വൈകുന്നേര കവിത

വൈകീട്ട്‌
തൊട്ടു താമസിക്കുന്ന വീട്ടിലെ
കുട്ടി വന്നിട്ട്‌
കാലു പിടിക്കുന്നൂ
അവനൊരു കവിത വേണം
അരപ്പായ
വെള്ളക്കടലാസുമായ്‌
അവന്റമ്മയും വക്കാലത്തിന്‌

കൈ കഴുകീട്ട്‌
തുണി കൂട്ടി തൊടണമത്രയും
നല്ലവളയല്‍ക്കാരി
ചോദിച്ചിട്ടൊരു
കവിത കൊടുക്കാത്തവനെന്തു
കവിതക്കാരനിടവലക്കാരന്‍

'രാവിലെ'യാണു
ടീച്ചറു കൊടുത്ത വിഷയം
എന്തെഴുതാനാണു ഞാന്‍
കവിതയാക്കാമോ രാവിലത്തെ
വെളുപ്പിനെ,തിരക്കിനെ
കവിത തേടുന്നവരും
കൂടെ ഞാനും, മുന്നില്‍ കാണാം
വെളുത്തു വരുന്നൊരു ലോകം

"രാവിലെ"

എത്ര വിളിച്ചാലുമുണരാ
മരങ്ങളെ
നെറും തലയില്‍
വെള്ളമിറ്റിച്ചുണര്‍ത്തിയതാണാകാശം
ഇലകളിലുണ്ടതിന്‍ കുഞ്ഞുനനവ്‌

മരക്കൊമ്പില്‍ പിന്നെയും
തല ചായ്‌ച്ചുറങ്ങൂന്നൂ വെയില്‍
ചില്ലകള്‍ വീശിക്കുടഞ്ഞ്‌
ഉണര്‍ന്നു വരുന്ന കിളികളെ
പല്ലു തേപ്പിക്കുകയാണു കാറ്റ്‌
കാറ്റിലവയുടെ കുഞ്ഞുവാമണം

സ്‌കൂളില്ലിവര്‍ക്കൊന്നും
അതാവുമിത്ര പെട്ടന്നെല്ലാരും
കണ്ണു തിരുമ്മി എഴുന്നേറ്റത്‌...

കേല

വെളിച്ചത്തിന്റത്ര
സുതാര്യമായ
മഷി നിറച്ചു വച്ചിട്ടുണ്ട്
തലക്കകത്ത്
സ്വപ്നങ്ങൾ വരക്കുന്നതിന്

ഉറക്കത്തിൽ തിരിഞ്ഞും മറിഞ്ഞും
കിടക്കുന്നേരമുള്ള
ഇളക്കത്തിൽ തട്ടി മറിയുന്നതാണ്
നിറച്ചു വച്ചൊരാ മഷിപ്പാത്രം

സ്വപ്ന ജീവിയായ
ഒരു കലാകാരനു മാത്രം
വരക്കാനാകുന്ന
നേർത്ത നിറപടങ്ങൾ കോറുന്നതാണ്
തല ഇണയിലന്നേരം

ഭൂമിയിലില്ലാത്ത
ദേശങ്ങളുടെ ഭൂപടങ്ങൾ
ആകൃതി ഭംഗം വന്നു
ഭംഗിയായ നിലങ്ങൾ
മോഹനിദ്രയിലെ റിപ്പബ്ലിക്കുകൾ
തല ചായ്ച്ചിടങ്ങളിലെല്ലാം
നിറം കെട്ടവയ്ക്കു മീതെ
വെളിച്ചത്തിന്റെ സൂചന, രചന

കിടക്കവിരിയിൽ മെഴുക്കു പുരട്ടുന്ന
ഈ ഒലിച്ചിറക്കമാണു
സത്യത്തിൽ സ്വപ്ന സ്ഖലനം
കൂട്ടു കിടക്കുന്ന ഇണ
തലയിണയായ കാരണം
ആ പേരും കിട്ടിയില്ലെന്നു മാത്രം

വിശന്നുറങ്ങുന്നവന്റെ ദ്രവം
സ്വപനത്തിൽ പൊടിച്ച മരങ്ങളുടെ നീര്
വെയിലത്തു വിയർക്കുന്നവന്റെ രക്തം
അവർണ്ണം ദുർമണം
മറ്റേത് വിശപ്പറിയാത്തവന്റെ ദ്രവ്യം ശുക്ലം


തലക്കകത്തെ വെളിച്ചത്തിന്റെ മഷിയാണ്
സ്വപ്നങ്ങൾ വരക്കുകയായിരുന്നു
തട്ടി മറിഞ്ഞതാണ്
പതുക്കെ പരന്നതാണ്, പതിഞ്ഞതാണ്
ക്ഷമിച്ചേക്കണം...ബൂലോകകവിതയുടെ അരാജ്യകകവിതകൾ ലക്കത്തിൽ നിന്ന്.

