് അരിയല്ലൂര്‍,
അവിടത്തെ സിനിമാ ടാക്കീസ് ശാന്തി.

ബൂലോക കവിതയിൽ നിന്ന്

കാവ്യ നീതി, ഒരാദ്യ രാത്രി

വിവാഹ വാര്‍ഷിക ദിനത്തില്‍ ഓര്‍മ്മിക്കാനുള്ളത്:


‘meet me after midnight
underneath the waxing moon
I'll be under the tall oak tree
adorning the glow of sensual skin''
                                   First night- Abid khan

എഴുതപ്പെട്ട വാക്കുകള്‍ക്ക്‌ ജീവനുണ്ടെന്നാരെങ്കിലും പറഞ്ഞാല്‍ എനിക്കവിശ്വസിക്കാനാവില്ല ഇപ്പോഴത്‌. ആദ്യരാത്രി എന്ന കൗതുകത്തെ തരം താഴ്‌ത്തി ഞാനെഴുതിയ വാക്കുകളാണ്‌ ആദ്യപകല്‍ എന്ന കവിത. ആദ്യരാത്രി പോലെ പേരെടുത്തിട്ടില്ല അവിവാഹിതരായ ചെറുപ്പക്കാരെ കൊതിപ്പിച്ചും പ്രതിശ്രുതവധുക്കളെ പേടിപ്പിച്ചും കഥകളില്‍ വളര്‍ന്നിട്ടില്ല എന്നിങ്ങനെ ആദ്യപകലിനെ എടുത്തു നോക്കുക മാത്രമാണാ കവിതയില്‍. ചില സ്വപ്‌നങ്ങള്‍ ജീവിതത്തില്‍ പുലരാന്‍ പോകുന്നതിന്റെ മുന്‍കൂര്‍ അറിയിപ്പാകുന്ന പോലെ കവിതയും ചില നേരത്ത്‌ അതിന്റെ സ്വന്തം ജീവിതം പ്രാവര്‍ത്തികമാക്കും. അറംപറ്റിയ വാക്കാകും കവിതയും.

എന്റെ ആദ്യ രാത്രിയെ നാമാവശേഷമാക്കിയത്‌ ആ ആദ്യപകലെന്ന കവിതായാണെന്ന്‌ സമാധാനിക്കുകയാണിപ്പോഴും ഞാന്‍. ആദ്യപകല്‍ എന്ന കവിത എഴുതുന്ന സമയം ഞാനൊരവിവാഹിതനായിരുന്നു. ആബിദ്‌ ഖാന്റെ ആദ്യരാത്രി എന്ന കവിതയോ വേറെ ഏതെങ്കിലും അതേ പ്രമേയം ഉള്ളടക്കമുള്ള കവിതയോ ഞാന്‍ വായിച്ചിട്ടുമില്ല. ആബിദ്‌ ഖാനെ കുറിച്ച്‌ ആദ്യം കേള്‍ക്കുന്നതു തന്നെ വി.എം ദേവദാസ്‌ ആദ്യപകലിനിട്ട കമന്റില്‍ നിന്നാണ്‌. ആ കവിത വായിച്ച ചിലരാവട്ടെ ആദ്യപകല്‍ കവിതയാകുന്നതാദ്യമാണ്‌, ആദ്യരാത്രി പലയിടങ്ങളില്‍ വായിച്ചിട്ടുണ്ടെന്ന അഭിനന്ദനവും തന്നതാണ്‌.

മൂന്നാണ്ടു മുന്നേയാണ്‌ സജിന ജീവിതത്തിലേക്കു വന്നത്‌. ദുബായിലേക്കു പറിച്ചുനടപ്പെട്ട ജീവിതവും കൊക്കിലൊതുക്കി 2008 ഫെബ്രുവരി 7നാണു നാട്ടിലേക്കു പറന്നത്‌. നാട്ടില്‍പോക്ക്‌ ഉറപ്പാകുന്നതിനു മുമ്പേ തന്നെ നീ എന്റെ ഭാര്യ എന്നൊരു കവിതയിലൂടെ കൂടെപ്പോരാനൊരാളെ തിരയുന്ന എന്നെ ഞാന്‍ ബ്ലോഗില്‍ നട്ടിരുന്നു. ആ കവിത ചില ആലോചനകളെ വളര്‍ത്തുകയും ചെയ്‌തിരുന്നു. നാട്ടിലെത്തിയതിന്റെ നാലാ ദിവസം ആദ്യത്തെ പെണ്ണുകാണല്‍ നടന്നു. വടകര സഹകരണാശുപത്രിയുടെ കാശ്വാലിറ്റി വാഡിനു പുറത്തിട്ട കസേരകളില്‍ ഇരുന്ന്‌ ഒരര മുക്കാല്‍ മണിക്കൂര്‍ സംസാരം. കാര്യങ്ങളേതാണ്ടു തീര്‍പ്പാക്കിയാണന്നു മടങ്ങിയത്‌. ഓര്‍മ്മിക്കപ്പെടേണ്ട ഒരു കൂടിക്കാഴ്‌ചയായിരുന്നൂ അത്‌. ഒരുപാടു കാലം പ്രണയത്തിലോ പരിചയത്തിലോ ആയിരുന്ന രണ്ടു പേര്‍ പാകത വന്നു നിറഞ്ഞ പോലെയായിരുന്നു ഇരുവരുമപ്പോഴെന്ന്‌ ഞങ്ങളിപ്പോഴും വഴക്കിലാവുമ്പോള്‍ ആ കണ്ടുമുട്ടലിനെ ഓര്‍ത്തെടുത്ത്‌ വഴക്കു തീര്‍ക്കുന്നു. കാര്യഗൗരവം വന്നവരെപ്പോലെ അന്നു സംസാരിച്ചത്‌ വളരേ മോശമായി, അതാണു നാം അകാലത്തു തന്നെ ഗൃഹകാര്യപ്രസക്തരായി മാറിയതെന്ന്‌ ഇടക്കു പരിഭവിക്കുന്നു. അന്നു കണ്ടു മടങ്ങുമ്പോള്‍ അവളൊന്നു കൂടി നോക്കിയിരുന്നു, ആ നോട്ടത്തിനു വേണ്ടി ഞാന്‍ തിരിഞ്ഞു നോക്കിയതായിരുന്നു. രണ്ടു പേര്‍ ഒരേ സമയം പരസ്‌പരം യാചിച്ച പോലെയായിരുന്നൂ ആ നോട്ടം എന്നെടുത്തു നോക്കാറുണ്ട്‌ ആ ഫ്രയിമിനെ ഇപ്പോഴും. നിനക്കവളെ മതിയെങ്കില്‍, അവളെ എനിക്കിവിടെ വന്ന ശേഷം കണ്ടാല്‍ മതിയെന്ന ഉമ്മയുടെ ഉറപ്പ്‌ നാട്ടുനടപ്പുകളെ മുഴുവന്‍ വീട്ടിനു പുറത്തു നിര്‍ത്തി. 2008 ഡയറിയുടെ ഫെബ്രുവരി 12ന്റെ പേജില്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരു പൂവല്ല, നോക്കി നിന്നാല്‍ താനേ വിരിഞ്ഞു വരുമൊരു പൂവെന്ന്‌ ഞാനവളെ ആദ്യമായെഴുതി.

