പ്രണയ കവിത

ഒരു വിധം സുഖമായിരുന്നു ജീവിതം
ആറേഴുവരികളായങ്ങനെ...

ടീച്ചര്‍മാര്‍ കുട്ടികള്‍ക്കു മുമ്പാകെ
ബോര്‍ഡിലെഴുതിയും മായ്ച്ചും
ബ്ലാക്ക് ബോര്‍ഡിനു ചുവട്ടിലും മറ്റും
ചോക്കപ്പൊടിയായ് വീണു കിടന്നും
ക്ലാസിലാകെ
ചുഴിഞ്ഞ നോട്ടങ്ങളാല്‍‍ പരന്നും

ആര്‍ക്കും എഴുതാനില്ലാത്തത് കൊണ്ട്
ചില ‍ പെണ്‍കുട്ടികള്‍
അവരവരുടെ നോട്ടുബുക്കുകളില്‍ പകര്‍ത്തിയെഴുതി

പരസ്യമായ ഏറെ കൈമാറ്റങ്ങള്‍ക്കൊടുവില്‍
‍മുഷിഞ്ഞു പോയ പേപ്പര്‍ തുണ്ടുകളായി
ബെഞ്ചുകള്‍ക്കും കാലുകള്‍ക്കുമിടയില്‍ചു
രുണ്ടുവീണു കിടന്നു ചിലപ്പോള്‍.

ആണ്‍കുട്ടികള്‍ വാക്കുകള്‍ മാറ്റി
വേറെ വരികളുണ്ടാക്കിയും
അക്ഷരങ്ങള്‍ വെട്ടി
പുതിയ വാക്കുകള്‍ കണ്ടെത്തിയും

അങ്ങനെ ഒരു കാലം.

ഏതൊ ഒരു യുവകവിയുടെ
വായനയില്‍
വീണ്ടും പെട്ടുപോയതീയിടെ.
അതോടെയവര്‍
‍കൂട്ടത്തോടെ എനിക്കു നേരെ തിരിഞ്ഞു
അവരുടെ മൊബൈലിലെ എസ്സെമ്മെസ്സായി മാറി
ഉള്ള സ്വകാര്യത പോയി
മനസ്സമാധാനവും പോയി

ചൈനാസില്‍ക്ക്


മിനുസം മിനുസം
എന്ന വാക്കിന്‍റെ അര്‍ത്ഥം
അന്ന്
ആ നീളന്തുണിയില്‍
വിരല്‍ വച്ചാണ് പഠിച്ചത്
അതോടെ അത് ഹൃദിസ്ഥമായി
വീട്ടിലെല്ലാവരും
അന്നത്തെ ദിവസം ആ വാ‍ക്ക്
പലവട്ടം
ഉച്ചരിക്കുകയുണ്ടായി
അതുകേട്ട് ഉച്ചാരണവും ശുചിയായി
അമ്മാവന്‍
കുവൈത്തില്‍ നിന്നും
വന്ന ദിവസമായിരുന്നു അത്
അന്നു രാത്രി തന്നെ
ഓരോരുത്തരുടെയും അളവിനൊത്ത്
ആ തുണി മുറിച്ച്
അക്കൊല്ലത്തെ പെരുന്നാളും വീതിച്ചു കൊടുത്തു
അക്ഷരമാല
കൂട്ടിവായിച്ചെടുത്ത
വാക്കുകളൊക്കെ ഓരോന്നായി
ഓര്‍മ വിട്ടിട്ടും
മിനുസത്തിന് അന്നത്തെ അതേ മിനുസം.

ഹാ വിജിഗീഷു മൃത്യുവിന്നാമോ...

നമ്മുടെ മാഷ്

ജ്ഞാനിയുടെ മരണം ലോകത്തിന്‍റെ മരണമാകുന്നു
-മുഹമ്മദ് നബി

നമ്മുടെ മാഷ് പോയി,
മരണവും
പ്രവര്‍ത്തനമാക്കുന്നതെങ്ങനെ
എന്ന് കാണിച്ചുതന്ന് ഒരു മടക്കം.

മാഷിന്‍റെ
പ്രിയപ്പെട്ട വരികളിലൊന്ന് ഇതായിരുന്നു,
പലപ്പോഴായി മാഷിന്‍റെ എടുത്തുനോട്ടം കിട്ടിയത്,

ഹാ വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍റെ കൊടിപ്പടം താഴ്ത്തുവാന്‍
-വൈലൊപ്പിള്ളി

ബഷീറിനെ
എഴുതുന്നേരം മാഷ് എഴുതി,
അയാള്‍ക്കു പിറകെ വാക്കുകള്‍
ഞങ്ങളെ എടുത്തോമനിക്കൂ
എന്ന് കരഞ്ഞു വിളിച്ചു നടന്നു എന്ന്,
മാഷിനു പിറകെ വാക്കുകളും നാം ഒട്ടേറെ മനുഷ്യരും
നടന്നു,
മനുഷ്യര്‍ പാര്‍ക്കുന്ന ലോകങ്ങളുടെ
ഗുരുവാണിത്
എന്ന് മനസ്സിലുറപ്പിച്ച് നാവ് കൊണ്ട്
വെളിവാക്കി പറഞ്ഞു കൊണ്ട്...

തിരിച്ചു പോയാല്‍
ആദ്യം ചെന്നു കാണാന്‍
എന്‍റെ
മാഷ് ഇനി ഇല്ല,
കൊടുങ്ങല്ലൂരിലെ കരുണയില്‍.

വാക്കും
ആ വാത്സല്യവും
ചിതയിലെ വെളിച്ചവും ബാക്കി....

മധ്യപ്രലോഭനം

രണ്ടുകൈകളിലും
ഓരോ മധുരനാരങ്ങയുമായി
അവള്‍ പറഞ്ഞു വരൂ
എത്ര കേറിയാലും തീരാത്ത
പടികളുള്ളൊരു ഗോവണി
ഇരുകൈകളിലും ഞങ്ങളെയുമെടുത്ത്
മുകളിലേക്ക് കയറാന്‍ തുടങ്ങി
മുകളിലേക്ക് കയറുകയാണ്
തൊട്ടുമുന്നില്‍
പാഞ്ഞു പാഞ്ഞു പോകുകയാണ്
പടികളായ പടികളൊക്കെയും...
..............................................