സൂര്യനെ ഉപ്പിലിട്ട കടല്‍

മനോജ് കുറൂര്‍
ഉപ്പിലിട്ടതു വായന


ബ്ലോഗുകള്‍ പച്ചപിടിച്ചുവരുന്ന കാലത്താണ് ഉമ്പാച്ചി എന്നൊരു കവിയുടെ പേര് ആദ്യമായി കേള്‍ക്കുന്നത്. കേട്ടാല്‍ എറിക്കുന്ന ഒരു പേരന്വേഷിച്ച് സ്ഥലപ്പേരോ  വീട്ടുപേരോ ഒപ്പം ചേര്‍ത്ത് ആവര്‍ത്തിച്ചു പറഞ്ഞുനോക്കിയുറപ്പിക്കുന്ന കൂട്ടുകാരെ കണ്ടിട്ടുണ്ട്. ബ്ലോഗില്‍ പക്ഷേ അങ്ങനെയല്ല കാര്യങ്ങള്‍. വ്യക്തിപരമായ സ്വത്വം ആവുന്നത്ര മറച്ചുവയ്ക്കുന്ന പുതുകവികള്‍ അന്ന് എനിക്കൊരു കൌതുകമോ അമ്പരപ്പോ ആയിരുന്നു. ഉമ്പാച്ചി എന്നു കുട്ടികളെ പേടിപ്പിക്കാന്‍ അമ്മമാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അത് ഒരു കവിപ്പേരാണെന്നു കണ്ടപ്പോള്‍ തമാശയാണു തോന്നിയത്. പക്ഷേ ഉമ്പാച്ചിയുടെ ബ്ലോഗില്‍ സ്ഥിരമായി പോകാന്‍ തുടങ്ങിയപ്പോള്‍ കവിതകള്‍ ഈ കവിക്കു വെറും തമാശയല്ല എന്നു മനസ്സിലായി. ഒതുക്കവും മൂര്‍ച്ചയുമുള്ള ചെറുകവിതകള്‍! മറ്റൊന്നുകൂടിയുണ്ട്.കുഴൂര്‍ വിത്സണ്‍, ലാപുട, ഉമ്പാച്ചി, സനാതനന്‍, കെ എം പ്രമോദ് എന്നിവരുടെയൊക്കെ കവിതകളില്‍ പ്രവാസജീവിതത്തിന്റെ അടയാളങ്ങള്‍ ഒളിഞ്ഞോ തെളിഞ്ഞോ  ചിലപ്പോഴെങ്കിലും പതിയുന്നുണ്ട്. ഉമ്പാച്ചി എന്ന റഫീക്ക് തിരുവള്ളൂരിലുമുണ്ട് മരുഭൂമിയില്‍ പച്ചവെള്ളം വീഞ്ഞാക്കുന്ന ചില അനുഭവങ്ങള്‍.

ആദ്യപുസ്തത്തില്‍ റഫീക്ക് സ്വന്തം പേരിനെ രണ്ടായി പിരിച്ച് പാതി പുസ്തകത്തിനു നല്‍കി. അത് റഫീക്ക് എന്ന കവിയുടെ തിരുവെള്ളൂര് എന്ന പുസ്തകമായി. അതില്‍ പ്രവാസമുദ്രകള്‍ക്കൊപ്പം സ്വന്തം നാടിന്റെ മിടിപ്പുകളുമുണ്ട്. ഇപ്പോഴും നിരത്തിലിറങ്ങി/അടുത്ത ബസില്‍ പോയാലോ എന്ന് നില്‍പ്പാണ് അങ്ങാടി/അടിപിടിയുണ്ടാക്കിയും/തീവച്ചും നോക്കിയതാണ്/എന്നിട്ടും എങ്ങും പോയിട്ടില്ല ഇതു വരെ (തിരുവള്ളൂര്എന്ന് റഫീക്ക് ഒരു നാട്ടുകാഴ്ചയെ കൌതുകകരമായി അടയാളപ്പെടുത്തുന്നു. 

റഫീക്കിന്റെ രണ്ടാമത്തെ കവിതാപുസ്തകമാണ് ഉപ്പിലിട്ടത്. കവിതകളുടെ ഒതുക്കവും സൂക്ഷ്മതയും നിലനിര്‍ത്തുന്ന സമാഹാരം. മറ്റു പല പുതുകവികളെയുംപോലെ ആവിഷ്‌കാരം റഫീക്കിനും ഒരു കാവ്യവിഷയമാണ്. 'കവിതയെഴുതുന്ന മുറി'യില്‍ മാത്രമല്ല, 'നിദ്രയുടെ മാനിഫെസ്‌റ്റോ' പോലുള്ള കവിതകളിലും ആവിഷ്‌കാരത്തെ സംബന്ധിച്ച വിചാരങ്ങളുണ്ട്.

അറിയപ്പെടാത്തതും/നിലവിലില്ലാത്തതുമായ/ഏതോ ഭാഷയില്‍/ദൈവം നമ്മെക്കൊണ്ട് വായിപ്പിക്കുന്ന/കവിതയാകുന്നു കൂര്‍ക്കംവലി.അതിന്റെ ലൈറ്റും ഷെയ്ഡുമില്ലാത്ത/ദൃശ്യാവിഷ്‌കാരം സ്വപ്‌നങ്ങള്‍, എന്നെങ്കിലുമൊരിക്കല്‍/ആ ഭാഷയുടെ ലിപികളും/സ്വരവ്യഞ്ജനങ്ങളും കൈവരുന്നതോടെ/അതിലെ അക്ഷരമാല/കൂട്ടിവായിക്കാന്‍ കഴിയുന്നതോടെ/ഇത്രയും കാലമായി/ഉപയോഗിച്ചു പഴകി/ഉറക്കുത്തിയ വാക്കുകളേക്കാള്‍/എത്ര ഭേദം/ഉറക്കത്തിലെ ഈ ശബ്ദങ്ങള്‍/എന്ന് കൌതുകപ്പെടും നമ്മള്‍ (നിദ്രയുടെ മാനിഫെസ്‌റ്റോ)

കവിതയില്‍ ഉറക്കുത്തിയ വാക്കുകള്‍ക്കപ്പുറത്തേക്കു കടക്കാന്‍ റഫീക്ക് കണ്ടെത്തുന്ന വഴി രേഖീയമായി എഴുതുക എന്നതാണ്. കവിതയില്‍ ജീവിതമുണ്ടാവുക, അത് വാക്കുകളിലേക്കു സൂക്ഷ്മമായി സ്വാംശീകരിക്കുക എന്ന ലളിതമെങ്കിലും വെല്ലുവിളി നിറഞ്ഞ എഴുത്തുരീതി. 'ചാവുകിടക്ക'യില്‍ അതുണ്ട്. ഉപ്പയും നാരായണി ടീച്ചറും ദാമോദരന്‍ മേസ്ത്രിയും കമ്പോണ്ടര്‍ ശശിയുടെ അച്ഛനും മൂസമുസ്ലിയാരും പങ്കിട്ട ചാവുകിടക്കയ്ക്ക് പിന്നിട്ടുപോയ ജീവിതങ്ങളുടെ ചൂടും ചൂരുമുണ്ട്. സാന്‍ഡ് പേപ്പര്‍ എന്ന ഉരക്കടലാസുപോലുള്ള കവിതയില്‍ ചുമരുകളാകെ വെള്ള വലിപ്പിക്കുന്ന ഉപ്പയും കട്ടഌഉരച്ചുവെളുപ്പിക്കുന്ന ഉമ്മയും ഉരച്ചുമായ്ക്കാന്‍ ശ്രമിക്കുന്നത് മുന്‍കാലജീവിതത്തിന്റെ അടയാളങ്ങള്‍ കൂടിയാണ്. ആ കട്ടഌടിയില്‍ പതിഞ്ഞ അടയാളങ്ങള്‍ ഉരക്കടലാസുകൊണ്ടു മായ്ച്ചാലും മായാതെ നില്‍ക്കുന്നു. എത്ര കൈയടക്കത്തോടെയാണ് അതിവൈകാരികതയിലേക്കു വീഴാതെ റഫീക്ക് ജീവിതത്തെക്കുറിച്ചു പറയുന്നത്!

മൂത്തപെങ്ങളുടെ മൂക്ക് പിഴിഞ്ഞ്/കോന്തലയിലും ചുമരിലും/ഉമ്മ വിരല്‍ തുടച്ച മൂക്കട്ടയുടെ ബാക്കി/എളാപ്പകുവൈത്ത്ന്ന് വന്നന്ന്/ചവച്ചു തുപ്പിയ/സ്റ്റിക്കര്‍മുട്ടായികളുടെ പശ എന്നൊക്കെയുള്ള സൂക്ഷ്മാ!നുഭവങ്ങളും, ഉപ്പാപ്പയെപുറത്തേക്കെടുക്കുമ്പോള്‍/ഉമ്മാമയുതിര്‍ത്ത/നെടുവീര്‍പ്പുകളുടെ കനം എന്ന ദുരന്താനുഭവവുമെല്ലാം ഓര്‍മ്മകളില്‍ തറയ്ക്കുമ്പോഴും ഉരക്കുകയാണുമ്മ/ തെളിഞ്ഞു മായുകയാണോരോന്ന് എന്നിങ്ങനെ അതിലെ വൈകാരികതയ്ക്കു തട്ടിമറിഞ്ഞൊഴുകാനുള്ള ഇടം കവിത ഒതുക്കത്തില്‍ തടഞ്ഞുനിര്‍ത്തുന്നു. ഓര്‍മ്മകളിലും ചുറ്റുപാടുകളിലും നിറയുന്നുവെങ്കിലും നാട് ഈ കവിതകളില്‍ നൊസ്റ്റാള്‍ജിയ അല്ല. വാക്കുകളിലും അനുഭവങ്ങളിലും നാട് നീറിനീറി നില്‍ക്കുന്നു. നീറ്റല്‍ വരുമ്പോഴെല്ലാം ചെറിയൊരു നര്‍മ്മത്തോടെ അതു മറികടക്കുകയും ചെയ്യുന്നു. ഉരക്കടലാസ് (സാന്‍ഡ് പേപ്പര്‍),  ചൂട് (ഭ്രാന്ത്) തുടങ്ങി സമൃദ്ധമായ നാട്ടുവാക്കുള്‍ക്കൊപ്പം മുള്ളൂശി (സേഫ്റ്റി പിന്‍),പോലെ സവിശേഷമായ ചിലതും ഈ കവിതകള്‍ സൂക്ഷിച്ചുവയ്ക്കുന്നു. മുസ്ലീം ഭാഷാഭേദത്തിന്റെ സാന്നിധ്യമാണ് എടുത്തുപറയേണ്ട മറ്റൊരു സംഗതി. മാപ്പിളപ്പാട്ടുകളിലല്ലാതെ അന്‍വര്‍ അലിയെപ്പോലെ ചുരുക്കം ചിലരുടെ കവിതകളില്‍ മാത്രമാണ് ഈ ഭാഷാഭേദം ഇത്ര സ്വാഭാവികതയോടെ കടന്നുവരുന്നത്. ഈ കവിതകളില്‍ മനുഷ്യര്‍ക്കു മാത്രമല്ല,വസ്തുക്കള്‍ക്കും അവരുടേതായ പെരുമാറ്റങ്ങളും ജീവിതവുമുണ്ട്. ചിരവയ്ക്കും സേഫ്റ്റി പിന്നിനുമൊക്കെ ജീവനുണ്ടെന്നു തോന്നും. ഇടവഴികളും റോഡും പോലും പെരുമാറുന്നതില്‍ ജൈവികതയുണ്ട്. ഇവയെല്ലാം ചേരുമ്പോഴും, കാഴ്ചകളിലെ വ്യത്യസ്തതയാണ് റഫീക്കിന്റെ കവിതകള്‍ക്ക് അഴകു നല്‍കുന്നത്. ആ കാഴ്ചകള്‍ക്ക് ഒരു മാന്ത്രികതയുണ്ട്. യുക്തിക്കു നിരക്കുന്ന പുറംകാഴ്ചകളെക്കാള്‍ ഭാവനയുടെയും സ്വപ്നത്തിന്റെയും അയുക്തികമായ മാന്ത്രികതയിലൂടെ കവിതയുടെ ദേശത്തു മാത്രം സംഭവിക്കുന്ന അകംകാഴ്ചകളാണ് അവയില്‍ പലതും.

