കാവ്യ നീതി, ഒരാദ്യ രാത്രി

വിവാഹ വാര്‍ഷിക ദിനത്തില്‍ ഓര്‍മ്മിക്കാനുള്ളത്:


‘meet me after midnight
underneath the waxing moon
I'll be under the tall oak tree
adorning the glow of sensual skin''
                                   First night- Abid khan

ഴുതപ്പെട്ട വാക്കുകള്‍ക്ക്‌ ജീവനുണ്ടെന്നാരെങ്കിലും പറഞ്ഞാല്‍ എനിക്കവിശ്വസിക്കാനാവില്ല ഇപ്പോഴത്‌. ആദ്യരാത്രി എന്ന കൗതുകത്തെ തരം താഴ്‌ത്തി ഞാനെഴുതിയ വാക്കുകളാണ്‌ ആദ്യപകല്‍ എന്ന കവിത. ആദ്യരാത്രി പോലെ പേരെടുത്തിട്ടില്ല അവിവാഹിതരായ ചെറുപ്പക്കാരെ കൊതിപ്പിച്ചും പ്രതിശ്രുതവധുക്കളെ പേടിപ്പിച്ചും കഥകളില്‍ വളര്‍ന്നിട്ടില്ല എന്നിങ്ങനെ ആദ്യപകലിനെ എടുത്തു നോക്കുക മാത്രമാണാ കവിതയില്‍. ചില സ്വപ്‌നങ്ങള്‍ ജീവിതത്തില്‍ പുലരാന്‍ പോകുന്നതിന്റെ മുന്‍കൂര്‍ അറിയിപ്പാകുന്ന പോലെ കവിതയും ചില നേരത്ത്‌ അതിന്റെ സ്വന്തം ജീവിതം പ്രാവര്‍ത്തികമാക്കും. അറംപറ്റിയ വാക്കാകും കവിതയും.

എന്റെ ആദ്യ രാത്രിയെ നാമാവശേഷമാക്കിയത്‌ ആ ആദ്യപകലെന്ന കവിതായാണെന്ന്‌ സമാധാനിക്കുകയാണിപ്പോഴും ഞാന്‍. ആദ്യപകല്‍ എന്ന കവിത എഴുതുന്ന സമയം ഞാനൊരവിവാഹിതനായിരുന്നു. ആബിദ്‌ ഖാന്റെ ആദ്യരാത്രി എന്ന കവിതയോ വേറെ ഏതെങ്കിലും അതേ പ്രമേയം ഉള്ളടക്കമുള്ള കവിതയോ ഞാന്‍ വായിച്ചിട്ടുമില്ല. ആബിദ്‌ ഖാനെ കുറിച്ച്‌ ആദ്യം കേള്‍ക്കുന്നതു തന്നെ വി.എം ദേവദാസ്‌ ആദ്യപകലിനിട്ട കമന്റില്‍ നിന്നാണ്‌. ആ കവിത വായിച്ച ചിലരാവട്ടെ ആദ്യപകല്‍ കവിതയാകുന്നതാദ്യമാണ്‌, ആദ്യരാത്രി പലയിടങ്ങളില്‍ വായിച്ചിട്ടുണ്ടെന്ന അഭിനന്ദനവും തന്നതാണ്‌.

