നഷ്ട പ്രദേശങ്ങള്‍

സ്കൂളിലേക്ക് പോകുന്ന വഴിക്ക്
ഒരിടത്തും
സ്കൂളിലേക്ക് പോയ വഴി കാണാനില്ല.

മെല്ലെ മെല്ലെയെന്ന്
പതുക്കെയാക്കീട്ടും
കണ്ണ് വളവുകളാകെ
തപ്പിപ്പോയി നോക്കീട്ടും
കണ്ടില്ല പഴയ വഴി.

വീഴുമെന്നു ഭയന്ന 
കനാലിന്‍റെ കിണര്‍വട്ടം 
വാപിളർത്തിക്കാട്ടി
കുത്തുമെന്ന് നിവര്‍ന്ന 
കൈതോലകളുടെ കുടുംബം 
കൈകൾ മലർത്തി
മറ്റു പലരേയും കണ്ടില്ല
വഴി
എങ്ങു പോയെന്ന് ചൊദിക്കാന്‍.

റോഡ് റോട്ടുമ്മലും 
അങ്ങാടി അങ്ങാടിയിലും
തന്നെയുള്ള പോലെ
സ്കൂളിലേക്കുള്ള വഴിയും
അവിടെത്തന്നെ കാണുമെന്ന്
കരുതിയതായിരുന്നു.

പകരം കണ്ടത്
1986 ജൂണ്‍ മാസത്തിലെ
രണ്ടാം തിയ്യതി
പത്തു മണി നേരം
ഒന്നാംക്ലാസ്സില്‍ പുതുതായിച്ചേര്‍ന്ന
കുട്ടിയെയും കൊണ്ട്
കരയല്ലേ എന്ന് തലോടി നില്‍ക്കുന്നത്

തൊട്ടടുത്തുണ്ട്
മഞ്ഞക്കസവുള്ള
വെള്ള സാരിയും ചുറ്റി കദീശട്ടീച്ചര്‍.

കുട്ടീ..,
സ്ഥാനങ്ങളോക്കെ സ്ഥലംവിട്ടാലും
സമയം യഥാസ്ഥാനത്തു നില്‍ക്കും

ശരിക്കും
നോക്കിയാല്‍ കാണും

ബിര്‍ളാ മന്ദിരത്തിന്‍റെ*
മുന്നിലിപ്പോഴും
തോക്കു പിന്നിലൊളിപ്പിക്കുന്ന
മറ്റൊരു
പത്തു മണി നേരം,

ജര്‍മനിയിലെ
ഒളിമ്പിയാ സ്റ്റേഡിയത്തിലുമുണ്ട്*
വെട്ടാന്‍ വരുന്നൊരു
തലയോട്
വേദമോതി
ഒരു നട്ടപ്പാതിര നേരം. 
(2006)

**
​ ഗാന്ധി വധവും 2006 ലോകകപ്പിലെ സിദാൻ മറ്റരാസി കൂട്ടിയിടിയും.

8 comments:

  1. വഴി തിരയുന്നവന്റെ വ്യഥ അനുഭവിക്കാനാവുന്നു, ആദ്യ വരികളാണ് എനിക്ക് കൂടുതല്‍ ഇഷ്ടമായത്, അര്‍ത്ഥ-പദ ലാളിത്യം കൊണ്ടാവാം.

    -പാര്‍വതി

    ReplyDelete
  2. ഉമ്പാച്ചീ,
    എത്ര രസമായിട്ടാണ് താങ്കള്‍ എഴുതുന്നത്. എല്ലാം സാധാരണ ഉപയോഗിക്കുന്ന വാക്കുകള്‍. അവ താങ്കളുടേതായ ക്രമത്തില്‍ എഴുതുമ്പോള്‍ വരുന്ന അര്‍ത്ഥാന്തരങ്ങള്‍ മനോഹരമായിരിക്കുന്നു.

    ReplyDelete
  3. ലാളിത്യമാര്‍ന്ന വരികളാല്‍ നെയ്ത മനോഹരമായ ഈ കവിത എനിക്കിഷ്ടപെട്ടു.

    ReplyDelete
  4. ‍ സമയവും സ്ഥലകാലവും സൃഷ്ടിക്കുന്ന വ്യഥയോ ഭയമോ .കുഞ്ഞു വരികളിലൂടെ എഴുതി വച്ച ഈ കവിത ഉമ്പാച്ചി എനിക്ക് ഇഷ്ടപ്പെട്ടു.

    ReplyDelete
  5. തിരിച്ചുപോകാനാവാത്ത ചില വഴികളുണ്ട്. സമയത്തിന്റെ നിശ്ചലത്കള്‍ കൊണ്ട് മാത്രം തിരിച്ചറിയപ്പെടുകയും ഉണ്ടായിരുന്നെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നവ.

    ഉമ്പാച്ചി,
    വീണ്ടും മനോഹരം എന്ന് പറയുന്നതിന്റെ ജാള്യതയില്‍ മത്രം അത് പറയാതിരികുന്നു.

    ReplyDelete
  6. പഴയ വഴികള്‍ ഇടിച്ചു പൊളിച്ച്
    അതിനു മുകളില്‍ എതോ കുന്നിടിച്ച് വയ്ക്കുമ്പോള്‍,
    പുതിയ റോഡിലൂടെ പള്ളി മുറ്റ‌ത്തെക്കും അമ്പലമുറ്റത്തേക്കും സ്കൂള്‍ ബസുകള്‍ ചീറിപ്പയുമ്പോള്‍..

    വഴി പിഴച്ചൊ നമുക്ക്?
    നല്ല കവിത.

    ReplyDelete
  7. ഓരോ ഓര്‍മ്മയ്ക്ക്കും വഴികളുണ്ട്
    ഓരോ വഴികളും തിരയുന്നുണ്ട്
    ഓര്‍മ്മയും വഴികളും സന്ധിച്ച കവലയില്‍
    കൈവിട്ടു പോയൊരു കുട്ടിക്കാലം..
    ആദ്യമായാണ് താങ്കളുടെ കവിത വായിക്കുന്നത്‌.നന്നയിട്ടുണ്ട്.

    ReplyDelete
  8. ഓരോ ഓര്‍മ്മയ്ക്ക്കും വഴികളുണ്ട്
    ഓരോ വഴികളും തിരയുന്നുണ്ട്
    ഓര്‍മ്മയും വഴികളും സന്ധിച്ച കവലയില്‍
    കൈവിട്ടു പോയൊരു കുട്ടിക്കാലം..
    ആദ്യമായാണ് താങ്കളുടെ കവിത വായിക്കുന്നത്‌.നന്നയിട്ടുണ്ട്.

    ReplyDelete