റഹ്‌മാനിയ.എച്ച്.എസ്


........................................
അതു കൊണ്ട്‌
ലോകത്തിലെ ഏറ്റവും വലിയ വീടേതാണ്‌?
വീടിന്റെ മുറ്റം പെങ്ങന്മാര്‍
അടിച്ചു വാരുന്നു
കോലായ അമ്മമാര്‍ തുടക്കുന്നു
വണ്ണാമ്പല നിങ്ങള്‍ തട്ടുന്നു
നമ്മുടെ വലിയ വീടാണ്‌ സ്‌കൂള്‍
അതാരു വൃത്തിയാക്കും?
കുറിയ വാചകങ്ങള്‍ക്കു ശേഷമുള്ള
ശാരദട്ടീച്ചറുടെ ചോദ്യം
ഒറ്റക്കെട്ടായ 4 B യുടെ ഉത്തരം:
റഹ്മാനിയ LP

ലോകത്തിലെ ഏറ്റവും ചെറിയ ദിനേശ്‌ ബീഡി ഏതാണ്‌
ടീച്ചര്‍ ക്ലാസില്‍ നിന്നിറങ്ങിയ ശൂന്യതയില്‍
കുഞ്ഞിമ്മൂസയുടെ ചോദ്യം
ശാരദട്ടീച്ചര്‍
ഒറ്റക്കെട്ടായ 4 B അപ്പോള്‍ രണ്ടു പക്ഷമാകും
പെണ്‍കുട്ടികള്‍ വിട്ടു നില്ക്കും 

ലോകത്തിലെ ഏറ്റവും വലിയ സ്‌കൂള്‍
റഹ്മാനിയ HS
ഒരു ചെറിയ കണ്ടം നിറയെ LP
നാലഞ്ചു പറമ്പുകളില്‍ UP
നിരത്തിനോട്‌ ചേര്‍ന്ന്
ലേശം മുതിര്‍ന്ന പോലെ HS
ഒത്ത നടുക്ക്‌ വലിയ മൈതാനം
പടിഞ്ഞാറേ മൂലക്ക്‌ 
കൂറ്റന്‍ സ്റ്റേജ്‌, അതില്‍ 10 A

4 B യില്‍ നിന്ന്‌ ജയിച്ചത്
ആദ്യം ദുഖമായി
അജ്‌മലിനും കുഞ്ഞിമ്മൂസക്കും 
നടുക്ക്‌ നിന്ന്‌ പോന്ന്‌
പ്രകാശനും വിനോദനും ഇടയിലായി

അവര്‍ കോമത്തെ LP ക്കാര്‍
ബാലമംഗളവും ബാലരമയും വായിക്കുന്നവര്‍
മലര്‍‌വാടി കണ്ടിട്ടേയില്ല
പതുക്കെ ഡാക്കിനിയെ
അവരു വെറുക്കുന്ന പോലെ ഞാനും വെറുത്തു
പൂച്ചപ്പോലീസിനെ എന്നെ പോലെ
അവരും സ്‌നേഹിച്ചു
ഞങ്ങള്‍ കുഞ്ഞുണ്ണി മാഷും കുട്ട്യോളുമായി

ക്ലാസ്സ് തുടങ്ങിയപ്പോള്‍
5 C
മലയാളം എടുത്തവരും
അറബിക്കിനു പോകുന്നവരുമായി
സംസ്‌കൃതത്തിനും ചേര്‍ന്നു മൂന്നു പേര്‍
മലയാളം ക്ലാസില്‍ തന്നെ നടക്കും
അറബിക്കിന്‌ 5 A യിലേക്ക്‌ പോകണം
മൂന്നു ഭാഷകള്‍ ചേര്‍ന്ന്
സ്‌കൂളു മൊത്തം കലപിലയാക്കി

അറബിക്കിനു ചേര്‍ന്നവര്‍
ഉച്ചക്കു വിട്ടാല്‍ കുഞ്ഞോള്ള മാഷിനൊപ്പം
പള്ളിയില്‍ പോയി
പത്തര വരേ മാഷ്‌ മദ്രസയിലെ ഉസ്‌താദ്‌
മദ്രസ വിട്ടാൽ മാഷ്‌
അല്ലാത്തപ്പോള്‍ മുന്‍‌ഷി
നിസ്‌കാരം നിര്‍‌ബന്ധമാക്കിയത്
അല്ലാഹുവല്ല മുന്‍‌ഷിയായായിരുന്നു

സ്‌കൂളതിരിനോട്‌ ചേര്‍ത്തു തുന്നിയതായിരുന്നു
നിസ്‌കാരപ്പള്ളി
ചെറുപ്പം കണ്ടാല്‍ നിസ്‌കാരപ്പള്ളാന്നു
വിളിക്കാന്‍ തോന്നും
മുറ്റത്തൊരു കുഞ്ഞു കിണറുണ്ട്‌,
തൊട്ടിയും കയറും വീണാല്‍ ഇറങ്ങി എടുക്കാം

കുടിവെള്ളമെടുക്കുന്നവര്‍ക്കും
ചോറ്റു പാത്രം കഴുകുന്നവര്‍ക്കും
ഇടയിലൂടെ
നിസ്‌കരിക്കുന്നവര്‍ ആദ്യം
*ഒളുവര്‍പ്പിക്കണം
കിണറ്റിന്‍ കരയിലെ പെണ്‍‌കുട്ടികള്‍ മാറി നില്ക്കും 
സ്‌ത്രീ പുരുഷന്മാരുടെ
തൊലി തമ്മില്‍ ചേര്‍ന്നു കൂടാ

നിസ്‌കാരം കഴിയുന്നതു വരെ
*തലക്കാമ തുടങ്ങാതെ
പ്രകാശനും വിനോദനും കാത്തു നില്ക്കും 

എല്ലാ സ്‌കൂളുകളിലേയും പോലെ
ഞങ്ങളുടെ സ്‌കൂളിലും 
ടി.സി യിലെഴുതിയ മാതിരി
ഹിന്ദുമതവും
ഇസ്ലാം മതവുമുണ്ടായിരുന്നില്ല.


