ഗൃഹാശയം

എല്ലാ വാതിലുകളുമടയുമ്പോള്‍ 
വാതിലുകളേയില്ലാത്ത ഒരു വീട്‌ 
മരങ്ങളോട്‌ പിണങ്ങി ആകാശം നിറയെ വേരുകളും 
ഭൂമി നിറയേ ശാഖകളും പടര്‍ത്തി ഒരു മരമതിന്റെ മുറ്റത്ത്‌ 
ആഗ്രഹിക്കുമ്പോള്‍ മരിക്കുന്നതിന്‌ ഒരു കട്ടിലും 
അതേ പോലെ ജനിക്കുന്നതിന്‌ ഒരു തൊട്ടിലും ഓരോ അകത്തും 
ജനലുകളോട്‌ കാറ്റും ചുമരുകളോട്‌ വെളിച്ചവും സമ്മതം ചോദിക്കില്ല 
ഇല്ലാത്ത മതിലുകള്‍ എല്ലാ നടപ്പുകളേയും ക്ഷണിച്ചു വരുത്തും
ഇല്ലാത്ത വാതിലുകള്‍ എല്ലാ വഴികളേയും അകത്തു കയറ്റും
അടിച്ചേല്‍പ്പിക്കപ്പെട്ട വീട്ടില്‍ പാര്‍ക്കാതിരിക്കാനുള്ള അവകാശം 
ഒരിക്കലെങ്കിലും നിങ്ങളുമാഗ്രഹിച്ചിരിക്കും
മടുക്കുമ്പോള്‍ ഉപേക്ഷിക്കാവുന്ന ഒരു പുറന്തോട്‌ മതി എനിക്കുമെന്ന്‌ 
ഒരു ദിവസമെങ്കിലും മോഹിച്ചിരിക്കും 
അങ്ങനെ ഒരു ദിവസം പടുത്തു തുടങ്ങിയതാണ്‌ ഈ വീടും

ഒരോ ദിവസും ഒരോ അഥിതി
ശനി പോയി പിറ്റേന്നു ഞായര്‍ വരും 
ചോവ്വേ വന്നോളൂ എന്നു വിളിക്കേണ്ടതില്ല
തിങ്കളു പോകുന്ന രാത്രി അവന്‍ വരും
പ്രയപ്പെട്ട ബുധന്‍ പുറപ്പെട്ടുവോ എപ്പോഴെത്തും എന്നൊന്നുമില്ല ആധികള്‍
വ്യാഴവും വെള്ളിയും ചിലപ്പോള്‍ ഒന്നിച്ചാണു വരിക, 
അവരൊന്നിച്ചു പോകാതിരുന്നാല്‍ മതി
ഉന്‍മാദത്തില്‍ പണിത വീടുകളാണ്‌ 
സ്വപ്‌നത്തില്‍ വച്ച വീടുകളേക്കാള്‍ ജീവിതത്തിന്റെ വസതി
വീടുകള്‍ ഇടക്കിടെ ഉയര്‍ത്തുന്ന എല്ലാ ചോദ്യങ്ങള്‍ക്കുമെതിരെ 
കൊതികള്‍ പാകിയ ഒരുത്തരക്കെട്ട്‌ 
പണിതീരുന്നതിനു മുന്നേ ഗൃഹപ്രവേശം കഴിഞ്ഞ 
ഈ വീട്ടിലെ താമസക്കാരനെ നിങ്ങളറിയും
ഇല്ലെന്നു പറയരുത്‌
നിങ്ങളും വരണം 
ഈ വീട്ടിലും ഇടക്ക്‌ ഒന്നു കൂടുന്നത്‌ നന്ന്‌

:ബൂലോകകവിതയില്‍ നിന്ന്

5 comments:

 1. ഉമ്പാച്ചിയുടെ എന്ന് മാത്രമല്ല വായിച്ച നല്ല കവിതകളിൽ ഒന്ന് /
  ഈ പഹയൻ എവിടെ പോയി എന്ന് പാതിരാത്രിക്കുണർന്ന് വീട് എന്നെ ചോദിക്കുന്നത് ഇടയ്ക്ക് സ്വപ്നം കാണും
  യുവകവികളിൽ സാധാരണ ലഹരികൾ ഒന്നും ബാധിക്കാത്ത കവിയാൺ റഫീക്ക്.
  നിനക്ക് കവിതയുടെ ലഹരി മാത്രം മതിയെന്ന് ഈ കവിത പറയുന്നു / ഇങ്ങനത്തെ വീട്ടിൽ ഉറങ്ങാൻ ആഗ്രഹിക്കുന്ന ഒരാള്‍ എന്നു കുഴൂരും
  വീട് എന്ന ബിംബത്തെ തച്ചുടച്ച് കവിതയാക്കി...ആരും കൊതിക്കുന്ന ജീവിതമാക്കി... വല്ലാത്തൊരു പുതുമ...എന്നു കാര്‍ത്തികയും
  അസ്സൽ കവിത! എന്നു എം.ആര്‍ അനിലനും പറഞ്ഞുകാണുമ്പോള്‍ ഒരിത്. ഇവിടെയും കിടക്കട്ടെ അത് എന്നും തോന്നി.

  ReplyDelete
 2. വീടുകള്‍ ഇടക്കിടെ ഉയര്‍ത്തുന്ന എല്ലാ ചോദ്യങ്ങള്‍ക്കുമെതിരെ
  കൊതികള്‍ പാകിയ ഒരുത്തരക്കെട്ട്‌
  പണിതീരുന്നതിനു മുന്നേ ഗൃഹപ്രവേശം കഴിഞ്ഞ
  ഈ വീട്ടിലെ താമസക്കാരനെ നിങ്ങളറിയും
  ഇല്ലെന്നു പറയരുത്‌
  നിങ്ങളും വരണം
  ഈ വീട്ടിലും ഇടക്ക്‌ ഒന്നു കൂടുന്നത്‌ നന്ന്‌

  ReplyDelete
 3. ബൂലോകത്തിലൂടെ വെറുതേ നടന്നപ്പോഴാണ്‌
  ഒരാശ്രയവുമില്ലാത്ത ഒരാശയത്തെക്കണ്ടത്‌.

  ഒന്ന് രണ്ട്‌ മൂന്ന് നാല്‍
  എണ്ണിയെണ്ണിപ്പോയപ്പോഴാണ്‌
  മുപ്പതിലെത്തീന്നറിഞ്ഞത്‌.

  എഴുത്തും കുത്തും എന്ന് കണ്ടതുകൊണ്ട്‌
  ഇതു കൂടിക്കുറിക്കാമെന്ന് വച്ചു.

  അമ്മച്ചിയാണ സോദരാ, ഒന്നുമങ്ങട്‌ മനസിലായില്യ

  ReplyDelete
 4. ഈ വീട് ഉന്തുട്ടിന്റെയാണെന്ന് ഈ മണ്ടന് പിടികിട്ടിയില്ല കേട്ടൊ
  ഒപ്പം
  എന്റെ മിത്രമേ താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
  സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
  ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
  സസ്നേഹം,

  മുരളീമുകുന്ദൻ

  ReplyDelete
 5. കലക്കി മുത്തേ..

  ReplyDelete