മൊയ്തു മാഷായിരുന്നു
ഞങ്ങളുടെ മലയാളം
അന്നുണ്ടായിരുന്നില്ല
എളുപ്പമുള്ളതൊന്നും
തുടയില്‍ നീറ്റി
കുന്നിയില്‍ ചുവന്നണ്
പുത്തനക്ഷരങ്ങള്‍ ഓരോന്ന്
കൈവഴങ്ങിയത്.
അവരവരുടെ പേര്
ആഴി
ആകാശം
പൂമരം
പത്തായം
ഉല്‍സാഹം..
കേട്ടെഴുത്താണ് കടുപ്പം.
ആകാശത്തു വച്ചേ എന്‍റെ പായും ശായും
ഒട്ടിപ്പിടിച്ചിരിക്കും,
അന്നേരമാണ് അവളുടെ കണ്ണിമകള്‍
എനിക്ക് നേരെ വെട്ടാന്‍ തുടങ്ങുക.
കട്ടെഴുത്താണ് എളുപ്പം.
അവള്‍ക്കടി ഉറപ്പയാല്‍
അറിയാതെ എഴുന്നേറ്റു നിന്നുപോകും
ശ് എന്ന ഒച്ചയും
കൈവെള്ളയില്‍ മറ്റേ കൈകൊണ്ടുള്ള
അമര്‍ത്തിപ്പിടിത്തവും വന്നു പോകും
മലയാളത്തിൽ ഒന്നും മറച്ചു പിടിക്കാനാകില്ല
അവളെ ആരൊക്കെയോ മറച്ചു പിടിച്ചു
പിന്നെ കാണാനായില്ല.
മോനെ
കൈ പിടിച്ച്
റോഡ് വക്കിലൂടെ
നടത്തിക്കുന്ന
മാഷിനെ ഇടക്ക് കണ്ടു.
മൊയ്തു മാഷ് മരിച്ചു
അനുശോചനത്തിനു പോയി,
അങ്ങാടിയില്‍ കൂടിയ യോഗത്തിനും നിന്നു.
അറിയാതെ പറഞ്ഞു പോയി
കുട്ടികളുടെ ഭാഷയില്‍
അക്ഷരങ്ങള്‍ക്കു പ്രത്യേകം സ്വരങ്ങളെന്ന പോലെ
വാക്കുകള്‍ക്കു അര്‍ത്ഥങ്ങളും മാഷറിഞ്ഞിരുന്നു.
അവനെപ്പറ്റി എന്നു കരുതിയാകണം
മാഷിന്‍റെ മോന്‍ വല്ലാതെ ചിരിച്ചു.
ഇന്നുമറിയില്ല
ആരാവും
മാഷെ മോന്‍മാഷായാല്‍
മാഷെന്തു വിളിക്കും മാഷേന്നു
ഹാജര്‍ പട്ടികയുടെ ബാക്കിലെഴുതിയത്..?