Showing posts with label ഉപ്പിലിട്ടത്- മാതൃഭൂമി ബുക്സ്. Show all posts
Showing posts with label ഉപ്പിലിട്ടത്- മാതൃഭൂമി ബുക്സ്. Show all posts

ഉപ്പുനീരിട്ടുവച്ച കാഴ്ചകൾ


‘ഉപ്പിലിട്ടതി’നെഴുതിയ അവതാരിക

ചെമ്മാട് ദാറുൽഹുദാ ഇസ്ലാമിക് അക്കാദമിയിലെ വിദ്യാർത്ഥിയായിട്ടാണു റഫീക്കിനെ ഞാനാദ്യം കാണുന്നത്. 'നീയാവില്ല നിന്നെക്കുറിച്ചുള്ള എന്റെ വാക്കൊന്നും' എന്ന് എഴുതാൻ വിധം കവിത പ്രാണനിൽ കലങ്ങിയ ഒരു ചെറുപ്പക്കാരനാണ് അവനെന്ന് എനിക്കന്നു തോന്നിയില്ല. 'വെളിച്ചത്തിന്റെ മഷി കൊണ്ട് സ്വപ്നത്തിൽ വരക്കുന്ന'ലഹരിയിൽ അവൻ പതിവായി പുസ്തകങ്ങളും സാഹിത്യ സന്ധ്യകളും തേടി നടന്നു. ഇഷ്ടപ്പെട്ട എഴുത്തുകാരെ തേടി അവരുടെ വീടുകളിൽ സങ്കോചമില്ലാതെ കയറിച്ചെന്നു. പിന്നീട് ദാറുൽ ഹുദാ വിട്ടു പത്രപ്രവർത്തനവുമായി കോഴിക്കോട് നഗരം ചുറ്റാൻ തുടങ്ങി. ആയിടക്ക് ഇടക്കു ചില മാസികകളിലൊക്കെ റഫീക്കിന്റെ കവിതകൾ വന്നു തുടങ്ങിയിരുന്നു. പലപ്പോഴും രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എന്റെ വീട്ടിൽ വരികയും പുസ്തകങ്ങൾക്കിടയിലൂടെ അരിച്ചു നടക്കുകയും ചെയ്തിരുന്ന ഗുണവാനും സുന്ദരനുമായ ആ ചെറുപ്പക്കാരൻ അവനെഴുതിയ കവിതകളെ പറ്റി എന്നോടു മിണ്ടിയില്ല. 
അവ മാസികകളിൽ കണ്ടിട്ടും ഞാൻ ചോദിക്കാനും പോയില്ല. 
കവിതയുടെ വരവ് കൂടിയപ്പോൾ, പിന്നീട് അവൻ ഉമ്പാച്ചി എന്ന പേരിൽ ബ്ലോഗിൽ ഒട്ടേറെ കവിതകളെഴുതി വായനക്കാരെയും സ്‌നേഹിതരേയും ഉണ്ടാക്കി. ഞാനൂഹിക്കുകയാണ്, റഫീക്ക് സനദ് നേടി മതപുരോഹിതനായിരുന്നുവെങ്കിൽ കവിത കൂടടച്ച് അകത്തിരുന്നേനെ. അല്ലെങ്കിൽ നല്ല കവിതകളെഴുതുന്ന ഒരു 'ഖത്തീബോ' 'മുസ്ല്യാരോ' ഉണ്ടായേനെ. ഇപ്പറഞ്ഞത് സാധ്യത മാത്രമാണ്. അതുകൊണ്ടാണ് ആ വഴി ഉപേക്ഷിച്ച് രണ്ടാമത്തെ വഴിയിലേക്ക്, കവിതയുടെ പുറം വഴിയിലൂടെ പോകാൻ റഫീക്ക് തീരുമാനിച്ചത്. കവിത പ്രാണനിൽ കലർന്നു പോകുകയും കാവ്യകലയുടെ സൂക്ഷ്മശക്തികൾ വിധിനിർണയിക്കുകയും ചെയ്യുന്ന ഒരാന്തരിക പ്രപഞ്ചത്തിലേക്കു അങ്ങനെ റഫീക്ക് പ്രവേശിച്ചു. ഇത്തരത്തിൽ റഫീക്കിന്റെ കവിതകളുണ്ടാക്കുന്ന വിചാരങ്ങളെ പറ്റി പറയാൻ റഫീക്കിന്റെ 'സാന്റ്‌പേപ്പർ' എന്ന കവിത വായിക്കാം:

'പെങ്ങൾക്കു കല്യാണം നിശ്ചയിച്ചതോടെ
ചുമരുകളാകെ 
വെള്ള വലിപ്പിക്കുകയാണുപ്പ
വാതുക്കലെ കട്ട്‌ള ഉരച്ചുരച്ച് 
വെളുപ്പിക്കുകയാണുമ്മ
ഓഫീസിലേക്കൊരുങ്ങുന്ന എനിക്കും കാണാം
തെളിഞ്ഞുവരുന്നുണ്ട് കട്ട്‌ളപ്പടിയിൽ

മൂത്തപെങ്ങളുടെ മൂക്ക് പിഴിഞ്ഞ്
കോന്തലയിലും ചുമരിലും
ഉമ്മവിരൽ തുടച്ച മൂക്കട്ടയുടെ ബാക്കി

പരമേശരനാശാരി തട്ടിച്ച
മുഴക്കോലിന്റെ വക്ക്
നാട്ടുകാരുടെ ഊരവേദനക്ക്
മൂത്തുമ്മ കാച്ചിയ
തൈലങ്ങളുടെ മണം

എളാപ്പ കുവൈത്ത്ന്ന് വന്നന്ന്
ചവച്ചു തുപ്പിയ
സ്റ്റിക്കർമുട്ടായികളുടെ പശ

ഉപ്പാപ്പയെ പുറത്തേക്കെടുക്കുമ്പൊൾ
ഉമ്മാമയുതിർത്ത
നെടുവീർപ്പുകളുടെ കനം

ഉരക്കുകയാണുമ്മ
തെളിഞ്ഞു മായുകയാണോരോന്ന്

തേപ്പുകാരുണ്ട് ചോദിക്കുന്നു
സാന്റ്‌പേപ്പറുണ്ടോ
അതു മാത്രം ഓൻ മറന്നതെന്തെന്ന്
ഉമ്മ ഉറക്കെ ഉരച്ച് നോക്കുന്നുണ്ടെന്നെ

ഉരക്കടലാസ് മതിയെങ്കിൽ ഇതാന്ന്
സമാധാനിപ്പിക്കുന്നുണ്ടവരെ

തേപ്പുകാരുണ്ട് ചിരിച്ച്
ഉമ്മാന്റെ കയ്യിലെ സാന്റ്‌പേപ്പര്‍ വാങ്ങി 
ജനലുകളുരക്കുന്നു.’

ഒരു മുത്തുമാല കോർക്കുന്ന സൂക്ഷ്മതയോടെയാണ് റഫീക്ക് ഈ കവിതയിൽ വാക്കുകൾ എടുത്തു വച്ചിരിക്കുന്നത്. എന്നാൽ, മുത്തുമാല പോലെ വലിച്ചാൽ പൊട്ടുന്നതല്ല കാവ്യഘടന. ഓരോ വായനയും കൂടുതൽ ദൃഢമാക്കുന്ന ജൈവ വികാസം ഇതിലുണ്ട്. ഓരോ സന്തോഷത്തിലും വെള്ളതേച്ചും ഉരച്ചു മിനുസപ്പെടുത്തിയും പുത്തനാക്കുന്ന നമ്മുടെ വീട്. മാഞ്ഞു പോയ വർഷങ്ങൾ കവി ഉരച്ചെടുക്കുന്നു. ഓരോ ഉരയ്ക്കലിലും തെളിഞ്ഞു വരുന്നുണ്ട് പഴയതെല്ലാം. തെളിയുന്നതോ നിൽക്കുന്നില്ല, അവ വീണ്ടും മായുന്നു. ഓരോന്നു മായുമ്പോഴും അതിലും പഴയ മറ്റൊന്നു തെളിയും.
ഇപ്രകാരം കാലത്തെ ഉരച്ചു നോക്കുന്ന വിദ്യയാണ് കവിത. വാക്കിനേയും അർത്ഥത്തേയും ഒന്നുരച്ചു നോക്കുന്നു. ഉരക്കടലാസ് സാന്റ്‌പേപ്പറാകുന്നതും സാന്റ്‌പേപ്പർ ഉരക്കടലാസാകുന്നതും അങ്ങനെയാണ്. നേർത്ത പുഞ്ചിരിയോടെ നാം വായന പൂർത്തിയാക്കുന്നു. ആരെ ഓർത്താണു വായനക്കാരൻ മന്ദഹസിക്കുക. സാന്റ്‌പേപ്പർ എന്ന ഇംഗ്ലീഷ് വാക്ക് കിട്ടാത്ത ഉമ്മയോടോ, ഉരക്കടലാസ് എന്ന മലയാളം മറന്നു പോയവരോടോ? അതോ പെങ്ങളുടെ കല്യാണമോർത്ത് ഓഫീസിലേക്കു പായുന്ന അവനെയോ?