*ഒളുവര്‍പ്പിക്കുക: നിസ്കാരത്തിനു മുമ്പുള്ള അംഗസ്നാനം.ആരാധനയായതിനാലാകണം ഒളു എടുക്കുകയെന്ന് പറയുന്നതിനു പകരം ഒളു അര്‍പ്പിക്കുകയെന്ന് മുമ്പ് പറഞ്ഞിരുന്നു നാട്ടില്‍.

*തലക്കാമ: കുട്ടിക്കാലത്തെ ഒരിനം ഓലപ്പന്തു കളി

കവികൾ നേരിൽ


ആന ബസ്സിനു പാലക്കാട്ടേക്ക്
ഒരു പേമഴക്കാലം
കവിത ചോദിച്ച് ട്രഷറിയാപ്പീസിൽ
ഫയലുകൾക്ക് മീതെ കവി
വയലുകൾക്കു മീതെ നോക്കി
മഴ വരമ്പിലിരുന്നുറങ്ങും തവള

കവിത തന്നില്ല
ചായ തന്നു
സിഗരറ്റ് വേണോന്നു ചോദിച്ചു
ഫ്രീയായിത്തന്നുപദേശം
ചങ്ങാതിക്കവിയെച്ചെന്നുകാണുക
"അവനെന്നേക്കാൾ അടക്കമൊതുക്കം കാവ്യശീലം"

അപ്പോൾ എന്റെ കേരളം വരക്കുന്ന
ഭാസ്കരനുദയം ചെയ്തു
ഉച്ച
ജീൻസ് ബുൾ ഷർട്ടിൽ
അംബാസഡർ കാറിൽ
കവി കൂടെ കോട്ട കാണാൻ പോയി

മടക്കത്തിൽ മറ്റേ കവിയുടെ ഗേറ്റിൽ
"ഇതു കവിയുടെ വീടാണോ?"
പുറത്തേക്കു വന്നതിൽ തിടുക്കത്തിൽ
ഒരു നോട്ടം അകത്തേക്കു പാഞ്ഞു

ചോദ്യം മാറ്റി
"കവി ഇവിടുണ്ടോ?"
മറുപടിയായിക്കവി
കട്ടിക്കണ്ണട നല്ല ആൾമറ.

മ്യാവൂ വാദി


പഴഞ്ചൊല്ലുകളെ അതിജീവിക്കുക
പൂച്ചകൾക്കും ദുഷ്ക്കരം തന്നെ
അടച്ചിട്ട മുറിയിൽ തല്ലരുതെന്നതു വെറുതേ,
പുറത്ത് കതകിൽ നഖമുരസി
അതിന്റെ ഇണ 
വിരഹത്തിന്റെ കടമ്പ ചാടിക്കടക്കാൻ ശ്രമിച്ചു
അത്രമാത്രം
ഏതു വീഴ്ചയിലും പൂച്ച നാലുകാലിൽ
എന്നതും മാധ്യമസൃഷ്ടി
ആദ്യ പ്രഹരത്തിൽ തന്നെ
ചത്തുമലച്ചു
ഇരുമ്പുപല്ലുകൾ ഉണ്ടായിരുന്നെങ്കിൽ
നിന്നെ ഞാൻ എന്നൊരു നോട്ടത്തോടെ
കണ്ണുകൾ തുറന്ന് പിടിച്ച്
ചത്തിട്ടും അതിന്റെ നാട്യം
ചതിക്കൂട്ടിൽ വീണ നരിയെന്ന്, സാധു.

കുട്ടികൾ കണ്ട് ഭയക്കാതിരിക്കാൻ
ചാക്കിൽ കെട്ടി പുഴയിലേക്കെറിഞ്ഞു

അതിനെ ചാക്കിലാക്കി
ഈ വീട്ടിലേക്ക് കൊണ്ടുവന്നത്
നരിയെന്ന് പറഞ്ഞു വിശ്വസിപ്പിച്ചത്
പരാക്രമങ്ങളിൽ കണ്ണിറുക്കിയത്

ഇപ്പോൾ ഒരു ചാക്കു കെട്ടിൽ പാവം
അധികം ജലമില്ലാത്ത ഒരൊഴുക്കിന്റെ മുതുകിൽ
തുള്ളിക്കളിച്ച് കൊണ്ട് അതിന്റെ ശവം
ദൂരെ മുഴങ്ങുന്ന അപായത്തിന്റെ സൈറൺ
അതിന്റെ കരച്ചിൽ
കാലിൽ തൊട്ടുരുമ്മി
ഉള്ളിലേക്കരിച്ച് കയറി എന്റെ ഭയം.

കാവ്യപൂർവ്വം

"ഒപ്പര"ത്തിലെ കുറേ കവിതകൾ
പുസ്തകരൂപം നേടി
മറ്റൊരു ജീവിതം തുടങ്ങിയതറിഞ്ഞിരിക്കുമല്ലോ,
യു.എ.ഇയിലുള്ള കൂട്ടുകാർക്കെങ്കിലും
പുസ്തകം നേരിൽ നൽകാനാകും.
എത്തിച്ചേരുന്നതിനുള്ള വഴി പറഞ്ഞാൽ
"തിരുവള്ളൂരി"നെ അങ്ങോട്ടയക്കാം,
കൂടെ പറ്റിയാൽ ഞാനും വരാം.
വിളിക്കുമല്ലോ, എഴുതുമല്ലോ,
കാവ്യ പൂർവ്വം ഉമ്പാച്ചി.

