എമിറേറ്റ്‌സ്‌ പാലസ്‌

(രാപ്പാടിക്ക്)

ഇതാണ്‌ എമിറേറ്റ്‌സ്‌ പാലസ്‌ ഹോട്ടല്‍
നഗരം കാണിക്കാനിറങ്ങിയ കൂട്ടുകാരന്‍ പറയുന്നു
ഈ കാണുന്നതോ
എത്ര വലുതാണല്ലേ
വന്ദ്യനായ ഏതോ ശൈഖിന്റെ
അരികിലഴിച്ചു വച്ച തലപ്പാവു പോലെ
നഗരത്തിന്റെ മടിത്തട്ടില്‍
എന്തൊരു പ്രൗഢിയാണല്ലേ
ഇത്രയും വലിയ ഗെയിറ്റ്‌ ഞാനാദ്യായിട്ടു കാണുകയാ
ഇവിടത്തെ പാറാവുകാരൊക്കെ എവിടെ പോയി
ഒരൊറ്റ എണ്ണവും വരുന്നില്ലല്ലോ
നമുക്കും കയറി നോക്കാം
മുറ്റം വരേ പൂങ്കാവനമാണല്ലോ
ചതുരക്കല്ലു പാകിയ നടപ്പാതപോലുണ്ടല്ലോ റോഡ്
ആരും തടയാത്തതെന്താണ്‌
മുറ്റം നിറയെ നിരന്ന ഈ കാറുകള്‍ക്ക്‌
ദിര്‍ഹമില്‍ തന്നെ ലക്ഷങ്ങള്‍ വരുമോ
എന്തൊരു മിനുസമുള്ള നിലം
എത്ര തുടുത്ത ചുമരുകള്‍
ഈ പരവതാനികള്‍ അറബിക്കഥയിലേതു തന്നെ
ഈ പരിചാരികമാര്‍
ഷഹറസാദിന്റെ തോഴികള്‍ തന്നെ
ഈ പോകുന്നവരും വരുന്നവരും ആരായിരിക്കും
ഏതായാലും ഞങ്ങളെ പോലെ ഊപ്പകളാകില്ല
അകത്തേക്കു ചെല്ലുന്തോറും വാതിലുകള്‍
ഞങ്ങള്‍ക്കു മുന്നിലും തുറക്കുകയാണ്‌
കാവല്‍ക്കാര്‍ തല താഴ്‌ത്തി വന്ദിക്കുകയാണ്‌
ഈ കമാനങ്ങളെ പൊതിഞ്ഞ മഞ്ഞ ലോഹം
സ്വര്‍ണ്ണം തന്നെയായിരിക്കുമോ
ഇനിയും അകത്തേക്കു പോകുന്നതിന്‌ തടസ്സമൊന്നുമില്ലേ
പ്രിയപ്പെട്ട പാറാവുകാരാ
ഞങ്ങളോടെന്തെങ്കിലുമൊന്ന്‌ ചോദിക്ക്‌
ആരാ എന്തിനാ എവിടേക്കാ എന്തെങ്കിലുമൊന്ന്‌
ഇനിയും അകത്തു പോകാന്‍ പറ്റില്ലയെങ്കില്‍
ഒന്നു ഞങ്ങളെ പിടിച്ചു പുറത്താക്ക്‌
എന്റെ ഉള്ളില്‍ ബലപ്പെട്ടു വരുന്ന സംശയത്തിന്റെ വളര്‍ച്ച
ഇപ്പോള്‍ പുറത്തറിയും
സംശയധാരണത്തിന്റെ ആദ്യ നിമിഷങ്ങളിലെ
പരിഭ്രമത്തിന്റെ ചര്‍ദ്ദില്‍ വീണ്‌
ഈ നടുമുറ്റം വൃത്തികേടാകും,
ഒന്നു ഗെറ്റൗട്ടടിക്ക്‌....

13 comments:

 1. എമിറേറ്റ് പാലസിലേക്കുള്ള ആ പോക്കിനും
  അന്നത്തെ മൃഷ്ടാന്ന ഭോജനത്തിനും
  നന്ദി രേഖപ്പെടുത്താന്‍ വേറെ ഒരു വഴിയും കണ്ടില്ല...
  ഇനിയും എങ്ങോട്ടെങ്കിലും യാത്രയുണ്ടെങ്കില്‍
  എന്നെ തന്നെ വിളിക്കണം...റഫീഖ്,

  ഒരു കവിത കൂടി...

  ReplyDelete
 2. "ഈ പോകുന്നവരും വരുന്നവരും ആരായിരിക്കും
  ഏതായാലും ഞങ്ങളെ പോലെ ഊപ്പകളാകില്ല..."