സ്വപ്നങ്ങളുടെ ജീവിതം/അവയെ കണ്ടവരുടെ/ജീവിതത്തിലുമെത്രയോ ദുസ്സഹം (സ്വപ്നവാങ്മൂലം) എന്ന് കവിത സ്വപ്നത്തെപ്പോലും മൂര്‍ത്തവും സചേതനവുമാക്കുന്നു. ഉപ്പിലിട്ടത് എന്ന കവിതയിലെ വരികള്‍ കൂടി എടുത്തു ചേര്‍ക്കട്ടെ: കടല്‍ കാണുമ്പോള്‍/കരയിലിണ്ടാകും ഉപ്പിലിട്ടതോരോന്ന്/മാങ്ങ നെല്ലിക്ക/കൈതച്ചക്ക കാരറ്റ്/ഏതിലും പ്രിയമൂറും/ഉമിനീരിന്.
കപ്പലോടിക്കാം/വായിലപ്പോള്‍ നിറയും/ഒരു കടലെന്നവള്‍. ഭരണിയില്‍ ഉപ്പുവെള്ളം/പച്ചമുളക് എരിവ്/ഒക്കെ കാത്തു നില്‍ക്കും/ഉന്തുവണ്ടിയുമായ്, കടലുമുണ്ടാകും/ഉപ്പിലിട്ടോട്ടെ സൂര്യനെ/എന്നു ചോദിച്ചു കൊണ്ട്.. അതേ. സൂര്യനെ ഉപ്പിലിട്ടുവയ്ക്കുന്ന കടലാണു റഫീക്കിന്റെ കവിത.

‌- നവ മലയാളി ഓൺലൈൻ മാഗസിൻ


ഉപ്പുനീരിട്ടുവച്ച കാഴ്ചകൾ


‘ഉപ്പിലിട്ടതി’നെഴുതിയ അവതാരിക

ചെമ്മാട് ദാറുൽഹുദാ ഇസ്ലാമിക് അക്കാദമിയിലെ വിദ്യാർത്ഥിയായിട്ടാണു റഫീക്കിനെ ഞാനാദ്യം കാണുന്നത്. 'നീയാവില്ല നിന്നെക്കുറിച്ചുള്ള എന്റെ വാക്കൊന്നും' എന്ന് എഴുതാൻ വിധം കവിത പ്രാണനിൽ കലങ്ങിയ ഒരു ചെറുപ്പക്കാരനാണ് അവനെന്ന് എനിക്കന്നു തോന്നിയില്ല. 'വെളിച്ചത്തിന്റെ മഷി കൊണ്ട് സ്വപ്നത്തിൽ വരക്കുന്ന'ലഹരിയിൽ അവൻ പതിവായി പുസ്തകങ്ങളും സാഹിത്യ സന്ധ്യകളും തേടി നടന്നു. ഇഷ്ടപ്പെട്ട എഴുത്തുകാരെ തേടി അവരുടെ വീടുകളിൽ സങ്കോചമില്ലാതെ കയറിച്ചെന്നു. പിന്നീട് ദാറുൽ ഹുദാ വിട്ടു പത്രപ്രവർത്തനവുമായി കോഴിക്കോട് നഗരം ചുറ്റാൻ തുടങ്ങി. ആയിടക്ക് ഇടക്കു ചില മാസികകളിലൊക്കെ റഫീക്കിന്റെ കവിതകൾ വന്നു തുടങ്ങിയിരുന്നു. പലപ്പോഴും രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എന്റെ വീട്ടിൽ വരികയും പുസ്തകങ്ങൾക്കിടയിലൂടെ അരിച്ചു നടക്കുകയും ചെയ്തിരുന്ന ഗുണവാനും സുന്ദരനുമായ ആ ചെറുപ്പക്കാരൻ അവനെഴുതിയ കവിതകളെ പറ്റി എന്നോടു മിണ്ടിയില്ല. 
അവ മാസികകളിൽ കണ്ടിട്ടും ഞാൻ ചോദിക്കാനും പോയില്ല. 
കവിതയുടെ വരവ് കൂടിയപ്പോൾ, പിന്നീട് അവൻ ഉമ്പാച്ചി എന്ന പേരിൽ ബ്ലോഗിൽ ഒട്ടേറെ കവിതകളെഴുതി വായനക്കാരെയും സ്‌നേഹിതരേയും ഉണ്ടാക്കി. ഞാനൂഹിക്കുകയാണ്, റഫീക്ക് സനദ് നേടി മതപുരോഹിതനായിരുന്നുവെങ്കിൽ കവിത കൂടടച്ച് അകത്തിരുന്നേനെ. അല്ലെങ്കിൽ നല്ല കവിതകളെഴുതുന്ന ഒരു 'ഖത്തീബോ' 'മുസ്ല്യാരോ' ഉണ്ടായേനെ. ഇപ്പറഞ്ഞത് സാധ്യത മാത്രമാണ്. അതുകൊണ്ടാണ് ആ വഴി ഉപേക്ഷിച്ച് രണ്ടാമത്തെ വഴിയിലേക്ക്, കവിതയുടെ പുറം വഴിയിലൂടെ പോകാൻ റഫീക്ക് തീരുമാനിച്ചത്. കവിത പ്രാണനിൽ കലർന്നു പോകുകയും കാവ്യകലയുടെ സൂക്ഷ്മശക്തികൾ വിധിനിർണയിക്കുകയും ചെയ്യുന്ന ഒരാന്തരിക പ്രപഞ്ചത്തിലേക്കു അങ്ങനെ റഫീക്ക് പ്രവേശിച്ചു. ഇത്തരത്തിൽ റഫീക്കിന്റെ കവിതകളുണ്ടാക്കുന്ന വിചാരങ്ങളെ പറ്റി പറയാൻ റഫീക്കിന്റെ 'സാന്റ്‌പേപ്പർ' എന്ന കവിത വായിക്കാം:

'പെങ്ങൾക്കു കല്യാണം നിശ്ചയിച്ചതോടെ
ചുമരുകളാകെ 
വെള്ള വലിപ്പിക്കുകയാണുപ്പ
വാതുക്കലെ കട്ട്‌ള ഉരച്ചുരച്ച് 
വെളുപ്പിക്കുകയാണുമ്മ
ഓഫീസിലേക്കൊരുങ്ങുന്ന എനിക്കും കാണാം
തെളിഞ്ഞുവരുന്നുണ്ട് കട്ട്‌ളപ്പടിയിൽ

മൂത്തപെങ്ങളുടെ മൂക്ക് പിഴിഞ്ഞ്
കോന്തലയിലും ചുമരിലും
ഉമ്മവിരൽ തുടച്ച മൂക്കട്ടയുടെ ബാക്കി

പരമേശരനാശാരി തട്ടിച്ച
മുഴക്കോലിന്റെ വക്ക്
നാട്ടുകാരുടെ ഊരവേദനക്ക്
മൂത്തുമ്മ കാച്ചിയ
തൈലങ്ങളുടെ മണം

എളാപ്പ കുവൈത്ത്ന്ന് വന്നന്ന്
ചവച്ചു തുപ്പിയ
സ്റ്റിക്കർമുട്ടായികളുടെ പശ

ഉപ്പാപ്പയെ പുറത്തേക്കെടുക്കുമ്പൊൾ
ഉമ്മാമയുതിർത്ത
നെടുവീർപ്പുകളുടെ കനം

ഉരക്കുകയാണുമ്മ
തെളിഞ്ഞു മായുകയാണോരോന്ന്

തേപ്പുകാരുണ്ട് ചോദിക്കുന്നു
സാന്റ്‌പേപ്പറുണ്ടോ
അതു മാത്രം ഓൻ മറന്നതെന്തെന്ന്
ഉമ്മ ഉറക്കെ ഉരച്ച് നോക്കുന്നുണ്ടെന്നെ

ഉരക്കടലാസ് മതിയെങ്കിൽ ഇതാന്ന്
സമാധാനിപ്പിക്കുന്നുണ്ടവരെ

തേപ്പുകാരുണ്ട് ചിരിച്ച്
ഉമ്മാന്റെ കയ്യിലെ സാന്റ്‌പേപ്പര്‍ വാങ്ങി 
ജനലുകളുരക്കുന്നു.’

ഒരു മുത്തുമാല കോർക്കുന്ന സൂക്ഷ്മതയോടെയാണ് റഫീക്ക് ഈ കവിതയിൽ വാക്കുകൾ എടുത്തു വച്ചിരിക്കുന്നത്. എന്നാൽ, മുത്തുമാല പോലെ വലിച്ചാൽ പൊട്ടുന്നതല്ല കാവ്യഘടന. ഓരോ വായനയും കൂടുതൽ ദൃഢമാക്കുന്ന ജൈവ വികാസം ഇതിലുണ്ട്. ഓരോ സന്തോഷത്തിലും വെള്ളതേച്ചും ഉരച്ചു മിനുസപ്പെടുത്തിയും പുത്തനാക്കുന്ന നമ്മുടെ വീട്. മാഞ്ഞു പോയ വർഷങ്ങൾ കവി ഉരച്ചെടുക്കുന്നു. ഓരോ ഉരയ്ക്കലിലും തെളിഞ്ഞു വരുന്നുണ്ട് പഴയതെല്ലാം. തെളിയുന്നതോ നിൽക്കുന്നില്ല, അവ വീണ്ടും മായുന്നു. ഓരോന്നു മായുമ്പോഴും അതിലും പഴയ മറ്റൊന്നു തെളിയും.
ഇപ്രകാരം കാലത്തെ ഉരച്ചു നോക്കുന്ന വിദ്യയാണ് കവിത. വാക്കിനേയും അർത്ഥത്തേയും ഒന്നുരച്ചു നോക്കുന്നു. ഉരക്കടലാസ് സാന്റ്‌പേപ്പറാകുന്നതും സാന്റ്‌പേപ്പർ ഉരക്കടലാസാകുന്നതും അങ്ങനെയാണ്. നേർത്ത പുഞ്ചിരിയോടെ നാം വായന പൂർത്തിയാക്കുന്നു. ആരെ ഓർത്താണു വായനക്കാരൻ മന്ദഹസിക്കുക. സാന്റ്‌പേപ്പർ എന്ന ഇംഗ്ലീഷ് വാക്ക് കിട്ടാത്ത ഉമ്മയോടോ, ഉരക്കടലാസ് എന്ന മലയാളം മറന്നു പോയവരോടോ? അതോ പെങ്ങളുടെ കല്യാണമോർത്ത് ഓഫീസിലേക്കു പായുന്ന അവനെയോ?

കാലം എത്രയോ കാര്യങ്ങൾ മൂടിക്കളയുന്നു. ഒരു നിമിഷം നാമറിഞ്ഞു എന്നു തോന്നിയ വാക്കു പോലും തൊട്ടടുത്ത സമയം നമ്മെ പരിഗണിക്കാതെ മായുന്നു. പതിവുവിനിമയം പോലും സ്തംഭിപ്പിക്കും വിധം, ആശയക്കുഴപ്പം നെഞ്ചുരുക്കും വിധം ചിലപ്പോൾ നമ്മുടെ വാക്കുകൾ മാറിമറിഞ്ഞു പോകുന്നു. പുതിയതു വരുമ്പോൾ പഴയത് എവിടെപ്പോകുന്നു എന്നറിയാൻ ഉരച്ചുനോക്കുക തന്നെ വേണം. അവ തിരിച്ചുകൊണ്ടുവരാനായില്ലെങ്കിലും അതവിടെ ഉണ്ടായിരുന്നു എന്ന ഓർമ്മയ്ക്കു വേണ്ടിയെങ്കിലും. നാട്ടിൻ പുറത്തെ പഴയ സിനിമാ ടാക്കീസിനെ കുറിച്ച് റഫീക്ക് വേറെ ഒരിടത്ത് എഴുതുന്നുണ്ട്. 'അരിയല്ലൂർ ശാന്തി'എന്ന കവിതയിൽ ഉച്ചപ്പടം കാണാൻ പോകുന്നതിന്റെ കഥയുണ്ട്. ഉച്ചപ്പടങ്ങളോ ടാക്കീസുകളോ ഇല്ലാത്ത പുതിയ കാലത്ത് പഴയ ടാക്കീസിന്റെ മണവും ചൂടും ഭാവനയും ഉണരുന്നു. എത്ര മോഹിച്ചാലും തീരാത്ത മദങ്ങൾ:

'വിശപ്പു മാറില്ല പൂതിയും തീരില്ല
നീ കാണിച്ചതും
കൊതിപ്പിച്ചതുമെല്ലാം'

ഉച്ചപ്പടങ്ങൾ ഓടുന്ന ടാക്കീസ് തേടി ബസുകൾ കയറിയും വഴികൾ ചവിട്ടിയും പോയിരുന്നു. ആ കുളിപ്പുരയുടെ മറയ്ക്കപ്പുറം ഇപ്പോഴും നീ നനഞ്ഞു നിൽക്കയാണോ എന്ന കൗമാര വിചാരത്തിന്റെ ആകാംക്ഷയാണ്. അത്തരം കൗമാരാനുഭവങ്ങളുടെ കേന്ദ്രമായിരുന്ന ടാക്കീസുകളും അവിടേക്കുള്ള കൂട്ടം ചേരലുകളും നിലയ്ക്കുന്ന കാലമായതിനാൽ കുറേ വർഷങ്ങൾക്കു ശേഷം റഫീക്ക് ഈ കവിതയിൽ വിവരിക്കുന്ന അനുഭവവും വിചാരവും ദുർഗ്രഹമായിത്തോന്നാം. അർത്ഥം തിരിയാത്ത ഇതേ അമ്പരപ്പ് 'കുമരനെല്ലൂരിലെ കുളങ്ങളി'ലെത്തുമ്പോഴും ഉണ്ടായേക്കാം. അത് പണ്ടു പലവട്ടം പോയ കൂട്ടുകാരന്റെ വീട്ടിനടുത്തുള്ള കുളത്തെ പറ്റിയാണ്. കുളിയും അലക്കും കൂട്ടവുമായി ഒരു കുളത്തിന്റെ രേഖാചിത്രം; അവിടത്തെ ചലനങ്ങൾ, അടയാളങ്ങൾ, വീർപ്പുമുട്ടലുകളെല്ലാം ഓർമയുടെ പടവുകളേറി ഈറൻകൊണ്ടു വരുമ്പോൾ -കുളങ്ങൾ കണ്ടിട്ടേയില്ലാത്ത, ഒരു വട്ടം പോലും കുളത്തിൽ മുങ്ങിക്കുളിച്ചിട്ടില്ലാത്ത, കൽ‌പ്പടവിൽ ഉപ്പൂറ്റി തേച്ചു മിനുക്കാത്ത ഒരു വായനക്കാരൻ ഈ കവിതയെ എന്തു ചെയ്യും..?