പുസ്തകമായി

ദ്യ പുസ്തകം അധികം വൈകാതെ
വെളിച്ചം കാണും എന്നു കരുതുന്നു.
അച്ചടി കഴിഞ്ഞെത്തിയതായി അറിയിപ്പു കിട്ടി.
ഏപ്രിൽ 8 നു പ്രസാധകർ വക ഒരു പ്രകാശനം ഉണ്ട് ദുബായിൽ.
അതു കഴിഞ്ഞ് അബുദാബിയിലും
ഒന്നു കൂടണം കൂട്ടുകാരെ ഒക്കെ വിളിച്ച്,
കവിത പറഞ്ഞും കേട്ടും കുറച്ചു പേർ കുറച്ചു നേരം.
ഒരിരിപ്പിനു വഴി തേടുന്നു.
പുസ്തകത്തിന് അതിന്റെ വഴി ഒരുക്കിക്കൊടുക്കുന്നതിന്
നിങ്ങളിൽ വിശ്വസിച്ചു കൊണ്ട്
സന്തോഷത്തോടെ,
ഉമ്പാച്ചി
ഒപ്പ്

അരിയല്ലൂർ ശാന്തി

ഉച്ചപ്പടം
പപ്പടം
ഊണിനൊപ്പം
പൊടിച്ചു കുഴച്ചോ
കറി വരുന്നതിനു മുന്നേ
പൊട്ടിച്ചു ചവച്ചോ തീരും

വിശപ്പു മാറില്ല പൂതിയും തീരില്ല
അത്രമാത്രം
നീ കാണിച്ചതും
കൊതിപ്പിച്ചതുമെല്ലാം കൂടി

ഒരു വല്ലാത്ത സുഖം
എല്ലാം കണ്ട ഈ പ്രായത്തില്‍
നിന്നെക്കുറിച്ചോര്‍ക്കുന്നതു പോലും

കുളിപ്പുരയില്‍
നിന്റെ നനഞ്ഞ കഴുത്ത്‌ കാണുന്നേരം
ചുമരിനപ്പുറം നീ മുഴുവനും
നനഞ്ഞു നില്‍ക്കുന്നുണ്ടാകുമോ

ഒരു ദിവസം തന്നെ
ഇങ്ങനെ പലവട്ടം കുളിച്ചാല്‍
നിനക്കു ജലദോശം വരില്ലേ
പനി പിടിക്കില്ലേ നീ കിടപ്പിലാവില്ലേ

ഇത്രയും നര്‍ത്തകിമാരെ
തോഴികളായിക്കിട്ടാന്‍
നീയാര്‌, രാജാവിന്റെ മകളോ
ഒന്നു പോടീ

നിന്നെത്തന്നെ വേണമെന്നില്ല
പിന്നിലും ഇരു വശങ്ങളിലും
കൂടെത്തുള്ളുന്ന
ആട്ടക്കാരികളിലൊന്നിനെ മതി
നിന്നെപ്പറ്റി
ആലോചന പോയിട്ടുണ്ട്‌
കുരുത്തം കെട്ട്‌ പല പ്രകാരം
എല്ലാം പൊറുക്കണം ചെറുപ്പമായിക്കരുതി

ഇടവേളയില്‍
നിന്റെ ഭൃത്യന്‍മാര്‍
വിളക്കു തെളിക്കുന്നതു വരേ
നിന്നില്‍ തന്നെ മുഴുകി
മൂത്രമൊഴിക്കാന്‍ പോലും മറന്നിട്ടുണ്ട്‌

മൂത്രപ്പുരയില്‍ പോലും
ഞങ്ങളെഴുതീ നിന്റെ
നിന്ദാ സ്‌തുതി വചനങ്ങള്‍
നിന്നെ വിളിക്കാവുന്ന നമ്പറുകള്‍
സാക്ഷി നിന്റെ നാഭിച്ചുഴിയെന്നോര്‍ത്ത്‌
കുത്തിക്കെടുത്തിയ സിഗരറ്റു കുറ്റികള്‍

നിന്റെ ജന്മം വല്ലാത്തത്‌
എന്നൊന്നും പറഞ്ഞാല്‍ പോര
കാരണം
ഞങ്ങളുടെ വൃത്തികേടുകളത്രയും സഹിച്ച നീ
ഉച്ച ചരിഞ്ഞുള്ള സമയം
അമ്മയായി
അനിയത്തി പ്രാവായി
ഓപ്പോളും കുട്ട്യേടത്തിയുമായി
കുടംബങ്ങളുടെ കസ്‌തൂരിമാനായി
പുതിയ കുട്ടികളുടെ ക്ലാസ്‌മേറ്റു പോലുമായി
നീ ഭയങ്കരി തന്നെ

നിനക്കും പ്രായമായിരിക്കും
മരിച്ചോ മണ്ണടിഞ്ഞോ
ഒരു വിവരവുമില്ല
ഞാനും മരിച്ചു കൊണ്ടിരിക്കുന്നു
നിനക്കും നിത്യ ശാന്തി...


*കോഴിക്കോട് മലപ്പുറം ജില്ലകള്‍ക്കിടയിലെ അതിര്‍ത്തി ദേശമാണ് അരിയല്ലൂര്‍,
അവിടത്തെ സിനിമാ ടാക്കീസ് ശാന്തി.