  ഉമ്പാച്ചിക്ക് തെറ്റി....ആ കണ്ടതും ഊപ്പകള്‍ ആയിരുന്നു...കറുത്ത കോട്ടിട്ട തല മുഴുവന്‍ ഹെയര്‍ ജെല്‍ തേച്ച മുഴുത്ത ഊപ്പകള്‍

  ReplyDelete
 3. " നഗരത്തിന്റെ മടിത്തട്ടില്‍
  എന്തൊരു പ്രൗഢിയാണല്ലേ
  ഇത്രയും വലിയ ഗെയിറ്റ്‌ ഞാനാദ്യായിട്ടു കാണുകയാ "
  ആ ഗേറ്റ് പണിത കാശുണ്ടായിരുന്നെങ്കില്‍ നാട്ടില്‍ രണ്ട് വീടുണ്ടാക്കാമായിരുവെന്ന് എത്രയോ വട്ടം ചിന്തിച്ചിട്ടുണ്ട് .

  ReplyDelete
 4. ചേച്ചീ ഈ ടൈപ്പ് അശുഭ ചിന്തകള്‍ വേണ്ട...
  കവിതയുടെ പ്രമേയങ്ങളില്‍ നിന്നും കുറച്ചു കാലത്തേക്കു
  നാടിനെ ഓടിക്കാനും ഇന്നാടിനെ ഓമനിക്കാനും
  ഒരു തീരുമാനം ഞാനുമെടുത്തു.
  അതിനു നിങ്ങളെ മാതൃകയാക്കുന്നുണ്ട് ലേശം.
  ആദ്യത്തേത് എളുപ്പവും
  രണ്ടാമത്തേത് അല്‍പ്പം കടുപ്പവുമാണ്.നോക്കട്ടെ...

  ReplyDelete
 5. ഗംഭീരമായിരിക്കുന്നു. കൂട്ടത്തില്‍ മലയാളിയുടെ വലിപ്പക്കുറവു കാണിക്കുന്ന വരികള്‍, എനിക്കു തോന്നിയത്‌

  എത്ര വലുതാണല്ലേ
  ഇത്രയും വലിയ ഗെയിറ്റ്‌ ഞാനാദ്യായിട്ടു കാണുകയാ

  മുറ്റം നിറയെ നിരന്ന ഈ കാറുകള്‍ക്ക്‌
  ദിര്‍ഹമില്‍ തന്നെ ലക്ഷങ്ങള്‍ വരുമോ

  ReplyDelete
 6. Ooppakal ennathu kondu kavi enthanu udheshichathu?

  ReplyDelete
 7. valare nannayittundu.... aashamsakal..........

  ReplyDelete
 8. നമുക്കജ്ഞാതമായ ഇടങ്ങളുടെ
  അകത്തളങ്ങള്‍ കടക്കുമ്പോള്‍ തന്നെയാണ്
  പലയിടങ്ങളില്‍ നിന്നും പുറത്താക്കേണ്ടിടത്തോളം
  ചെറുതാണെന്ന തിരിച്ചറിവുണ്ടാകുന്നത്!

  ReplyDelete
 9. നാമം
  ഊപ്പ
  പൊടിമീൻ, വളരെചെറിയ ഒരിനം മീൻ;
  നിസ്സാരൻ, മോശക്കാരൻ;
  മോശപ്പെട്ട വസ്തു. ഉരികൊടുത്ത്‌ ഊപ്പവാങ്ങുന്നതിൽ ഭേദം നാഴികൊടുത്തു നല്ലതു വാങ്ങുന്നതാണ്‌. (പഴ.)

  ReplyDelete
 10. ഹൈദരാബാദില്‍ നിന്നും അസ്ത്മക്ക് വിഴുങ്ങാന്‍ കൊടുക്കുന്ന മീനാണ് ഊപ്പ. നിങ്ങള്‍ക്കൊക്കെ ആ മീന്‍ ഒരു ഊപ്പ ആയിരിക്കും...പക്ഷെ ആസ്ത്മ ഒരിക്കല്‍ അനുഭവിച്ച ഒരാള്‍ക്ക്‌ ഊപ്പ ഊപ്പയെ അല്ല..

  ReplyDelete
 11. ഞങ്ങള്‍ പതിവായി ആത്മ പരിഹാസാര്‍ഥം പറയുന്ന ഒരു വാക്കിന്റെ അതിശയകരമായ അര്‍ഥപരിസരങ്ങള്‍ ചൂണ്ടിക്കാട്ടിയ ശിവദാസനും സരസ്വതിക്കും വണക്കം..

