Showing posts with label പെറ്റപാട്. Show all posts
Showing posts with label പെറ്റപാട്. Show all posts
പെറ്റപാട്
പാത്തുമ്മാ പാത്തുമ്മാ...
കുട്ടികള്‍ വിളിക്കുന്നു
അവരുടെ വിളി
ഏതു ദൂരേന്നും കേള്‍ക്കുന്നു
പള്ളേലിരുന്നുള്ള
അവരുടെ വിളിക്ക്
കാതു കൂര്‍പ്പിച്ച് കൂര്‍പ്പിച്ച്
തേഞ്ഞു പോയ ചെവിവട്ടം
നോക്ക്
നോക്കിയപ്പോള്‍
അലിക്കത്തുകള്‍ തൂങ്ങിയ
കുഴികളില്‍
പാടകെട്ടിയ
കാതുകുത്തു നോവുകള്‍
പെറ്റപാട് കുഞ്ഞുങ്ങള്‍
പാത്തുമ്മയോട് മാത്രം സംസാരിച്ചു
തള്ളക്കോഴിയെ ഒരൊച്ചയും വെക്കാതെ
വിളിച്ചു വരുത്തുന്ന കുഞ്ഞുങ്ങളെ
പോലെ
ഗര്‍ഭത്തിലിരുന്നു തന്നെ അവര്‍
പാത്തുമ്മയെ വിളിച്ചു വരുത്തി
നിങ്ങളുടെ പാപച്ചോര പുരണ്ട
കൈകളു പോലല്ല
പേറ്റുചോരപുരണ്ട പേറ്റിച്ചിക്കൈകള്‍
നോക്ക്
നോക്കിയപ്പോള്‍
നല്ല പുഴുങ്ങിയ പൂളയില്‍
മുളകു കറി ഒഴിച്ച പോലെ
ചുവപ്പില്‍ വെളുവെളുപ്പുള്ള ഉള്ളം കൈ
കല്യാണ വീടുകളിലെ
അരി പെറുക്കുന്ന പെണ്ണുങ്ങളാണ്
പരദൂഷണങ്ങള്‍
അളന്നു കൂട്ടുന്നതിനിടക്കാണ്
പ്രായ പൂര്‍ത്തി കൊടുത്തത്,
മോന്തിക്ക്
ഒതുക്കുകല്ലുകള്‍ കയറിപ്പോയ
ഞെക്കുവിളക്കു വെളിച്ചത്തില്‍
അവള്‍ ഗര്‍ഭവതിയാകുന്നതും നോക്കി
തോട്ടു വക്കത്ത്
ഗ്രാമമൊന്നടങ്കം ഒളിച്ചിരുന്നു പലദിവസം
വെറുതേ ചൂണ്ടയിടുവരെ
ഇരുത്തിയിരുന്നു
അക്കാലത്തെ പകലവിടെ
മീന്‍ കണ്ണുള്ളോളെ തേടിയുമവരെ
വരുത്തിയിരുന്നൂ രാവവിടെ
മയക്കാനായില്ലെന്നിട്ടും
നിലാച്ചിരികള്‍ക്കൊന്നുമൊരിക്കലും
ഒറ്റത്തടിയായോലപ്പുരയില്‍
മുട്ടവിളക്കിന്റെ വെളു വട്ടത്തില്‍
കണ്ണിമ വെട്ടാതുള്ള ഇരിപ്പില്‍
പാത്തുമ്മ
മലക്കുകളോടും പിറക്കാനിരിക്കുന്ന
മക്കളോടും സംസാരിച്ചു പഠിച്ചു
പാത്തുമ്മാ പാത്തുമ്മാ...
കുട്ടികള്‍ വിളിക്കുന്നു
അവരുടെ വിളി
ഏതു ദൂരേന്നും കേള്‍ക്കുന്നു
പള്ളേലിരുന്നുള്ള
അവരുടെ വിളിക്ക്
കാതു കൂര്‍പ്പിച്ച് കൂര്‍പ്പിച്ച്
അവരോട് മിണ്ടി മതി വരാതെ
ആദ്യമാദ്യം
പൈതങ്ങളുരിയാടുന്ന
സ്‌ത്രോത്രങ്ങള്‍ ഉരുവുട്ടുരുവിട്ട്..
Subscribe to:
Posts (Atom)