ബൂലോക കവിതയിൽ നിന്ന്

കാവ്യ നീതി, ഒരാദ്യ രാത്രി

വിവാഹ വാര്‍ഷിക ദിനത്തില്‍ ഓര്‍മ്മിക്കാനുള്ളത്:


‘meet me after midnight
underneath the waxing moon
I'll be under the tall oak tree
adorning the glow of sensual skin''
                                   First night- Abid khan

ഴുതപ്പെട്ട വാക്കുകള്‍ക്ക്‌ ജീവനുണ്ടെന്നാരെങ്കിലും പറഞ്ഞാല്‍ എനിക്കവിശ്വസിക്കാനാവില്ല ഇപ്പോഴത്‌. ആദ്യരാത്രി എന്ന കൗതുകത്തെ തരം താഴ്‌ത്തി ഞാനെഴുതിയ വാക്കുകളാണ്‌ ആദ്യപകല്‍ എന്ന കവിത. ആദ്യരാത്രി പോലെ പേരെടുത്തിട്ടില്ല അവിവാഹിതരായ ചെറുപ്പക്കാരെ കൊതിപ്പിച്ചും പ്രതിശ്രുതവധുക്കളെ പേടിപ്പിച്ചും കഥകളില്‍ വളര്‍ന്നിട്ടില്ല എന്നിങ്ങനെ ആദ്യപകലിനെ എടുത്തു നോക്കുക മാത്രമാണാ കവിതയില്‍. ചില സ്വപ്‌നങ്ങള്‍ ജീവിതത്തില്‍ പുലരാന്‍ പോകുന്നതിന്റെ മുന്‍കൂര്‍ അറിയിപ്പാകുന്ന പോലെ കവിതയും ചില നേരത്ത്‌ അതിന്റെ സ്വന്തം ജീവിതം പ്രാവര്‍ത്തികമാക്കും. അറംപറ്റിയ വാക്കാകും കവിതയും.

എന്റെ ആദ്യ രാത്രിയെ നാമാവശേഷമാക്കിയത്‌ ആ ആദ്യപകലെന്ന കവിതായാണെന്ന്‌ സമാധാനിക്കുകയാണിപ്പോഴും ഞാന്‍. ആദ്യപകല്‍ എന്ന കവിത എഴുതുന്ന സമയം ഞാനൊരവിവാഹിതനായിരുന്നു. ആബിദ്‌ ഖാന്റെ ആദ്യരാത്രി എന്ന കവിതയോ വേറെ ഏതെങ്കിലും അതേ പ്രമേയം ഉള്ളടക്കമുള്ള കവിതയോ ഞാന്‍ വായിച്ചിട്ടുമില്ല. ആബിദ്‌ ഖാനെ കുറിച്ച്‌ ആദ്യം കേള്‍ക്കുന്നതു തന്നെ വി.എം ദേവദാസ്‌ ആദ്യപകലിനിട്ട കമന്റില്‍ നിന്നാണ്‌. ആ കവിത വായിച്ച ചിലരാവട്ടെ ആദ്യപകല്‍ കവിതയാകുന്നതാദ്യമാണ്‌, ആദ്യരാത്രി പലയിടങ്ങളില്‍ വായിച്ചിട്ടുണ്ടെന്ന അഭിനന്ദനവും തന്നതാണ്‌.

മൂന്നാണ്ടു മുന്നേയാണ്‌ സജിന ജീവിതത്തിലേക്കു വന്നത്‌. ദുബായിലേക്കു പറിച്ചുനടപ്പെട്ട ജീവിതവും കൊക്കിലൊതുക്കി 2008 ഫെബ്രുവരി 7നാണു നാട്ടിലേക്കു പറന്നത്‌. നാട്ടില്‍പോക്ക്‌ ഉറപ്പാകുന്നതിനു മുമ്പേ തന്നെ നീ എന്റെ ഭാര്യ എന്നൊരു കവിതയിലൂടെ കൂടെപ്പോരാനൊരാളെ തിരയുന്ന എന്നെ ഞാന്‍ ബ്ലോഗില്‍ നട്ടിരുന്നു. ആ കവിത ചില ആലോചനകളെ വളര്‍ത്തുകയും ചെയ്‌തിരുന്നു. നാട്ടിലെത്തിയതിന്റെ നാലാ ദിവസം ആദ്യത്തെ പെണ്ണുകാണല്‍ നടന്നു. വടകര സഹകരണാശുപത്രിയുടെ കാശ്വാലിറ്റി വാഡിനു പുറത്തിട്ട കസേരകളില്‍ ഇരുന്ന്‌ ഒരര മുക്കാല്‍ മണിക്കൂര്‍ സംസാരം. കാര്യങ്ങളേതാണ്ടു തീര്‍പ്പാക്കിയാണന്നു മടങ്ങിയത്‌. ഓര്‍മ്മിക്കപ്പെടേണ്ട ഒരു കൂടിക്കാഴ്‌ചയായിരുന്നൂ അത്‌. ഒരുപാടു കാലം പ്രണയത്തിലോ പരിചയത്തിലോ ആയിരുന്ന രണ്ടു പേര്‍ പാകത വന്നു നിറഞ്ഞ പോലെയായിരുന്നു ഇരുവരുമപ്പോഴെന്ന്‌ ഞങ്ങളിപ്പോഴും വഴക്കിലാവുമ്പോള്‍ ആ കണ്ടുമുട്ടലിനെ ഓര്‍ത്തെടുത്ത്‌ വഴക്കു തീര്‍ക്കുന്നു. കാര്യഗൗരവം വന്നവരെപ്പോലെ അന്നു സംസാരിച്ചത്‌ വളരേ മോശമായി, അതാണു നാം അകാലത്തു തന്നെ ഗൃഹകാര്യപ്രസക്തരായി മാറിയതെന്ന്‌ ഇടക്കു പരിഭവിക്കുന്നു. അന്നു കണ്ടു മടങ്ങുമ്പോള്‍ അവളൊന്നു കൂടി നോക്കിയിരുന്നു, ആ നോട്ടത്തിനു വേണ്ടി ഞാന്‍ തിരിഞ്ഞു നോക്കിയതായിരുന്നു. രണ്ടു പേര്‍ ഒരേ സമയം പരസ്‌പരം യാചിച്ച പോലെയായിരുന്നൂ ആ നോട്ടം എന്നെടുത്തു നോക്കാറുണ്ട്‌ ആ ഫ്രയിമിനെ ഇപ്പോഴും. നിനക്കവളെ മതിയെങ്കില്‍, അവളെ എനിക്കിവിടെ വന്ന ശേഷം കണ്ടാല്‍ മതിയെന്ന ഉമ്മയുടെ ഉറപ്പ്‌ നാട്ടുനടപ്പുകളെ മുഴുവന്‍ വീട്ടിനു പുറത്തു നിര്‍ത്തി. 2008 ഡയറിയുടെ ഫെബ്രുവരി 12ന്റെ പേജില്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരു പൂവല്ല, നോക്കി നിന്നാല്‍ താനേ വിരിഞ്ഞു വരുമൊരു പൂവെന്ന്‌ ഞാനവളെ ആദ്യമായെഴുതി.

