സ്കൂളിലേക്ക് പോകുന്ന വഴിക്ക്
ഒരിടത്തും
സ്കൂളിലേക്ക് പോയ വഴി കാണാനില്ല.
മെല്ലെ മെല്ലെയെന്ന്
പതുക്കെയാക്കീട്ടും
കണ്ണ് വളവുകളാകെ
തപ്പിപ്പോയി നോക്കീട്ടും
കണ്ടില്ല പഴയ വഴി.
വീഴുമെന്നു ഭയന്ന
കനാലിന്‍റെ കിണര്‍വട്ടം
കനാലിന്‍റെ കിണര്‍വട്ടം
വാപിളർത്തിക്കാട്ടി
കുത്തുമെന്ന് നിവര്‍ന്ന
കൈതോലകളുടെ കുടുംബം
കൈതോലകളുടെ കുടുംബം
കൈകൾ മലർത്തി
മറ്റു പലരേയും കണ്ടില്ല
വഴി
എങ്ങു പോയെന്ന് ചൊദിക്കാന്‍.
റോഡ് റോട്ടുമ്മലും
അങ്ങാടി അങ്ങാടിയിലും
തന്നെയുള്ള പോലെ
സ്കൂളിലേക്കുള്ള വഴിയും
അവിടെത്തന്നെ കാണുമെന്ന്
കരുതിയതായിരുന്നു.
പകരം കണ്ടത്
1986 ജൂണ്‍ മാസത്തിലെ
രണ്ടാം തിയ്യതി
പത്തു മണി നേരം
ഒന്നാംക്ലാസ്സില്‍ പുതുതായിച്ചേര്‍ന്ന
കുട്ടിയെയും കൊണ്ട്
കരയല്ലേ എന്ന് തലോടി നില്‍ക്കുന്നത്
തൊട്ടടുത്തുണ്ട്
മഞ്ഞക്കസവുള്ള
വെള്ള സാരിയും ചുറ്റി കദീശട്ടീച്ചര്‍.
കുട്ടീ..,
സ്ഥാനങ്ങളോക്കെ സ്ഥലംവിട്ടാലും
സമയം യഥാസ്ഥാനത്തു നില്‍ക്കും
ശരിക്കും
നോക്കിയാല്‍ കാണും
ബിര്‍ളാ മന്ദിരത്തിന്‍റെ*
മുന്നിലിപ്പോഴും
തോക്കു പിന്നിലൊളിപ്പിക്കുന്ന
മറ്റൊരു
പത്തു മണി നേരം,
ജര്‍മനിയിലെ
ഒളിമ്പിയാ സ്റ്റേഡിയത്തിലുമുണ്ട്*
വെട്ടാന്‍ വരുന്നൊരു
തലയോട്
വേദമോതി
ഒരു നട്ടപ്പാതിര നേരം.
(2006)
**
ഗാന്ധി വധവും 2006 ലോകകപ്പിലെ സിദാൻ മറ്റരാസി കൂട്ടിയിടിയും.