Showing posts with label സ്വപ്ന വാങ്മൂലം. Show all posts
Showing posts with label സ്വപ്ന വാങ്മൂലം. Show all posts

സ്വപ്ന വാങ്മൂലം


സ്വപ്‌നങ്ങളുടെ ജീവിതം
അവയെ കണ്ടവരുടെ
ജീവിതത്തിലുമെത്രയോ ദുസ്സഹം

ആരെ കാണിക്കണമെന്നു
തെരഞ്ഞെടുക്കുന്ന നാള്‍ തൊട്ട്‌
തീരുമാനിക്കപ്പെടുന്നു
ഓരോ സ്വപ്‌നത്തിന്റെയും ഭാവി

മോഹനിദ്ര വിട്ടുണര്‍ന്നെങ്കിലും
വെറും സ്വപ്‌നങ്ങള്‍ മാത്രമായിത്തുടരുന്ന
എത്ര സ്വപ്‌നങ്ങളുണ്ട്‌!
ഭൂരിപക്ഷം വരുന്ന അവയുടെ
നിജസ്ഥിതി മറച്ചുവെച്ചാണു നിങ്ങള്‍
സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങള്‍ എന്നു
കവിതയെഴുതുന്നതും
വിപ്ലവം പറയുന്നതും
പ്രസംഗിക്കുന്നതും

ദുസ്വപ്‌നങ്ങള്‍ എന്നു മുദ്രയടിക്കപ്പെട്ട
ഹീനജാതികളുടെ കാര്യം വിട്‌
കുറച്ചെങ്കിലും ഭേദം
അവയുടെ ജീവിതം തന്നെ
പേടിപ്പെടുത്തി
രക്ഷപ്പെടുകയെങ്കിലുമാവാമവക്ക്‌

തന്നെ ആദ്യം കണ്ടയാളുടെ
ജീവിതത്തിനു
മിന്നുകെട്ടുക എന്നതു തന്നെ
സ്വപ്‌നങ്ങളുടെയും പതിവ്
അങ്ങനെ വരിച്ചവര്‍ക്കൊപ്പം
ജീവിതം നിത്യസങ്കടം എന്നു വീര്‍പ്പുമുട്ടുന്ന
എത്ര ഹതഭാഗ്യര്‍!.
പ്രത്യുല്‍പ്പാദന ശേഷിയില്ലാത്ത
പുരുഷന്മാര്‍ക്കൊപ്പം
ജീവിതം പാഴാക്കുന്ന
പെണ്ണുങ്ങളെ പോലെ
എല്ലാം സഹിച്ചും ത്യജിച്ചും
കഴിയുന്ന സല്‍സ്വഭാവികള്‍ തന്നെ
സ്വപ്‌നങ്ങളിലും ഉത്തമര്‍

എന്നാലുമുണ്ട്‌ കൂട്ടത്തില്‍
തന്നെ വച്ചുകൊണ്ടിരിക്കുന്നവരെ കബളിപ്പിച്ച്‌
മറ്റുള്ളവര്‍ക്കൊപ്പം പോകുന്നവ,
എത്ര സഫലം എന്നു കേളിമികച്ച
എത്രയോ സ്വപ്‌നങ്ങള്‍
ഇങ്ങനെ കണ്ണുവെട്ടിച്ച്‌ കടന്നവയാണ്‌

ഒരേ കിടപ്പറയില്‍
നിറവേറാത്തതും
നീട്ടിവെക്കപ്പെട്ടതും
സാക്ഷാല്‍ക്കാരങ്ങളെ
പ്രാപിക്കാനാവാത്തതും ജീവിതം

പുലരാതെ മടുത്ത സ്വപ്‌നങ്ങള്‍
കൂട്ടത്തോടെ സ്വപ്‌നം കാണുന്നുണ്ട്‌
കൂട്ടിപ്പോകുന്ന ഒരിടയന്റെ വരവ്‌

അതു സംഭവിക്കാന്‍ വൈകുംതോറും
മിക്ക സ്വപ്‌നങ്ങളുമിപ്പോള്‍ കൊതിക്കുന്നത്‌
ഭീതിയായോ വൈരമായോ
ആകുലതകളായോ ഒരു പുനര്‍ജന്മം

എളുപ്പത്തിലും വേഗത്തിലും സഫലമാകുന്ന
ജീവിതമാണ്‌
തല്‍ക്കാലം അഭികാമ്യമായത്‌.
000

ഒറ്റ വരിയില്‍ ഒരുകവിതയായ(കുഴൂര്‍ വിത്സണ്‍ പറയുന്നത്)
സ്വപ്ന വാങ്മൂലം എന്ന ശീര്‍ഷകത്തിനു
കവി റഫീക്ക് അഹമ്മദിനോട് കടപ്പാട്,
മാറ്റി എഴുതിയ സ്വപ്ന വാങ്മൂലം പുനപ്രകാശിപ്പിക്കുന്നു.