അടുക്കള

അടുക്കളയിലായിരിക്കുമ്പോള്‍
അവള്‍ക്ക്
ഉള്ളതിലുമധികം
കണ്ണുകള്‍ വേണം.

നിസ്സംഗമായി
അവളെത്തന്നെ
നോക്കി കിടക്കുന്ന
മീനിനെ
അരുമയോടെ അരിയാന്‍
തുടങ്ങുമ്പോഴായിരിക്കും
കല്ലു പെറുക്കി
വെടിപ്പാക്കി വച്ച അരിയില്‍
ഒരു ചരല്‍ പാടം തന്നെ മുളക്കുക.

വാരിക നോവലിലെ
പെണ്ണിന്‍റെ കഷ്ടത്തില്‍
കണ്ണ്തുടക്കുമ്പോഴേക്ക്
കറിക്കൂട്ട്
ഉപ്പേരിയില്‍ പോയി കിടക്കും.

അലമാരയിലെ
അടച്ച കുപ്പിയില്‍
എരിഞ്ഞു കിടക്കുന്നതിന്‍റെ
വിങ്ങലില്‍ നിന്നും
ഉപ്പു കലത്തിന്‍റെ
തുരസ്സിലേക്ക് പോകാമോ
എന്നു നോക്കും മുളകു പൊടി.

കടലിലേക്കു തന്നെ
മടങ്ങുന്നതിനെ കുറിച്ചാവും
ഉപ്പ് ആലോചിക്കുക.

തട്ടത്തിനടിയില്‍ നിന്നും
ഊര്‍ന്ന് ഒരിഴ മുടി
വെന്തു വരുന്ന
ചോറ്റിലേക്കു പതിയെ നടക്കും
അതിന്‍റെ പൂച്ച നടത്തം.

തടയാന്‍ നോക്കുമ്പോഴായിരിക്കും
നോവലിലെ വര്‍ഷ എന്ന പെണ്‍കുട്ടി
അവളുടെ കാമുകനോട്
രണ്ടു പുളിച്ച തെറി പറയുന്നത്.

ആകാശത്തു നിന്നോ
മറ്റോ പുറപ്പെട്ട
ആവേശത്തിന്‍റെ ഒരു തിര
തന്‍റെ ഉള്ളിലടിക്കുന്നുണ്ടെന്നു
കാപ്പിപ്പൊടി വീതനപ്പുറത്തു തൂവും.

അപ്പോള്‍ ടീവിയില്‍ ഉച്ചപ്പടം തുടങ്ങും
പോസ്റ്റുമേന്‍ ഡ്രാഫ്റ്റുമായി വരും
കുട്ടി ഉണര്‍ ന്നു കരയും
കരന്‍റു പോകും
പുറത്തൊരു മഴ പെയ്യും.

അടുക്കളത്തോട്ടത്തില്‍ നിന്ന്
മുരിങ്ങയും വെണ്ടക്കയും
സാമ്പാറിലേക്കു പോകുന്നതിന്‍റെ
കോലാഹലം ഉയരാന്‍ തുടങ്ങും.

അടുത്ത വീട്ടില്‍ നിന്നും
ഇതുപോലൊരു
അടുക്കള
കാറ്റില്‍ ഉടയാതെ
വന്നു തൊടുമ്പോള്‍
ഊറ്റാനെടുക്കും മുമ്പത്തെ
അവസാന വേവിലാകും അവൾ.

3 comments:

  1. അവളുടെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കിയതിന്‌ നന്ദി

    ReplyDelete
  2. ഊറ്റാനെദുക്കും മുബെത്തെ വെവ് .........അടുക്കള കവിത ന്ന്നായി

    ReplyDelete
  3. ഒരു പെണ്ണിന്റെ അടുക്കളയിലെ തിരക്ക്.
    കൊള്ളാം

    ReplyDelete