അക്കൊല്ലത്തെ ഫെബ്രുവരി 29 ഉള്ളതിനാല്‍ അന്നു തന്നെ നമ്മുടെ വിവാഹമെന്ന്‌ ഞങ്ങളുറപ്പിക്കുകയും നാലു കൊല്ലം കൂടുമ്പോള്‍ മാത്രം ആവര്‍ത്തിക്കുന്ന വിവാഹവാര്‍ഷികത്തെ കുറിച്ച്‌ പറഞ്ഞു രസിക്കുകയും ചെയ്‌തെങ്കിലും 29 നു വിവാഹം നടത്തിയെടുക്കാനായില്ല. മാര്‍ച്ച്‌ 16നു നടന്നതു പ്രതീകാത്മക വിവാഹമാണ്‌, ഫെബ്രുവരി 29 നാണതു ശരിക്കുമുണ്ടായതെന്നങ്ങു കരുതി അതു വിട്ടു. മാര്‍ച്ച്‌ 16 വരേ നീട്ടിക്കിട്ടിയ രാപ്പകലുകളില്‍ ഞാനെഴുതിയ അനേകം കത്തുകളിലൂടെ എന്റെ 28 വര്‍ഷത്തെ ജീവിതമേതാണ്ട്‌ അവള്‍ക്ക്‌ ഹൃദിസ്ഥം തന്നെയായി. അത്രക്കന്യോന്യമറിഞ്ഞതിനാല്‍ ആദ്യരാവിനു നിര്‍ബന്ധമായ ആശങ്കകള്‍ തീരെ തൊടാത്ത, ആഹ്ലാദം മാത്രമാവേണ്ടതായിരുന്നു ആദ്യരാത്രി.

വീടിന്റെ മുകള്‍ നിലയില്‍ പുതുതായുണ്ടാക്കിയ മുറിയില്‍, അട്ടിയിട്ടതും അടുക്കി വച്ചതുമായ നൂറുകണക്കിനു പുസ്‌തകങ്ങള്‍ക്കിടയില്‍, ഒ.വി വിജയനും വി.കെ.എന്നും ബഷീറും മാര്‍ക്കേസും മുട്ടത്തു വര്‍ക്കി തന്നെയും നോക്കി നില്‍ക്കേ ഞങ്ങളുടെ ആദ്യസമാഗമം. സ്വകാര്യം പറച്ചിലുകളുടെ നീളം കുറക്കാനാണ്‌ പുറത്തിറങ്ങി ടെറസ്സിനു മോളില്‍ പെയ്യുന്ന നിലാവത്തു നില്‍ക്കാമല്‍പ്പം, എന്നിട്ടാവാം കിടപ്പ്‌ എന്ന കൊതി പൂത്തത്‌. വാതിലു തുറക്കാനുള്ള ശ്രമത്തിലാണ്‌ അതറിഞ്ഞത്‌. വാതില്‍പോളകള്‍ പൂട്ടുകളുടെ പിടുത്തത്തില്‍ നിന്നും പുറത്തായടഞ്ഞിരിക്കുന്നു. പൂട്ടിനുള്ളില്‍ പിടുത്തം കിട്ടാതെ താക്കോലുകള്‍ നിന്നനില്‍പ്പില്‍. നിന്ന നില്‍പ്പിലായി അതോടെ ഞങ്ങളും. വാക്കുകള്‍ക്കു കയറ്റാനാകാത്ത ആകാംക്ഷകളുടെ നടുക്കടലില്‍ രണ്ടു പേര്‍. ഏതു ബുദ്ധിമുട്ടിലും കൂടെ വരാറുള്ള മൂത്രമൊഴിക്കാനുള്ള മുട്ടലും വന്നു ചേര്‍ന്നു അപ്പോള്‍. അരയും അരയും ചേര്‍ന്ന്‌ ഒന്നാകുന്ന ദാമ്പത്യത്തിന്റെ ബീജഗണിതം പോലും തെറ്റി അതോടെ. ഈ രാവൊന്നു തീര്‍ന്നു കിട്ടിയാല്‍ മതിയായിരുന്നു എന്നായി ആകെയുള്ള ആശയപ്പോള്‍.

