ഒരു വിധം സുഖമായിരുന്നു ജീവിതം
ആറേഴുവരികളായങ്ങനെ...
ടീച്ചര്‍മാര്‍ കുട്ടികള്‍ക്കു മുമ്പാകെ
ബോര്‍ഡിലെഴുതിയും മായ്ച്ചും
ബ്ലാക്ക് ബോര്‍ഡിനു ചുവട്ടിലും മറ്റും
ചോക്കപ്പൊടിയായ് വീണു കിടന്നും
ക്ലാസിലാകെ
ചുഴിഞ്ഞ നോട്ടങ്ങളാല്‍ പരന്നും
ആര്‍ക്കും എഴുതാനില്ലാത്തത് കൊണ്ട്
ചില പെണ്‍കുട്ടികള്‍
അവരവരുടെ നോട്ടുബുക്കുകളില്‍ പകര്‍ത്തിയെഴുതി
പരസ്യമായ ഏറെ കൈമാറ്റങ്ങള്‍ക്കൊടുവില്‍
മുഷിഞ്ഞു പോയ പേപ്പര്‍ തുണ്ടുകളായി
ബെഞ്ചുകള്‍ക്കും കാലുകള്‍ക്കുമിടയില്‍ചു
രുണ്ടുവീണു കിടന്നു ചിലപ്പോള്‍.
ആണ്‍കുട്ടികള്‍ വാക്കുകള്‍ മാറ്റി
വേറെ വരികളുണ്ടാക്കിയും
അക്ഷരങ്ങള്‍ വെട്ടി
പുതിയ വാക്കുകള്‍ കണ്ടെത്തിയും
അങ്ങനെ ഒരു കാലം.
ഏതൊ ഒരു യുവകവിയുടെ
വായനയില്‍
വീണ്ടും പെട്ടുപോയതീയിടെ.
അതോടെയവര്‍
കൂട്ടത്തോടെ എനിക്കു നേരെ തിരിഞ്ഞു
അവരുടെ മൊബൈലിലെ എസ്സെമ്മെസ്സായി മാറി
ഉള്ള സ്വകാര്യത പോയി
മനസ്സമാധാനവും പോയി