അക്കൊല്ലത്തെ ഫെബ്രുവരി 29 ഉള്ളതിനാല്‍ അന്നു തന്നെ നമ്മുടെ വിവാഹമെന്ന്‌ ഞങ്ങളുറപ്പിക്കുകയും നാലു കൊല്ലം കൂടുമ്പോള്‍ മാത്രം ആവര്‍ത്തിക്കുന്ന വിവാഹവാര്‍ഷികത്തെ കുറിച്ച്‌ പറഞ്ഞു രസിക്കുകയും ചെയ്‌തെങ്കിലും 29 നു വിവാഹം നടത്തിയെടുക്കാനായില്ല. മാര്‍ച്ച്‌ 16നു നടന്നതു പ്രതീകാത്മക വിവാഹമാണ്‌, ഫെബ്രുവരി 29 നാണതു ശരിക്കുമുണ്ടായതെന്നങ്ങു കരുതി അതു വിട്ടു. മാര്‍ച്ച്‌ 16 വരേ നീട്ടിക്കിട്ടിയ രാപ്പകലുകളില്‍ ഞാനെഴുതിയ അനേകം കത്തുകളിലൂടെ എന്റെ 28 വര്‍ഷത്തെ ജീവിതമേതാണ്ട്‌ അവള്‍ക്ക്‌ ഹൃദിസ്ഥം തന്നെയായി. അത്രക്കന്യോന്യമറിഞ്ഞതിനാല്‍ ആദ്യരാവിനു നിര്‍ബന്ധമായ ആശങ്കകള്‍ തീരെ തൊടാത്ത, ആഹ്ലാദം മാത്രമാവേണ്ടതായിരുന്നു ആദ്യരാത്രി.

വീടിന്റെ മുകള്‍ നിലയില്‍ പുതുതായുണ്ടാക്കിയ മുറിയില്‍, അട്ടിയിട്ടതും അടുക്കി വച്ചതുമായ നൂറുകണക്കിനു പുസ്‌തകങ്ങള്‍ക്കിടയില്‍, ഒ.വി വിജയനും വി.കെ.എന്നും ബഷീറും മാര്‍ക്കേസും മുട്ടത്തു വര്‍ക്കി തന്നെയും നോക്കി നില്‍ക്കേ ഞങ്ങളുടെ ആദ്യസമാഗമം. സ്വകാര്യം പറച്ചിലുകളുടെ നീളം കുറക്കാനാണ്‌ പുറത്തിറങ്ങി ടെറസ്സിനു മോളില്‍ പെയ്യുന്ന നിലാവത്തു നില്‍ക്കാമല്‍പ്പം, എന്നിട്ടാവാം കിടപ്പ്‌ എന്ന കൊതി പൂത്തത്‌. വാതിലു തുറക്കാനുള്ള ശ്രമത്തിലാണ്‌ അതറിഞ്ഞത്‌. വാതില്‍പോളകള്‍ പൂട്ടുകളുടെ പിടുത്തത്തില്‍ നിന്നും പുറത്തായടഞ്ഞിരിക്കുന്നു. പൂട്ടിനുള്ളില്‍ പിടുത്തം കിട്ടാതെ താക്കോലുകള്‍ നിന്നനില്‍പ്പില്‍. നിന്ന നില്‍പ്പിലായി അതോടെ ഞങ്ങളും. വാക്കുകള്‍ക്കു കയറ്റാനാകാത്ത ആകാംക്ഷകളുടെ നടുക്കടലില്‍ രണ്ടു പേര്‍. ഏതു ബുദ്ധിമുട്ടിലും കൂടെ വരാറുള്ള മൂത്രമൊഴിക്കാനുള്ള മുട്ടലും വന്നു ചേര്‍ന്നു അപ്പോള്‍. അരയും അരയും ചേര്‍ന്ന്‌ ഒന്നാകുന്ന ദാമ്പത്യത്തിന്റെ ബീജഗണിതം പോലും തെറ്റി അതോടെ. ഈ രാവൊന്നു തീര്‍ന്നു കിട്ടിയാല്‍ മതിയായിരുന്നു എന്നായി ആകെയുള്ള ആശയപ്പോള്‍.