സാധാരണ ജീവിതത്തിന്റെ പതിവുകൾക്കൊപ്പം നാം കൊണ്ടു പോയ ഒട്ടേറെ വസ്തുക്കളും സന്ദർഭങ്ങളും റഫീക്കിന്റെകവിതയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സേഫ്ടി പിന്നിനെക്കുറിച്ച് റഫീക്കിന്റെ കവിതയുണ്ട്. 'മുള്ളൂശി' എന്നാണ്കവിതയുടെ പേര്. മുള്ളൂശി സേഫ്റ്റിപിന്നിനുള്ള ഗ്രാമീണ പദമാണ്. 'വളഞ്ഞ നട്ടെല്ലിനാൽ കൂനി നിൽക്കുന്ന ജീവി'യാണത്. 'അലക്കു കല്ലിനു താഴെ എത്ര നാൾ വേണമെങ്കിലും മുനപ്പെട്ടു കിടക്കും'. 'ചുണ്ടുകൾ വച്ചു പൂട്ടിയാൽ സാധു/ നോക്ക്, എന്നെ മൂപ്പിക്കണ്ട/ഞാൻ കുത്തും എന്നു പറയുകയേയുള്ളൂ/കുത്തുകയേയില്ല' എന്നാണ് മുള്ളൂശിയുടെ ആത്മഗതം. അതൊരു പെങ്ങൾ/പെൺ കുട്ടിയാണെന്നാണ് കവി യുടെ തോന്നൽ. കാമുകി ഉപയോഗിച്ച വസ്തുക്കൾ ഓരോന്നായി, ഒറ്റക്കമ്മലും ഹെയർപിന്നും അടക്കം എടുത്തുവച്ച് അതൊരു മ്യൂസിയം ആക്കുന്ന പുരുഷനെ നാം ഓർഹൻ പാമുക്കിന്റെ 'മ്യൂസിയം ഓഫ് ഇന്നസൻസ്' എന്ന നോവലിൽ വായിക്കുന്നുണ്ടല്ലോ. ഒരു വസ്തു മനുഷ്യന്റെ ഓർമകളുടെയും അനുഭവങ്ങളുടെയും മനോഭാവങ്ങളുടെയും സൂചകങ്ങൾ ആകുന്നതിന്റെ സങ്കീർണമായ മനോനില നാം മനസ്സിലാക്കുന്നു. എന്നിട്ടും നാം ഒന്നും എടുത്തുവെക്കാറില്ലല്ലോ. 

റഫീക്കിന്റെ കവിതയിൽ കണ്ട ഒരു ചിരവയെ നോക്കൂ: 'അടുക്കള വാതിലിന്റെ /മറവിൽ നിന്ന്/ചെവിക്കു പിടിച്ച്/ഇറക്കി/കാലിണകളിൽ കൊണ്ടു നിർത്തി/പൂപോലുള്ള മുഖമൊന്നു തടവും/തല ഉയർത്തി നോക്കും ഉമ്മയെ/തേങ്ങാമുറിയിൽ നിന്ന്/പൂ തൊഴിയുന്നതും നോക്കി/നിൽക്കുകയാകും/അമ്മിയും അതിന്റെ കുട്ടിയും'. അടുക്കളയുടെ മനസ്സും അടുക്കളക്കാരിയുടെ സ്പർശവും കലർന്ന് അധിക നിറങ്ങളൊഴുകാത്ത ഒരു എണ്ണച്ചായച്ചിത്രമാകുന്നു ഈ കവിത. കേരളീയ ജീവിതത്തിന്റെ മിടിപ്പുകൾ പടരുന്ന ഇത്തരം വസ്തുക്കൾ കൊണ്ടു തീരുന്നില്ല റഫീക്കിന്റെ കവിത. മറ്റൊരു കവിത കണ്ണിമയെപ്പറ്റിയാണ്:'ഈ ലോലചർമ്മങ്ങൾ/തമ്മിലൊന്നു തൊട്ടാൽ മതി/സൂര്യൻ കെട്ടു പോകും. ഏതു നേരവും/നിസ്സാരമായി തുറക്കുന്നവ/ഒരിക്കലെന്നേക്കുമടയുമെന്ന/സൂചന തരുന്നതിനോ മുഖം/കണ്ണുകളെ ഈ ചെപ്പിൽ/ഉപ്പുനീരിട്ടു വച്ചത്' എന്ന് ചേദിക്കുന്ന കവി, മിഴികളെ കാഴ്ചയുടെ അപ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ തിടുക്കപ്പെടുന്നു. കവിക്കറിയാം വീടുപേക്ഷിച്ചു പോകുന്നവരും മറ്റൊരു വീടിനകം ഒതുങ്ങുന്നതു പോലെ, പുതിയ കാലത്തിന്റെ പരപ്പിലേക്ക് നാമെല്ലാം ഒടുങ്ങുന്നു. വസ്തുക്കളേയും ഇടത്തേയും ഉപേക്ഷിക്കാതെ കഴിയില്ല. എന്നിട്ടും വിട്ടു പോകാത്ത വാക്കുകളേയോ? മറ്റൊരാൾക്കും പൊരുളറിയാത്ത, അറിയുന്നവരുടെ എണ്ണം കുറഞ്ഞേവരുന്ന ഒന്നാണോ കവിതയിലുള്ളത്?

'ഉന്മാദത്തിൽ പണിത വീടുകളാണ്
സ്വപ്നത്തിൽ വച്ച വീടുകളേക്കാൾ
ജീവിതത്തിന്റെ വസതി' എന്ന് റഫീക്ക് എഴുതുന്നത് ഇതുകൊണ്ടാകാം; സ്വന്തം വീട് തിരിച്ചറിഞ്ഞ്. ഈ പുസ്തകത്തിലുള്ള റഫീക്കിന്റെ കവിതകളിലേറെയും അവന്റെ ബ്ലോഗിൽ വന്നവയാണ്. ബ്ലോഗിലെ വായനക്കൂട്ടം മുമ്പേ വായിച്ചു സ്വന്തമാക്കിയവയാണെങ്കിലും പലതും അച്ചടിത്താളിൽ ഇതാദ്യമാണ്. ഈ സമാഹാരം കയ്യിലെടുത്താൽ അതിനാലൊരു പുതുമണം പരക്കുന്നുണ്ട്. അകം നിറയുന്ന സന്തോഷത്തിന്റെ സൗരഭ്യം. ആദ്യം കണ്ട നിഴലിനെ പൂ നുള്ളുന്ന പെൺകുട്ടിയായി മാറ്റിയെടുക്കുന്ന ഉച്ചനേരത്തെപ്പറ്റി റഫീക്ക് ഒരു കവിതയിൽ എഴുതിയത് ഓർക്കുന്നു. എനിക്കിഷ്ടമായ ഒരു സന്ദർഭം. സംഭാഷണമില്ലാത്ത സിനിമയിലെ നിഴലും വെളിച്ചവും കലർന്ന കാഴ്ചത്തിരകൾ. ദൂരെ ഒരിടത്തെ ഒരു വീടിന്റെ തിണ്ണയിലേക്ക് ഞാനും പോകുന്നു, ഈ പുസ്തകവുമായി:
'കോലായിലിരുന്നു കാണാം
ഒരു നിഴലുണ്ട് നടന്നു പോകുന്നു
പറമ്പിനപ്പുറം
അരമതിലിലെ തണലിനും
കാറ്റിനുമപ്പുറം'...

വലിയ അശുദ്ധിയെ ഞാന്‍ ഉയര്‍ത്തുന്നു

"ഞാന്‍ നിന്നെ ഉമ്മ വച്ചതിനേക്കാട്ടിലും
പല ആയിരം വട്ടം
ഞാന്‍ നിന്നെ ഉമ്മവച്ചിട്ടുണ്ട്‌''
ഉള്ളതാണോന്നോള്‍
ഉള്ളാലായിരുന്നെന്നോന്‍.

അവന്‍ ഞാനും അവള്‍ നീയുമാണ്‌

വിശന്നപ്പോഴെല്ലാം
ഉള്ളു ചീഞ്ഞപ്പോഴെല്ലാം
മദം പൊട്ടിയ നേരത്തെല്ലാം
'വിശിഷ്ട ഭോജ്യങ്ങള്‍ കാണ്‍കിലും'
ഞാന്‍ നിന്നെ ഉമ്മവച്ചു
വലിയ അശുദ്ധികളെ ഉയര്‍ത്തി

നിന്നെയുമ്മ വെക്കുമ്പോൾ,
രാവിലെ,
ഉദിച്ച സൂര്യന്‍
മൂന്നാലു മുഴമുയര്‍ന്ന്‌ വരുമ്പോള്‍
മണിമല വെളിച്ചത്തിലേക്കു മുഖമുയര്‍ത്തി
കഴുത്തു പൊക്കി നോക്കുന്ന അതേ കാഴ്‌ച.

ഉച്ചക്ക്‌,
കറിക്കു ചക്കക്കുരു നുറുക്കിയതിന്റെ
നടുവിരലിന്റെ
മോതിരമിട്ട അതേ ഒട്ടല്‍.

ഉച്ച തിരിഞ്ഞ്‌,
നീ പോറ്റുന്ന രണ്ട്‌ മുയല്‍ക്കുഞ്ഞുങ്ങളുടെ
കുടുക്കഴിക്കും നേരത്തെ
മുരിക്കിലകള്‍ മടുത്ത ഓട്ടം.

വൈകീട്ട്‌,
ചപ്പു ചവറുകളിട്ട
കക്കുഴിയുടെ അടിവയറിലേക്ക്‌
വെട്ടുകല്ലിന്റെ അട്ടികള്‍ തുരന്നു പോയ
മരവേരുകളുടെ താഴ്‌ച.

രാത്രിയിൽ,
പതിനാലാം രാവ്‌
ഇശാ നിസ്‌കാരത്തിന്‌
'ഒളു'വര്‍പ്പിക്കുമ്പോള്‍ ചിതറിയ
നിലാ ബിംബത്തിന്റെ കലക്കം.

പിന്നെ,
നിന്നിലേക്ക്‌ പ്രവേശിച്ച നേരത്തെ
പാളം മാറിയ എന്റെ രാത്രി വണ്ടിയുടെ ചൂളംവിളി.

നിന്നെ ഉമ്മ വെക്കുമ്പോള്‍
ഞാന്‍
വലിയ അശുദ്ധിയെ ഉയര്‍ത്തുന്നു
നീയെന്നെ ഉമ്മവെക്കുമ്പോള്‍
ഞാന്‍ വിശുദ്ധരുടെ കൂട്ടത്തിലേക്ക്‌ ഉയര്‍ത്തപ്പെടുന്നു
എനിക്കായി കത്തിക്കപ്പെടുന്ന
തീയടുപ്പിലെ വിറകുകൊള്ളികള്‍
നരകമന്നേരം കുത്തിക്കെടുത്തുന്നു.

നാമന്നേരം
കഴിഞ്ഞ കാലത്തിന്റെയും
വരുന്ന കാലത്തിന്റെയും
ഇടക്കുള്ള സമയത്തിന്റെ ഒരു കണികയെ
നാലു ചുണ്ടുകളാല്‍ അരിച്ചെടുക്കുന്നു.

ഉമ്മ വെക്കുമ്പോള്‍
പുറത്താക്കപ്പെട്ട സ്വര്‍ഗത്തിലേക്ക്‌
നമ്മള്‍ മയക്കയാത്ര തുടങ്ങുന്നു,
ഞാന്‍ ആദം നീ ഹവ്വ.

ഓരോ വാക്കുച്ചരിക്കുമ്പോഴും
പരസ്‌പരം ചുംബിച്ചു പിരിയുന്ന
മേല്‍ചുണ്ടിനെയും
കീഴ്‌ചുണ്ടിനെയും
മലക്കു വന്നൊട്ടിക്കുന്നതു വരേക്കും
നീയെന്റെ യാത്രാസഹായി.