മൂന്നാണ്ടു മുന്നേയാണ്‌ സജിന ജീവിതത്തിലേക്കു വന്നത്‌. ദുബായിലേക്കു പറിച്ചുനടപ്പെട്ട ജീവിതവും കൊക്കിലൊതുക്കി 2008 ഫെബ്രുവരി 7നാണു നാട്ടിലേക്കു പറന്നത്‌. നാട്ടില്‍പോക്ക്‌ ഉറപ്പാകുന്നതിനു മുമ്പേ തന്നെ നീ എന്റെ ഭാര്യ എന്നൊരു കവിതയിലൂടെ കൂടെപ്പോരാനൊരാളെ തിരയുന്ന എന്നെ ഞാന്‍ ബ്ലോഗില്‍ നട്ടിരുന്നു. ആ കവിത ചില ആലോചനകളെ വളര്‍ത്തുകയും ചെയ്‌തിരുന്നു. നാട്ടിലെത്തിയതിന്റെ നാലാ ദിവസം ആദ്യത്തെ പെണ്ണുകാണല്‍ നടന്നു. വടകര സഹകരണാശുപത്രിയുടെ കാശ്വാലിറ്റി വാഡിനു പുറത്തിട്ട കസേരകളില്‍ ഇരുന്ന്‌ ഒരര മുക്കാല്‍ മണിക്കൂര്‍ സംസാരം. കാര്യങ്ങളേതാണ്ടു തീര്‍പ്പാക്കിയാണന്നു മടങ്ങിയത്‌. ഓര്‍മ്മിക്കപ്പെടേണ്ട ഒരു കൂടിക്കാഴ്‌ചയായിരുന്നൂ അത്‌. ഒരുപാടു കാലം പ്രണയത്തിലോ പരിചയത്തിലോ ആയിരുന്ന രണ്ടു പേര്‍ പാകത വന്നു നിറഞ്ഞ പോലെയായിരുന്നു ഇരുവരുമപ്പോഴെന്ന്‌ ഞങ്ങളിപ്പോഴും വഴക്കിലാവുമ്പോള്‍ ആ കണ്ടുമുട്ടലിനെ ഓര്‍ത്തെടുത്ത്‌ വഴക്കു തീര്‍ക്കുന്നു. കാര്യഗൗരവം വന്നവരെപ്പോലെ അന്നു സംസാരിച്ചത്‌ വളരേ മോശമായി, അതാണു നാം അകാലത്തു തന്നെ ഗൃഹകാര്യപ്രസക്തരായി മാറിയതെന്ന്‌ ഇടക്കു പരിഭവിക്കുന്നു. അന്നു കണ്ടു മടങ്ങുമ്പോള്‍ അവളൊന്നു കൂടി നോക്കിയിരുന്നു, ആ നോട്ടത്തിനു വേണ്ടി ഞാന്‍ തിരിഞ്ഞു നോക്കിയതായിരുന്നു. രണ്ടു പേര്‍ ഒരേ സമയം പരസ്‌പരം യാചിച്ച പോലെയായിരുന്നൂ ആ നോട്ടം എന്നെടുത്തു നോക്കാറുണ്ട്‌ ആ ഫ്രയിമിനെ ഇപ്പോഴും. നിനക്കവളെ മതിയെങ്കില്‍, അവളെ എനിക്കിവിടെ വന്ന ശേഷം കണ്ടാല്‍ മതിയെന്ന ഉമ്മയുടെ ഉറപ്പ്‌ നാട്ടുനടപ്പുകളെ മുഴുവന്‍ വീട്ടിനു പുറത്തു നിര്‍ത്തി. 2008 ഡയറിയുടെ ഫെബ്രുവരി 12ന്റെ പേജില്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരു പൂവല്ല, നോക്കി നിന്നാല്‍ താനേ വിരിഞ്ഞു വരുമൊരു പൂവെന്ന്‌ ഞാനവളെ ആദ്യമായെഴുതി.

അക്കൊല്ലത്തെ ഫെബ്രുവരി 29 ഉള്ളതിനാല്‍ അന്നു തന്നെ നമ്മുടെ വിവാഹമെന്ന്‌ ഞങ്ങളുറപ്പിക്കുകയും നാലു കൊല്ലം കൂടുമ്പോള്‍ മാത്രം ആവര്‍ത്തിക്കുന്ന വിവാഹവാര്‍ഷികത്തെ കുറിച്ച്‌ പറഞ്ഞു രസിക്കുകയും ചെയ്‌തെങ്കിലും 29 നു വിവാഹം നടത്തിയെടുക്കാനായില്ല. മാര്‍ച്ച്‌ 16നു നടന്നതു പ്രതീകാത്മക വിവാഹമാണ്‌, ഫെബ്രുവരി 29 നാണതു ശരിക്കുമുണ്ടായതെന്നങ്ങു കരുതി അതു വിട്ടു. മാര്‍ച്ച്‌ 16 വരേ നീട്ടിക്കിട്ടിയ രാപ്പകലുകളില്‍ ഞാനെഴുതിയ അനേകം കത്തുകളിലൂടെ എന്റെ 28 വര്‍ഷത്തെ ജീവിതമേതാണ്ട്‌ അവള്‍ക്ക്‌ ഹൃദിസ്ഥം തന്നെയായി. അത്രക്കന്യോന്യമറിഞ്ഞതിനാല്‍ ആദ്യരാവിനു നിര്‍ബന്ധമായ ആശങ്കകള്‍ തീരെ തൊടാത്ത, ആഹ്ലാദം മാത്രമാവേണ്ടതായിരുന്നു ആദ്യരാത്രി.

