ഇന്നലെയാന്ന്
തോന്നുന്നു
ഓവുപാലത്തിലിരുന്ന
മൂന്നാലാളുകളെ
പോലീസ്
പിടിച്ചു കൊണ്ടുപോയി
നിരപരാധികളെന്നു കണ്ട്
പറഞ്ഞയച്ചു
ഈ
ഓവുപാലത്തിലിരുന്നല്ലേ
ഞങ്ങള്‍
കുട്ടികളല്ലാതായ കാര്യം
നാട്ടുകാരെ അറിയിച്ചത്,
പ്രായ പൂര്‍ത്തിയെത്തിയെതിന്‍റെ
തെളിവായി
ഓരോരോ
ആലോചനകളും
ഉണര്‍ച്ചകളും
തളിര്‍ത്തു തുടങ്ങിയത്,
പെണ്ണും കൊണ്ട്
ബ്രോക്കര്‍മാര്‍ വന്നത്,
എന്തിന് ലോക സമാധാനത്തെക്കുറിച്ച്
അപ്പു മാഷ് ക്ലാസ്സെടുത്തത്,
കുടിച്ച കള്ള്
മാഷിന്‍റെ വയറ്റില്‍ കിടക്കാതെ
കട്ടിവാക്കുകള്‍ക്കൊപ്പം
നിലത്തെത്തിയത്,
തിറക്കും നേര്‍ച്ചക്കുമുള്ള
വരവുകള്‍ക്ക്
നാരങ്ങവെള്ളം കൊടുത്തത്..
എന്നിട്ടും
ഇന്നലെയാന്ന്
തോന്നുന്നു
ഓവുപാലത്തിലിരുന്ന
മൂന്നാലാളുകളെ
പോലീസ്
പിടിച്ചു കൊണ്ടുപോയി
അല്ല
പോലീസ് പറയുന്നതിലും
ഇല്ലേ ന്യായം
കഴിഞ്ഞആഴ്ച
ഈ
ഓവുപാലത്തിലിരുന്നതല്ലാതെ
കുഞ്ഞിമോന്
വെട്ടേറ്റതിനു
എന്താ വേറെ കാരണം?