കൂവലുകള്‍

സദസ്സില്‍
നിന്നുണ്ടായി
കൂവലുകള്‍.

കളകളാരവമുണ്ടായി

വാക്കുകള്‍ക്കവ
നല്‍കി
തൂവലുകള്‍.

കിളികളുണ്ടായി
ആശയങ്ങളുടെ ആകാശത്ത്.

തീര്‍ത്തും സ്വകാര്യം

രാവടുക്കുന്നേരം
കടുപ്പത്തില്‍
കനമുള്ള ശബ്ദത്തില്‍
മിന്നല്‍ വെളിച്ചത്തോടെയും
ഉള്ളില്‍ ഭയത്തോടെയും
പെയ്ത
ഒരു മഴ
ബി .എഡ് സെന്‍ററിനു പുറത്ത്
ഇപ്പോഴും
കെട്ടിക്കിടപ്പുണ്ട്

നമ്മള്‍ രണ്ട് പേരുമപ്പോള്‍
അവനെ നോക്കുകയും
അവളുടെ റിങ് ടോണ്‍
ശ്രദ്ധിക്കുകയുമായിരുന്നു

ഇപ്പൊഴും
റോഡ്
മുറിച്ച് കടന്നിട്ടില്ലാത്ത
ഒരു പ്രണയത്തിലേക്ക്
അന്നാണ്
ഞാനുയര്‍ത്തപ്പെട്ടത്

വട്ട്

അതെയതേ
മാങ്ങ മാത്രമേ തരൂ
എന്ന വാശി
മാവ് ഉപേക്ഷിക്കുകയും

അവളുടെ മടിയില്‍
ചുരുണ്ട് കിടന്നു
ഒരുച്ചക്ക്
പൂച്ചക്കുട്ടികള്‍
മുലയുണ്ണുകയും

ഒരു ഭാഷയിലും
തിരിച്ചറിയാനാവാത്ത
കുറേ വരികളുമായി
പേനകള്‍
കയ്യില്‍കിടന്ന് വിറക്കുകയും

റീഫില്ലര്‍ കുടയുമ്പോള്‍
മഷിക്കൊപ്പം,
എഴുതാനിരുന്ന വാക്കുകള്‍
തെറിച്ചു വീഴുകയും

കല്ലെടുക്കുന്ന
കുട്ടികളെ പിടിച്ച്
തുമ്പികള്‍
ആകാശത്തേക്ക് ഉയരുകയും

കിണറോ കുളമോ
ഒറ്റക്കൊരു തൊട്ടിവെള്ളം
തലയില്‍
കമിഴ്ത്തുകയും

ചെയ്യുക

നേരത്തേ പറഞ്ഞ
മാവ്
കുട്ടികള്‍
എറിഞ്ഞാലേ
കായ്ക്കൂ എന്നത് മറന്നതു പോലെ.

ഉത്തരം ഹസീന

മൊയ്തു മാഷായിരുന്നു 
ഞങ്ങളുടെ മലയാളം
അന്നുണ്ടായിരുന്നില്ല 
എളുപ്പമുള്ളതൊന്നും
തുടയില്‍ നീറ്റി 
കുന്നിയില്‍ ചുവന്നണ്
പുത്തനക്ഷരങ്ങള്‍ ഓരോന്ന് 
കൈവഴങ്ങിയത്.

അവരവരുടെ പേര്‌
ആഴി
ആകാശം
പൂമരം
പത്തായം
ഉല്‍സാഹം..
കേട്ടെഴുത്താണ് കടുപ്പം.

ആകാശത്തു വച്ചേ എന്‍റെ പായും ശായും
ഒട്ടിപ്പിടിച്ചിരിക്കും,
അന്നേരമാണ് അവളുടെ കണ്ണിമകള്‍
എനിക്ക് നേരെ വെട്ടാന്‍ തുടങ്ങുക.
കട്ടെഴുത്താണ് എളുപ്പം.

അവള്‍ക്കടി ഉറപ്പയാല്‍
അറിയാതെ എഴുന്നേറ്റു നിന്നുപോകും
ശ് എന്ന ഒച്ചയും
കൈവെള്ളയില്‍ മറ്റേ കൈകൊണ്ടുള്ള
അമര്‍ത്തിപ്പിടിത്തവും വന്നു പോകും 
മലയാളത്തിൽ ഒന്നും മറച്ചു പിടിക്കാനാകില്ല
അവളെ ആരൊക്കെയോ മറച്ചു പിടിച്ചു
പിന്നെ കാണാനായില്ല.

മോനെ
കൈ പിടിച്ച്
റോഡ് വക്കിലൂടെ
നടത്തിക്കുന്ന
മാഷിനെ ഇടക്ക് കണ്ടു.

മൊയ്തു മാഷ് മരിച്ചു
അനുശോചനത്തിനു പോയി,
അങ്ങാടിയില്‍ കൂടിയ യോഗത്തിനും നിന്നു.
അറിയാതെ പറഞ്ഞു പോയി
കുട്ടികളുടെ ഭാഷയില്‍
അക്ഷരങ്ങള്‍ക്കു പ്രത്യേകം സ്വരങ്ങളെന്ന പോലെ
വാക്കുകള്‍ക്കു അര്‍ത്ഥങ്ങളും മാഷറിഞ്ഞിരുന്നു.
അവനെപ്പറ്റി എന്നു കരുതിയാകണം
മാഷിന്‍റെ മോന്‍ വല്ലാതെ ചിരിച്ചു.

