നിശ്ശബ്ദത
എത്ര നീളം പോകുമെന്ന്
വീക്ഷിക്കുകയാണ്
അതിനു തുടക്കമിട്ട ഈ അറ്റം
നേരെ വരുന്ന
ശബ്ദങ്ങളുടെ അകമ്പടിയില്ലാത്ത
എതിര്‍പ്പില്‍ നിന്ന്
അകന്നകന്ന് പോകുകയാണ്
മറ്റേ അറ്റം
ഒരു ഭാരവുമില്ലാത്ത
ഒന്നിനെ
ചുമന്നു തളരുന്നൂ
രണ്ടറ്റങ്ങളില്‍
കാത്തു നില്‍ക്കുന്നവര്‍
ഏതു പെരുക്കവും
എത്രയോ കനം കുറഞ്ഞതാകുന്നു
മാന്ദ്യത്തിന്‍റെ
അളവു തൂക്കങ്ങളിലെന്ന്
മാന്ദ്യം ബാധിച്ച
ഇണക്കത്തിനു
കൈവരുന്ന നവോന്മേഷമാണ്
ഓരോ പിണക്കവുമെന്ന്
കണക്കു കൂട്ടല്‍ രണ്ടറ്റത്തും.