ഒരു സഹായം ചോദിച്ച്‌ ഇപ്പോള്‍ തന്നെ വീട്ടിലെ ഫോണിലേക്കു വിളിച്ചാലോ, പുലര്‍ക്കാലത്തെഴുന്നേറ്റ്‌ പശുവിനെ കറക്കാനായി തൊഴുത്തിലേക്കു പോകുന്ന ഉമ്മയെ അന്നേരം വിളിക്കാം, എന്റെ തോന്നലുകള്‍ക്കെല്ലാം ഊന്നലായി അവളുടെ മൂളല്‍ മാത്രം. നാണം കൊണ്ട്‌ അവളാകെ മെലിഞ്ഞു മെലിഞ്ഞ്‌ പുതപ്പില്‍ പതിഞ്ഞു പോയ പോലെ തോന്നി എനിക്ക്‌. അവസാനം പുലരുവോളം കാത്തിരിക്കാമെന്നായി ഉഭയകക്ഷി തീരുമാനം. തൊഴുത്തിലേക്കു പോകുന്ന ഉമ്മയെത്തന്നെ വിളിച്ചൂ മുകളിലെ പാതി തുറന്നിട്ട ജനലിലൂടെ ഞാന്‍. ഉമ്മ പച്ചവെള്ളം നിറച്ച കുടവും നെയ്‌പ്പാത്രവും നിലത്തിട്ട്‌ കോലായിലേക്കു മടങ്ങുന്നതു കണ്ടു. ഉമ്മാമയുടെ കരച്ചിലാണാദ്യം മുകളിലെത്തിയതെങ്കിലും, പിന്നാലെ വീടു മുഴുവന്‍ മുകള്‍ നിലയിലേക്കു പോന്നു. എന്താണു പ്രശ്‌നമെന്നു പറഞ്ഞപ്പോള്‍ അടച്ചിട്ട വാതിലിനപ്പുറം പിറ്റേന്നു പോയാല്‍ മതിയെന്ന്‌ ഉമ്മ പിടിച്ചു നിര്‍ത്തിയ ബന്ധുക്കളുടെ ചിരി കേട്ടു. അത്യാവശ്യത്തിനു കരുതിയ ഉപ്പയുടെ ഉപകരണപ്പെട്ടി തിരയാന്‍ പോയ പെങ്ങളുടെ ഒച്ച കേട്ടു. എല്ലാം സ്ഥലം മാറ്റി വച്ചതല്ലേ കല്യാണമായപ്പോള്‍. ഉപ്പയും അയലത്തെ ദുരിതാശ്വാസ പ്രവര്‍ത്തകരും ചേര്‍ന്ന്‌ പൂട്ടു പൊളിച്ച്‌, പോലീസ്‌ സ്‌റ്റേഷനില്‍ നിന്നും ഇറക്കി കൊണ്ടു വരുന്ന ഒളിച്ചോടിയ രണ്ടു കമിതാക്കളെ പോലെ ഞങ്ങള്‍ രണ്ടാളും. വാതില്‍ തുറന്നു വരുമ്പോള്‍ അകത്തേക്ക് അര്‍ഥങ്ങള്‍ പലതും ഉള്ളില്‍ തിരുകിയ ഒരു ചിരിയുമായി ആദ്യ പകലും.

ചെമ്പരത്തി

ഇത്രയും ക്ഷമ പാടില്ല ചെടിയേ
നനയോ തടമോ കിട്ടാതെ പൂവിടുന്ന
നിന്നില്‍ നിന്നും പഠിക്കണം
സംവരണത്തിനു പഠിപ്പും പണിയും നേടിയ
ഞാന്‍ സ്വാശ്രയ തത്വം,

കോരുമ്പോള്‍ ഒലിച്ചിറങ്ങുന്ന
വെള്ളം മതിയെന്നു ശഠിച്ച്
നീ കിണറ്റു വക്കത്തു തന്നെ
നിന്നു കളഞ്ഞതല്ലേ,
വിനയത്തെ കുറിച്ച് ദിവസവും ഓര്‍മ്മിക്കുന്നതിന്
നിന്നെ ക്ഷമയുടെ അതിരിലേക്ക്
മാറ്റി നടാന്‍ പോകുന്നൂ ഞാന്‍

''ഒലക്ക''

ഒലക്ക വേറെയാണ്‌
ഉരലോ ഉമിയോ അതിന്റെ ആരുമല്ല

ക്ഷോഭത്തിന്റെ മുന്നാഴി
പൊടിച്ച്‌
ആഴക്ക്‌ സഹനം
സഹിഷ്‌ണുതയുടെ ലേശം തവിട്‌
വെറുപ്പിന്റെ ഒരു നുള്ളിനെ വേര്‍പ്പെടുത്തി
അല്‍പ്പം ക്ഷമ
പുച്ഛത്തിന്റെ ഇത്തിരി പൊടി

''ഒലക്ക''
ഉറക്കെ പറഞ്ഞു നോക്കുക
ഇടിക്കുന്നതിന്റെ പൊടിക്കുന്നതിന്റെ
യാതൊരു ശബ്ദവും പുറമേ കേള്‍പ്പിക്കില്ല

ഒരു വാക്കിനു കൂട്ടാനാകുന്ന
കുറഞ്ഞ ഒച്ചയില്‍
പറഞ്ഞു കഴിയുന്നതോടെ തീരുന്ന ഉപായം

വാക്കുകള്‍ എത്ര മുന്തിയ ഉപകരണങ്ങള്‍

പക്ഷേ,
പൊടിച്ചു കൊടുക്കപ്പെടും
എന്നൊരു ബോര്‍ഡ്‌ വച്ച്‌
കുറച്ചു നേരമിരുന്നു നോക്കുക
അറിയുന്നവരും അറിയാത്തവരും
വന്നു കൊണ്ടേയിരിക്കും
ഈ ലോകം മുഴുവന്‍
അവരുടെ കൈകളിലുണ്ടാകും
ഇടിച്ച്‌ പൊടിച്ച്‌
ഉണക്കി സൂക്ഷിക്കുന്നതിന്‌

ആയതിനാല്‍
അരിശത്തിന്റെ ഇന്ധനം നിറഞ്ഞ ഒന്നും
ഒരു വാക്കു പോലും
സ്വാര്‍ത്ഥത്തിന്റെ ഉപകരണമാക്കാതിരിക്കുക
ഒലക്ക വേറെയാണ്‌
അതിന്‌ ഉമിയുമായോ ഉരലുമായോ എന്തു ബന്ധം...?