ഒരു സഹായം ചോദിച്ച്‌ ഇപ്പോള്‍ തന്നെ വീട്ടിലെ ഫോണിലേക്കു വിളിച്ചാലോ, പുലര്‍ക്കാലത്തെഴുന്നേറ്റ്‌ പശുവിനെ കറക്കാനായി തൊഴുത്തിലേക്കു പോകുന്ന ഉമ്മയെ അന്നേരം വിളിക്കാം, എന്റെ തോന്നലുകള്‍ക്കെല്ലാം ഊന്നലായി അവളുടെ മൂളല്‍ മാത്രം. നാണം കൊണ്ട്‌ അവളാകെ മെലിഞ്ഞു മെലിഞ്ഞ്‌ പുതപ്പില്‍ പതിഞ്ഞു പോയ പോലെ തോന്നി എനിക്ക്‌. അവസാനം പുലരുവോളം കാത്തിരിക്കാമെന്നായി ഉഭയകക്ഷി തീരുമാനം. തൊഴുത്തിലേക്കു പോകുന്ന ഉമ്മയെത്തന്നെ വിളിച്ചൂ മുകളിലെ പാതി തുറന്നിട്ട ജനലിലൂടെ ഞാന്‍. ഉമ്മ പച്ചവെള്ളം നിറച്ച കുടവും നെയ്‌പ്പാത്രവും നിലത്തിട്ട്‌ കോലായിലേക്കു മടങ്ങുന്നതു കണ്ടു. ഉമ്മാമയുടെ കരച്ചിലാണാദ്യം മുകളിലെത്തിയതെങ്കിലും, പിന്നാലെ വീടു മുഴുവന്‍ മുകള്‍ നിലയിലേക്കു പോന്നു. എന്താണു പ്രശ്‌നമെന്നു പറഞ്ഞപ്പോള്‍ അടച്ചിട്ട വാതിലിനപ്പുറം പിറ്റേന്നു പോയാല്‍ മതിയെന്ന്‌ ഉമ്മ പിടിച്ചു നിര്‍ത്തിയ ബന്ധുക്കളുടെ ചിരി കേട്ടു. അത്യാവശ്യത്തിനു കരുതിയ ഉപ്പയുടെ ഉപകരണപ്പെട്ടി തിരയാന്‍ പോയ പെങ്ങളുടെ ഒച്ച കേട്ടു. എല്ലാം സ്ഥലം മാറ്റി വച്ചതല്ലേ കല്യാണമായപ്പോള്‍. ഉപ്പയും അയലത്തെ ദുരിതാശ്വാസ പ്രവര്‍ത്തകരും ചേര്‍ന്ന്‌ പൂട്ടു പൊളിച്ച്‌, പോലീസ്‌ സ്‌റ്റേഷനില്‍ നിന്നും ഇറക്കി കൊണ്ടു വരുന്ന ഒളിച്ചോടിയ രണ്ടു കമിതാക്കളെ പോലെ ഞങ്ങള്‍ രണ്ടാളും. വാതില്‍ തുറന്നു വരുമ്പോള്‍ അകത്തേക്ക് അര്‍ഥങ്ങള്‍ പലതും ഉള്ളില്‍ തിരുകിയ ഒരു ചിരിയുമായി ആദ്യ പകലും.

ചെമ്പരത്തി

ഇത്രയും ക്ഷമ പാടില്ല ചെടിയേ
നനയോ തടമോ കിട്ടാതെ പൂവിടുന്ന
നിന്നില്‍ നിന്നും പഠിക്കണം
സംവരണത്തിനു പഠിപ്പും പണിയും നേടിയ
ഞാന്‍ സ്വാശ്രയ തത്വം,

കോരുമ്പോള്‍ ഒലിച്ചിറങ്ങുന്ന
വെള്ളം മതിയെന്നു ശഠിച്ച്
നീ കിണറ്റു വക്കത്തു തന്നെ
നിന്നു കളഞ്ഞതല്ലേ,
വിനയത്തെ കുറിച്ച് ദിവസവും ഓര്‍മ്മിക്കുന്നതിന്
നിന്നെ ക്ഷമയുടെ അതിരിലേക്ക്
മാറ്റി നടാന്‍ പോകുന്നൂ ഞാന്‍

''ഒലക്ക''

ഒലക്ക വേറെയാണ്‌
ഉരലോ ഉമിയോ അതിന്റെ ആരുമല്ല

ക്ഷോഭത്തിന്റെ മുന്നാഴി
പൊടിച്ച്‌
ആഴക്ക്‌ സഹനം
സഹിഷ്‌ണുതയുടെ ലേശം തവിട്‌
വെറുപ്പിന്റെ ഒരു നുള്ളിനെ വേര്‍പ്പെടുത്തി
അല്‍പ്പം ക്ഷമ
പുച്ഛത്തിന്റെ ഇത്തിരി പൊടി

