ഗൃഹാശയം

എല്ലാ വാതിലുകളുമടയുമ്പോള്‍ 
വാതിലുകളേയില്ലാത്ത ഒരു വീട്‌ 
മരങ്ങളോട്‌ പിണങ്ങി ആകാശം നിറയെ വേരുകളും 
ഭൂമി നിറയേ ശാഖകളും പടര്‍ത്തി ഒരു മരമതിന്റെ മുറ്റത്ത്‌ 
ആഗ്രഹിക്കുമ്പോള്‍ മരിക്കുന്നതിന്‌ ഒരു കട്ടിലും 
അതേ പോലെ ജനിക്കുന്നതിന്‌ ഒരു തൊട്ടിലും ഓരോ അകത്തും 
ജനലുകളോട്‌ കാറ്റും ചുമരുകളോട്‌ വെളിച്ചവും സമ്മതം ചോദിക്കില്ല 
ഇല്ലാത്ത മതിലുകള്‍ എല്ലാ നടപ്പുകളേയും ക്ഷണിച്ചു വരുത്തും
ഇല്ലാത്ത വാതിലുകള്‍ എല്ലാ വഴികളേയും അകത്തു കയറ്റും
അടിച്ചേല്‍പ്പിക്കപ്പെട്ട വീട്ടില്‍ പാര്‍ക്കാതിരിക്കാനുള്ള അവകാശം 
ഒരിക്കലെങ്കിലും നിങ്ങളുമാഗ്രഹിച്ചിരിക്കും
മടുക്കുമ്പോള്‍ ഉപേക്ഷിക്കാവുന്ന ഒരു പുറന്തോട്‌ മതി എനിക്കുമെന്ന്‌ 
ഒരു ദിവസമെങ്കിലും മോഹിച്ചിരിക്കും 
അങ്ങനെ ഒരു ദിവസം പടുത്തു തുടങ്ങിയതാണ്‌ ഈ വീടും

ഒരോ ദിവസും ഒരോ അഥിതി
ശനി പോയി പിറ്റേന്നു ഞായര്‍ വരും 
ചോവ്വേ വന്നോളൂ എന്നു വിളിക്കേണ്ടതില്ല
തിങ്കളു പോകുന്ന രാത്രി അവന്‍ വരും
പ്രയപ്പെട്ട ബുധന്‍ പുറപ്പെട്ടുവോ എപ്പോഴെത്തും എന്നൊന്നുമില്ല ആധികള്‍
വ്യാഴവും വെള്ളിയും ചിലപ്പോള്‍ ഒന്നിച്ചാണു വരിക, 
അവരൊന്നിച്ചു പോകാതിരുന്നാല്‍ മതി
ഉന്‍മാദത്തില്‍ പണിത വീടുകളാണ്‌ 
സ്വപ്‌നത്തില്‍ വച്ച വീടുകളേക്കാള്‍ ജീവിതത്തിന്റെ വസതി
വീടുകള്‍ ഇടക്കിടെ ഉയര്‍ത്തുന്ന എല്ലാ ചോദ്യങ്ങള്‍ക്കുമെതിരെ 
കൊതികള്‍ പാകിയ ഒരുത്തരക്കെട്ട്‌ 
പണിതീരുന്നതിനു മുന്നേ ഗൃഹപ്രവേശം കഴിഞ്ഞ 
ഈ വീട്ടിലെ താമസക്കാരനെ നിങ്ങളറിയും
ഇല്ലെന്നു പറയരുത്‌
നിങ്ങളും വരണം 
ഈ വീട്ടിലും ഇടക്ക്‌ ഒന്നു കൂടുന്നത്‌ നന്ന്‌

:ബൂലോകകവിതയില്‍ നിന്ന്

തെരുവു തീരുന്നിടം

കറുത്ത പെണ്ണുങ്ങളുടെ
ധൂര്‍ത്തമായ അരക്കെട്ടുകള്‍ കൊണ്ട്‌
ഉണ്ടാക്കിയ ഒരു തെരുവിലാണ്‌
ഇപ്പോള്‍

ഒരു സ്‌ത്രീ എന്റെ നേരെ
ഒരു മുലയും കൊണ്ടു വരുന്നു
നിറം കണ്ടിട്ട്‌ ആഫ്രിക്കയിലെ
ഏതോ കാട്ടില്‍ നിന്ന്‌
പറിച്ചു കൊണ്ടു വന്നതാണെന്ന്‌ തോന്നുന്നു

