വട്ട്

അതെയതേ
മാങ്ങ മാത്രമേ തരൂ
എന്ന വാശി
മാവ് ഉപേക്ഷിക്കുകയും

അവളുടെ മടിയില്‍
ചുരുണ്ട് കിടന്നു
ഒരുച്ചക്ക്
പൂച്ചക്കുട്ടികള്‍
മുലയുണ്ണുകയും

ഒരു ഭാഷയിലും
തിരിച്ചറിയാനാവാത്ത
കുറേ വരികളുമായി
പേനകള്‍
കയ്യില്‍കിടന്ന് വിറക്കുകയും

റീഫില്ലര്‍ കുടയുമ്പോള്‍
മഷിക്കൊപ്പം,
എഴുതാനിരുന്ന വാക്കുകള്‍
തെറിച്ചു വീഴുകയും

കല്ലെടുക്കുന്ന
കുട്ടികളെ പിടിച്ച്
തുമ്പികള്‍
ആകാശത്തേക്ക് ഉയരുകയും

കിണറോ കുളമോ
ഒറ്റക്കൊരു തൊട്ടിവെള്ളം
തലയില്‍
കമിഴ്ത്തുകയും

ചെയ്യുക

നേരത്തേ പറഞ്ഞ
മാവ്
കുട്ടികള്‍
എറിഞ്ഞാലേ
കായ്ക്കൂ എന്നത് മറന്നതു പോലെ.

4 comments:

  1. വളരെ പുതുമയുള്ള ഒരു കൂട്ടം ഇമേജുകളെ താങ്കള്‍ക്ക് കിട്ടി.ആര്‍ക്കും പിടി കൊടുത്തില്ലെങ്കിലും കവിക്ക് പിടികൊടുക്കണം കവിത.ഒരല്പം ശ്രദ്ധ/ധ്യാനം താങ്കളില്‍ നിന്ന് കവിത ആവശ്യപ്പെടുണ്ടെന്ന് എന്റെ തോന്നല്‍.ചങ്ങാതീ ഈ അഭിപ്രായ്ങ്ങളെ വകവെച്ചു തന്നേ തീരൂ.നിങ്ങളില്‍ എനിക്ക് നല്ല പ്രതീക്ഷയുണ്ട്.
    ഇതിലെ പല ഇമേജുകളും എനിക്കത്രയ്ക്ക് പിടിച്ചിട്ടുണ്ട്.

    ReplyDelete
  2. ഞാന്‍ വിയോജിക്കുന്നു.
    ഒരു കിണര്‍ തലയിലൊഴുകിയാല്‍ എല്ലാ വരികളിലും അര്‍ത്ഥങ്ങളെ നിറയ്ക്കാന്‍ നമ്മുടെ പേനകള്‍ക്കു കഴിയുമെങ്കില്‍ ആ കിണര്‍ മണ്ണിട്ടു മൂടുക.
    വട്ട് വട്ടായിരിക്കട്ടെ.
    കുട്ടികള്‍ എറിഞ്ഞാല്‍ മാത്രം കായ്ക്കുന്ന മാവുകള്‍ക്ക് സ്തുതി. കാരണം അവ ബാല്യങ്ങളുമായി സംസാരിക്കുന്നു.
    ഉമ്പാച്ചിയും സംസാരിക്കൂ..

    ReplyDelete
  3. പൊന്നപ്പന്,

    പരഞ്ഞതു നേര്‌.
    തര്‍ക്കിക്കാന്‍
    മനസ്സ് സമ്മതിക്കുന്നില്ല.
    ഒത്തു പോകാനുള്ള
    ഒരിടം
    തേടിയാ
    ഈ വഴി വന്നത്.

    വട്ട്
    എന്ന പേര്‌ ബോധപൂര്‍വ്വമാണ്.

    തോന്നലുകളിലാ
    എന്‍റെ
    എഴുത്തിന്‍റെ ഊന്നല്‍

    ReplyDelete