''ഒലക്ക''
ഉറക്കെ പറഞ്ഞു നോക്കുക
ഇടിക്കുന്നതിന്റെ പൊടിക്കുന്നതിന്റെ
യാതൊരു ശബ്ദവും പുറമേ കേള്‍പ്പിക്കില്ല

ഒരു വാക്കിനു കൂട്ടാനാകുന്ന
കുറഞ്ഞ ഒച്ചയില്‍
പറഞ്ഞു കഴിയുന്നതോടെ തീരുന്ന ഉപായം

വാക്കുകള്‍ എത്ര മുന്തിയ ഉപകരണങ്ങള്‍

പക്ഷേ,
പൊടിച്ചു കൊടുക്കപ്പെടും
എന്നൊരു ബോര്‍ഡ്‌ വച്ച്‌
കുറച്ചു നേരമിരുന്നു നോക്കുക
അറിയുന്നവരും അറിയാത്തവരും
വന്നു കൊണ്ടേയിരിക്കും
ഈ ലോകം മുഴുവന്‍
അവരുടെ കൈകളിലുണ്ടാകും
ഇടിച്ച്‌ പൊടിച്ച്‌
ഉണക്കി സൂക്ഷിക്കുന്നതിന്‌

ആയതിനാല്‍
അരിശത്തിന്റെ ഇന്ധനം നിറഞ്ഞ ഒന്നും
ഒരു വാക്കു പോലും
സ്വാര്‍ത്ഥത്തിന്റെ ഉപകരണമാക്കാതിരിക്കുക
ഒലക്ക വേറെയാണ്‌
അതിന്‌ ഉമിയുമായോ ഉരലുമായോ എന്തു ബന്ധം...?

എമിറേറ്റ്‌സ്‌ പാലസ്‌

(രാപ്പാടിക്ക്)

ഇതാണ്‌ എമിറേറ്റ്‌സ്‌ പാലസ്‌ ഹോട്ടല്‍
നഗരം കാണിക്കാനിറങ്ങിയ കൂട്ടുകാരന്‍ പറയുന്നു
ഈ കാണുന്നതോ
എത്ര വലുതാണല്ലേ
വന്ദ്യനായ ഏതോ ശൈഖിന്റെ
അരികിലഴിച്ചു വച്ച തലപ്പാവു പോലെ
നഗരത്തിന്റെ മടിത്തട്ടില്‍
എന്തൊരു പ്രൗഢിയാണല്ലേ
ഇത്രയും വലിയ ഗെയിറ്റ്‌ ഞാനാദ്യായിട്ടു കാണുകയാ
ഇവിടത്തെ പാറാവുകാരൊക്കെ എവിടെ പോയി
ഒരൊറ്റ എണ്ണവും വരുന്നില്ലല്ലോ
നമുക്കും കയറി നോക്കാം
മുറ്റം വരേ പൂങ്കാവനമാണല്ലോ
ചതുരക്കല്ലു പാകിയ നടപ്പാതപോലുണ്ടല്ലോ റോഡ്
ആരും തടയാത്തതെന്താണ്‌
മുറ്റം നിറയെ നിരന്ന ഈ കാറുകള്‍ക്ക്‌
ദിര്‍ഹമില്‍ തന്നെ ലക്ഷങ്ങള്‍ വരുമോ
എന്തൊരു മിനുസമുള്ള നിലം
എത്ര തുടുത്ത ചുമരുകള്‍
ഈ പരവതാനികള്‍ അറബിക്കഥയിലേതു തന്നെ
ഈ പരിചാരികമാര്‍
ഷഹറസാദിന്റെ തോഴികള്‍ തന്നെ
ഈ പോകുന്നവരും വരുന്നവരും ആരായിരിക്കും
ഏതായാലും ഞങ്ങളെ പോലെ ഊപ്പകളാകില്ല
അകത്തേക്കു ചെല്ലുന്തോറും വാതിലുകള്‍
ഞങ്ങള്‍ക്കു മുന്നിലും തുറക്കുകയാണ്‌
കാവല്‍ക്കാര്‍ തല താഴ്‌ത്തി വന്ദിക്കുകയാണ്‌
ഈ കമാനങ്ങളെ പൊതിഞ്ഞ മഞ്ഞ ലോഹം
സ്വര്‍ണ്ണം തന്നെയായിരിക്കുമോ
ഇനിയും അകത്തേക്കു പോകുന്നതിന്‌ തടസ്സമൊന്നുമില്ലേ
പ്രിയപ്പെട്ട പാറാവുകാരാ
ഞങ്ങളോടെന്തെങ്കിലുമൊന്ന്‌ ചോദിക്ക്‌
ആരാ എന്തിനാ എവിടേക്കാ എന്തെങ്കിലുമൊന്ന്‌
ഇനിയും അകത്തു പോകാന്‍ പറ്റില്ലയെങ്കില്‍
ഒന്നു ഞങ്ങളെ പിടിച്ചു പുറത്താക്ക്‌
എന്റെ ഉള്ളില്‍ ബലപ്പെട്ടു വരുന്ന സംശയത്തിന്റെ വളര്‍ച്ച
ഇപ്പോള്‍ പുറത്തറിയും
സംശയധാരണത്തിന്റെ ആദ്യ നിമിഷങ്ങളിലെ
പരിഭ്രമത്തിന്റെ ചര്‍ദ്ദില്‍ വീണ്‌
ഈ നടുമുറ്റം വൃത്തികേടാകും,
ഒന്നു ഗെറ്റൗട്ടടിക്ക്‌....