കവിത
എങ്ങനെ ഉണ്ടാകുന്നു എന്ന്
നേരിട്ടു കാണാം
കവിതയെഴുത്തു മത്സരം
നടക്കുന്ന മുറിയില്‍
പേനകളുരയുന്ന
ശബ്ദം കേള്‍ക്കാം
കവിതകള്‍ വിളയുന്ന ഈ കാട്ടില്‍.
കവിതയെഴുതുവാനുള്ള ഏകാന്തത
ആരുമാവശ്യപ്പെടുന്നില്ല
അനുയോജ്യമായ വാക്കുകള്‍
വരാതെ
ആരെയും കളിപ്പിക്കുന്നില്ല
ആരും ക്ഷോഭിക്കുന്നില്ല
പ്രണയിക്കുന്നില്ല
സമരം ചെയ്യുന്നില്ല
ഒരേ ആയത്തില്‍ കുനിഞ്ഞ്
കണ്ണൂന്നി
വരികള്‍ കുറിക്കുന്നു
കവിതയെഴുതുന്ന ഈ കുട്ടികള്‍.
ഇടക്കിടെ ക്ലോക്കു നോക്കിയും
നീണ്ടു പോയ വരി
വെട്ടി നന്നാക്കിയും
ചില വാക്കുകള്‍ക്ക് പകരം
മറ്റെന്തെങ്കിലും
വെക്കാമോയെന്ന് ശ്രദ്ധിച്ചും.
അവരുടെ കവിതകള്‍
വിരിഞ്ഞുണര്‍ന്നതല്ല
അവയിലൊന്നു പോലും
വിപ്ലവം സ്വപ്നം കാണുന്നുണ്ടാവില്ല
ഒരു വിധി നിര്‍ണ്ണയത്തിന്റെ അപ്പുറം
അവയില്‍ മിക്കതും ജീവിക്കുക പോലുമില്ല.
പാവം കവിതകള്‍ എന്ന്
അവയെ വിളിച്ച്
കവിതയെഴുതുന്നവരെക്കുറിച്ചുള്ള
ഈ കവിത
അവസാനിപ്പിക്കാം