സ്കൂള്‍ വിട്ടു വന്ന്
കയ്യും മുഖവും കഴുകി
ചോറും തിന്ന് ഒറ്റയോട്ടത്തിന്
കളിക്കാനെന്ന് വീട്ടില്‍ നിന്നോടി
പോരുന്ന വഴിക്ക്
പ്രകാശനെ തല്ലിയ അജ്മലിനെ
ഗ്രൌണ്ടിലിട്ട് ചാമ്പി
നന്നായ്യിട്ട് തിരിച്ചു കിട്ടിയ
പൂശും കൊണ്ട് വരുന്നേരം കേട്ടിട്ടുണ്ട്
അന്ന് ഉമ്മ ചോദിച്ചത്
പ്രകാശന്‍റെ അമ്മ ചോദിച്ചതും
ഹെഡ്മാഷ് സ്റ്റാന്‍റപ്പ് പറഞ്ഞപ്പോള്‍
ഇരുന്നതിനു കിട്ടിയത്
കയ്യിലേറ്റു വാങ്ങിയപ്പോള്‍
അടുത്തിരുന്നവളും ചോദിച്ചു
നിര്‍ത്താതെ പോയ ബസ്സിനു
ക്ലാസിലെ കുട്ടികള്‍
കല്ലെറിഞ്ഞതിന്‍റെ പിറ്റേന്ന്
നിന്നെയങ്ങനെ
തോന്ന്യാസത്തിനു വിട്ടാല്‍ പറ്റില്ലെന്ന്
ബൈക്കില്‍ കേറ്റി
സ്കൂളില്‍ കൊണ്ടാക്കിയ
അമ്മാവനും ചോദിച്ചിട്ടുണ്ട്
അഭിനവിനെ തല്ലാന്‍ വന്ന
അനുപമയുടെ വീട്ടുകാര്‍
നെറും തലയില്‍ കെട്ടിവച്ചത് കണ്ടിട്ട്
ശ്യാമള ടീച്ചറും ചോദിച്ചു
സെക്കന്‍റ്‌ഷോ വിട്ടു വരുന്നേരം
മിഠായിത്തെരുവില്‍ തടഞ്ഞു നിര്‍ത്തി
നിങ്ങള്‍ വൈകുന്നേരത്തെ സമരത്തിനു വന്നതല്ലേ
എന്നു കുരച്ച ആപ്പീസര്‍ക്ക്
കീശയിലെ
ഐഡെന്‍റിറ്റി കാര്‍ഡ് കാട്ടി
തടി രക്ഷപ്പെടുത്തുമ്പോള്‍
പരിചയക്കരന്‍ പോലീസും ചോദിച്ചിട്ടുണ്ട്
ഏതാണ്ടിതേ വാക്യം
ഈയടുത്ത് ഇന്‍ബോക്സിലെ
sms മെസ്സേജുകള്‍
വായിച്ചുള്ള കൂട്ടച്ചിരിയില്‍ ചേരാതെ
ഹരോള്‍ഡ്പിന്‍ററുടെ
അമേരിക്കയെ പറ്റിയുള്ള
കവിത എടുത്തിട്ടു വഴിതെറ്റിച്ചതിന്
സംഭാഷണ വിദഗ്ധരായ
സഹജീവനക്കാര്‍ കോപിച്ചിട്ടുണ്ട്
ഇതേ ചോദ്യം കൊണ്ട്
അയലത്തെ ഹാജ്യാരുടെ പശു
വളപ്പില്‍ കയറി നിരങ്ങിയാല്‍
കുറ്റം ഞങ്ങള്‍ വേലി കെട്ടാത്തത്
വീട്ടിലെ കറമ്പി
അവിടത്തെ തൈ കടിച്ചാല്‍
തെറ്റ് ഞങ്ങള്‍ പശുവിനെ കെട്ടാത്തത്
എന്നായപ്പോള്‍ അനിയനുണ്ടാക്കിയ
വഴക്കു കഴിഞ്ഞതിന്‍റെ പിറ്റേന്ന്
പള്ളിയില്‍ വച്ചു കണ്ടപ്പോള്‍ ഇമാമും
കുശലം പോലെ ചോദിച്ചിട്ടുണ്ട്
നീ ചോദിക്കെന്ന് എല്ലാവരും
പിന്തിരിഞ്ഞ ദിവസം
ചോദ്യവുമായി എഴുന്നേറ്റ് നിന്നു
പണ്ടേ കുപിതനായ പ്രൊഫസറെ
വെള്ളം കുടിപ്പിച്ച
ചങ്ങാതിയോട്
ഞാനും ചോദിച്ചു പോയിട്ടുണ്ട്
ജനറല്‍ മാനേജരുടെ വിരട്ടലിനു
ചുട്ട മറുവെടി വെച്ച
പിരിച്ചുവിടപ്പെട്ട വാച്ച് മാനോട്
പ്ലാച്ചിമടയില്‍
സമരത്തിനു പോയ ചങ്ങാതിയോട്
ബുഷിന്‍റെ കോലം കത്തിച്ച പരിചയക്കാരോട്
ഞാനുമിയ്യിടെ
ഈ ചോദ്യം തുടങ്ങിയിരുന്നു
അന്നൊന്നും
തിരിച്ചു പറയാതിരുന്ന
തിരിച്ചു കിട്ടാതിരുന്ന
ഉത്തരം
കഴിഞ്ഞ വര്‍ഷത്തെ
അവസാന ദിവസത്തിന്‍റെ
തലേന്ന് കിട്ടി
ഇന്ത്യന്‍ സമയം 8.3oന്.
പായില്‍ കിടന്ന്
ചാവാതിരിക്കാന്‍
മരണം തൂക്കു കയറുമായി വന്നാലും
തൊണ്ട വരണ്ട്
നാവനങ്ങാത്ത നേരത്തും
ജീവിതത്തെ ആവിഷ്കരിക്കാന്‍
ആവശ്യമുണ്ട് വല്ലതും
മനോഹരം ഈ കവിത!
ReplyDeleteഉമ്പാച്ചീ :)
ReplyDeleteവല്ല ആവശ്യവുമുണ്ടോ? ഞാനും ചോദിക്കാറുണ്ട് എന്നോട് തന്നെ. പലപ്പോഴും.
ഉമ്പാച്ചീ താങ്കളുടെ കവിതകള്‍ വല്ലാതെ ഇഷ്ടപ്പെട്ടുപോയിട്ടുണ്ട് മിക്കവാറും. പക്ഷേ എന്തോ ഇതിനോട് എനിക്ക് അത്ര നല്ല അഭിപ്രായം തോന്നിയില്ല. ഒരു നല്ല എഡിറ്റിംഗിണ്റ്റെ കുറവ് വല്ലാതെ അനുഭവപ്പെട്ടു ഇത് വായിച്ചപ്പോള്‍... അധികപ്രസംഗമാണെങ്കില്‍ ക്ഷമിക്കുക. ഇതിനെ ഒന്ന് കുറുക്കിക്കൂടേ?
ReplyDeleteഇതും കവിത!
ReplyDeleteഉമ്പാചി,
ReplyDeleteകവിത ഇഷ്ടമായി.
-സുല്‍