കാലം എത്രയോ കാര്യങ്ങൾ മൂടിക്കളയുന്നു. ഒരു നിമിഷം നാമറിഞ്ഞു എന്നു തോന്നിയ വാക്കു പോലും തൊട്ടടുത്ത സമയം നമ്മെ പരിഗണിക്കാതെ മായുന്നു. പതിവുവിനിമയം പോലും സ്തംഭിപ്പിക്കും വിധം, ആശയക്കുഴപ്പം നെഞ്ചുരുക്കും വിധം ചിലപ്പോൾ നമ്മുടെ വാക്കുകൾ മാറിമറിഞ്ഞു പോകുന്നു. പുതിയതു വരുമ്പോൾ പഴയത് എവിടെപ്പോകുന്നു എന്നറിയാൻ ഉരച്ചുനോക്കുക തന്നെ വേണം. അവ തിരിച്ചുകൊണ്ടുവരാനായില്ലെങ്കിലും അതവിടെ ഉണ്ടായിരുന്നു എന്ന ഓർമ്മയ്ക്കു വേണ്ടിയെങ്കിലും. നാട്ടിൻ പുറത്തെ പഴയ സിനിമാ ടാക്കീസിനെ കുറിച്ച് റഫീക്ക് വേറെ ഒരിടത്ത് എഴുതുന്നുണ്ട്. 'അരിയല്ലൂർ ശാന്തി'എന്ന കവിതയിൽ ഉച്ചപ്പടം കാണാൻ പോകുന്നതിന്റെ കഥയുണ്ട്. ഉച്ചപ്പടങ്ങളോ ടാക്കീസുകളോ ഇല്ലാത്ത പുതിയ കാലത്ത് പഴയ ടാക്കീസിന്റെ മണവും ചൂടും ഭാവനയും ഉണരുന്നു. എത്ര മോഹിച്ചാലും തീരാത്ത മദങ്ങൾ:

'വിശപ്പു മാറില്ല പൂതിയും തീരില്ല
നീ കാണിച്ചതും
കൊതിപ്പിച്ചതുമെല്ലാം'

ഉച്ചപ്പടങ്ങൾ ഓടുന്ന ടാക്കീസ് തേടി ബസുകൾ കയറിയും വഴികൾ ചവിട്ടിയും പോയിരുന്നു. ആ കുളിപ്പുരയുടെ മറയ്ക്കപ്പുറം ഇപ്പോഴും നീ നനഞ്ഞു നിൽക്കയാണോ എന്ന കൗമാര വിചാരത്തിന്റെ ആകാംക്ഷയാണ്. അത്തരം കൗമാരാനുഭവങ്ങളുടെ കേന്ദ്രമായിരുന്ന ടാക്കീസുകളും അവിടേക്കുള്ള കൂട്ടം ചേരലുകളും നിലയ്ക്കുന്ന കാലമായതിനാൽ കുറേ വർഷങ്ങൾക്കു ശേഷം റഫീക്ക് ഈ കവിതയിൽ വിവരിക്കുന്ന അനുഭവവും വിചാരവും ദുർഗ്രഹമായിത്തോന്നാം. അർത്ഥം തിരിയാത്ത ഇതേ അമ്പരപ്പ് 'കുമരനെല്ലൂരിലെ കുളങ്ങളി'ലെത്തുമ്പോഴും ഉണ്ടായേക്കാം. അത് പണ്ടു പലവട്ടം പോയ കൂട്ടുകാരന്റെ വീട്ടിനടുത്തുള്ള കുളത്തെ പറ്റിയാണ്. കുളിയും അലക്കും കൂട്ടവുമായി ഒരു കുളത്തിന്റെ രേഖാചിത്രം; അവിടത്തെ ചലനങ്ങൾ, അടയാളങ്ങൾ, വീർപ്പുമുട്ടലുകളെല്ലാം ഓർമയുടെ പടവുകളേറി ഈറൻകൊണ്ടു വരുമ്പോൾ -കുളങ്ങൾ കണ്ടിട്ടേയില്ലാത്ത, ഒരു വട്ടം പോലും കുളത്തിൽ മുങ്ങിക്കുളിച്ചിട്ടില്ലാത്ത, കൽ‌പ്പടവിൽ ഉപ്പൂറ്റി തേച്ചു മിനുക്കാത്ത ഒരു വായനക്കാരൻ ഈ കവിതയെ എന്തു ചെയ്യും..?

