Showing posts with label ജെ.സി.ബി. Show all posts
Showing posts with label ജെ.സി.ബി. Show all posts

ജെ.സി.ബി

ഇത്രയുമാണുണ്ടായത്
ഒരു രാവിലെ
വീട്ടിലേക്കു പോരുന്ന
ഇടവഴിയില്‍
മഞ്ഞ നിറത്തിലൊരു
ഹിംസ്ര ജന്തു പ്രത്യക്ഷപ്പെട്ടു
അതോടെ കുണ്ടനിടവഴി ഒരുവകയായി
ഒറ്റക്കണ്ണും ഊക്കന്‍ കയ്യുമായി
നിരത്തിലൂടുള്ള അതിന്‍റെ
ജൈത്ര യാത്രകള്‍ കണ്ട്
നാട്ടുകാര്‍ വശംവദരായി

കുട്ടികള്‍ കാറുകളെ വിട്ട്
ജെ.സി.ബി വേണമെന്ന് കരയാന്‍ തുടങ്ങി
കുന്നുകള്‍ കുഴികള്‍ കുളങ്ങളെല്ലാം
ട്രിപ്പര്‍ ലോറികളിലേക്കെടുത്തു വെക്കുകയാണത്
ദിവസവും

അതിന്‍റെ ഉടമ ആനക്കാരന്‍റെ ഗമയില്‍
പല ചാലുകള്‍ നടക്കുന്നു

ഇപ്പോള്‍
രാവിലേയും
വൈകുന്നേരവും
അങ്ങാടിയിലൂടതിന്‍റെ എഴുന്നള്ളത്തുണ്ട്
അമ്പലത്തിലെ
തിറ മഹോല്‍സവത്തിലെ
എഴുന്നള്ളിപ്പു മാത്രമേയുള്ളൂ ബാക്കി
ഇടയില്ല മദമിളകില്ല
തുമ്പിക്കൈക്കാണെങ്കില്‍
ആനയേക്കാള്‍ പൊക്കം

സ്ര്ഷ്ടിപ്പില്‍
ദൈവത്തിനു നേരിട്ടു പങ്കില്ലാത്തതാവണം
ബാധകമായ പ്രക്ര്തി നിയമങ്ങളില്ല
ജീവനില്ല ജീവനുള്ളതെല്ലാതിനോടും ഈറ
നിറം പഴുത്തു വീഴുന്ന ഇലകളുടെ മഞ്ഞ
അതുകൊണ്ട് പച്ചപ്പുകളോടാണ്പക

ഇന്നലെ
ഞങ്ങളുടെ നാട്ടിലെ മുഖ്യമന്ത്രിക്കൊപ്പം
ടിവിയിലും വന്നു
ഭരണ കക്ഷിക്കിന്നത്
അരുമയായ വളര്‍ത്തു മ്രിഗം
പ്രതിപക്ഷത്തിനു പ്രതിയോഗി
മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തും
തകര്‍ക്കാന്‍ പറ്റാത്ത ഉറപ്പുകളെ പൊളിക്കും
അഭേദ്യ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കും
മുന്നണികള്‍ ക്ക് ഭാവിയുടെ ഘടകകക്ഷി
അടുത്ത തിരഞ്ഞെടുപ്പിന്
വോട്ടു ചോദിച്ച് വീട്ടുവാതില്‍ക്കല്‍
ഒരു ജെ.സി.ബി വരും
ഉറപ്പ്