നമ്മളുമവരും

നൊന്ത്‌ നൊന്ത്‌
നീറി നീറി
സ്വയം നോവായവരവര്‍
നയിച്ചാലും നോവിച്ചാലും
നാവനക്കില്ലവര്‍
മൗനമാകുമവരുടെ
ഒരേയൊരു ഭാഷ.

ഉള്ളനക്കങ്ങളെ
ഉള്‍പെരുക്കങ്ങളെ
കൊത്തിവെക്കാന്‍
ഇത്ര നല്ല ഭാഷയില്ല വേറെ
മൂകതയെ ഏതു നാട്ടിലേക്കും
വിവര്‍ത്തനം ചെയ്യാനാകും
എന്നതത്രേ ഭൂമിയിലുള്ളവര്‍ക്കാശ്വാസം.

നാവടക്കാത്ത നമുക്ക്‌
നാവനക്കമില്ലാത്ത അവര്‍
മൃതരെന്നു തോന്നാം,
നമുക്കു മൊഴി പുറം തോട്‌
അവര്‍ക്കതു ഉള്ളടക്കം
വാക്കുകളവര്‍ക്കു പ്രണയം
നമുക്കു പ്രണയ ലേഖനം

അപരിചിതര്‍ക്കു പോലും
വക്കിനു നമ്മളൊരു മറുവാക്കേകും
പരിചയം തൊട്ട്‌
പരിഭവം വരേ
നമുക്കു വാക്കു കൊണ്ടുള്ള
ജീവിതം ചമക്കല്‍
വാക്കുകളുടേ കൂട്ട്‌
അതിനുമപ്പുറമെങ്ങോ
കണ്ടു വച്ചിട്ടുള്ളവരവര്‍

യാചകര്‍ക്കു മുമ്പില്‍
നമ്മളെടുക്കാത്ത നാണയമെങ്കിലും
പുറത്തെടുത്തെന്നിരിക്കും
അവരുടെ മുമ്പില്‍ കൈ നീട്ടിയാലും
ഒരു വരി പോലുമുതിര്‍ന്നു വീഴില്ല
ആത്മാവില്‍ ധൂര്‍ത്തരായിരിക്കേ
ഒടുക്കത്തെ ലുബ്ധിലവര്‍

നമ്മളേറ്റവും വികാര ഭരിതമായി
വാക്കുകളുച്ചരിക്കുന്ന സമയങ്ങളില്‍
അവരേറിയാലവരുടേ
ഇടത്തേ കണ്‍പീലി തുടിച്ചതായറിയും
നമ്മളെത്ര അടക്കി നിര്‍ത്തിയാലും
വല്ലതും പറഞ്ഞു പോകും നേരത്തവര്‍
ഇമകള്‍ പൂട്ടി ലോകത്തെ തന്നെ ഒളിപ്പിക്കും
തൊട്ടരികിലിരുന്നു
ഉരിയാട്ടവും ഉയിരാട്ടവുമായാല്‍
അവരുടേ നീണ്ടു മെലിഞ്ഞ വിരലുകള്‍
ഇനിയും നിര്‍മ്മിക്കപ്പെടാത്ത
സംഗീത ഉപകരണത്തിലെ
കട്ടകള്‍ കണക്കൊന്നങ്ങനങ്ങും
ഉപേക്ഷിക്കപ്പെട്ട പിയാനോയിലെ
പൊടിതുടക്കുന്ന കാറ്റെങ്ങുനിന്നോ വരും
കാതു കൊണ്ട്‌ കേള്‍ക്കാനാകാത്ത
ഒരു സിംഫണി പൊഴിയും
കാറ്റിനാലോ വിരലിനാലോ
അതെന്ന സംശയം ബാക്കി നില്‍ക്കും

ലോകം മുഴുവന്‍
അവരോട്‌ സംസാരിക്കുണമെന്ന്‌
അവരാഗ്രഹിക്കുന്നതായി നമുക്കു തോന്നും
ഒരാളോടും ഒരു വാക്കും തിരിക
പറയാതിരിക്കുന്നതിനാണത്‌
വാക്കുകളെ കരുതി വച്ച്‌
മൂകതയെ സ്വീകരിക്കുന്നതിന്റെ
തപസ്സിലാണവര്‍
അവരങ്ങനെ സംഗീതമായി
നിശ്ശബ്ദത ഒളിച്ചിരിക്കുന്ന
മഹാ വനങ്ങളെയവര്‍
തങ്ങളില്‍ വളര്‍ത്തുകയാണ്‌
ഉച്ചാരണ ശേഷി ഇല്ലാത്ത കാരണം
ഒരു മരവുമവിടേ
ജീവിതമാവിഷ്‌കരിക്കാതെ പോകുന്നില്ല
ഒരു വേരും പൂക്കാതിരിക്കുന്നില്ല
കാട്ടിലെന്ന്‌ നടിക്കുകയല്ലവര്‍
വാസ്‌തവത്തില്‍
അവര്‍ കാട്ടില്‍ തന്നെയാണ്‌
കാടു തന്നെയാണ്‌.

പടച്ചോനേ,...

നിന്റേതാണ് നോട്ടുകളെല്ലാം
വ്യാജ നോട്ടുകളെല്ലാം
നിനക്കെത്രയാണ് പണമുള്ളത്
എന്തുമാത്രം എണ്ണ, എണ്ണക്കിണറുകൾ
എത്ര കോടി എണ്ണപ്പണം നിന്റെ പെട്ടികളിൽ

നിന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ
സൃഷ്ടിയും സ്തിഥിയും സംഹാരവും നിർത്തി
ഞാനെന്തു ചെയ്യുമായിരുന്നെന്നോ,
ഓ...
എല്ലാമറിയുന്നവനും നീയല്ലേ
നിനക്കെന്റെ ഉള്ളിലുള്ളത് തിരിഞ്ഞിരിക്കുമല്ലോ,

മറ്റാരോടും പറയണ്ട
നമ്മൾ തമ്മിലറിഞ്ഞാൽ മതി.

ഒരു ചെറിയ മഞ്ഞ പേരക്ക

ഓലിക്കൊന്നും കൊടുക്കണ്ട
ഞമ്മക്ക് ഒറ്റക്ക് തിന്നാം
എന്തോ വീതിക്കുകയാണു നീ,
ഇഞ്ഞ് തിന്നോ ഇഞ്ഞ് തിന്നോ
ഞാൻ പറയുന്നു
ഇഞ്ഞ് തിന്നോ, ഇനിക്കല്ലേ പയിക്കുന്നേ
നീ പറയുന്നു

അപ്പോൾ
കലമ്പിയത് മട്ത്തിറ്റ്
ഞാൻ നിന്റെ കൈകളിലേക്ക് നോക്കി
ഒരു ചെറിയ മഞ്ഞ പേരക്ക.

പുതിയ വീട്‌ പാടത്തിനടുത്ത്‌ നിന്നെയും കാത്ത്‌ എന്റെ കൂടെ ഇരിപ്പാണ്‌

പണിതു തീരുകയാണ്‌ ഞങ്ങളുടെ വീട്‌. 
വീട്‌ ഉണ്ടാക്കാനാവില്ല എന്നാ ബാപ്പ പറയുന്നത്‌. 
അത്‌ ഉണ്ടായി വരണം പോലും.
സന്നാഹങ്ങള്‍ എല്ലാമുണ്ടായിട്ടും ഒരു വീട്‌ പണിതു 
തീര്‍ക്കാനാവാതെ മരിച്ചു പോയ ചിലരുണ്ട്‌ കുടുംബത്തിൽ. 
ബാപ്പ അവരെ ഓര്‍മ്മിക്കുകയാണോ എന്ന്‌ പേടിക്കും ഞാന്‍.
ബാപ്പ അവരെ ഓർമ്മിക്കുക മരണത്തെ പേടിക്കുന്നതിനാലാണ്.
ഒരിക്കൽ കിണറ്റിൽ നിന്നും വെള്ളം കോരിക്കൊണ്ടിരുന്ന
എന്നോട് ബാപ്പ അത് പറഞ്ഞിട്ടുണ്ട്.
മരിച്ച വീടുകളിൽ എപ്പോഴും ഉമ്മയെ അയച്ചു, ബാപ്പ തിരക്കുണ്ടാക്കി ഒളിച്ചു.

ഇപ്പോള്‍ മേലാവൊക്കെ വാര്‍പ്പിട്ട്‌ വീട്‌ ഏതാണ്ടായി കേട്ടോ.
ഇനി കട്ടിളകളും വാതിലുകളും ജനലുകളും വെക്കണം.
അടച്ചുറപ്പായാല്‍ പാര്‍ക്കാമല്ലോ എന്നാ ഉമ്മ പറയാറ്‌.
നീ വന്നാല്‍ പാര്‍ക്കാമെന്ന്‌ ഞാന്‍ മനസ്സിലും പറയും.

നീ വന്നിട്ടുള്ള തറവാട്ടിനടുത്തല്ല പുതിയ വീട്‌.
ഇത്‌ വേറെ മണ്ണു വാങ്ങിയതാണ്‌; വീടിനായി മാത്രം.
പുതിയ വീട്‌ പാടത്തിനടുത്ത്‌ നിന്നെയും കാത്ത്‌ എന്റെ കൂടെ ഇരിപ്പാണ്‌.

ചെത്തിത്തേക്കാത്ത അതിന്റെ ഉള്ളിലെ ഇരുട്ടിനും
ചൂടിനും കട്ടി കുറവാണ്‌.
കറന്റില്ലാത്തതിന്റെ പ്രാചീനത.
കറന്റു പിടിപ്പിക്കാനുള്ള പണി നടക്കുന്നുണ്ട്‌.
എന്നെ കാണുമ്പോള്‍ നൂറു വോള്‍ട്ടില്‍ ചിരിക്കുന്ന ഒരാളാ
ചുമരു കുത്തി തുളക്കുന്നത്‌.
അവനറിയില്ല എന്നെ.
നിന്റെ വീടായ എന്റെ ശരീരം അവൻ കാണുന്നു,
നീ താമസിക്കുന്ന അതിന്റെ അകം അവൻ കാണുന്നില്ല.
വീട്ടിനുള്ളിലെ ആദ്യത്തെ ബൾബ് കത്തുമ്പോൾ
അവൻ കാണും അകത്തെ നിന്റെ താമസം..

മഞ്ഞുരുക്കം

അഭിപ്രായൈക്യപ്പെടാതെ നാമിരിക്കുന്നു
ഒരേ ഉദ്യാനത്തിലെ ഒരിരിപ്പിടത്തിൽ
തൊട്ട് തൊട്ട്
ഇംഗിതങ്ങൾ തമ്മിൽ തൊടാതെ.

നിന്നെ തട്ടിക്കൊണ്ടുവരാൻ
പണ്ടു പറഞ്ഞയച്ച വാക്കുകളെ ഞാൻ
ജാമ്യത്തിലെടുക്കുന്നു

ഇല്ലാത്ത തെളിവുകൾ കണ്ടെത്തി
നിന്റെ ഭാഗം വാദിച്ച് ജയിക്കുന്നൂ ഞാനും,
എന്റെ മുനയൊടിച്ച്
മിഴിയാലെന്നെ വിസ്തരിക്കുന്നൂ നീയും,
മോഹഭംഗങ്ങളെ
മാപ്പുസാക്ഷികളാക്കുന്നൂ ഒടുക്കം നമ്മൾ.

പതിവു പോലെ
തീരുമാനമാകാതെ
നമ്മുടെ കീഴ് കോടതി പിരിയുന്നു.
അപ്പോൾ പരമോന്നത കോടതിയുടെ
ഉത്തരവെത്തുന്നൂ, ഉദ്യാനം മഞ്ഞുമൂടുന്നു.

വെയിലു ചായുന്നു, തണുപ്പ് തലോടുന്നു
ഇത്രയൊക്കെ
ഇരു പക്ഷത്തിരുപ്പുറപ്പിച്ചിട്ടും
തർക്കിച്ചിട്ടും
രണ്ടാൾക്കും തണുക്കുന്നു
ഈ മഞ്ഞിന് എന്തൊരു നിഷ്പക്ഷത.

ഒരാൾ കൂടി

ഏഴാം ദിവസം 
തിരുവള്ളൂരു ചെന്നു നോക്കുമ്പോൾ
മലകളെന്നു കണ്ണു കൂപ്പിയ 
കുന്നുകളൊന്നും കാണാനില്ല
മലയെടുത്തുപോയ്
മലയാളവുമെടുത്തുപോയ്
കട്ടിംഗിനും ഷേവിംഗിനും
ദില്ലിയിൽ നിന്നും വരുത്തിയ
"ആയിയേ ബൈഠിയേ..."

കുന്നിലുമുണ്ട് പൊക്കം, തൂക്കം
പുതിയ വീടുകൾക്കൊക്കെ,
മുകൾ നിലയിൽ
ജീവിതം കേറാത്ത മൊട്ടക്കുന്നുകൾ.