വീടിന്റെ മുകള്‍ നിലയില്‍ പുതുതായുണ്ടാക്കിയ മുറിയില്‍, അട്ടിയിട്ടതും അടുക്കി വച്ചതുമായ നൂറുകണക്കിനു പുസ്‌തകങ്ങള്‍ക്കിടയില്‍, ഒ.വി വിജയനും വി.കെ.എന്നും ബഷീറും മാര്‍ക്കേസും മുട്ടത്തു വര്‍ക്കി തന്നെയും നോക്കി നില്‍ക്കേ ഞങ്ങളുടെ ആദ്യസമാഗമം. സ്വകാര്യം പറച്ചിലുകളുടെ നീളം കുറക്കാനാണ്‌ പുറത്തിറങ്ങി ടെറസ്സിനു മോളില്‍ പെയ്യുന്ന നിലാവത്തു നില്‍ക്കാമല്‍പ്പം, എന്നിട്ടാവാം കിടപ്പ്‌ എന്ന കൊതി പൂത്തത്‌. വാതിലു തുറക്കാനുള്ള ശ്രമത്തിലാണ്‌ അതറിഞ്ഞത്‌. വാതില്‍പോളകള്‍ പൂട്ടുകളുടെ പിടുത്തത്തില്‍ നിന്നും പുറത്തായടഞ്ഞിരിക്കുന്നു. പൂട്ടിനുള്ളില്‍ പിടുത്തം കിട്ടാതെ താക്കോലുകള്‍ നിന്നനില്‍പ്പില്‍. നിന്ന നില്‍പ്പിലായി അതോടെ ഞങ്ങളും. വാക്കുകള്‍ക്കു കയറ്റാനാകാത്ത ആകാംക്ഷകളുടെ നടുക്കടലില്‍ രണ്ടു പേര്‍. ഏതു ബുദ്ധിമുട്ടിലും കൂടെ വരാറുള്ള മൂത്രമൊഴിക്കാനുള്ള മുട്ടലും വന്നു ചേര്‍ന്നു അപ്പോള്‍. അരയും അരയും ചേര്‍ന്ന്‌ ഒന്നാകുന്ന ദാമ്പത്യത്തിന്റെ ബീജഗണിതം പോലും തെറ്റി അതോടെ. ഈ രാവൊന്നു തീര്‍ന്നു കിട്ടിയാല്‍ മതിയായിരുന്നു എന്നായി ആകെയുള്ള ആശയപ്പോള്‍.

ഒരു സഹായം ചോദിച്ച്‌ ഇപ്പോള്‍ തന്നെ വീട്ടിലെ ഫോണിലേക്കു വിളിച്ചാലോ, പുലര്‍ക്കാലത്തെഴുന്നേറ്റ്‌ പശുവിനെ കറക്കാനായി തൊഴുത്തിലേക്കു പോകുന്ന ഉമ്മയെ അന്നേരം വിളിക്കാം, എന്റെ തോന്നലുകള്‍ക്കെല്ലാം ഊന്നലായി അവളുടെ മൂളല്‍ മാത്രം. നാണം കൊണ്ട്‌ അവളാകെ മെലിഞ്ഞു മെലിഞ്ഞ്‌ പുതപ്പില്‍ പതിഞ്ഞു പോയ പോലെ തോന്നി എനിക്ക്‌. അവസാനം പുലരുവോളം കാത്തിരിക്കാമെന്നായി ഉഭയകക്ഷി തീരുമാനം. തൊഴുത്തിലേക്കു പോകുന്ന ഉമ്മയെത്തന്നെ വിളിച്ചൂ മുകളിലെ പാതി തുറന്നിട്ട ജനലിലൂടെ ഞാന്‍. ഉമ്മ പച്ചവെള്ളം നിറച്ച കുടവും നെയ്‌പ്പാത്രവും നിലത്തിട്ട്‌ കോലായിലേക്കു മടങ്ങുന്നതു കണ്ടു. ഉമ്മാമയുടെ കരച്ചിലാണാദ്യം മുകളിലെത്തിയതെങ്കിലും, പിന്നാലെ വീടു മുഴുവന്‍ മുകള്‍ നിലയിലേക്കു പോന്നു. എന്താണു പ്രശ്‌നമെന്നു പറഞ്ഞപ്പോള്‍ അടച്ചിട്ട വാതിലിനപ്പുറം പിറ്റേന്നു പോയാല്‍ മതിയെന്ന്‌ ഉമ്മ പിടിച്ചു നിര്‍ത്തിയ ബന്ധുക്കളുടെ ചിരി കേട്ടു. അത്യാവശ്യത്തിനു കരുതിയ ഉപ്പയുടെ ഉപകരണപ്പെട്ടി തിരയാന്‍ പോയ പെങ്ങളുടെ ഒച്ച കേട്ടു. എല്ലാം സ്ഥലം മാറ്റി വച്ചതല്ലേ കല്യാണമായപ്പോള്‍. ഉപ്പയും അയലത്തെ ദുരിതാശ്വാസ പ്രവര്‍ത്തകരും ചേര്‍ന്ന്‌ പൂട്ടു പൊളിച്ച്‌, പോലീസ്‌ സ്‌റ്റേഷനില്‍ നിന്നും ഇറക്കി കൊണ്ടു വരുന്ന ഒളിച്ചോടിയ രണ്ടു കമിതാക്കളെ പോലെ ഞങ്ങള്‍ രണ്ടാളും. വാതില്‍ തുറന്നു വരുമ്പോള്‍ അകത്തേക്ക് അര്‍ഥങ്ങള്‍ പലതും ഉള്ളില്‍ തിരുകിയ ഒരു ചിരിയുമായി ആദ്യ പകലും.

