എപ്പോള്‍
പൊട്ടിപ്പുറപ്പെട്ടു എന്ന് ചോദിച്ചാല്‍ മതി
ദിവസങ്ങളായി സമാധാനം
തകര്‍ന്നുകിടപ്പായിരുന്നു കിടക്കകള്‍
ഉറക്കാത്ത കാലുകളില്‍
ഉറക്കം കിട്ടാതുള്ള അലച്ചിലുകളായിരുന്നു
മണിക്കൂറുകളൊക്കെയും
കുളിമുറിയില്‍ വല്ലതും
പാലിക്കപ്പെടാതെ കിടപ്പുണ്ടോ
അടുക്കളയില്‍ പാകം വരാതെയിരിപ്പുണ്ടോ
അങ്ങാടിയില്‍ നിന്ന്
കൂടെ വരാതെ നില്‍പ്പുണ്ടോ
എന്നൊക്കെയുള്ള
ഗൂഢമായ അന്വേഷണങ്ങള്‍ തുടങ്ങിയിട്ട്
നാളേറെയായിരുന്നു
കരയില്‍ നിന്നും കരയിലേക്ക്
ശകാരങ്ങള്‍ തൊടുത്ത്
ഇപ്പോള്‍ ഓര്‍ക്കാപ്പുറത്തായിരുന്നു തുടക്കം
നേരം വെളുത്തിരുന്നു
കുട്ടികള്‍ ഒഴിവു ദിവസത്തെ
കലികളിലേക്കിറങ്ങിയിരുന്നു
മുള്ളുവേലികളെക്കുറിച്ച്
മുള്ളുമ്പഴത്തിന്റെ അത്ര മാത്രം
ആലോചനയുള്ളവരായിരുന്നു കുട്ടികള്‍
വിമാനങ്ങള്‍
ചിറകനക്കാതെ പറക്കുന്ന
മറ്റൊരു പക്ഷി മാത്രം അവര്‍ക്ക്
യുദ്ധം അവരുടെ കളിസ്ഥലങ്ങളിലില്ല
തണലുകളില്‍ നിന്നും മടക്കി വിളിക്കുന്നില്ല
മുറ്റത്തു വന്നുവീണ പത്രം, പാല്
അതിനും മുന്നെ വീണ പഴുത്തിലകള്‍
ചപ്പുകളൊക്കെ അവിടത്തന്നെ കിടന്നു
യുദ്ധം ഉണ്ടാവും
എന്ന തോന്നലു തന്നെ എല്ലാ പതിവുകളേയും തെറ്റിക്കുന്നു
യുദ്ധം എല്ലാത്തിനേയും തൂത്തുകളയും
എന്ന കരുതലില്‍ ഒരു വിശ്രമം തരപ്പെടുത്തുന്നൂ മടി
വിളിക്കാതെ വന്നതിന്‍റെ
സങ്കോചമൊന്നുമുണ്ടായിരുന്നില്ല
യുദ്ധത്തിന്
അത്ചോദിക്കാതെ തന്നെ
അകത്തും കയറി
ഒരിടത്തും ഇരുന്നില്ല
കുട്ടികള്‍ പുറത്താണല്ലോ എന്ന് കണ്ട്
അവര്‍ കുറുമ്പു കാട്ടുമ്പോള്‍
ചെയ്യുന്നതൊക്കെ ചെയ്തു
പഴയതും പുതിയതുമായ
ആയുധങ്ങള്‍ എടുത്തു കൊടുത്തു
മുമ്പുപയോഗിച്ചവ
പിന്നെയും പ്രയോഗിക്കപ്പെട്ടു
വാരിവലിച്ചിട്ടൂ മുമ്പ് കഴിഞ്ഞവ
ഇതു വരെ ഒരു കാറ്റും
ഉച്ചരിച്ചു കേള്‍പ്പിച്ചിട്ടില്ലാത്ത
ചില ശബ്ദങ്ങള്‍ വന്നു
ഒരു വെളിച്ചവും
വെളിപ്പെടുത്തിത്തരാത്ത
കാഴ്ചകള്‍ വന്നു
അപ്പോള്‍ കുട്ടികള്‍ കളി നിര്‍ത്തി വന്നു
അവര്‍ വാവിട്ടുകരയാന്‍ തുടങ്ങി
കഴുകാതെ കിടന്ന പാത്രങ്ങള്‍ നിലത്തു വീണു നുറുങ്ങി
തുറക്കാതിട്ട കോഴിക്കൂട്ടില്‍ നിന്ന്
വറ്റും വെള്ളവുമില്ലാതെ
പൂവനും പിടയും കൊത്തു കൂടുന്ന ശബ്ദം
പുറത്തെത്തി പാഞ്ഞു നടന്നു
യുദ്ധം രണ്ടു പേര്‍ക്കിടയില്‍ സംഭവിക്കുന്നതല്ല
യുദ്ധത്തിലെത്തുന്നതോടെ
രണ്ടു പേര്‍ രണ്ടു രാജ്യങ്ങളായി മാറുന്നു
അടുക്കളത്തിണ്ണയും
കോലായിലെ ചാരുകസേരയും
അക്ഷമയുടെ തലസ്ഥാനങ്ങളായി വര്‍ത്തിക്കുന്നു
ആ രാജ്യത്തെ പ്രജകളൊക്കെയും
പട്ടിണി ശീലിച്ചും
പുറത്തിറങ്ങാതെയും
യുദ്ധച്ചെലവു വഹിക്കുന്നു
യുദ്ധം
അവസാനിപ്പിക്കാതെ പറ്റില്ല
അതില്‍ പൊരുതുന്നവര്‍ക്ക്
പുറമെ മൂടിവെക്കപ്പെടുന്ന വിശപ്പ്
യുദ്ധത്തില്‍ നിന്നവരെ പുറത്താക്കും
അതിന്റെ നേരമായാല്‍
അപ്പോള്‍ പിന്നെ
ശത്രു രാജ്യത്തിന്റെ
രാജ കുമാരനെ ഗര്‍ഭം ധരിക്കാതെ പറ്റില്ല
അതില്‍ ജയിച്ചവള്‍ക്ക്.