ടവർ വന്നിട്ടുണ്ടതിന്റെ റേഞ്ച് കിട്ടുമെന്ന
വർത്തമാനമുണ്ട്
ഫുൾ കട്ട എന്നാണൂ
പണ്ട് വീടുകൾക്കു ചുമരു കെട്ടാൻ
കട്ട മുറിച്ചിരുന്ന കിട്ടേട്ടൻ പറഞ്ഞത്.

വീട്ടിലെത്തിയപ്പോഴാകട്ടെ
കറന്റില്ല,
കോരിത്തന്നെ കുളിക്കണം
മരം വീണതാണത്രേ
വീഴാൻ ബാക്കി നിൽക്കുന്ന
മരങ്ങളുടെ വരിയിൽ
ഞാനൊരാളെ കൂടി കണ്ടൂ.

നിന്റെ വിരൽതുമ്പിൽ

റോഡ്‌ മുറിച്ചു കടന്നപ്പോഴെല്ലാം 
നീയെന്റെ കൈ പിടിച്ചു 
ഞാനന്നേരം അന്ധനായി,
കണ്ണു വേണ്ടതില്ലല്ലേ കാണാനെന്ന് 
നിന്നെ അറിയിക്കാതെ ബുദ്ധനുമായി.

ചങ്ങാതി നന്നായാൽ 
കണ്ണു തന്നെ വേണ്ടെന്നൊരു സ്റ്റാറ്റസ്‌ 
ഉള്ളിലെഴുതി.

മറുവശമെത്തി
നിന്റെ കൈ വിടുവിച്ചപ്പോൾ
വീണ്ടും പിടുത്തം വിട്ട പ്രണയിയായി.

അന്ധമല്ലോ പ്രണയം.

അന്ധത പെരുത്തിപ്പോൾ സാധാരണ പൗരനുമായി.

എഡിറ്റിംഗ്

ആ ദിവസത്തെ 
ഏഴെട്ടു മണിക്കൂർ നീളമുള്ള കാത്തിരിപ്പിനെ 
സെക്കന്റുകളുടേയും മിനിറ്റുകളുടേയും 
പല വലിപ്പത്തിലും നീളത്തിലും 
തുണ്ടു തുണ്ടുകളായി മുറിച്ചെടുക്കുക

നമ്മളാ നേരമത്രയും 
നോറ്റ നോവുകളുടേയും കണ്ട കിനാവുകളുടെയും 
പല നിറങ്ങളിലവ മുക്കിയുണക്കുക

നമ്മുടെ പ്രണയത്തിന്റെ നൂലിലത്
പറ്റിപ്പിടിക്കുന്ന ആഹ്ലാദം തേച്ചൊട്ടിക്കുക
നിന്റെ ആത്മാവിൽ നിന്നെന്റെ ആത്മാവിലേക്കുള്ള വഴിയുടെ
ഇരുപുറവും അലങ്കരിക്കുന്ന തോരണമാകാൻ അതു മതിയാകും.

കാത്തിരിപ്പിനെ നിവർത്തി വിരിച്ച് വഴിത്താരയാക്കാം
കാത്തിരിപ്പിനെ വെട്ടി വെട്ടി ചെറുതാക്കി വഴിയോരത്തെ താരകങ്ങളുമാക്കാം.

കാറ്റത്തും മഴയത്തും

പുഴക്കരയില്‍ വീടുവച്ച
മാവിനോട്
കുന്നിന്‍ മുകളിലെ വീട്ടില്‍ നിന്ന്
പൂമ്പാറ്റകള്‍ക്കൊപ്പം കാറ്റിൽ വന്ന
പൂമ്പൊടി
നീ എത്ര ഭാഗ്യവതി
എന്ന് അസൂയപ്പെട്ടു കൊണ്ടിരുന്നു

മഴ കോരിയൊഴിച്ച
വെള്ളമടിച്ച്
ബോധംകെട്ട പുഴ
കരക്കു കയറി അക്രമം കാണിക്കാന്‍
തുടങ്ങിയപ്പോൾ
അവരെന്താവും പറഞ്ഞിരിക്കുക

പരാഗങ്ങളുടെ ആദ്യ രാവില്‍
കൊടുങ്കാറ്റിനെ
ആരാണ് സഹിക്കുകയെന്നോ
കുന്നിന്‍ മുകളിലെ
പഴയ വീട്ടിലെ മഴക്കാലം
എത്ര മനോഹരമെന്നോ
പുതിയ വീട്
എത്ര ഭയാനകം എന്നോ
ഇതൊന്നും സഹിക്കാതെ നാം
മാമ്പഴക്കാലത്തെ
എങ്ങനെ പ്രസവിക്കുമെന്നോ
ചിലപ്പോള്‍ അവരൊന്നും പറഞ്ഞിരിക്കില്ല
സഹനത്തിന്‍റെ ഭാഷ
മരങ്ങള്‍ക്കും മൗനം തന്നെയാണ്.

കമറൊളി

ആകാശം നിറഞ്ഞു നിൽക്കുന്ന
പതിനേഴുകാരിയാണ്
പതിനാലാം രാവിലെ നിലാവ്,
അവളുടേ കണ്ണുകളിൽ നിന്നാണ്
ഭൂമിയിലെ മുഹബ്ബത്ത്
വെളിച്ചത്തെ സ്വീകരിക്കുന്നത്.

തുടുത്ത ഹൂറിയാണ്
ഇടക്കൊളിച്ചെന്നിരിക്കും
ഒരു ഇഫ്‌രീത്തിനും
അവളെ പെണ്ണു കാണാനാകില്ല
ഒരു മേഘച്ചരടു കൊണ്ടും
അവളെ താലികെട്ടാനുമാകില്ല
അവളെന്നേ വെളിച്ചത്തെ വരിച്ചവൾ

അതു സൂര്യനിൽ നിന്നോ
ദൈവത്തിൽ നിന്നോയെന്ന്
നമുക്കു തർക്കിച്ചു കൊണ്ടേയിരിക്കാം
തർക്കത്തിൽ ജയിച്ചവരേയും തോറ്റവരേയും
വെളിച്ചത്തിൽ കുളിപ്പിച്ച് പകലിനു നൽകുമവൾ.

അഹംകോരി

എന്നെ തൂത്തുകളയാൻ
ആത്മാവിൽ 
കാട്ടംകോരി മതിയാവില്ല,
അതിനു വേണമൊരു അഹംകോരി.

എങ്കിലേ നിന്നെ 
ഉൾക്കൊള്ളാനെനിക്കാകൂ
ഞാനഴിഞ്ഞ ഒരു ഞാൻ
ഞാനൊഴിഞ്ഞില്ലാതായ ഒരകം നിനക്ക്.

കണ്ണുപൊത്തിക്കളി

വീതി കുറഞ്ഞ ഒരിടവഴി കഴിഞ്ഞാല്‍
ഇപ്പോഴുമുണ്ട്
ആ വീടു നിന്നിടത്ത്
ആടു മേഞ്ഞ പൊന്തക്കപ്പുറം
ഇട്ടേച്ചു പോയ കളിയൊച്ചകള്‍

ആരു ചോദിച്ചാലും കൊടുക്കാതെ വച്ച
മുക്കു കമ്മലുകള്‍
വീണു പോയതും തിരഞ്ഞു പോയതും
മറന്ന മണ്‍തരികൾ,
നിറമുള്ളതെന്തു കണ്ടാലും
എടുത്തു നോക്കിയ പായ്യാരങ്ങള്‍
എത്ര വട്ടമാണ് അടി ചോദിച്ചുനടന്നത്.

ഇതാ ഇവിടെയെന്ന്
കൈ പിടിച്ചുവലിച്ച പൂക്കൈതകള്‍
അരിപ്പൂ കാട്ടിലെ മുള്ളു മേനികള്‍
കാലിൽ കേറി കളിപ്പിച്ച കട്ടുറുമ്പുകള്‍

തെങ്ങിനു പിന്നില്‍
കവുങ്ങിന്‍ പാള വീണു മറഞ്ഞ
കല്ലുവെട്ടു കുഴിയിൽ,
വിറകു പുരയുടെ ചുമരിനപ്പുറം,
വീട്ടിനുള്ളിലൊളിക്കരുതെന്ന് വിലക്കിയ
കോന്തലക്കുള്ളിൽ,
മറഞ്ഞിരുന്നവരൊക്കെ
കണ്ടേ കുറ്റിയടിച്ചേന്ന് ഓടിയെത്തുന്നു
കണ്ണു പോത്തിക്കളി നിര്‍ത്തി
മുതിര്‍ന്നു പോയല്ലോ നമ്മളെന്ന് കണ്ണുനിറയുന്നൂ.

പൊട്ടിയ ബക്കറ്റിന്‍റെ
മണ്ണില്‍ പൂണ്ട കഷണമുണ്ട്
ഇസ്തിരിക്ക് ചിരട്ട കത്തിച്ച പാടുണ്ട്
വെള്ളം കോരാതെ തുരുമ്പിച്ച കപ്പിയുണ്ട്
ഞങ്ങളെ കണ്ടോ ഞങ്ങളെ കണ്ടോ
ഒളിഞ്ഞു നോക്കുന്നു,
ഞാനുമനിയത്തിയും
കളി നിര്‍ത്തി പോയതറിയാതെ
കണ്ണു പൊട്ടിപ്പോയതറിയാതെ.

മരണ സർട്ടിഫികറ്റ്‌

കൗമാര സഹജമായ 
അസുഖങ്ങളെ തുടർന്നായിരുന്നു 
അന്നത്തെ ആ മരണം, 
ഞാനെന്നെ 
എന്നിൽ തന്നെ 
സംസ്കരിക്കുകയാണുണ്ടായത്‌. 
ഈ ജീവിതമാണതിന്റെ 
ഇതു വരെ ആരും സംശയിക്കാത്ത 
വ്യാജ രേഖ. 

നീ എങ്ങനെ കവിയായി എന്നു ചോദിച്ചാൽ

നീ എങ്ങനെ കവിയായി എന്നു ചോദിച്ചാൽ
നിന്റെ അമ്മ പറയുന്നതല്ല
അപ്പൻ പറയുക.
അമ്മ നിന്റെ കൈ മടക്കുകളിലെ
ചെളി കഴുകിയതിന്റെ ഓർമ്മയിൽ
നിന്റെ ശുദ്ധി കൊണ്ടെന്നേ പറയൂ,
അപ്പനോ
നിന്നെ തല്ലിയതിന്റെ മറവിയിൽ
എന്റെ മോനാണവൻ എന്ന് പരവശനാകും.

നിന്റെ മുറ്റത്തെ മരം പറയുന്നതല്ല
കിണർ പറയുക
മരത്തിനേ അറിയൂ വാസ്തവത്തിൽ
മരവിപ്പിന്റെ ഭാഷ,
എല്ലാ ഭാഷയിലുമെന്ന പോലെ
അതിന്റെ വ്യാകരണം
പിൽക്കാലത്ത് ആശാരിമാരുണ്ടാക്കി.

കിണറതിന്റെ മഴക്കാലത്തെ
കവിയലുകളെ ഓർക്കും
കവിഞ്ഞൊഴുകുന്ന ജലത്തെ
പിടിച്ചു വെക്കുന്ന തടങ്ങൾ
തൊടികളോട് നിന്നെ പറ്റി വേറെ ചിലതാണു പറയുക.

നീ എങ്ങനെ കവിയായി എന്നു ചോദിച്ചാൽ
നീ പറയുന്നതല്ല
നിന്റെ കവിത പറയുക,
നീ തൊട്ടിട്ടുള്ള ഓരോ വാക്കും
വേറെ വേറെ കാരണങ്ങൾ നിരത്തും.

എഴുതപ്പെട്ട വാക്കുകളെ
'കൈപ്പട' എന്നു വെറുതേ വിളിക്കുന്നതല്ല
നമുക്കു വേണ്ടി കൊല്ലാനും
ചാവാനും പുറപ്പെട്ട ഭടന്മാരും
ചില നേരത്ത് ഒളിപ്പോരുകാരും അവർ,
പടവെട്ടുന്നുണ്ട് ഓരോ വാക്കും കവിതയിൽ.


(കുഴൂർ വിൽസന്)

"കിടപ്പുവശം"

നേരെ തിരിച്ചാണു
കാര്യങ്ങള്‍
ഉപ്പിലിട്ടതിന്റെ രുചി വരില്ല
ഒരു കാലത്തുമുപ്പിന്

പൂവിനോടുപമിച്ച
എന്നിനോടും
ഉപമിക്കാനാവില്ല പൂവിനെ

ചമഞ്ഞു നിന്നവളേക്കാള്‍
ഒരു ഭംഗിയുമില്ല
അഴിച്ചു വച്ച ചമയത്തിന്

നിന്നെക്കുറിച്ചുള്ള
എന്റെ ഒരു വാക്കും
എന്നെ കുറിച്ചുള്ള എന്റെ ഒരു വാക്കാകില്ല.