ആണുങ്ങള്‍ കണ്ടിട്ടില്ലാത്ത
ഏതോ മരത്തിന്റെ കനിയായിരിക്കും

വേറെ ഒരു സ്‌ത്രീ
ഉരുട്ടിക്കൊണ്ടു പോകാവുന്ന
ഒരു തൊട്ടിലില്‍
കുഞ്ഞിനേയും കൊണ്ട്‌ പോകുന്നു
പോക്കു കണ്ടിട്ട്‌
അതിനെ അവളിറങ്ങി വന്ന
ഗ്രോസറിയില്‍ നിന്ന്‌ വാങ്ങിയതാണെന്നേ തോന്നൂ
ഈ തെരുവു തീരുന്നിടം
നിറയെ മുലകള്‍ കായ്ച്ചു നില്‍ക്കുന്ന ഒരു മരം.

*ദേരയില്‍ രാപാര്‍ത്ത കാലത്തെഴുതിയത്, ഇയ്യിടെ മലയാളനാടില്‍ വന്നിരുന്നു.

പൂമ്പാറ്റകളെ കുറിച്ച്‌

ഞാനോരു സ്‌കൂള്‍ അധ്യാപകനാണ്‌ 
കുട്ടികളെ അവരുടെ മാതൃഭാഷ പഠിപ്പിക്കുന്നു 
അവിവാഹിതനാണെങ്കിലും 
രണ്ടു കുട്ടികളുടെ രക്ഷിതാവുമാണ്‌ 
ഇരട്ടക്കുട്ടികള്‍ 
പ്രസവത്തോടെ മരിച്ചു പോയ  
പെങ്ങളുടെ രണ്ടു മക്കള്‍ 
അവരും എന്റെ ക്ലാസില്‍ തന്നെ 

കുട്ടികളെ അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ 
പഠിപ്പിക്കേണ്ടി വരുന്നു എന്നതാണ്‌ 
മാതൃഭാഷ പഠിപ്പിക്കുന്നവരുടെ പ്രശ്‌നം 
എന്റെ പ്രശ്‌നം അതല്ല 
എല്ലാ കുട്ടികള്‍ക്കും നല്ല അറിവുള്ള ചിലത്‌ 
എന്റെ കുട്ടികള്‍ക്ക്‌ മനസ്സിലാവുന്നേയില്ല 

പൂമ്പാറ്റകളെ കുറിച്ച്‌ 
ഒരു കൊച്ചു കുറിപ്പെഴുതാന്‍ പറഞ്ഞൂ ഒരിക്കല്‍ 
കുട്ടികള്‍ കൊച്ചു കൊച്ചു പൂമ്പാറ്റകളായി എഴുത്തു തുടങ്ങിയപ്പോള്‍ 
നോട്ട്‌ ബുക്കിന്റെ ഇതളുകളില്‍ വന്നിരിക്കാന്‍ തുടങ്ങി 
വാക്കുകള്‍ 
നിറങ്ങളിലേക്കും ഉടുപ്പുകളിലേക്കും പൂക്കളിലേക്കും 
മാറി മാറി ഇരിക്കാന്‍ തുടങ്ങി കുഞ്ഞുകുഞ്ഞക്ഷരങ്ങള്‍ 

അവര്‍ രണ്ടു പേരും അതൊന്നുമെഴുതിയില്ല 
ആരും കൊണ്ടു പോകാത്ത ദൂരത്തേക്ക്‌ പറക്കാന്‍ കഴിയുന്ന 
പൂമ്പാറ്റകളെ കുറിച്ച്‌ എഴുതാമോ കൂട്ടത്തിലിളയത്‌
അവര്‍ രണ്ടു പേരും ഒന്നുമെഴുതിയില്ല പൂമ്പാറ്റകളെ കുറിച്ച്‌ .

എ (u)

രുട്ടു തടഞ്ഞു
വീണവനെ
പകല്‍ വെളിച്ചം
എടുത്തുകിടത്തി

വിണ്ണിനു
മതിയായവനെ
മണ്ണേറ്റെടുത്തു
വേരുകള്‍ക്കു കൊടുത്തു

ഇലയായും കനിയായും
മരക്കയ്യിലെ കറുപ്പായും
തിരികെ വരും

പൂവായ് മാത്രം
പുറമേക്കു ചിരിച്ചു നില്‍ക്കില്ലവന്‍.

തന്റേടം

കാടിറങ്ങി
പുഴ കടന്ന്‌
മല കയറി
വയലു താണ്ടി
എത്തണം വീടെന്നോ
ബോറ്‌,

ആദ്യം കാണുന്ന ആരും
രണ്ടാമതു ചോദിക്കുമല്ലോ
വീടെവിടെയാ..?