ഇന്നുമറിയില്ല
ആരാവും
മാഷെ മോന്‍മാഷായാല്‍
മാഷെന്തു വിളിക്കും മാഷേന്നു
ഹാജര്‍ പട്ടികയുടെ ബാക്കിലെഴുതിയത്..?

അടുക്കള

അടുക്കളയിലായിരിക്കുമ്പോള്‍
അവള്‍ക്ക്
ഉള്ളതിലുമധികം
കണ്ണുകള്‍ വേണം.

നിസ്സംഗമായി
അവളെത്തന്നെ
നോക്കി കിടക്കുന്ന
മീനിനെ
അരുമയോടെ അരിയാന്‍
തുടങ്ങുമ്പോഴായിരിക്കും
കല്ലു പെറുക്കി
വെടിപ്പാക്കി വച്ച അരിയില്‍
ഒരു ചരല്‍ പാടം തന്നെ മുളക്കുക.

വാരിക നോവലിലെ
പെണ്ണിന്‍റെ കഷ്ടത്തില്‍
കണ്ണ്തുടക്കുമ്പോഴേക്ക്
കറിക്കൂട്ട്
ഉപ്പേരിയില്‍ പോയി കിടക്കും.

അലമാരയിലെ
അടച്ച കുപ്പിയില്‍
എരിഞ്ഞു കിടക്കുന്നതിന്‍റെ
വിങ്ങലില്‍ നിന്നും
ഉപ്പു കലത്തിന്‍റെ
തുരസ്സിലേക്ക് പോകാമോ
എന്നു നോക്കും മുളകു പൊടി.

കടലിലേക്കു തന്നെ
മടങ്ങുന്നതിനെ കുറിച്ചാവും
ഉപ്പ് ആലോചിക്കുക.

തട്ടത്തിനടിയില്‍ നിന്നും
ഊര്‍ന്ന് ഒരിഴ മുടി
വെന്തു വരുന്ന
ചോറ്റിലേക്കു പതിയെ നടക്കും
അതിന്‍റെ പൂച്ച നടത്തം.

തടയാന്‍ നോക്കുമ്പോഴായിരിക്കും
നോവലിലെ വര്‍ഷ എന്ന പെണ്‍കുട്ടി
അവളുടെ കാമുകനോട്
രണ്ടു പുളിച്ച തെറി പറയുന്നത്.

ആകാശത്തു നിന്നോ
മറ്റോ പുറപ്പെട്ട
ആവേശത്തിന്‍റെ ഒരു തിര
തന്‍റെ ഉള്ളിലടിക്കുന്നുണ്ടെന്നു
കാപ്പിപ്പൊടി വീതനപ്പുറത്തു തൂവും.

അപ്പോള്‍ ടീവിയില്‍ ഉച്ചപ്പടം തുടങ്ങും
പോസ്റ്റുമേന്‍ ഡ്രാഫ്റ്റുമായി വരും
കുട്ടി ഉണര്‍ ന്നു കരയും
കരന്‍റു പോകും
പുറത്തൊരു മഴ പെയ്യും.

അടുക്കളത്തോട്ടത്തില്‍ നിന്ന്
മുരിങ്ങയും വെണ്ടക്കയും
സാമ്പാറിലേക്കു പോകുന്നതിന്‍റെ
കോലാഹലം ഉയരാന്‍ തുടങ്ങും.

അടുത്ത വീട്ടില്‍ നിന്നും
ഇതുപോലൊരു
അടുക്കള
കാറ്റില്‍ ഉടയാതെ
വന്നു തൊടുമ്പോള്‍
ഊറ്റാനെടുക്കും മുമ്പത്തെ
അവസാന വേവിലാകും അവൾ.

ഇന്‍റര്‍ ലോക്ക് കട്ട

ഓലപ്പുര
പൊളിച്ച്
വാര്‍പ്പിട്ടതറിയാതെ
ഇറയത്തു
കളിക്കാനായി
ആകാശത്തു നിന്നും
മുറ്റത്തേക്കു പോന്ന
ഒരു മഴത്തുള്ളിയാണു
ഞാന്‍.,

ഇന്റർ ലോക്ക്
കട്ടകളില്‍ വീണു
തൊലിയുരഞ്ഞു
പൊട്ടും മുമ്പേ
ഏതു പഴയ
കളിച്ചങ്ങാതിയാണെന്നെ
ഒന്നു കൈ പിടിച്ചു
തിരികെ
കൊണ്ടു പോകുക..?

കാണാനവില്ല

നിലത്തുണ്ട്
അഴിച്ചിട്ട
ഉടുപ്പുകളുടെ
മണം.
തൊട്ടു നോക്കാം
പിഞ്ഞിപ്പോയ
ഉറക്കങ്ങളുടെ ചുളിവ്.
കാണാനവില്ല സ്വപനത്തില്‍
വന്നു പോയ
കൂട്ടുകാരികളേയും
അവരുടെ
മിന്നുന്ന നോട്ടങ്ങളേയും