തുറന്ന കുത്ത്‌

(അഭിശംസാ പ്രസംഗം)

വേദിയിലുള്ള ബഹുമാനപ്പെട്ട നേതാക്കളേ
സദസ്സിലുള്ള പ്രിയപ്പെട്ട അനുയായികളേ
നമ്മുടെ പാര്‍ട്ടിയുടെ ഒരെളിയ പ്രവര്‍ത്തകനെന്ന നിലയില്‍
ഞാന്‍ ആണയിട്ടു പറയുകയാണ്‌
നമ്മുടെ വലിയ വലിയ നേതാക്കള്‍
അവരുടെ ജീവിതത്തെ കുറിച്ച്‌ പറയുന്ന പോലെ
എന്റെ ജീവിതം ഒരു തുറന്ന പുസ്‌തകമല്ല
എന്റെ ജീവിതം ഇപ്പോള്‍ ഒരടച്ചു വച്ച പുസ്‌തകമാണ്‌

തുറന്നു വച്ച പുസ്‌തകം എന്നു പറയുമ്പോള്‍
നമ്മള്‍ മനസ്സിലാക്കേണ്ടത്‌
അതിലെ രണ്ടു പുറങ്ങളേ നോക്കുന്നവര്‍ക്ക്‌
കാണാന്‍ കഴിയുന്നുള്ളൂ എന്നാണ്‌
ഞാന്‍ ആണയിട്ടു പറയുന്നു
ബാക്കി പുറങ്ങളൊക്കെയും
മറച്ചു വക്കാനുള്ള സൂത്രം കൂടിയാണത്‌.

ഞാന്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നൂ
ഇപ്പോള്‍ എന്റെ ജീവിതം ഒരടച്ചു വച്ച പുസ്‌തകമാണ്‌
നമ്മുടെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക്‌ ഉയര്‍ത്തപ്പെട്ട ശേഷം
കയ്യിട്ടു വാരിയും കാലു വാരിയും മണ്ണു വാരിയും
ബഹുമാനിതനായ ശേഷം
പെണ്ണു കേസുകളില്‍ വിജയ സ്‌ത്രീ ലാളിതനായ ശേഷം
എന്റെ ജീവിതവും ഞാനൊരു തുറന്ന പുസ്‌തകമാക്കും
നിങ്ങളുടെ മുമ്പാകെ പൊതു ദര്‍ശനത്തിനു വെക്കും

ഞാന്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നൂ
ഇപ്പോള്‍ എന്റെ ജീവിതം ഒരടച്ചു വച്ച പുസ്‌തകമാണ്.
ഇത്രയും നിങ്ങളോട് സംസാരിക്കാൻ സമയം തന്നതിന് നന്ദി.

ചുംബന സൂക്തം

ദൂരെയാണെങ്കിലും
കാണാവുന്ന ഒരിടത്തു വച്ച്
താഴേക്കിറങ്ങി വരുന്ന ആകാശം
ഭൂമിയെ ഒന്നുമ്മ വെക്കുന്നുണ്ട്

ഭൂമിയുടെ ആ അറ്റമായിരുന്നെങ്കിലെന്ന്
ഞാന്‍ നില്‍ക്കുന്ന ഈ തുണ്ടു മണ്ണും
ആകാശത്തിന്റെ ആ ചെരിവായിരുന്നെങ്കിലെന്ന്
തലക്കു മീതെ ഈ വെയില്‍ മേലാപ്പും
കൊതി കൊള്ളുന്നുണ്ട്

ചുംബനത്തിലേക്ക്
കുതി കൊള്ളാത്തവരായി
ആരുണ്ട്, ഏതുണ്ട് ചരാചരങ്ങളില്‍

ഭൂമിയെ ഉരുട്ടിപ്പരത്തിയ
നീയെത്ര പ്രണയോദാരന്‍
അല്ലെങ്കില്‍
ഭൂമിയിലുള്ളവര്‍ക്കും
ആകാശത്തുള്ളവര്‍ക്കും നഷ്ടം വന്നേനെ
ചുംബനത്തിന്റെ ഈ ചക്രവാളങ്ങൾ.

പടച്ചവൾ

പ്രായപൂർത്തിയായ ദിവസം അവൻ തന്നെ അവളോട് ചോദിച്ചു.
'എന്തു കൊണ്ടാണ് ദൈവം പുരുഷനായിരിക്കുന്നത്..?'
അവൾ പറഞ്ഞു.
'പുല്ലിംഗത്തിന്റെയും ത്രീലിംഗത്തിന്റെയും
പരിമിതികൾക്ക് പുറത്താണവൻ'.
അവൻ സൂചിപ്പിച്ചു.
'നിന്റെ ഭാഷയിലും അവൻ അവൻ തന്നെ'.
അവളുപസംഹരിച്ചു.
"പടച്ചവളായി ഞങ്ങൾ ഭൂമിയിൽ ഉണ്ടായിരിക്കെ
പിന്നെന്തിനാണ് പടച്ചവനു സ്ത്രീലിംഗം".

അന്നു മുതൽ അവൻ അവളെ പടച്ചവൾ എന്നു വിളിക്കാൻ തുടങ്ങി.

പൂവരം

(10/10/13)

വെളിച്ചത്തെ
മതിയാവോളം ശ്വസിക്കുന്ന
നമുക്കു മാത്രമറിയുന്ന ഒരു മരം
വേരുകകളെ വായുവും
ജലവും കൊണ്ടയച്ച്
മണ്ണറക്കുള്ളില്‍
ജീവനോടെ അടക്കപ്പെട്ട
മോഹത്തിന്റെ
നമുക്കു മാത്രമറിയുന്ന വിത്തിനെ തൊടുന്നു.

ജീവനോടെ അടക്കപ്പെട്ട
ഒരാള്‍
അവിചാരിതമായി തുറക്കപ്പെട്ട
വാതിലുകള്‍ വഴി
പുറത്തേക്കോടുന്ന വേഗത്തിൽ,

കാത്തുകിടപ്പിന്റെ
ഏകാന്തമായ വിങ്ങലില്‍
ഒറ്റ സ്പര്‍ശത്തില്‍
ഒന്നു പിടഞ്ഞ് വിത്തു മുളപൊട്ടുന്നു.

ആഹ്ലാദത്തിന്റെ പൊട്ടിവിടര്‍ച്ചയില്‍
പൂത്തുലയലില്‍
വിത്തിപ്പോള്‍
പൂക്കള്‍ മാത്രം വരം കിട്ടിയ ഒരു മരം
വെളിച്ചത്തെ ശ്വസിച്ചു മടുത്ത മരത്തിനരികിൽ.

തമ്മില്‍ കണ്ടു കൊതി തീരാത്ത കാരണം
ഇത്ര അടുത്തു നിന്നിട്ടും
ഒന്നു കെട്ടിപ്പിടിക്കാതെ
അവയുടെ ശിഖരങ്ങൾ.

ഓരോ പൂവും ഓരോ ഇലയും
തമ്മില്‍ തമ്മില്‍ മിണ്ടുന്നതിന്റെ
പകര്‍ത്തിയാല്‍ തീരാത്ത ശബ്ദരേഖ കാറ്റിൽ.

എഴുത്തിൽ

ഉണർവിന്റെ ലഹരിയിൽ,
ഉണർത്തുപാട്ടുകൾക്കും ഉറക്കപ്പൂട്ടുകൾക്കുമപ്പുറം
മൗത്തിനും ഹയാത്തിനുമപ്പുറം
ഉണർവിന്റെ ഉന്മാദങ്ങളിൽ,
വാക്കുകളുടേ വക്കിൽ, 
ഇപ്പോൾ വീഴുമെന്ന ആക്കങ്ങളിൽ
ജനിക്കുന്നതിന്റെ തൊട്ടു തലേ ദിവസത്തിൽ
മരിച്ചതിന്റെ തൊട്ട നിമിഷത്തിൽ,.

ഏകാന്തത

സമയത്തിന്‍റേയും ഒഴിവിന്‍റേയും
പ്രഭു ഒരാളാകയാല്‍
ഭൂമിയില്‍
കയറിക്കിടക്കാനിടം കിട്ടാതെ പോയ ഒറ്റ.

അഥവാ നീ വന്നാലോ...


''ഒറ്റക്കാകുമ്പോൾ
നിന്നിൽ,
കൂട്ടത്തിലാകുമ്പോൾ
ആളിരിക്കാത്തൊരു കസേരയുടേ
തൊട്ട്
ഞാനിരിക്കുന്നു...''

അവനവൾ

അവനവൾ അവനു ജന്മം നൽകിയവൾ മാത്രമായിരുന്നു.
അവൾക്കവനോ
ദൈവം ഒഴിച്ചുള്ള സർവ്വതുമായിരുന്നു.
അവളുടെ ശ്രദ്ധയിൽ
അവനിറങ്ങിച്ചെല്ലുന്നതിനുള്ള വഴികൾ
പുൽതകിടികളും
അവനു കയറിപ്പോകാനുള്ള ഒതുക്കു കല്ലുകൾ
മൃദുവും ആയിത്തീർന്നു.

അവൻ അവളോട് ആവശ്യപ്പെട്ടു,
പ്രശസ്തിയെ പറ്റി പറയുക.
"ദൈവം തന്നെയും കുഴിച്ചിടപ്പെട്ട നിധി പോലെ കിടപ്പായിരുന്നു.
കണ്ടെടുക്കപ്പെടണമെന്നും
മറ്റുള്ളവരാൽ തെരഞ്ഞെടുക്കപ്പെടണമെന്നും
അവനാഗ്രഹമുണ്ടായി,
അവൻ സൃഷ്ടിക്കാൻ തീരുമാനിച്ചു.

നാം മരുഭൂമിയിലായിരുന്നപ്പൊൾ


നാം മരുഭൂമിയിലായിരുന്നു,
നിലാവിനു വെളിച്ചം നൽകിയ
കണ്ണുകൾ കൊണ്ട് നീ തൊട്ടപ്പോൾ
കുടിച്ചു കൊണ്ടിരുന്ന
പച്ച വെള്ളം വീഞ്ഞായി മാറി.

മരുഭൂമി പൂത്ത് വാനമായി,
വേണ്ടത്ര നക്ഷത്രങ്ങളെ നാം നുള്ളിയെടുത്തു,
നാം പൂ എന്നു കരുതിയപ്പോൾ
അവ പൂക്കളായതായിരുന്നൂ സത്യത്തിൽ.

ആകാശം പഴുത്ത് പാകമായി
അദൃശ്യമായൊരു ഉദ്യാനത്തിൽ
തൊട്ടു തൊട്ടിരുന്ന്
നാമതിനെ അല്ലി അല്ലിയായി കഴിക്കാൻ തുടങ്ങി.

എന്റെ ശരീരത്തെ നോക്കുന്ന
അതേ കണ്ണു കൊണ്ട് നിന്റെ ശരീരത്തേയും കണ്ടു.
നാം പാട്ടുപാടി, നൃത്തം ചെയ്തു,
പ്രസന്നതയും ഉല്ലാസവും നമ്മുടേ മുമ്പിലൂടേ
കുട്ടികളെ പോലെ ഓടിക്കളിച്ചു.
അവരെ ശ്രദ്ധിക്കേണ്ടതില്ല എന്ന
സുരക്ഷിത ബോധത്തിൽ പരസ്പരം മുഴുകുന്ന
രണ്ട് ദമ്പതികളെ പോലെ നാം,
ഇരുന്ന ഇരുപ്പിലലഞ്ഞു, നമ്മളിലൂഞ്ഞാലാടി.

നാം മരുഭൂമിയിലായിരുന്നു,
നിലാവിനു മധുരമിട്ട
ചുണ്ടു കൊണ്ട് നീ തൊട്ടപ്പോൾ
കുടിച്ചു കൊണ്ടിരുന്ന
പച്ച വെള്ളം വീഞ്ഞായി മാറി,

വേറെയും പാനപാത്രങ്ങൾ നിറക്കപ്പെട്ടിരുന്നു,
തോഴിമാരാൽ അവ കൊണ്ടു വരപ്പെട്ടു
ഒന്നും കുടിക്കരുതെന്നും
രുചിക്കുക മാത്രം മതിയെന്നും നീ പറഞ്ഞു
മതിമറന്നു പോകുമോ ഞാനെന്ന
നിന്റെ പേടി എനിക്കു ആഹ്ലാദമായി,
അതേ പേടിയിൽ
ചില കനികൾ, പഴച്ചാറുകൾ ഞാനും ഒഴിച്ചു കളഞ്ഞു.

പ്രണയത്തിൽ പോലും
ചിട്ടവട്ടങ്ങൾ അരുതെന്ന ശാഠ്യമുള്ള നീ
എന്നെ അറിയിക്കാതെ ഒറ്റക്കലഞ്ഞു, ഒളിച്ചു.
എനിക്കു വേദനിക്കാതിരിക്കാനുള്ള
നിന്റെ പാഴ്വേലകളോർത്ത് ഞാൻ ചിരിച്ചു,
നിന്റെ വിനോദങ്ങളെ അളവറ്റ് സ്തുതിച്ചു,

വേദനയും വിനോദവും
നിലാവും അതിന്റെ ചങ്ങാതിയുമാണ്,
ഉറ്റ മിത്രങ്ങൾ.