എവിടെയാ...?
അതെവിടെയാ വച്ചു പോന്നത്‌
മറന്നത്‌
ബേജാറ്‌,

അമ്പലത്തിന്റെ ബേക്കില്‍
കനാലിന്റെ വക്കില്‍
ടാറിട്ട റോഡ്‌ തീരുന്നിടത്ത്‌
പോസ്‌റ്റാപ്പീസിന്റെ പിറകില്‍
ഷാപ്പിന്റെ മുന്നില്‍
സര്‍ക്കാര്‍ സ്കൂളിന്റെ അരികെ
MLAയുടെ അടുത്ത വീട്‌
ബോറ്‌,
ഒറ്റക്കു നില്‍ക്കാന്‍
കെല്‍പ്പുള്ള
ഒറ്റ വീടില്ല ഇന്നാട്ടില്‍

9/11
21/246
വരൂ നഗരത്തിലേക്ക്‌
ഒറ്റ ഒറ്റയായ
മുറിക്കു മുറി പോരുന്ന വീട്ടിലേക്ക്‌.

തീരുമാനം

ഞങ്ങള്‍ നാലഞ്ചു പേര്‍ ബസ്സു കാത്തു നില്‍ക്കുന്നു
മുന്നില്‍ ഒരങ്ങാടിക്കൂട്ടം ഞങ്ങളെ നോക്കി നില്‍ക്കുന്നു
ഒരലര്‍ച്ച
പൊട്ടിത്തെറിക്കുന്നു
അവനെ കൊല്ല്
ആരെ കൊല്ലണം എന്നറിയാതെ പല ശബ്ദങ്ങള്‍
അത്ര തന്നെ നിശ്ശബ്ദതകള്‍
അവക്കിടയിലൂടെ അരുത് എന്നൊരു അപേക്ഷ
പതുക്കെ എഴുന്നേറ്റു നില്‍ക്കുന്നു
ആരെ കൊല്ലണം എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകുന്നു
എങ്ങനെ എളുപ്പത്തില്‍ വീട്ടിലെത്താം എന്നു മാത്രമാകുന്നു
ഇപ്പോള്‍ ബസ്സ് കാത്തുനില്‍ക്കുന്ന നാലഞ്ചു പേര്‍ ഞങ്ങള്‍
0
ബൂലോക കവിതയില്‍ വന്നത്

വീണ ബസ്സ്

ഇടവഴികള്‍
വീടുകള്‍ക്കു മുന്നിലൂടെയും
പറമ്പുകള്‍ക്കിടയിലൂടെയും
ഇറങ്ങി വന്നു
പാടം മുറിച്ചു കടന്ന്
വരമ്പുകള്‍ കയറി വന്നു
ഗ്രാമ ഞരമ്പുകള്‍
ഹാജര്‍ പറഞ്ഞു
കൂട്ടത്തോടെ കാത്തു നിന്നു
റോഡ്
വരുന്നതും നോക്കി

തോടുകള്‍ കമിഴ്ന്നു കിടന്നു കൊടുത്തു
മുന്നോട്ട് മുന്നോട്ട് പോകുന്നതിന്
അമ്പലക്കുളം പോലും
കുറച്ചങ്ങോട്ട് മാറിനിന്നു

റോഡ് വന്നു
പഴയ നിരത്തിനെ വിഴുങ്ങി
അത് മലര്‍ന്നു കിടന്നു

ബസ്സ് വന്നു

സമയം നോക്കി റഡിയാക്കി
കുറച്ചു നേരത്തേ
റോഡിനിരുപുറവും
ബസ്റ്റോപ്പില്‍ വന്നു കാത്തു നില്‍ക്കാന്‍ തുടങ്ങി

വരമ്പുകളാണാദ്യം പിരിഞ്ഞു പോയത്
മടിപൊടിച്ചു തുടങ്ങിയ
പാടങ്ങളും കൂടെപ്പോയി
റോഡുകളായി നടിക്കാന്‍ തുടങ്ങിയ
ഇടവഴികളും മടങ്ങി
അവരവരുടെ വീടുകളിലേക്ക്
സ്വന്തം സ്വന്തം വണ്ടികള്‍ വാങ്ങുകയും ചെയ്തു

റോഡ് കിടക്കുന്നു
മടങ്ങുന്നതിനുള്ള ബസ്സ് വരുന്നതും കാത്ത്,
നഗരത്തില്‍ നിന്നും
വിളിച്ചു വരുത്തിയതെന്തിന് എന്ന് ചോദിച്ചു കൊണ്ട്.