എമിറേറ്റ്‌സ്‌ പാലസ്‌

(രാപ്പാടിക്ക്)

ഇതാണ്‌ എമിറേറ്റ്‌സ്‌ പാലസ്‌ ഹോട്ടല്‍
നഗരം കാണിക്കാനിറങ്ങിയ കൂട്ടുകാരന്‍ പറയുന്നു
ഈ കാണുന്നതോ
എത്ര വലുതാണല്ലേ
വന്ദ്യനായ ഏതോ ശൈഖിന്റെ
അരികിലഴിച്ചു വച്ച തലപ്പാവു പോലെ
നഗരത്തിന്റെ മടിത്തട്ടില്‍
എന്തൊരു പ്രൗഢിയാണല്ലേ
ഇത്രയും വലിയ ഗെയിറ്റ്‌ ഞാനാദ്യായിട്ടു കാണുകയാ
ഇവിടത്തെ പാറാവുകാരൊക്കെ എവിടെ പോയി
ഒരൊറ്റ എണ്ണവും വരുന്നില്ലല്ലോ
നമുക്കും കയറി നോക്കാം
മുറ്റം വരേ പൂങ്കാവനമാണല്ലോ
ചതുരക്കല്ലു പാകിയ നടപ്പാതപോലുണ്ടല്ലോ റോഡ്
ആരും തടയാത്തതെന്താണ്‌
മുറ്റം നിറയെ നിരന്ന ഈ കാറുകള്‍ക്ക്‌
ദിര്‍ഹമില്‍ തന്നെ ലക്ഷങ്ങള്‍ വരുമോ
എന്തൊരു മിനുസമുള്ള നിലം
എത്ര തുടുത്ത ചുമരുകള്‍
ഈ പരവതാനികള്‍ അറബിക്കഥയിലേതു തന്നെ
ഈ പരിചാരികമാര്‍
ഷഹറസാദിന്റെ തോഴികള്‍ തന്നെ
ഈ പോകുന്നവരും വരുന്നവരും ആരായിരിക്കും
ഏതായാലും ഞങ്ങളെ പോലെ ഊപ്പകളാകില്ല
അകത്തേക്കു ചെല്ലുന്തോറും വാതിലുകള്‍
ഞങ്ങള്‍ക്കു മുന്നിലും തുറക്കുകയാണ്‌
കാവല്‍ക്കാര്‍ തല താഴ്‌ത്തി വന്ദിക്കുകയാണ്‌
ഈ കമാനങ്ങളെ പൊതിഞ്ഞ മഞ്ഞ ലോഹം
സ്വര്‍ണ്ണം തന്നെയായിരിക്കുമോ
ഇനിയും അകത്തേക്കു പോകുന്നതിന്‌ തടസ്സമൊന്നുമില്ലേ
പ്രിയപ്പെട്ട പാറാവുകാരാ
ഞങ്ങളോടെന്തെങ്കിലുമൊന്ന്‌ ചോദിക്ക്‌
ആരാ എന്തിനാ എവിടേക്കാ എന്തെങ്കിലുമൊന്ന്‌
ഇനിയും അകത്തു പോകാന്‍ പറ്റില്ലയെങ്കില്‍
ഒന്നു ഞങ്ങളെ പിടിച്ചു പുറത്താക്ക്‌
എന്റെ ഉള്ളില്‍ ബലപ്പെട്ടു വരുന്ന സംശയത്തിന്റെ വളര്‍ച്ച
ഇപ്പോള്‍ പുറത്തറിയും
സംശയധാരണത്തിന്റെ ആദ്യ നിമിഷങ്ങളിലെ
പരിഭ്രമത്തിന്റെ ചര്‍ദ്ദില്‍ വീണ്‌
ഈ നടുമുറ്റം വൃത്തികേടാകും,
ഒന്നു ഗെറ്റൗട്ടടിക്ക്‌....

ഗൃഹാശയം

എല്ലാ വാതിലുകളുമടയുമ്പോള്‍ 
വാതിലുകളേയില്ലാത്ത ഒരു വീട്‌ 
മരങ്ങളോട്‌ പിണങ്ങി ആകാശം നിറയെ വേരുകളും 
ഭൂമി നിറയേ ശാഖകളും പടര്‍ത്തി ഒരു മരമതിന്റെ മുറ്റത്ത്‌ 
ആഗ്രഹിക്കുമ്പോള്‍ മരിക്കുന്നതിന്‌ ഒരു കട്ടിലും 
അതേ പോലെ ജനിക്കുന്നതിന്‌ ഒരു തൊട്ടിലും ഓരോ അകത്തും 
ജനലുകളോട്‌ കാറ്റും ചുമരുകളോട്‌ വെളിച്ചവും സമ്മതം ചോദിക്കില്ല 
ഇല്ലാത്ത മതിലുകള്‍ എല്ലാ നടപ്പുകളേയും ക്ഷണിച്ചു വരുത്തും
ഇല്ലാത്ത വാതിലുകള്‍ എല്ലാ വഴികളേയും അകത്തു കയറ്റും
അടിച്ചേല്‍പ്പിക്കപ്പെട്ട വീട്ടില്‍ പാര്‍ക്കാതിരിക്കാനുള്ള അവകാശം 
ഒരിക്കലെങ്കിലും നിങ്ങളുമാഗ്രഹിച്ചിരിക്കും
മടുക്കുമ്പോള്‍ ഉപേക്ഷിക്കാവുന്ന ഒരു പുറന്തോട്‌ മതി എനിക്കുമെന്ന്‌ 
ഒരു ദിവസമെങ്കിലും മോഹിച്ചിരിക്കും 
അങ്ങനെ ഒരു ദിവസം പടുത്തു തുടങ്ങിയതാണ്‌ ഈ വീടും

