Showing posts with label സൈനബ. Show all posts
Showing posts with label സൈനബ. Show all posts
സൈനബ
സൂപ്പര്‍ മാര്‍ക്കറ്റിന്റെ
പാതി തുറന്നിട്ട വാതില്‍ പോളയില്‍
കണ്‍പോളകളടച്ചു കിടക്കുന്ന
ഒരു പൂച്ചക്കുട്ടി മാത്രമായിരുന്നു സൈനബ
ലോകത്തെ മറ്റെല്ലാ പൂച്ചകളെയും പോലെ
അസമയങ്ങളില്‍
കയറിയിറങ്ങുകയും
അവസരങ്ങളില്‍
കണ്ണടച്ചുറങ്ങുകയും ചെയ്യുമായിരുന്നു അത്.
അറബിക്കുട്ടികള്‍ അതിനെ കണ്ട്
ഉമ്മമാരുടെ അബായകളില്‍ പറ്റിപ്പിടിക്കും
അലിവോടെ അവരുടെ നേരെ നോക്കും
കാലിലോ വിരലിലോ നക്കിയെന്നും വരും
ആരോ വളര്‍ത്തുന്നതിന്റെ സ്വാതന്ത്ര്യത്തിലുള്ള
അതിന്റെ ചുറ്റിക്കറക്കങ്ങള്‍
പലപ്പോഴും അവഗണിക്കപ്പെടും
അതിന്‍റെ കണ്ണുകളില്‍
കണ്ടില്ല
അന്വേഷണത്തിന്റെ വഴിരേഖകളൊന്നും.
ദുരൈ എന്ന തമിഴനെത്തിയാല്‍
സൂചികള്‍ പോലെ അതിന്‍റെ രോമങ്ങള്‍ എഴുന്നു നില്‍ക്കും
സൈനബ എന്ന അവന്‍റെ വിളിയില്‍ കണ്ണു തുറക്കും
പൂച്ചയില്‍ അങ്ങനെയൊരു പേരിനും
അവനില്‍ അങ്ങനെയൊരു വിളിക്കും
എന്ത് സാധ്യതയെന്നു
ഞങ്ങള്‍ വഴിപോക്കരില്‍ ചിലര്‍
വെറുതെ ചിരിക്കുമായിരുന്നു.
അപ്പോഴും അവര്‍ ഏറെക്കാലം കഴിഞ്ഞു കണ്ട
രണ്ടു കൂട്ടുകാരെ പോലെ തിമര്‍ക്കുകയാവും
ചിലപ്പോള്‍ കണ്ണില്‍ കണ്ണില്‍ നോക്കി
ഒരേ ഇരിപ്പിരിക്കും
പൂപ്പാടങ്ങളില്‍ പകല്‍ വീഴുന്ന പോലെ
അവനില്‍ വെളിച്ചം പരക്കുന്നതും കാണണമന്നേരം
പൂച്ചയേക്കാള്‍ അതിന്‍റെ പേരിനെ ഉപാസിക്കുന്നതു പോലെ
അവന്‍ അതുച്ചരിക്കുന്നതും കാണാം
നഖങ്ങള്‍ ഉള്ളിലേക്ക് വലിച്ച്
മൃദുവാക്കിയ കൈകള്‍ കൊണ്ട് അതവനെ തൊടും
അവന്‍ സൂര്യയോ വിക്രമോ ആയ പോലെ നടിക്കും
അതു സിമ്രാനെ പോലെ പൂച്ചക്കുട്ടി അല്ലാതാകാന്‍ നോക്കും
ഉച്ച തുടങ്ങുമ്പോഴത്തെ ചൂടുള്ള കാറ്റ് വരും അപ്പോള്‍
അവര്‍ പൂക്കാറ്റില്‍ എന്ന പോലെ ഉലയും
ഇരുട്ടിയാല്‍ മാത്രം
സൂപ്പര്‍ മാര്‍ക്കറ്റിലേക്ക്
വിരുന്നു പോലെ വരുന്നൊരു പെണ്‍കുട്ടിയുണ്ട്
പൂച്ച വാതില്‍ക്കലുണ്ടൊ എന്ന്
നിര്‍ത്തി നിര്‍ത്തി
ഒരോട്ടത്തിന് അവള്‍ അകത്തെത്തും
പിന്നെ ചില്ലു വീണുടയുന്ന പോലെ ചിരിക്കും
തന്നെ കാണാന്‍ കാത്തിരുന്നവര്‍ക്കുള്ള സമ്മാനം എന്ന പോലെ
തമിഴന്‍ മാത്രം അവളെ നോക്കുകയേയില്ല
അവന് അവളെന്നേ തന്‍റെ സൈനബ എന്ന പൂച്ചക്കുട്ടിയാണ്
Subscribe to:
Posts (Atom)