ഗാര്‍ഹികം

മുറ്റത്ത്
വെളുത്ത
നിറത്തില്‍
കറുത്ത
പാടുള്ളൊരു
മരമുണ്ട്

ഇംഗ്ലീഷ് മരം
എന്നാണതിനെ
വീട്ടില്‍
വിളിക്കുന്നത്

അതിന്‍റെ
കൂട്ടത്തിലുള്ളതൊന്നും
ഇപ്പോഴില്ല
എന്നാണ് കേള്‍വി

അടുത്തു
ചെന്നുനിന്നാല്‍
കാണാം
ദേഹത്തു
ചൂടുകുത്തിയ
പലപല ചിത്രങ്ങള്‍

ആട്ടിന്‍കുട്ടി
ചിരട്ട കത്തിച്ചിടുന്ന
ഇസ്തിരിപ്പെട്ടി
അരിഷ്ടത്തിന്‍റെ കുപ്പി
വീട്ടിലിപ്പോള്‍
ഉപയോഗത്തിലില്ലാത്ത
പലതും
ഒരു കിളിയും

അവധിക്കു
ചെന്നപ്പോള്‍
അനിയന്‍റെ
ബൈക്കിനു
വഴികൊടുത്ത്
ഇംഗ്ലീഷ് മരം
സ്ഥലംകാലിയാക്കിയ
ഒഴിവു കണ്ടു
മുറ്റത്ത്

3 comments:

  1. ഇന്നലെകള്‍് ഇന്നിനു വഴിമാറികൊടുക്കുന്നു ..ഉമ്പാച്ചി :).

    ReplyDelete