ഒരോ ദിവസും ഒരോ അഥിതി
ശനി പോയി പിറ്റേന്നു ഞായര്‍ വരും 
ചോവ്വേ വന്നോളൂ എന്നു വിളിക്കേണ്ടതില്ല
തിങ്കളു പോകുന്ന രാത്രി അവന്‍ വരും
പ്രയപ്പെട്ട ബുധന്‍ പുറപ്പെട്ടുവോ എപ്പോഴെത്തും എന്നൊന്നുമില്ല ആധികള്‍
വ്യാഴവും വെള്ളിയും ചിലപ്പോള്‍ ഒന്നിച്ചാണു വരിക, 
അവരൊന്നിച്ചു പോകാതിരുന്നാല്‍ മതി
ഉന്‍മാദത്തില്‍ പണിത വീടുകളാണ്‌ 
സ്വപ്‌നത്തില്‍ വച്ച വീടുകളേക്കാള്‍ ജീവിതത്തിന്റെ വസതി
വീടുകള്‍ ഇടക്കിടെ ഉയര്‍ത്തുന്ന എല്ലാ ചോദ്യങ്ങള്‍ക്കുമെതിരെ 
കൊതികള്‍ പാകിയ ഒരുത്തരക്കെട്ട്‌ 
പണിതീരുന്നതിനു മുന്നേ ഗൃഹപ്രവേശം കഴിഞ്ഞ 
ഈ വീട്ടിലെ താമസക്കാരനെ നിങ്ങളറിയും
ഇല്ലെന്നു പറയരുത്‌
നിങ്ങളും വരണം 
ഈ വീട്ടിലും ഇടക്ക്‌ ഒന്നു കൂടുന്നത്‌ നന്ന്‌

:ബൂലോകകവിതയില്‍ നിന്ന്

തെരുവു തീരുന്നിടം

കറുത്ത പെണ്ണുങ്ങളുടെ
ധൂര്‍ത്തമായ അരക്കെട്ടുകള്‍ കൊണ്ട്‌
ഉണ്ടാക്കിയ ഒരു തെരുവിലാണ്‌
ഇപ്പോള്‍

ഒരു സ്‌ത്രീ എന്റെ നേരെ
ഒരു മുലയും കൊണ്ടു വരുന്നു
നിറം കണ്ടിട്ട്‌ ആഫ്രിക്കയിലെ
ഏതോ കാട്ടില്‍ നിന്ന്‌
പറിച്ചു കൊണ്ടു വന്നതാണെന്ന്‌ തോന്നുന്നു

ആണുങ്ങള്‍ കണ്ടിട്ടില്ലാത്ത
ഏതോ മരത്തിന്റെ കനിയായിരിക്കും

വേറെ ഒരു സ്‌ത്രീ
ഉരുട്ടിക്കൊണ്ടു പോകാവുന്ന
ഒരു തൊട്ടിലില്‍
കുഞ്ഞിനേയും കൊണ്ട്‌ പോകുന്നു
പോക്കു കണ്ടിട്ട്‌
അതിനെ അവളിറങ്ങി വന്ന
ഗ്രോസറിയില്‍ നിന്ന്‌ വാങ്ങിയതാണെന്നേ തോന്നൂ
ഈ തെരുവു തീരുന്നിടം
നിറയെ മുലകള്‍ കായ്ച്ചു നില്‍ക്കുന്ന ഒരു മരം.

*ദേരയില്‍ രാപാര്‍ത്ത കാലത്തെഴുതിയത്, ഇയ്യിടെ മലയാളനാടില്‍ വന്നിരുന്നു.

പൂമ്പാറ്റകളെ കുറിച്ച്‌

ഞാനോരു സ്‌കൂള്‍ അധ്യാപകനാണ്‌ 
കുട്ടികളെ അവരുടെ മാതൃഭാഷ പഠിപ്പിക്കുന്നു 
അവിവാഹിതനാണെങ്കിലും 
രണ്ടു കുട്ടികളുടെ രക്ഷിതാവുമാണ്‌ 
ഇരട്ടക്കുട്ടികള്‍ 
പ്രസവത്തോടെ മരിച്ചു പോയ  
പെങ്ങളുടെ രണ്ടു മക്കള്‍ 
അവരും എന്റെ ക്ലാസില്‍ തന്നെ 

കുട്ടികളെ അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ 
പഠിപ്പിക്കേണ്ടി വരുന്നു എന്നതാണ്‌ 
മാതൃഭാഷ പഠിപ്പിക്കുന്നവരുടെ പ്രശ്‌നം 
എന്റെ പ്രശ്‌നം അതല്ല 
എല്ലാ കുട്ടികള്‍ക്കും നല്ല അറിവുള്ള ചിലത്‌ 
എന്റെ കുട്ടികള്‍ക്ക്‌ മനസ്സിലാവുന്നേയില്ല 

പൂമ്പാറ്റകളെ കുറിച്ച്‌ 
ഒരു കൊച്ചു കുറിപ്പെഴുതാന്‍ പറഞ്ഞൂ ഒരിക്കല്‍ 
കുട്ടികള്‍ കൊച്ചു കൊച്ചു പൂമ്പാറ്റകളായി എഴുത്തു തുടങ്ങിയപ്പോള്‍ 
നോട്ട്‌ ബുക്കിന്റെ ഇതളുകളില്‍ വന്നിരിക്കാന്‍ തുടങ്ങി 
വാക്കുകള്‍ 
നിറങ്ങളിലേക്കും ഉടുപ്പുകളിലേക്കും പൂക്കളിലേക്കും 
മാറി മാറി ഇരിക്കാന്‍ തുടങ്ങി കുഞ്ഞുകുഞ്ഞക്ഷരങ്ങള്‍ 

അവര്‍ രണ്ടു പേരും അതൊന്നുമെഴുതിയില്ല 
ആരും കൊണ്ടു പോകാത്ത ദൂരത്തേക്ക്‌ പറക്കാന്‍ കഴിയുന്ന 
പൂമ്പാറ്റകളെ കുറിച്ച്‌ എഴുതാമോ കൂട്ടത്തിലിളയത്‌
അവര്‍ രണ്ടു പേരും ഒന്നുമെഴുതിയില്ല പൂമ്പാറ്റകളെ കുറിച്ച്‌ .

എ (u)

ഇരുട്ടു തടഞ്ഞു
വീണവനെ
പകല്‍ വെളിച്ചം
എടുത്തുകിടത്തി

വിണ്ണിനു
മതിയായവനെ
മണ്ണേറ്റെടുത്തു
വേരുകള്‍ക്കു കൊടുത്തു

ഇലയായും കനിയായും
മരക്കയ്യിലെ കറുപ്പായും
തിരികെ വരും

പൂവായ് മാത്രം
പുറമേക്കു ചിരിച്ചു നില്‍ക്കില്ലവന്‍.

