അനുനയം

സ്‌നേഹം കൊണ്ട്‌ സ്വന്തമാക്കേണ്ടത്‌
ന്യായം കൊണ്ടു സ്വന്തമാക്കുന്നവന്റെ വിരസത
ചോദ്യം കൊണ്ട്‌ കിട്ടാത്തത്‌
ഭേദ്യം കൊണ്ടു നേടുന്നവന്റെ രസത്തെ
വഴിയില്‍ വച്ചു കണ്ടുമുട്ടി
തമ്മില്‍ സംസാരിച്ചപ്പോള്‍
അവരവരുടെ കുറവുകള്‍
തമ്മില്‍ തമ്മില്‍ നികത്താനാകുമെന്ന്‌ കണ്ട്‌
ലിവിംഗ്‌-- ടുഗതര്‍ തുടങ്ങി

വാടകക്കെടുത്ത ഹൃദയം എന്നു പേരുള്ളൊരു വീട്ടിലായിരുന്നു അത്‌

വാടക കൂടുതലായ കാരണം
കുട്ടികളില്ലാത്ത കപ്പിള്‍സിനെ
ഷെയറിംഗിന്‌ കിട്ടിയിരുന്നെങ്കില്‍
എന്നവരാലോചിച്ച ദിവസം വൈകീട്ട്‌
രണ്ടു കമിതാക്കള്‍ മുറി ചോദിച്ചെത്തി

വിവാഹം എന്നും പ്രണയം എന്നും
പേരുള്ള രണ്ടു വീടുകളിലെ
വഴക്കം എന്നും വഴക്ക്‌ എന്നും പേരുള്ള
രണ്ടു വേലക്കാരായിരുന്നു അവര്‍
മതിലിനിരുപുറം നിന്നുള്ള ഒച്ചയനക്കങ്ങളില്‍ പരിചയപ്പെട്ട്‌ 
ഒളിച്ചോടിയതായിരുന്നു അവര്‍,

തങ്ങളുടെ ചുറ്റുവട്ടത്തെ വാടക വീട്ടില്‍
അനാശാസ്യം നടക്കുന്നെന്ന ആരോപണവുമായി
നാട്ടുകാരായ മാന്യത, ധാര്‍മ്മികത തുടങ്ങിയവര്‍ 
ആളെക്കൂട്ടിത്തുടങ്ങിയതോടെ നാലു പേരുടെയും ജീവിതം ദുസ്സഹമായി
സ്വതന്ത്ര ലൈംഗികത, സാമ്രാജ്യത്വ അജണ്ട എന്നിവര്‍
അവര്‍ക്കെതിരെ സംസാരിച്ചു തുടങ്ങിയതോടെ
പ്രശ്‌നം നാള്‍ക്കുനാള്‍ വഷളായി എന്നു പറഞ്ഞാല്‍ മതിയല്ലോ,

ഇന്നലെ
സദാചാരം എന്ന പോലീസ്‌ വന്നു നാലെണ്ണത്തിനേയും പൊക്കി
പൊക്കി എന്നാല്‍ ഉയര്‍ത്തി എന്നല്ലേ എന്ന്‌ 
സംശയം എന്നു പേരുള്ള നാട്ടുകാരന്‍ സംശയിച്ചു
സംശയിച്ചു എന്നതിന്റെ അവസാനത്തില്‍ ശയിച്ചു എന്നുണ്ടെന്ന്‌ 
തര്‍ക്കം എന്നു പേരുള്ള വേറൊരാള്‍ ചൂണ്ടിക്കാട്ടിയതോടെ 
അവന്‍ നിശ്ശബ്ദനായി,
ഒരു കുടുംബം കലങ്ങാൻ ഇത്രയൊക്കെ മതി,
കലക്കം തെളിയാൻ ഇതൊന്നും പോര.