എസ്. ജോസഫിന്റെ 'ഒരു കുറിപ്പ്'

കേരള കവിത (2011-2012)യിൽ എസ്. ജോസഫ് 'തിരുവള്ളൂരി'നെ കുറിച്ച് ഒരു കുറിപ്പെഴുതിയിരിക്കുന്നു, ആ പുസ്തകത്തെ പറ്റി എഴുതപ്പെട്ടിട്ടുള്ള ആകെയൊരു കുറിപ്പ് അതായതിനാലും ജോസഫ് എന്റെ പ്രിയപ്പെട്ട കവിയായതിനാലും അതിവിടെ പകർത്തുന്നു:

റഫീക്ക് തിരുവള്ളൂര് - ഒരു കുറിപ്പ്
എസ്. ജോസഫ് 

90-കൾക്ക് ശേഷം മലയാള കവിതകളിൽ പുതിയൊരു തരംഗമുണ്ടാക്കുകയും മുമ്പെങ്ങും കാണാത്ത ജനുസ്സിൽ പെട്ട കവികളും കവിതകളും അരങ്ങത്തെത്തുകയും ചെയ്തു. കാണപ്പെടാതെ കിടന്ന ദേശങ്ങളും അവിടത്തെ പ്രകൃതിയും മനുഷ്യരും മനുഷ്യരൊടു ബന്ധപ്പെട്ട കാര്യങ്ങളും ഭാഷയും എഴുത്തിൽ ഇടം പിടിച്ചു. കവിതയിലെ ജനാധിപത്യം എന്ന് ഈ പുതിയ പ്രവണതയെ ചില കാവ്യ ചിന്തകർ വിവരിച്ചിട്ടുണ്ട്. ഇന്ന് ആ തരംഗത്തിന്റെ തുടർച്ചകളിൽ പലതും കവിതാ ധൂർത്തായി മാറിയിട്ടുണ്ട്. ഒരാളോ രണ്ടാളോ എഴുതിയ കവിതകൾ എന്ന് ഇക്കാലത്തെ കവിതകളെ പറ്റി പറയാം. എങ്കിലും അങ്ങിങ്ങായി ചില കവികൾ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്.


റഫീക്ക് തിരുവള്ളൂര് എന്ന കവി ഉമ്പാച്ചി എന്ന പേരിൽ ബ്ലോഗിൽ ശ്രദ്ധ നേടിയ ഒരു കവിയാണ്. മുമ്പേത്തന്നെ ഈ കവിയെ വലിയൊരു ബ്ലോഗ് വായനക്കാരനല്ലാത്ത ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. പ്രവാസിയുടെ എഴുത്താകയാൽ ബ്ലോഗിലെഴുതി എന്നത് ഒരു പുതിയ എഴുത്തിടം ആണെങ്കിലും കവിത ബ്ലോഗിലെഴുതിയാലും കല്ലിലെഴുതിയാലും കടലാസിൽ അച്ചടിച്ചാലും കവിതയാണെങ്കിലേ മനസ്സിൽ തൊടുകയുള്ളൂ എന്നത് നാം മറന്നു കൂടാ. പ്രവാസിയുടെ ഗൃഹാതുരമായ ജന്മ നാടും പ്രവാസ ഭൂമിയും ഈ കവിതകളിൽ ദൃശ്യപ്പെടുന്നു. പുതിയ ഒരു നോട്ടസ്ഥാനം കവിക്ക് ഉണ്ട്. അതിനാൽ കക്കൂസ്, സാന്റ് പേപ്പർ, ആദ്യ പകൽ, മാർച്ച്-16, നഗരത്തിലെ മരങ്ങൾ എന്നീ കവിതകളിലെല്ലാം പരമ്പരാഗതമായ നോട്ടസ്ഥാനം മാറുന്നു. മാർച്ച്-16 പോലുള്ള കവിതകൾ പുതിയ ഒരു കാവ്യാനുഭവം നൽകുന്നുണ്ട്. റഫീക്കിന്റെ കവിതകൾ പുതിയ ഒരെഴുത്തായി മാറുന്നത് കവി വേറിട്ട ഒരു നിരീക്ഷണ രീതി സൃഷ്ടിച്ചതു കൊണ്ടാണ്. ഇതു മാത്രമല്ല, രണ്ടാമത്തെ ഒരു മാറ്റം അചേതന വസ്തുക്കൾ കവിതയിൽ സചേതനങ്ങളാകുന്നു എന്നിടത്താണ്.

"വടകരക്ക് ഇപ്പോൾ ബസുണ്ടോ?
ആയഞ്ചേരിക്കുള്ള
ഗ്രീൻ സ്റ്റാർ പോയോന്ന്
റോഡിലിറങ്ങി 
നില്പുണ്ട് പീടികകൾ"

"ഇപ്പോഴും നിരത്തിലിറങ്ങി
അടുത്ത ബസിൽ പോയാലോ എന്ന്
നിൽപ്പാണ് അങ്ങാടി"

റഫീക്കിന്റെ കവിതകളിൽ അചേതന വസ്തുക്കൾ സചേതനങ്ങളെ പോലെ പെരുമാറുന്നു. അചേതനങ്ങൾക്ക് ആത്മാവു ലഭിക്കുന്ന ഒരു ചെയ്തിയാണിത്. അത് കവിതയിൽ നിശ്ശബ്ദത സംസാരിച്ചു തുടങ്ങുന്നതു പോലെയാണ്. ഇത് മറ്റു കവികളിലും കാണാവുന്നതാണ്. അതു കൊണ്ട് ആദ്യത്തെ മാറ്റം തന്നെയാണു പ്രധാനപ്പെട്ടത്. വളരെ വേഗം മാറിപ്പോകുന്ന കുറേ കാര്യങ്ങളും മാറാതിരിക്കുന്നതു മൂലം പാർശ്വവൽക്കരിക്കപ്പെടുന്ന കുറേക്കാര്യങ്ങളും ഈ കവിതകളിൽ ഉണ്ട്. വർത്തമാന കാലത്തിന്റെ സങ്കീർണതകളുടെ ഒരു ചിത്രീകരണവുമാണ് അത്തരത്തിൽ ഈ കവിതകൾ..