അലുത്തു പോയ
വിരലുകളുടെ
ഒരു പ്രാര്‍ത്ഥനാ യോഗമുണ്ട്
അലക്കൊഴിഞ്ഞ നേരത്ത്
പരസ്പരം തിരുമ്മിയും
കെട്ടുപൊട്ടിച്ചുമാണത് പിരിയുക
ഓര്‍ത്തെടുക്കാനാവില്ലിനി
കൈകള്‍ക്കൊന്നും
വെള്ളം തൊട്ടിട്ടും
ഉണര്‍വ്വൊന്നുമുണ്ടായില്ല
അഞ്ഞൂറ്റൊന്നിന്റെ മണം
മൂക്കുകള്‍ക്കിനി പിടിക്കാനാവില്ല
സുഗന്ധ സോപ്പിട്ട് തന്നെ
കുളിപ്പിക്കാം
പ്രത്യേകിച്ച്
ഒന്നുമുണ്ടായിരുന്നില്ല
കഴിഞ്ഞ ആഴ്ച
കാലൊന്നു പടം മറഞ്ഞിരുന്നു
മുറ്റത്തെ നിരപ്പില്‍
ഇല്ലാത്ത ചവിട്ടുപടി ഇറങ്ങിയതായിരുന്നു
പിന്നാമ്പുറത്തെ
അലക്കു കല്ലിന്റെ പൊത്തില്‍ നിന്ന്
ഒരു തേളു കുത്തുകയുമുണ്ടായി ഇന്നലെ
സോപ്പു കഷണം വച്ചിട്ടുണ്ടെന്ന് പറഞ്ഞ്
അതില്‍ കയ്യിട്ടതായിരുന്നു
വേറെ പ്രത്യേകിച്ച്
ഒന്നും, ഉണ്ടായിരുന്നില്ല
ഉണങ്ങിപ്പോയ വിരലുകളുടെ
വേറെ ഒരു പ്രാര്‍ത്ഥനാ യോഗമുണ്ട്
അഴുക്കൊഴിഞ്ഞ ദേഹത്ത്
ഭൂതകാലത്തിന്റെ
കടച്ചിലുകളൊന്നുമറിയാതെ വിശ്രമിച്ചു കൊണ്ട്.