സാധാരണ ജീവിതത്തിന്റെ പതിവുകൾക്കൊപ്പം നാം കൊണ്ടു പോയ ഒട്ടേറെ വസ്തുക്കളും സന്ദർഭങ്ങളും റഫീക്കിന്റെകവിതയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സേഫ്ടി പിന്നിനെക്കുറിച്ച് റഫീക്കിന്റെ കവിതയുണ്ട്. 'മുള്ളൂശി' എന്നാണ്കവിതയുടെ പേര്. മുള്ളൂശി സേഫ്റ്റിപിന്നിനുള്ള ഗ്രാമീണ പദമാണ്. 'വളഞ്ഞ നട്ടെല്ലിനാൽ കൂനി നിൽക്കുന്ന ജീവി'യാണത്. 'അലക്കു കല്ലിനു താഴെ എത്ര നാൾ വേണമെങ്കിലും മുനപ്പെട്ടു കിടക്കും'. 'ചുണ്ടുകൾ വച്ചു പൂട്ടിയാൽ സാധു/ നോക്ക്, എന്നെ മൂപ്പിക്കണ്ട/ഞാൻ കുത്തും എന്നു പറയുകയേയുള്ളൂ/കുത്തുകയേയില്ല' എന്നാണ് മുള്ളൂശിയുടെ ആത്മഗതം. അതൊരു പെങ്ങൾ/പെൺ കുട്ടിയാണെന്നാണ് കവി യുടെ തോന്നൽ. കാമുകി ഉപയോഗിച്ച വസ്തുക്കൾ ഓരോന്നായി, ഒറ്റക്കമ്മലും ഹെയർപിന്നും അടക്കം എടുത്തുവച്ച് അതൊരു മ്യൂസിയം ആക്കുന്ന പുരുഷനെ നാം ഓർഹൻ പാമുക്കിന്റെ 'മ്യൂസിയം ഓഫ് ഇന്നസൻസ്' എന്ന നോവലിൽ വായിക്കുന്നുണ്ടല്ലോ. ഒരു വസ്തു മനുഷ്യന്റെ ഓർമകളുടെയും അനുഭവങ്ങളുടെയും മനോഭാവങ്ങളുടെയും സൂചകങ്ങൾ ആകുന്നതിന്റെ സങ്കീർണമായ മനോനില നാം മനസ്സിലാക്കുന്നു. എന്നിട്ടും നാം ഒന്നും എടുത്തുവെക്കാറില്ലല്ലോ. 