തന്റേടം

കാടിറങ്ങി
പുഴ കടന്ന്‌
മല കയറി
വയലു താണ്ടി
എത്തണം വീടെന്നോ
ബോറ്‌,

ആദ്യം കാണുന്ന ആരും
രണ്ടാമതു ചോദിക്കുമല്ലോ
വീടെവിടെയാ..?



എവിടെയാ...?
അതെവിടെയാ വച്ചു പോന്നത്‌
മറന്നത്‌
ബേജാറ്‌,

അമ്പലത്തിന്റെ ബേക്കില്‍
കനാലിന്റെ വക്കില്‍
ടാറിട്ട റോഡ്‌ തീരുന്നിടത്ത്‌
പോസ്‌റ്റാപ്പീസിന്റെ പിറകില്‍
ഷാപ്പിന്റെ മുന്നില്‍
സര്‍ക്കാര്‍ സ്കൂളിന്റെ അരികെ
MLAയുടെ അടുത്ത വീട്‌
ബോറ്‌,
ഒറ്റക്കു നില്‍ക്കാന്‍
കെല്‍പ്പുള്ള
ഒറ്റ വീടില്ല ഇന്നാട്ടില്‍

9/11
21/246
വരൂ നഗരത്തിലേക്ക്‌
ഒറ്റ ഒറ്റയായ
മുറിക്കു മുറി പോരുന്ന വീട്ടിലേക്ക്‌.

തീരുമാനം

ഞങ്ങള്‍ നാലഞ്ചു പേര്‍ ബസ്സു കാത്തു നില്‍ക്കുന്നു
മുന്നില്‍ ഒരങ്ങാടിക്കൂട്ടം ഞങ്ങളെ നോക്കി നില്‍ക്കുന്നു
ഒരലര്‍ച്ച
പൊട്ടിത്തെറിക്കുന്നു
അവനെ കൊല്ല്
ആരെ കൊല്ലണം എന്നറിയാതെ പല ശബ്ദങ്ങള്‍
അത്ര തന്നെ നിശ്ശബ്ദതകള്‍
അവക്കിടയിലൂടെ അരുത് എന്നൊരു അപേക്ഷ
പതുക്കെ എഴുന്നേറ്റു നില്‍ക്കുന്നു
ആരെ കൊല്ലണം എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകുന്നു
എങ്ങനെ എളുപ്പത്തില്‍ വീട്ടിലെത്താം എന്നു മാത്രമാകുന്നു
ഇപ്പോള്‍ ബസ്സ് കാത്തുനില്‍ക്കുന്ന നാലഞ്ചു പേര്‍ ഞങ്ങള്‍
0
ബൂലോക കവിതയില്‍ വന്നത്

വീണ ബസ്സ്

ഇടവഴികള്‍
വീടുകള്‍ക്കു മുന്നിലൂടെയും
പറമ്പുകള്‍ക്കിടയിലൂടെയും
ഇറങ്ങി വന്നു
പാടം മുറിച്ചു കടന്ന്
വരമ്പുകള്‍ കയറി വന്നു
ഗ്രാമ ഞരമ്പുകള്‍
ഹാജര്‍ പറഞ്ഞു
കൂട്ടത്തോടെ കാത്തു നിന്നു
റോഡ്
വരുന്നതും നോക്കി

തോടുകള്‍ കമിഴ്ന്നു കിടന്നു കൊടുത്തു
മുന്നോട്ട് മുന്നോട്ട് പോകുന്നതിന്
അമ്പലക്കുളം പോലും
കുറച്ചങ്ങോട്ട് മാറിനിന്നു

റോഡ് വന്നു
പഴയ നിരത്തിനെ വിഴുങ്ങി
അത് മലര്‍ന്നു കിടന്നു

ബസ്സ് വന്നു

സമയം നോക്കി റഡിയാക്കി
കുറച്ചു നേരത്തേ
റോഡിനിരുപുറവും
ബസ്റ്റോപ്പില്‍ വന്നു കാത്തു നില്‍ക്കാന്‍ തുടങ്ങി

വരമ്പുകളാണാദ്യം പിരിഞ്ഞു പോയത്
മടിപൊടിച്ചു തുടങ്ങിയ
പാടങ്ങളും കൂടെപ്പോയി
റോഡുകളായി നടിക്കാന്‍ തുടങ്ങിയ
ഇടവഴികളും മടങ്ങി
അവരവരുടെ വീടുകളിലേക്ക്
സ്വന്തം സ്വന്തം വണ്ടികള്‍ വാങ്ങുകയും ചെയ്തു

റോഡ് കിടക്കുന്നു
മടങ്ങുന്നതിനുള്ള ബസ്സ് വരുന്നതും കാത്ത്,
നഗരത്തില്‍ നിന്നും
വിളിച്ചു വരുത്തിയതെന്തിന് എന്ന് ചോദിച്ചു കൊണ്ട്.

മുളകിട്ടത്

എത്ര കഷണം വേണമെങ്കിലും
മുറിക്കാവുന്ന കൂട്ടുകാരുണ്ട്
നടുക്കഷണം തന്നെ വേണെമെനിക്കെന്ന്
കൂട്ടുന്നവരോരോരുത്തരും കൊതിക്കും
സ്വന്തം ചങ്ങാതിയെയാണ്
തിന്നു കൊണ്ടിരിക്കുന്നതെന്ന് ചുവക്കുകയേയില്ല
അത്രയും രുചി
മുളകിട്ട് വച്ചിട്ടുണ്ടാകും ഓരോ മുറിവിലും

2009 -ല്‍ വിട്ടുപോയവ

മരത്തുള്ളി

പഴയ പൂവിടലുകളെ
ഒന്നു കൂടി പുറത്തെടുക്കുന്നതിനു മോഹിച്ച്
വഴിയില്‍
ഓര്‍മ്മിച്ചു നില്‍ക്കുന്ന
ഒരു മരത്തുള്ളിയാണ് ഞാന്‍