11 comments:

 1. മാര്‍ച്ച് 16 വിവാഹത്തിന്റെ മൂന്നാം വാര്‍ഷികം

  ReplyDelete
 2. omar malayilMarch 15, 2011

  all de best both of u,and hav a wonderfull year goahead :-)

  ReplyDelete
 3. ഹഹഹ..
  നിന്റെ ആ രണ്ട്‌ കവിതകളും ഞാന്‍ ഒരുപാട്‌ തവണ വായിച്ചിട്ടുണ്ട്‌. ഇന്നലെകൂടി ആദ്യപകലൊന്ന്‌ നോക്കി പോ‍ാന്നു.
  “വിരിഞ്ഞു നില്‍ക്കുന്ന ഒരു പൂവല്ല, നോക്കി നിന്നാല്‍ താനേ വിരിഞ്ഞു വരുമൊരു പൂവെന്ന്‌ ഞാനവളെ ആദ്യമായെഴുതി“ ഇതിന്റെ മറ്റൊരു പേസ്റ്റ്‌ വേറൊരിടത്ത്‌ ഞാന്‍ പേസ്റ്റും.. :)

  ReplyDelete
 4. നജൂസ്, അക്ഷരവൈരിയാ കക്ഷി, അതിനാല്‍ തുഞ്ചത്താചാര്യന്റെ പേരിലുള്ള പൂന്തോട്ടത്തിലേക്കാണാദ്യം കൊണ്ടു പോയത്. ഒരു ‘ബറക്കത്തിന്’.

  ReplyDelete
 5. ആശംസകള്‍ .........

  ReplyDelete
 6. wishing all the best..........

  ReplyDelete
 7. ഏതാണ്ടൊക്കെ വാരിവലിച്ചു എഴുതിയിരിക്കുന്നു അതും വളരെ ചെറിയ അക്ഷരത്തിൽ .വായിക്കുന്നവന്റെ ക്ഷമനശിക്കും .ഒക്കെ വായിച്ചു വന്നപ്പോളോ ...ഉള്ളിതൊലിച്ച പോലെ ...വായനക്കരനെ ഇത്രയും ബുദ്ധിമുട്ടിച്ചതു കൊണ്ട് നിങ്ങൾ എന്തു നേടി..

  ReplyDelete
 8. പാവപ്പെട്ടവനേ ക്ഷമ,

  ReplyDelete
 9. ആ രാത്രി മാഞ്ഞു പോവില്ലല്ലോ, നന്നായി.

  ReplyDelete
 10. അന്നത്തെ പ്രതികള്‍ ഇന്നും ജീവനോടെയുണ്ട്‌.
  അര്‍ഷാദിന്റെ തമാശപ്പെട്ടി പൊളിച്ച തലേന്നത്തെ ഓര്‍മയാണ്‌ എനിക്ക്‌ നിന്റെ കല്യാണം. നീയും സജിനയും റബിയും സന്തോഷമായിരിക്കട്ടെ...

  ReplyDelete