നാം മരുഭൂമിയിലായിരുന്നു,
നിലാവിനെ ഉയരത്തിൽ നിർത്തിയ
കൈകൾ കൊണ്ട് നീ തൊട്ടപ്പോൾ
കുടിച്ചു കൊണ്ടിരുന്ന
പച്ച വെള്ളം നമ്മുടെ വീഞ്ഞായി മാറി,
അകാരണമായൊരു ഭീതിയിൽ
അതിനെ തിരികെ ജലമാക്കിയാലോ എന്നു നീ.

ഇല്ല,
ഇനി വീഞ്ഞപ്പെട്ടി
കുതിർന്നൊഴുകുന്ന ചോരയാവും..
എന്റെ ഹൃദയപത്രം നിറയെ.

സംസ്‌കാരത്തിലെ ഉരക്കടലാസ്‌

ഇ.പി രാജഗോപാലന്‍

ഭാഷ വളരുമ്പോള്‍ .... എന്നെഴുതിക്കൊണ്ട്‌ ഈ കുറിപ്പ്‌ തുടങ്ങാനാണ്‌ ആലോചിച്ചത്‌. സമൂഹം വളരുമ്പോള്‍ ഭാഷ വളരും എന്ന ചിന്ത ആ വാക്യം ഒഴിവാക്കാനുള്ള പ്രേരണയായിരിക്കുന്നു. എന്താണ്‌ `വളര്‍ച്ച? ' കൂടുതല്‍ സാമ്പത്തിക സൗകര്യങ്ങള്‍, സാങ്കേതിക വിദ്യയുടെ സൗകര്യങ്ങള്‍ കൂടുതലാളുകള്‍ക്ക്‌ കിട്ടല്‍, ജനാധിപത്യം എന്നിവയെയൊക്കെ വളര്‍ച്ചയുടെ പ്രമേയത്തില്‍ ചേര്‍ക്കാം. ഇതോടൊപ്പം സംവാദാത്മകത, വിമര്‍ശനാത്മകത, ആത്മാഭിമാനം, പ്രകൃതിയെ അറിയലും രക്ഷിക്കലും, സമതാബോധം എന്നിവയും ചേരുമ്പോഴാണ്‌ വളര്‍ച്ച നന്മയായിത്തീരുക. പുതിയ മുതലാളിത്തം രണ്ടാമതു പറഞ്ഞ കാര്യങ്ങള്‍ക്ക്‌ പരിഗണന കൊടുക്കാന്‍ ഒരുക്കമല്ല. അവയ്‌ക്ക്‌കൂടി പ്രാധാന്യം സ്വാഭാവികമായി കിട്ടുമ്പോഴേ ഭാഷ വളരൂ. മുതലാളിത്തത്തിന്റെ പുതിയ വഴക്കങ്ങളനുസരിച്ച്‌, ഭാഷയുടെ വളര്‍ച്ച നല്ലതുമല്ല. കാരണം വാക്കുകളുടെ ശക്തിയിലും അനായാസമായ പ്രയോഗത്തിലും വിനിമയ സാധ്യതയിലും വിശ്വാസമര്‍പ്പിച്ച്‌ പ്രവര്‍ത്തിക്കുന്ന, ജീവിക്കുന്ന സമൂഹത്തില്‍നിന്ന്‌ ധീരമായ, സര്‍ഗാത്മകമായ പ്രതികരണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ഇത്‌ ഇന്നത്തെ മുതലാളിത്തം ആഗ്രഹിക്കുന്നില്ല. അതിനാല്‍ നവോത്ഥാന കാലത്തുനിന്ന്‌ വ്യത്യസ്‌തമായി, ആധുനികതയുടെ സന്ദര്‍ഭത്തില്‍നിന്ന്‌ വ്യത്യസ്‌തമായി, ഭാഷയുടെ ഊര്‍ജത്തെയും പലമയെയും ചെറുക്കുകയും ചെറുതാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ്‌ വിവിധ വ്യവസ്ഥാനുകൂല സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഭാഷയെ പൊള്ളയാക്കുക, പ്രാദേശിക ഭേദങ്ങളെ നിരപ്പാക്കുക, പ്രയോഗങ്ങളെ ഔപചാരികവും യാന്ത്രികവുമാക്കുക, സൂക്ഷ്‌മത കുറഞ്ഞ ഒരു പൊതുഭാഷയില്‍ സമൂഹം പിടിച്ചുതൂങ്ങുന്ന അവസ്ഥയുണ്ടാക്കുക, സാഹിത്യം എല്ലാവരുടെയും സന്ദര്‍ശന സ്ഥലമാവുന്നത്‌ തടയുക, ക്ലിഷെകളുടെ നിരകള്‍ ഉണ്ടാക്കുക തുടങ്ങി പലപല ചെയ്‌തികളിലൂടെ ഒരു ദേശീയതയെ ഭാഷാദരിദ്രമാക്കാന്‍ പുതിയ മുതലാളിത്തം സമര്‍ഥമായി ശ്രമിച്ചുവരുന്നു; ഈ ശ്രമത്തില്‍ നല്ലൊരളവില്‍ ജയിക്കുകയും ചെയ്യുന്നുണ്ട്‌. ഇന്നത്തെ സാഹിത്യത്തിന്‌ മറ്റു പല കാര്യങ്ങള്‍ക്കുമൊപ്പം ഇതിനെതിരായ സര്‍ഗസമരംകൂടി ഏറ്റെടുക്കേണ്ടതായി വരുന്നു. ഇത്രയുമെഴുതിയത്‌ ഒരു കാര്യം മുന്നില്‍ കണ്ടുകൊണ്ടാണ്‌. മലയാളത്തില്‍ ഇന്ന്‌ നൂറുകണക്കിനാളുകള്‍ കവിതയെഴുതുന്നതിനെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ശപിക്കുകയുമൊക്കെ ചെയ്യുന്ന ഒരു ശീലം പലര്‍ക്കുമുണ്ട്‌. പുതിയ കവിത വായിക്കാതെയാണ്‌ അവരില്‍ പലരുമങ്ങനെ ചെയ്യുന്നത്‌ എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്‌. നൂറുകണക്കിനാളുകളില്‍നിന്ന്‌ ആയിരക്കണക്കിന്‌ കവിതകള്‍ വരുന്നത്‌ മുകളില്‍ പറഞ്ഞ ഭാഷാ ശോഷണത്തിന്‌ എതിരായ, ചെറിയതെങ്കില്‍ ചെറിയ, സമരമാണ്‌ എന്നു കാണാന്‍ ആളുകളില്ലാതെ വരുന്നത്‌ കഷ്ടമാണ്.

'കലികാലത്തില്‍ കവികളും വഴികളും കൂടും. ഒറപ്പാണ്‌. ഭാഗവതത്തിലുണ്ട്‌ ' എന്നു പറഞ്ഞ്‌ പുതിയ കവിതയെ ശകാരിക്കുന്ന ഒരു സീനിയര്‍ സുഹൃത്ത്‌ ഈ ലേഖകനുണ്ടായിരുന്നു. ഈ വക നിലപാടുകള്‍ക്കെതിരെ പുതിയ കവിതയും ഭാഷയുടെ പലമയെ ഘോഷിക്കുന്ന, അതിന്റെ ഊര്‍ജത്തെ സംരക്ഷിക്കുന്ന, `പ്രാദേശികങ്ങളെ` പ്രയോഗങ്ങളാക്കുന്ന മലയാള പ്രവൃത്തിയാണെന്ന്‌ വീണ്ടും വീണ്ടും പയയേണ്ടിവന്നിരിക്കുന്നു. ഇത്രയേറെ ആളുകള്‍ കവിതയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിന്‌ പിന്നില്‍ പ്രശസ്‌തിമോഹം മാത്രമാണെന്ന്‌ പറയുന്നതില്‍ തെറ്റുണ്ട്‌. കണ്ണടയ്‌ക്കാന്‍ മടിക്കുന്ന ഒരു സമൂഹേച്ഛ കവികള്‍ കൂടുന്നതിന്റെ കാരണമായുണ്ട്‌. ഭാഷയുടെ ശക്തി കാട്ടാനുള്ള തീര്‍പ്പ്‌ തന്നെയാണ്‌ അത്‌. അതിവേഗം യാന്ത്രികവും കേവല യുക്തി നിറഞ്ഞതും ഉപഭോഗവാദാനുസൃതവും ഉപകരണവാദപരവും ഔപചാരികവുമാക്കപ്പെടുന്ന ഒരു ഭാഷയുടെ അതിജീവന ത്വരയാണ്‌ പുതിയ കവിതയിലൂടെ വെളിപ്പെടുന്നത്‌. കവിത വൃത്തത്തില്‍ വേണ്ട എന്ന സൗകര്യമാണ്‌ കവിതകള്‍ ഇത്രയും ഉണ്ടാകുന്നതിന്റെ കാരണം എന്നും പറഞ്ഞുകേള്‍ക്കാറുണ്ട്‌. അച്ചടി വരുന്നതോടെ, കവിതയധികവും കേള്‍വിയല്ലാതെ കാഴ്‌ച (വായന)യായിത്തീരുന്നതോടെ വൃത്തം വലിയൊരളവില്‍ അപ്രധാനമായി മാറുന്നുണ്ട്‌. വൃത്തം സംഗീത പദ്ധതിയാണ്‌, ചൊല്ലല്‍ വേളകളിലാണ്‌ അതുണരുന്നത്‌. ഒറ്റക്കിരുന്നുകൊണ്ടുള്ള നിശബ്ദ വായനയില്‍ വൃത്തത്തിന്‌ ഒന്നും ചെയ്യാനില്ല. വൃത്തവുമായുള്ള മല്ലടിക്കല്‍കൊണ്ട്‌ പല കവിതകളിലും ആവിഷ്‌കാരം ബുദ്ധിമുട്ടനുഭവിച്ചിട്ടില്ലേ എന്ന്‌ വായനക്കാര്‍ക്ക്‌ അന്വേഷിച്ച്‌ നോക്കാന്‍ കഴിഞ്ഞാല്‍ എപ്പോഴും `ഇല്ല` എന്ന ഉത്തരമല്ല കിട്ടുക. കവിതയുടെ നന്മയുമായി വൃത്തത്തിന്‌ മുറിച്ചെറിയാനാവാത്ത ബന്ധമില്ല.വൃത്തത്തെ സര്‍ഗാത്മകമായി ഉപയോഗിക്കാതെ, വെറും പദ്യം കവിതയാണെന്ന ഭാവത്തില്‍ എഴുന്നള്ളിക്കുന്നത്‌ നമ്മുടെ നാട്ടിലും പതിവായിരുന്നു. വൃത്തം കവിതയുടെ ഒരു ആഖ്യാന തന്ത്രമാണ്‌. അതൊഴിവാക്കിയും കവിതക്ക്‌ ജീവിക്കാം.

കുമാരനാശാനില്‍ കൂടിയ സംസ്‌കൃതവും വൃത്തത്തിനായുള്ള പദവിന്യാസങ്ങളും കണ്ട ചില വായനക്കാരെങ്കിലും ആശാന്‍ ഗദ്യത്തിന്റെ സ്വാതന്ത്ര്യം എടുത്തിരുന്നെങ്കില്‍ കൂടുതല്‍ വലിയ കവിയാകുമായിരുന്നു എന്ന്‌ പറയുന്നത്‌ കേട്ടിട്ടുണ്ട്‌. വൃത്തമല്ല ആശാനെ മഹാകവിയാക്കുന്നത്‌. ആശാനെക്കുറിച്ച്‌ വന്ന, മര്‍മസ്‌പര്‍ശിയായ പല പുതിയ പഠനങ്ങളിലും വൃത്തവിചാരം ഒട്ടും ഇല്ല എന്ന കാര്യം യാദൃച്ഛികമല്ല. വൃത്തം എന്ന സാങ്കേതിക പദ്ധതിയല്ല ഭാഷയായിത്തീരുന്ന ലോകാനുഭവങ്ങളുടെ ഭാവവൈചിത്ര്യമാണ്‌ കവിതയുടെ നന്മയെ നിശ്ചയിക്കുന്നത്‌. ഗദ്യത്തിന്റെ വളര്‍ച്ചയോട്‌ കൂടുതല്‍ ബന്ധപ്പെട്ട്‌ വായിച്ച്‌ മുന്നേറിയ, കഥയിലും നോവലിലും സ്വന്തം നാടിനെ കണ്ടറിയുന്ന, ജനതക്ക്‌ കവിതയിലെ സൂക്ഷ്‌മ ഗദ്യത്തിലെ വൃത്തനിരാസം ഒരു സ്വാഭാവികാനുഭവമായി കണക്കാക്കാനാവും. വൃത്തത്തില്‍നിന്നുള്ള വിടുതല്‍ കൂടുതല്‍ ലോകാനുഭവങ്ങളുടെ കണ്ടെത്തലിനും സ്ഥാനപ്പെടുത്തലിനുമാണ്‌ എഴുത്തുകാരെ പ്രാപ്‌തരാക്കിയിരിക്കുന്നത്‌. വൃത്തമില്ലാത്തതിന്റെ പേരില്‍ കൂടുതലാളുകള്‍ കവിതയില്‍ വരികയും അവരുടെ കവിതകള്‍ കൂടുതലായി വായിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍, സമൂഹം ആ നിരാസം ആഗ്രഹിച്ചിരുന്നു എന്നുതന്നെ കാണേണ്ടിയിരിക്കുന്നു.