മഴപ്പെട്ടി

ഓടിട്ട
ഒരു വീട്ടിലായിരുന്നെങ്കില്‍
ഇന്നലെ പെയ്ത മഞ്ഞു കട്ടകളുടെ മഴ
മേല്‍ക്കൂര പൊളിച്ചെന്‍റെയും അകത്തു കടക്കും

രക്ഷാ പ്രവര്‍ത്തനത്തിനു വന്ന
അയല്‍ക്കാരെപ്പോലെ
എന്നെയും പുറത്തെടുക്കും
ജീവനോടെ,
ഒന്നുമുണ്ടായില്ല

മഴ മഞ്ഞെറിഞ്ഞു കളിക്കുക മാത്രം ചെയ്തു

ഉള്‍ക്കിണര്‍

കൈവരി കെട്ടാത്ത
ഒരു കിണറുണ്ട് മനസ്സിനറ്റത്ത്
അതിലേക്ക് കെട്ടിത്തൂക്കിയ
തൊട്ടി ആത്മീയത

അനേകം മലക്കം മറിച്ചിലുകള്‍ കഴിഞ്ഞ്
ജലനിരപ്പില്‍ മുഖം പൂഴ്ത്തി
ജലസമാധി
തണുപ്പുമായി മടങ്ങിവരവ്
ഒഴിഞ്ഞ് ഉള്ളുമായി തിരിച്ചിറക്കം

വീണ്ടും വീണ്ടും ഒരേ വെള്ളം കോരലുകളുടെ പുനരാഖ്യാനം

മാര്‍ച്ച് 16

മിന്നുന്നൂ മുന്നില്‍
നീ
യെന്തൊരു തിളക്കം
പണയത്തില്‍ നിന്നും
തിരികെയെടുത്ത പൊന്നു പോലിന്ന്

ഒന്നു കൂടി നിന്നെപ്പെണ്ണു കാണുവാന്‍
പരിചയിക്കുവാനതിശയം
മാറാതെ
വിളിക്കുവാനോരോ മണിക്കൂറിടവിട്ട്
പറയുവാനോരോയിളക്കവുമനക്കവും
തിളക്കവും
ബാറ്ററി തീരുവാനിടക്കു റീചാര്‍ജ് ചെയ്യുവാന്‍
പ്രണയത്തിലാകുവാനതിനാല്‍
പിണങ്ങുവാനിണങ്ങുവാന്‍
വീട്ടുകാരറിയാതൊളിച്ചുള്ള
ചെറു ചെറു യാത്രകള്‍ പോകുവാന്‍
ഒന്നു തൊട്ടു നോക്കുവാന്‍
വിരലില്‍
നീ പരുങ്ങുന്നതും
കോരിത്തരിച്ചതുമറിയുവാന്‍

കല്യാണ നിശ്ചയം,
ക്ഷണമൊക്കെയൊന്നുകൂടി
വധൂവരന്മാരായിത്തീരുവാന്‍
പലകുറി
ആദ്യരാത്രിയാകുവാന്‍
മോഹം

മതിവരായ്കകളല്ലേ
നമ്മിലും
ജീവിതം കൊരുക്കുന്നൂ നിരന്തരം.

ഡയറി-2009 മാര്‍ച്ച് 16 (വിവാഹ വാര്‍ഷികം)

നിങ്ങളെന്നെ...


വളര്‍ത്തു പട്ടികളുടെ കാലം വരുന്നു വരുന്നു
എന്ന്‌ എത്രയോ കാലമായി കേട്ടിരുന്നതാണ്‌
അമേരിക്ക വരുന്നു ബിന്‍ലാദന്‍ വരുന്നൂ
എന്നൊക്കെയുള്ള മനുഷ്യരുടെ ബേജാറു പോലെ
ഒരു കിംവദന്തി
കൊല്ലം കൂടുമ്പോള്‍ പഞ്ചായത്തയക്കുന്ന
പട്ടി പിടുത്തക്കാരെ കുറിച്ചുള്ള ഒരു മുന്നറിയിപ്പ്‌
അത്രയേ കരുതിയിരുന്നുള്ളൂ

എന്നെങ്കിലുമൊരിക്കല്‍ പുലി വരണമല്ലോ

കൂട്ടത്തില്‍ ആദ്യമാദ്യം തുടലു പൊട്ടിച്ചവര്‍
വേട്ടപ്പട്ടികാളായാണ്‌ മാറിയത്‌
ഇനി വളര്‍ത്തു പട്ടികളാവുകയാണ്‌ രക്ഷ
ജീവിതം അതോടെ ശുഭം
തീറ്റ തരുന്ന കൈകളോര്‍ക്കണം
വന്നു പോകുന്ന വിരുന്നുകാരെ മാനിക്കണം
പ്രഭാത സവാരിക്കിറങ്ങിയാല്‍
മറ്റുള്ളവരെ കടന്നു പോകുന്നേരം
ലേശം ഗമയും പായ്യാരവും ചമയണം

കടിക്കുന്ന പട്ടി കുരക്കില്ല



പട്ടികളുടെ ഗണം തിരിച്ചുള്ള പട്ടിക തയ്യാറാക്കുന്നുണ്ട്‌
ഏതു ഗണത്തില്‍ ചേര്‍ക്കണം
എന്നതിനു പൂരിപ്പിച്ചു നല്‍കേണ്ട
അപേക്ഷാ ഫോറവും വിതരണം ചെയ്യും
വീഴ്‌ച വരുത്തുന്നവയെ
നാലാമതൊരു ഗണത്തില്‍ പെടുത്തും
പേപ്പട്ടികള്‍
ശേഷം
പട്ടി പിടുത്തക്കാര്‍ക്കേല്‍പിച്ചു കൊടുക്കും

എല്ലാവരും വേട്ടപ്പട്ടികളോ
വളര്‍ത്തു പട്ടികളോ ആകുന്നതിനുള്ള
മല്‍സരത്തില്‍ പേരു കൊടുത്താല്‍ പിന്നെ
നിങ്ങളെന്നേ പേപ്പട്ടിയാക്കി
എന്നോ മറ്റോ ശീര്‍ഷകത്തിലെഴുതുന്ന
ഒരു നാടകം കൊണ്ടൊ
കവിത കൊണ്ടോ
പട്ടികളെ സംഘടിപ്പിക്കാനാകില്ല

