വടകരക്ക്
ഇപ്പോള്‍ ബസ്സുണ്ടോ
ആയഞ്ചേരിക്കുള്ള
ഗ്രീന്‍ സ്റ്റാര്‍ പോയോന്ന്
റോട്ടിലിറങ്ങി
നില്പുണ്ട് പീടികകള്‍
റോഡ്കിംഗ് രാവിലെയും
വീണ വൈകുന്നേരവും
പലവട്ടം പോയും വന്നും കഴിഞ്ഞു
അതിനിടെ
ഞങ്ങള്‍
സ്കൂളില്‍ പോയി
തെക്കു വടക്കു നടന്നു
ബാക്കിയുള്ളവര്‍
കുരുത്തക്കേടു പാസായി
പാസ്പൊട്ടെടുത്തു
ഗള്‍ഫില്‍ പോയി
പണക്കാരായി
തിരിച്ചെത്തി
മുഹമ്മദിന്‍റെ തുണിപ്പീടിക
ഫാഷന്‍ സ്പോട്ടായി
മൊയ്തീന്‍റെ അന്നാദിക്കട
സൂപ്പര്‍ മാര്‍ക്കറ്റായി
മുനീരിന്‍റെ
ചെരിപ്പു പീടിക
മാത്രമുണ്ട്
പടിക്കു പുറത്തുവച്ച
ചെരിപ്പു പോലെ
ആരും
തട്ടീവീഴ്ത്താതെ
ലത്തീഫിന്‍റെ
തുന്നല്‍ പ്പീടികയുമുണ്ട്
കൂട്ടിന്
ഓരോ
പെരുന്നാളിനും
ഉടുപ്പിടുവിച്ചു കൊണ്ട്,
-അവന്‍റെ
അളവു ബുക്കിലൂടെയാണ്
പെങ്ങളു പോലും
വളര്‍ന്നതും വയസ്സറിയിച്ചതും.
ഇപ്പോഴും
നിരത്തിലിറങ്ങി
അടുത്ത ബസ്സിന്
പൊയാലോ എന്നു നില്‍പ്പാണ്
അങ്ങാടി,
അടിപിടിയുണ്ടാക്കിയും
തീവച്ചും
നോക്കിയതാണ്
എന്നിട്ടും
എങ്ങും
പോയിട്ടില്ല ഇതു വരെ.