റഫീക്കിന്റെ കവിതയിൽ കണ്ട ഒരു ചിരവയെ നോക്കൂ: 'അടുക്കള വാതിലിന്റെ /മറവിൽ നിന്ന്/ചെവിക്കു പിടിച്ച്/ഇറക്കി/കാലിണകളിൽ കൊണ്ടു നിർത്തി/പൂപോലുള്ള മുഖമൊന്നു തടവും/തല ഉയർത്തി നോക്കും ഉമ്മയെ/തേങ്ങാമുറിയിൽ നിന്ന്/പൂ തൊഴിയുന്നതും നോക്കി/നിൽക്കുകയാകും/അമ്മിയും അതിന്റെ കുട്ടിയും'. അടുക്കളയുടെ മനസ്സും അടുക്കളക്കാരിയുടെ സ്പർശവും കലർന്ന് അധിക നിറങ്ങളൊഴുകാത്ത ഒരു എണ്ണച്ചായച്ചിത്രമാകുന്നു ഈ കവിത. കേരളീയ ജീവിതത്തിന്റെ മിടിപ്പുകൾ പടരുന്ന ഇത്തരം വസ്തുക്കൾ കൊണ്ടു തീരുന്നില്ല റഫീക്കിന്റെ കവിത. മറ്റൊരു കവിത കണ്ണിമയെപ്പറ്റിയാണ്:'ഈ ലോലചർമ്മങ്ങൾ/തമ്മിലൊന്നു തൊട്ടാൽ മതി/സൂര്യൻ കെട്ടു പോകും. ഏതു നേരവും/നിസ്സാരമായി തുറക്കുന്നവ/ഒരിക്കലെന്നേക്കുമടയുമെന്ന/സൂചന തരുന്നതിനോ മുഖം/കണ്ണുകളെ ഈ ചെപ്പിൽ/ഉപ്പുനീരിട്ടു വച്ചത്' എന്ന് ചേദിക്കുന്ന കവി, മിഴികളെ കാഴ്ചയുടെ അപ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ തിടുക്കപ്പെടുന്നു. കവിക്കറിയാം വീടുപേക്ഷിച്ചു പോകുന്നവരും മറ്റൊരു വീടിനകം ഒതുങ്ങുന്നതു പോലെ, പുതിയ കാലത്തിന്റെ പരപ്പിലേക്ക് നാമെല്ലാം ഒടുങ്ങുന്നു. വസ്തുക്കളേയും ഇടത്തേയും ഉപേക്ഷിക്കാതെ കഴിയില്ല. എന്നിട്ടും വിട്ടു പോകാത്ത വാക്കുകളേയോ? മറ്റൊരാൾക്കും പൊരുളറിയാത്ത, അറിയുന്നവരുടെ എണ്ണം കുറഞ്ഞേവരുന്ന ഒന്നാണോ കവിതയിലുള്ളത്?

'ഉന്മാദത്തിൽ പണിത വീടുകളാണ്
സ്വപ്നത്തിൽ വച്ച വീടുകളേക്കാൾ
ജീവിതത്തിന്റെ വസതി' എന്ന് റഫീക്ക് എഴുതുന്നത് ഇതുകൊണ്ടാകാം; സ്വന്തം വീട് തിരിച്ചറിഞ്ഞ്. ഈ പുസ്തകത്തിലുള്ള റഫീക്കിന്റെ കവിതകളിലേറെയും അവന്റെ ബ്ലോഗിൽ വന്നവയാണ്. ബ്ലോഗിലെ വായനക്കൂട്ടം മുമ്പേ വായിച്ചു സ്വന്തമാക്കിയവയാണെങ്കിലും പലതും അച്ചടിത്താളിൽ ഇതാദ്യമാണ്. ഈ സമാഹാരം കയ്യിലെടുത്താൽ അതിനാലൊരു പുതുമണം പരക്കുന്നുണ്ട്. അകം നിറയുന്ന സന്തോഷത്തിന്റെ സൗരഭ്യം. ആദ്യം കണ്ട നിഴലിനെ പൂ നുള്ളുന്ന പെൺകുട്ടിയായി മാറ്റിയെടുക്കുന്ന ഉച്ചനേരത്തെപ്പറ്റി റഫീക്ക് ഒരു കവിതയിൽ എഴുതിയത് ഓർക്കുന്നു. എനിക്കിഷ്ടമായ ഒരു സന്ദർഭം. സംഭാഷണമില്ലാത്ത സിനിമയിലെ നിഴലും വെളിച്ചവും കലർന്ന കാഴ്ചത്തിരകൾ. ദൂരെ ഒരിടത്തെ ഒരു വീടിന്റെ തിണ്ണയിലേക്ക് ഞാനും പോകുന്നു, ഈ പുസ്തകവുമായി:
'കോലായിലിരുന്നു കാണാം
ഒരു നിഴലുണ്ട് നടന്നു പോകുന്നു
പറമ്പിനപ്പുറം
അരമതിലിലെ തണലിനും
കാറ്റിനുമപ്പുറം'...