  ReplyDelete
 12. അബുദാബിയിലെത്തുന്ന വന്‍കിട ബിസിനസുകാരും എക്സിക്യൂട്ടിവുകളും താമസിക്കുന്ന ഹോട്ടലാണ് എമിറേറ്റ്സ് പാലസ്. ഈ ഹോട്ടലിന്‍റെ ലോഞ്ചില്‍ ഫര്‍ണിച്ചറുകള്‍ക്കടുത്ത് ചെറിയൊരു മെഷിന്‍. ഒറ്റനോട്ടത്തില്‍ എടിഎം കൗണ്ടര്‍ പോലെ തോന്നും. ഈ പെട്ടിയുടെ സ്വര്‍ണനിറം വെറും പെയ്ന്‍റല്ല, യഥാര്‍ഥ സ്വര്‍ണം പൂശിയതാ ണ്. എമിറേറ്റ്സ് ദിര്‍ഹം ഇതിന്‍റെ ചെറിയ ദ്വാരത്തില്‍ വച്ചുകൊടുത്താല്‍, അന്നത്തെ മാര്‍ക്കറ്റ് വില പ്രകാരമുള്ള സ്വര്‍ണക്കഷണം അപ്പുറത്തുകൂടി കൈയിലേക്കു വീഴും.

  ജര്‍മന്‍ കമ്പനിയായ എക്സ് ഓറിയന്‍റ് ലക്സാണ് ഗോള്‍ഡ് റ്റു ഗോ മെഷിന്‍റെ നിര്‍മാതാക്കള്‍. ഇങ്ങനെയൊരു മെഷിന്‍ ആദ്യം സ്ഥാപിക്കേണ്ടത് എമിറേറ്റ്സ് ഹോട്ടലിലാണെന്നു തീരുമാനിച്ചത്, എക്സ് ഓറിയന്‍റ് ലക്സിന്‍റെ ചീഫ് എക്സിക്യൂട്ടിവ് തോമസ് ജീസ്ലര്‍. ഇത്രയും സമ്പന്നമായ സാഹ ചര്യങ്ങളും. സ്വര്‍ണത്തോടു താല്‍പ്പര്യമുള്ളവര്‍ വരുന്ന സ്ഥലവും വേറെയില്ലെന്നതു തന്നെ ഇതിനു കാരണം.

  പത്തുഗ്രാം വരെയാണ് ഗോള്‍ഡ് റ്റു ഗോയില്‍ കിട്ടുക. അതാതു ദിവസങ്ങളില്‍ സ്വര്‍ണത്തിന്‍റെ ഇന്‍റര്‍നാഷണല്‍ മാര്‍ക്കറ്റ് വില ഇവിടെ കുറിച്ചുവച്ചിട്ടുണ്ടാകും. വിപണിയിലുണ്ടാകുന്ന വിലമാറ്റം പത്തു മിനിറ്റ് കൂടുമ്പോള്‍ ഈ മെഷിന്‍ കണക്കാക്കും. ഒരു കംപ്യൂട്ടറിലൂടെയാണ് ഇതു വെരിഫൈ ചെയ്യുക. ചതുരത്തിലുള്ള സ്വര്‍ണക്കഷണമാ ണ് മെഷിനില്‍ നിറച്ചു വച്ചിട്ടുള്ളത്. ഗോള്‍ഡ് കോയിനുകള്‍ വേണമെങ്കില്‍ അതു മെനുവില്‍ സെലക്റ്റ് ചെയ്യാം. മെഷിനുള്ളില്‍ സ്വര്‍ണംകൊണ്ടുള്ള 320 ഐറ്റംസുണ്ട്. ഇതില്‍ ഏതു വേണമെന്നു സെലക്റ്റ് ചെയ്ത് പണം ഇന്‍സെര്‍ട്ട് ചെയ്ത് വാങ്ങാം.

  ReplyDelete
 13. സ്വർണ്ണം സ്ഖലിക്കുന്ന രാജകൊട്ടാരങ്ങളും, തീണ്ടാപ്പാടകലെ കിടക്കുന്ന സോണാപുരങ്ങളും..ആഗോളഗ്രാമമല്ലേ ഉമ്പാച്ചീ, ഈ നാട്? രണ്ടും കണ്ടിട്ടുള്ളവരല്ലോ തെണ്ടികൾ നമ്മൾ..അല്ലേ? കവിത കനത്തു. അഭിവാദ്യങ്ങളോടെ

  ReplyDelete