Showing posts with label നിങ്ങളെന്നെ.... Show all posts
Showing posts with label നിങ്ങളെന്നെ.... Show all posts
നിങ്ങളെന്നെ...
വളര്‍ത്തു പട്ടികളുടെ കാലം വരുന്നു വരുന്നു
എന്ന് എത്രയോ കാലമായി കേട്ടിരുന്നതാണ്
അമേരിക്ക വരുന്നു ബിന്‍ലാദന്‍ വരുന്നൂ
എന്നൊക്കെയുള്ള മനുഷ്യരുടെ ബേജാറു പോലെ
ഒരു കിംവദന്തി
കൊല്ലം കൂടുമ്പോള്‍ പഞ്ചായത്തയക്കുന്ന
പട്ടി പിടുത്തക്കാരെ കുറിച്ചുള്ള ഒരു മുന്നറിയിപ്പ്
അത്രയേ കരുതിയിരുന്നുള്ളൂ
എന്നെങ്കിലുമൊരിക്കല്‍ പുലി വരണമല്ലോ
കൂട്ടത്തില്‍ ആദ്യമാദ്യം തുടലു പൊട്ടിച്ചവര്‍
വേട്ടപ്പട്ടികാളായാണ് മാറിയത്
ഇനി വളര്‍ത്തു പട്ടികളാവുകയാണ് രക്ഷ
ജീവിതം അതോടെ ശുഭം
തീറ്റ തരുന്ന കൈകളോര്‍ക്കണം
വന്നു പോകുന്ന വിരുന്നുകാരെ മാനിക്കണം
പ്രഭാത സവാരിക്കിറങ്ങിയാല്‍
മറ്റുള്ളവരെ കടന്നു പോകുന്നേരം
ലേശം ഗമയും പായ്യാരവും ചമയണം
കടിക്കുന്ന പട്ടി കുരക്കില്ല
പട്ടികളുടെ ഗണം തിരിച്ചുള്ള പട്ടിക തയ്യാറാക്കുന്നുണ്ട്
ഏതു ഗണത്തില്‍ ചേര്‍ക്കണം
എന്നതിനു പൂരിപ്പിച്ചു നല്‍കേണ്ട
അപേക്ഷാ ഫോറവും വിതരണം ചെയ്യും
വീഴ്‌ച വരുത്തുന്നവയെ
നാലാമതൊരു ഗണത്തില്‍ പെടുത്തും
പേപ്പട്ടികള്‍
ശേഷം
പട്ടി പിടുത്തക്കാര്‍ക്കേല്‍പിച്ചു കൊടുക്കും
എല്ലാവരും വേട്ടപ്പട്ടികളോ
വളര്‍ത്തു പട്ടികളോ ആകുന്നതിനുള്ള
മല്‍സരത്തില്‍ പേരു കൊടുത്താല്‍ പിന്നെ
നിങ്ങളെന്നേ പേപ്പട്ടിയാക്കി
എന്നോ മറ്റോ ശീര്‍ഷകത്തിലെഴുതുന്ന
ഒരു നാടകം കൊണ്ടൊ
കവിത കൊണ്ടോ
പട്ടികളെ സംഘടിപ്പിക്കാനാകില്ല
എല്ലാം നാടകമായി കഴിഞ്ഞ
നാട്ടകങ്ങളില്‍ ചുറ്റിത്തിരിയാനിനി ഏതു പട്ടിയെ കിട്ടും
ഭയം നിറഞ്ഞ ചരിത്രത്തിന് ഏതു പട്ടി കാവല്‍ നില്‍ക്കും
വര: പാബ്ലോ പിക്കാസോയുടെ പട്ടി
Subscribe to:
Posts (Atom)