മുളകിട്ടത്

എത്ര കഷണം വേണമെങ്കിലും
മുറിക്കാവുന്ന കൂട്ടുകാരുണ്ട്
നടുക്കഷണം തന്നെ വേണെമെനിക്കെന്ന്
കൂട്ടുന്നവരോരോരുത്തരും കൊതിക്കും
സ്വന്തം ചങ്ങാതിയെയാണ്
തിന്നു കൊണ്ടിരിക്കുന്നതെന്ന് ചുവക്കുകയേയില്ല
അത്രയും രുചി
മുളകിട്ട് വച്ചിട്ടുണ്ടാകും ഓരോ മുറിവിലും

2009 -ല്‍ വിട്ടുപോയവ

മരത്തുള്ളി

പഴയ പൂവിടലുകളെ
ഒന്നു കൂടി പുറത്തെടുക്കുന്നതിനു മോഹിച്ച്
വഴിയില്‍
ഓര്‍മ്മിച്ചു നില്‍ക്കുന്ന
ഒരു മരത്തുള്ളിയാണ് ഞാന്‍

മഴപ്പെട്ടി

ഓടിട്ട
ഒരു വീട്ടിലായിരുന്നെങ്കില്‍
ഇന്നലെ പെയ്ത മഞ്ഞു കട്ടകളുടെ മഴ
മേല്‍ക്കൂര പൊളിച്ചെന്‍റെയും അകത്തു കടക്കും

രക്ഷാ പ്രവര്‍ത്തനത്തിനു വന്ന
അയല്‍ക്കാരെപ്പോലെ
എന്നെയും പുറത്തെടുക്കും
ജീവനോടെ,
ഒന്നുമുണ്ടായില്ല

മഴ മഞ്ഞെറിഞ്ഞു കളിക്കുക മാത്രം ചെയ്തു

ഉള്‍ക്കിണര്‍

കൈവരി കെട്ടാത്ത
ഒരു കിണറുണ്ട് മനസ്സിനറ്റത്ത്
അതിലേക്ക് കെട്ടിത്തൂക്കിയ
തൊട്ടി ആത്മീയത

അനേകം മലക്കം മറിച്ചിലുകള്‍ കഴിഞ്ഞ്
ജലനിരപ്പില്‍ മുഖം പൂഴ്ത്തി
ജലസമാധി
തണുപ്പുമായി മടങ്ങിവരവ്
ഒഴിഞ്ഞ് ഉള്ളുമായി തിരിച്ചിറക്കം

വീണ്ടും വീണ്ടും ഒരേ വെള്ളം കോരലുകളുടെ പുനരാഖ്യാനം

മാര്‍ച്ച് 16

മിന്നുന്നൂ മുന്നില്‍
നീ
യെന്തൊരു തിളക്കം
പണയത്തില്‍ നിന്നും
തിരികെയെടുത്ത പൊന്നു പോലിന്ന്

ഒന്നു കൂടി നിന്നെപ്പെണ്ണു കാണുവാന്‍
പരിചയിക്കുവാനതിശയം
മാറാതെ
വിളിക്കുവാനോരോ മണിക്കൂറിടവിട്ട്
പറയുവാനോരോയിളക്കവുമനക്കവും
തിളക്കവും
ബാറ്ററി തീരുവാനിടക്കു റീചാര്‍ജ് ചെയ്യുവാന്‍
പ്രണയത്തിലാകുവാനതിനാല്‍
പിണങ്ങുവാനിണങ്ങുവാന്‍
വീട്ടുകാരറിയാതൊളിച്ചുള്ള
ചെറു ചെറു യാത്രകള്‍ പോകുവാന്‍
ഒന്നു തൊട്ടു നോക്കുവാന്‍
വിരലില്‍
നീ പരുങ്ങുന്നതും
കോരിത്തരിച്ചതുമറിയുവാന്‍

കല്യാണ നിശ്ചയം,
ക്ഷണമൊക്കെയൊന്നുകൂടി
വധൂവരന്മാരായിത്തീരുവാന്‍
പലകുറി
ആദ്യരാത്രിയാകുവാന്‍
മോഹം

മതിവരായ്കകളല്ലേ
നമ്മിലും
ജീവിതം കൊരുക്കുന്നൂ നിരന്തരം.

ഡയറി-2009 മാര്‍ച്ച് 16 (വിവാഹ വാര്‍ഷികം)