Showing posts with label വെട്ടി ഒട്ടിച്ചത്. Show all posts
Showing posts with label വെട്ടി ഒട്ടിച്ചത്. Show all posts

വെട്ടി ഒട്ടിച്ചത്

കാടിനെ
മുഴുവന്‍ വിളിച്ചിരുന്നു
ഒരു പാമ്പു മാത്രം
കനിവോടെ
ഇഴഞ്ഞു വന്നു

കടലില്‍ നിന്നും
വന്ന
ഒറ്റത്തിര
ചില്ലു ഭരണിയില്‍
ക്ഷോഭങ്ങളില്ലാതെ
ഇരിക്കുന്നു

പുഴയില്‍ നിന്ന്
മണലിന്‍റെ വേവ് വന്നു

പാടത്തു നിന്ന്
മീന്‍ കണ്ണിനെ
ധ്യാനിച്ചുള്ള
കൊറ്റിയുടെ മൌനവും
പുലരി മഞ്ഞിനെ
നെല്ലോല
അലക്കുന്ന പാട്ടും

ആകാശം
അയച്ചുതന്ന
രശ്മികളിലൊന്ന്
ഈര്‍പ്പത്തില്‍
കുടുങ്ങി
ഏഴു നിറങ്ങളായി
ചീന്തി

അപ്പോള്‍
പെങ്ങള്‍
വറ്റുമായി വന്ന്
ഒതുങ്ങിയിരുന്ന്
ഓരോന്ന്
ഓരോ പേജില്‍
എന്ന്
ഒട്ടിച്ചുവെക്കാന്‍ തുടങ്ങി