എല്ലാം നാടകമായി കഴിഞ്ഞ
നാട്ടകങ്ങളില്‍ ചുറ്റിത്തിരിയാനിനി ഏതു പട്ടിയെ കിട്ടും
ഭയം നിറഞ്ഞ ചരിത്രത്തിന് ഏതു പട്ടി കാവല്‍ നില്‍ക്കും

വര: പാബ്ലോ പിക്കാസോയുടെ പട്ടി

മഴ പോലൊന്ന്‌

വീടുമാറിക്കയറിയ അതിഥിയാണ്‌
ദുബായിലെ മഴ
ഉറങ്ങുന്നവരുണരുമോയെന്ന
പരുങ്ങലോടെ
ഒച്ച കൂട്ടാതെ
തൊട്ടുവിളിക്കുക മാത്രം ചെയ്‌ത്‌
ഒന്ന്‌ കൊണ്ടയുടനെ
തെല്ലു ജാള്യതയോടെ
തിരിച്ചിറങ്ങിപ്പോയി

നാട്ടിലേതു പോലെ
തുള്ളിക്കൊരു കുടമില്ല
മഴ പോലൊന്ന്‌
ഒറ്റ ദിവസം കൊണ്ട്‌
പാവം പിടിച്ചൊരു മഴക്കാലം

മഴ പെയ്യുന്നതറിഞ്ഞ്‌
മുറി വിട്ടിറങ്ങിയവര്‍ക്കത്‌
നാട്ടില്‍ നിന്ന്‌ കൊടുത്തയച്ച
പലഹാരപ്പൊതി
രുചിച്ച്‌
മതി വരും മുന്നേ
തീര്‍ന്നു പോയ മധുരം

ജീവിതം
നിലത്തു വീണ മഴ

പെറ്റപാട്‌


പാത്തുമ്മാ പാത്തുമ്മാ...
കുട്ടികള്‍ വിളിക്കുന്നു
അവരുടെ വിളി
ഏതു ദൂരേന്നും കേള്‍ക്കുന്നു
പള്ളേലിരുന്നുള്ള
അവരുടെ വിളിക്ക്‌
കാതു കൂര്‍പ്പിച്ച്‌ കൂര്‍പ്പിച്ച്‌
തേഞ്ഞു പോയ ചെവിവട്ടം
നോക്ക്‌

നോക്കിയപ്പോള്‍
അലിക്കത്തുകള്‍ തൂങ്ങിയ
കുഴികളില്‍
പാടകെട്ടിയ
കാതുകുത്തു നോവുകള്‍


പെറ്റപാട്‌ കുഞ്ഞുങ്ങള്‍
പാത്തുമ്മയോട്‌ മാത്രം സംസാരിച്ചു
തള്ളക്കോഴിയെ ഒരൊച്ചയും വെക്കാതെ
വിളിച്ചു വരുത്തുന്ന കുഞ്ഞുങ്ങളെ
പോലെ
ഗര്‍ഭത്തിലിരുന്നു തന്നെ അവര്‍
പാത്തുമ്മയെ വിളിച്ചു വരുത്തി

നിങ്ങളുടെ പാപച്ചോര പുരണ്ട
കൈകളു പോലല്ല
പേറ്റുചോരപുരണ്ട പേറ്റിച്ചിക്കൈകള്‍
നോക്ക്‌

നോക്കിയപ്പോള്‍
നല്ല പുഴുങ്ങിയ പൂളയില്‍
മുളകു കറി ഒഴിച്ച പോലെ
ചുവപ്പില്‍ വെളുവെളുപ്പുള്ള ഉള്ളം കൈ



കല്യാണ വീടുകളിലെ
അരി പെറുക്കുന്ന പെണ്ണുങ്ങളാണ്‌
പരദൂഷണങ്ങള്‍
അളന്നു കൂട്ടുന്നതിനിടക്കാണ്‌
പ്രായ പൂര്‍ത്തി കൊടുത്തത്‌,
മോന്തിക്ക്‌
ഒതുക്കുകല്ലുകള്‍ കയറിപ്പോയ
ഞെക്കുവിളക്കു വെളിച്ചത്തില്‍
അവള്‍ ഗര്‍ഭവതിയാകുന്നതും നോക്കി
തോട്ടു വക്കത്ത്‌
ഗ്രാമമൊന്നടങ്കം ഒളിച്ചിരുന്നു പലദിവസം

വെറുതേ ചൂണ്ടയിടുവരെ
ഇരുത്തിയിരുന്നു
അക്കാലത്തെ പകലവിടെ
മീന്‍ കണ്ണുള്ളോളെ തേടിയുമവരെ
വരുത്തിയിരുന്നൂ രാവവിടെ
മയക്കാനായില്ലെന്നിട്ടും
നിലാച്ചിരികള്‍ക്കൊന്നുമൊരിക്കലും

ഒറ്റത്തടിയായോലപ്പുരയില്‍
മുട്ടവിളക്കിന്റെ വെളു വട്ടത്തില്‍
കണ്ണിമ വെട്ടാതുള്ള ഇരിപ്പില്‍
പാത്തുമ്മ
മലക്കുകളോടും പിറക്കാനിരിക്കുന്ന
മക്കളോടും സംസാരിച്ചു പഠിച്ചു

പാത്തുമ്മാ പാത്തുമ്മാ...
കുട്ടികള്‍ വിളിക്കുന്നു
അവരുടെ വിളി
ഏതു ദൂരേന്നും കേള്‍ക്കുന്നു
പള്ളേലിരുന്നുള്ള
അവരുടെ വിളിക്ക്‌
കാതു കൂര്‍പ്പിച്ച്‌ കൂര്‍പ്പിച്ച്‌

അവരോട്‌ മിണ്ടി മതി വരാതെ
ആദ്യമാദ്യം
പൈതങ്ങളുരിയാടുന്ന
സ്‌ത്രോത്രങ്ങള്‍ ഉരുവുട്ടുരുവിട്ട്‌..