പ്രമേയപരമായി പുതിയ കവിതക്ക്‌ ശ്രദ്ധേയമായ ചില ഊന്നലുകള്‍ സാധിച്ചിട്ടുണ്ട്‌.
ഒന്ന്‌: 
കവിത വീട്ടില്‍നിന്നിറങ്ങി, പുറത്തെത്തി ലോകത്തെ കാണുന്നു. വീടിനെതന്നെ വേറെയൊന്നായി സ്ഥാനപ്പെടുത്തുന്നു. മുതലാളിത്തം എല്ലാവരെയും വീട്ടുവിലാസത്തിലേക്ക്‌ ചുരുക്കിയെഴുതാന്‍ ശ്രമിക്കുന്ന സന്ദര്‍ഭത്തില്‍ ഇത്‌ പ്രതിരോധാത്മകമായ നീക്കമാണ്‌. വീടിനെ ഉപഭോഗ വാസനയുടെ ആലോചനാ മുറിയും ഉപഭോഗ വസ്‌തുക്കളുടെ സൂക്ഷിപ്പ്‌ സ്ഥാനവും ഇതുമായി ബന്ധപ്പെട്ട നിത്യമായ അതൃപ്‌തിയുടെ ആലയമായും മുതലാളിത്തം മാറ്റിയെടുക്കുമ്പോഴാണ്‌ കവിതയുടെ ബദലായ ശ്രമം.
രണ്ട്‌) 
വ്യവസ്ഥ വലിയവയെ മാത്രം തുണയ്‌ക്കുന്നു. കവിത ചെറിയവയുടെ സ്ഥാനത്തെയും അറിയുന്നു.
മൂന്ന്‌) 
വ്യവസ്ഥ സ്ഥലങ്ങളെ ഒരേപോലെയാക്കുന്നു, കവിത സ്ഥലങ്ങളുടെ വ്യക്തിത്വത്തെ അറിയുന്നു. പ്രാദേശീയത എന്ന വാക്ക്‌ കവിതക്കുവേണ്ടി സജീവമാകുന്നു.
നാല്‌) 
വ്യവസ്ഥ പ്രകൃതിയെ ചരക്കായി കാണുന്നു. കവിത പ്രകൃതിയെ ഭാവപ്പലമയില്‍, ബന്ധപ്പലമയില്‍ പാഠവത്‌ക്കരിക്കുന്നു.
അഞ്ച്‌) 
കവിത കവിതക്ക്‌ മാത്രം സാധ്യമായ അറിവ്‌ ഉണ്ടാക്കിക്കൊണ്ട്‌ സ്വന്തം നിലനില്‌പിനെ സാധൂകരിക്കുന്നു.
ആറ്‌) വാക്കിന്‌ അര്‍ഥമായി മാത്രമല്ല ശബ്ദമായും നിലനില്‌പുണ്ട്‌ എന്നറിഞ്ഞ്‌ ഒരു വാക്കിന്റെ ശബ്ദഘടന, സംസ്‌കാരത്തിലെ മറ്റു പലതിനെയും വിളിച്ചുണര്‍ത്തുന്നുണ്ട്‌ എന്ന്‌ കവിത തെളിയിക്കുന്നു.
ഏഴ്‌) 
കവിത പൊള്ളുന്ന തമാശകള്‍ പറയുന്നു.
എട്ട്‌) 
കവിത സ്വയം ചലനാത്മകമാവുമ്പോള്‍ തന്നെ, പാരമ്പര്യത്തെ സമകാലികമായ വായനക്ക്‌ വിധേയമാക്കുന്നു.
ഒന്‍പത്‌) 
മധ്യവര്‍ഗികളായ കവികള്‍ക്ക്‌ കവിതയെ സ്വന്തം വര്‍ഗാസ്‌തിത്വത്തിന്റെ വിശകലനമായി മാറ്റാന്‍ കഴിയുന്നു. മധ്യവര്‍ഗത്തെ മൊത്തത്തില്‍ ഉപഭോഗലോകത്തിലെ ആദര്‍ശാത്മക പ്രജകളാക്കാനുള്ള മുതലാളിത്തഹിതത്തിന്‌ ഇത്‌ എതിരാണ്‌.
പത്ത്‌) 
ക്ലിഷെകളില്‍നിന്ന്‌ വിടുതല്‍ നേടുക എന്നത്‌ കവിതയുടെ സ്ഥിരം തീര്‍പ്പായിത്തീരുന്നു. പുതിയ നോട്ടങ്ങളും പദച്ചേര്‍ച്ചകളും ബിംബവിന്യാസവും കവിതയെ ആരോഗ്യമുള്ള ഭാഷാരൂപവും ജീവിതവസ്‌തുവുമാക്കുന്നു.

അനൗപചാരികതയുടെ സര്‍ഗാത്മകത കവിതയില്‍ പല രൂപത്തില്‍ തെളിയുന്നു. ആധുനികതയടക്കമുള്ള കാവ്യകാലങ്ങള്‍ ഒഴിവാക്കിയ സാധാരണതയുടെ അസാധാരണതയെയാണ്‌ പുതിയ കവിത ഏറ്റവുമധികം കണക്കിലെടുക്കുന്നത്‌. നിസ്സാരം എന്ന തോന്നലില്‍ ശീലമോ വാശിയോ മാത്രമാണ്‌ ഉള്ളത്‌ എന്നും ഒന്നും നിസ്സാരമല്ല എന്നുമുള്ള ഒരു സാരം പുതിയ കവിതക്കുണ്ട്‌. വിപരീത ദ്വന്ദ്വങ്ങളായി മാത്രമല്ല ലോകത്തെ കാണേണ്ടത്‌ എന്ന ബോധം ഇന്നത്തെ കവിതയെ നാടകീകരിക്കുന്നുമുണ്ട്‌. റഫീക്‌ തിരുവള്ളൂരിന്റെ `സാന്റ്‌ പേപ്പര്‍` എന്ന കവിത (ബ്ലോഗിലാണ്‌ ഇതാദ്യം വന്നത്‌. പിന്നീട്‌ അന്‍വര്‍അലി `കേരള കവിത 2010`ലേക്ക്‌ തെരഞ്ഞെടുത്തു) നോക്കാം. പെങ്ങളുടെ കല്യാണം നിശ്ചയിച്ചു. വീട്ടില്‍ ഒരുക്കങ്ങള്‍. ചുമരുകള്‍ വെള്ള വലിപ്പിക്കുകയാണ്‌ ഉപ്പ (ഇതിലെ പ്രയോജകക്രിയ ശ്രദ്ധേയം). ഉമ്മ സ്വയം ചെയ്യുന്നു `വാതുക്കലെ/കട്ട്‌ള/ഉരച്ചു/വെളുപ്പിക്കുകയാണുമ്മ.` ആഖ്യാതാവായ `ഞാന്‍` ഓഫീസിലേക്കിറങ്ങാനുള്ള തിടുക്കത്തിലുമാണ്‌. ഉരക്കടലാസുകൊണ്ടുള്ള പ്രവൃത്തി കട്ടിലപ്പടിയില്‍ എന്തൊക്കെയോ തെളിയിക്കുന്നു. മൂത്ത പെങ്ങളുടെ സങ്കടമൂക്കട്ടയുടെ ബാക്കി, ആശാരിയുടെ മുഴക്കോലിന്റെ വക്ക്‌, മുത്തശ്ശിത്തൈലമണം, സ്റ്റിക്കര്‍ മിഠായിപ്പശ, നെടുവീര്‍പ്പുകളുടെ കനം....ഓരോ അടരായി ഇതൊക്കെ തെളിയുന്നു. ഇത്‌ സാധാരണ കാഴ്‌ചകളാണ്‌. എന്നാല്‍ അത്‌ കുടുംബ ചരിത്രമാണ്‌. ഇതുകൂടി ഓര്‍ത്തുകൊണ്ടേ കല്യാണം എന്ന പുതിയ സന്ദര്‍ഭത്തിലേക്ക്‌ ആ കുടുംബത്തിന്‌ ഇറങ്ങാനാവൂ.

ഓര്‍മയുടെ സ്വാഭാവികമായ വരവിനെ കവിത ഇങ്ങനെയൊരു കാര്യം വഴി സ്ഥാനപ്പെടുത്തുന്നു. ഉമ്മ കട്ടിലപ്പടി ഉരയ്‌ക്കുന്നു എന്ന ചിത്രം അര്‍ഥശേഷി നല്ലവണ്ണമുള്ളതാണ്‌. കുടുംബത്തിന്റെ ഓര്‍മകളുടെ കാര്യദര്‍ശിയാണ്‌ ഉമ്മ. കുടുംബത്തിലെ നന്മതിന്മകളെല്ലാം കയറിയിറങ്ങുന്ന സ്ഥാനമാണ്‌ ഉമ്മറപ്പടി. ഓര്‍മകളുടെ കുടിയിരിപ്പ്‌ എന്ന നിലയില്‍ കാണാവുന്ന ഇടം തന്നെ അത്‌. കവിത അടുത്ത പടിയില്‍, കുടുംബത്തില്‍ നിന്ന്‌ പൊടുന്നനെ നാടിന്റെ ഗതിയിലേക്ക്‌ വരുന്നു. പണിക്കാര്‍ ഉമ്മയോട്‌ സാന്റ്‌പേപ്പറുണ്ടോ എന്ന്‌ ചോദിക്കുന്നു. ഉമ്മ വാതില്‍പ്പടി ആ സാമഗ്രി വെച്ച്‌ ഉരച്ചുകൊണ്ടിരിക്കയാണ്‌. അതിന്‌ സാന്റ്‌പേപ്പര്‍ എന്ന്‌ പേരുണ്ട്‌ എന്നുമാത്രം ഉമ്മക്കറിയില്ല. ഉരക്കടലാസ്‌ എന്ന തികഞ്ഞ പേരുണ്ടായിരിക്കേ വേറെയൊരു പേരിന്റെ ആവശ്യമില്ല എന്ന ഉറപ്പാണ്‌ ഉമ്മയുടെ ഉള്ളടക്കം. അതിനാല്‍ അവര്‍, മകനത്‌ വാങ്ങിക്കാന്‍ വിട്ടുപോയിരിക്കണം എന്നും ഉരക്കടലാസ്‌ മതിയെങ്കില്‍ ഇതാ എന്നും പണിക്കാരോട്‌ പറയുന്നു. ഭാഷയുടെ സ്വാഭാവികതയെയും സുതാര്യതയെയും അധിനിവേശ വിപണിയുടെ ഭാഷ ആക്രമിക്കുന്നതിന്റെ ലളിത സന്ദര്‍ഭമാണിത്‌. ഉമ്മയില്‍നിന്ന്‌ ഉരക്കടലാസ്‌ വാങ്ങുന്ന -ചിരിച്ചുകൊണ്ടാണവര്‍ വാങ്ങുന്നത്‌, തേപ്പുകാര്‍ ഉരയ്‌ക്കുന്നത്‌ ഉരക്കടലാസല്ല, സാന്റ്‌പേപ്പറാണ്‌ എന്ന്‌ കവിത നിരീക്ഷിക്കുന്നു. ഓര്‍മയുടെയും പ്രവൃത്തിയുടെയും ഭാഷയുടെയും ആള്‍രൂപമായ ഉമ്മയില്‍നിന്ന്‌ ആരും പഠിക്കുന്നില്ല എന്ന ഖേദം കവിതയില്‍ ഇങ്ങനെ രേഖയാവുന്നു. ആഡംബരമില്ലാതെ, സ്ഥലാധിക്യമില്ലാതെ, സന്ദര്‍ഭവൈചിത്ര്യമില്ലാതെ എങ്ങനെ കവിത സംസ്‌കാരത്തിന്റെ പ്രമാണമാകുന്നു എന്നതിന്‌ നല്ലൊരു തെളിവാണ്‌ `സാന്റ്‌പേപ്പര്‍ എന്ന ഈ പുതിയ കവിത. ഇത്തരം അനുഭവങ്ങള്‍ അവഗണിക്കാന്‍ ഏത്‌ നല്ല മലയാളിക്കാണ്‌ അവകാശമുള്ളത്‌?.

-ദേശാഭിമാനി വാരിക 2011 മെയ്.22