ഒരു ചെറിയ മഞ്ഞ പേരയ്ക്ക

അനിത തമ്പി

എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള് പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്തവരുടേയും ആദ്യ ആവിഷ്‌കാരവും കവിത തന്നെ. രൂപപരമായി ചെറുതും എളുതും ആയി ആവിഷ്‌ക്കരിക്കാനുള്ള സൗകര്യം ഒരു കാരണമായിരിക്കാം. ഭാവപരമായ ചുരുക്കെഴുത്തിനുള്ള സാധ്യത മറ്റൊരു കാരണമായിരിക്കാം. സംഗീതബന്ധം കൊണ്ടാകാം. മാധ്യമം അനുവദിക്കുന്ന വ്യക്തിപരതയും സ്വകാര്യതയും വൈകാരികതയെ ഏതളവിലും വഹിക്കാനുള്ള കെല്പും ഇനിയൊരു കാരണമാവാം. മറ്റ് സാമൂഹ്യ, രാഷ്ട്രീയ കാരണങ്ങളും ഉണ്ട്. ഉദാഹരണത്തിന് സ്ത്രീകള് കടുത്ത മത, സാമുദായിക അടിച്ചമര്ത്തലുകള് നേരിടുന്ന സമൂഹങ്ങളില് മിക്കപ്പോഴും എഴുതുക കവിതയാണ്. കവിതയില് അവളവളെ, രഹസ്യങ്ങളെ, ഒളിച്ചുകടത്താന് കഴിയും എന്നാണ് ആ ദേശങ്ങളിലെ പെണ്കവികള് പറയുക. എത്ര കര്ശനമായ അധികാരത്തിന്റെ ദൃഷ്ടിയേയും കബളിപ്പിച്ച് കവിതയ്ക്കുള്ളില് ഒരാള്ക്ക്, ഒരു ദേശത്തിന്, കാലത്തിന്, കാലങ്ങളോളം ഒളിച്ചിരിക്കുവാനും അങ്ങനെ സ്വയം രേഖപ്പെടുത്തുവാനും അതിജീവിക്കുവാനും കഴിയും. മത / രാഷ്ട്രീയ അധികാരത്തിന് അതു കണ്ടുപിടിക്കുക എളുപ്പമല്ല. അതിന് ഭാവുകത്വപരമായ സൂക്ഷ്മദൃഷ്ടി ആവശ്യമാണ്. കലയുടെ ലാവണ്യദൃഷ്ടി. ഹിംസാധികാരത്തിന് ഒരുകാലത്തും ആ ദൃഷ്ടി ഇല്ലാത്തതുകൊണ്ട് കവിത അതിന് പിടികൊടുക്കാത്ത സ്വതന്ത്രജീവിയായി ഏതുകാലത്തും പുലര്ന്നുപോരുന്നു.
കവിത ആദ്യാവിഷ്‌കാരമാവുന്നതിന് വളരെ പ്രധാനവും പ്രാഥമികവുമായ മറ്റൊരു കാരണം, ഭാഷയുടെ ദീര്ഘമായ ഓര്മ നല്കുന്ന ധൈര്യവും സ്വാതന്ത്ര്യവും ആയിരിക്കണം. എഴുത്തുഭാഷയുടെ, സംസാര ഭാഷയുടെ, അബോധമുദ്രണം മറ്റ് കലാഭാഷകളെ അപേക്ഷിച്ച് നീണ്ടതും ശക്തവും ആയതുകൊണ്ടുള്ള സഹജമായ കെല്പ്. മണ്ണില് നടക്കുമ്പോഴാണല്ലൊ മനുഷ്യര്ക്ക് വെള്ളത്തില് നീന്തുന്നതേക്കാള്, ആകാശത്ത് പറക്കുന്നതേക്കാള് ഉറപ്പുണ്ടാവുക, അതുപോലെ ഒരുറപ്പ്. ഇക്കാലത്താണെങ്കില് സാങ്കേതികവിദ്യയുടെ തുറവും സ്വാതന്ത്ര്യവും കൂടി കവിതയെഴുത്തിനെ പിന്തുണയ്ക്കുന്നുണ്ട്. അച്ചടിയും വില്പനയും അംഗീകാരങ്ങളും ഒക്കെയുള്പ്പെടുന്ന സാഹിത്യമെന്ന സ്ഥാപനത്തിന്റെ അധികാരത്തെ വകവയ്ക്കേണ്ട കാര്യമില്ല ഇന്നെഴുതുന്ന ഒരു കവിയ്ക്ക്. ആലോചിച്ചാല് ഇനിയുമുണ്ട് പലകാര്യങ്ങള്, കവിതയെഴുത്തിനെ പിന്നെയും പിന്നെയും പിന്തുണയ്ക്കുന്നവ.
ഇമ്മാതിരിയെല്ലാം മനുഷ്യരുടെ ആന്തരികജീവിതത്തിന്റെയും ലോകബന്ധത്തിന്റെയും തീവ്രാവിഷ്‌കാരമായ കവിതയുടെ വ്യാഖ്യാതാവാകുക ഒരെടുത്തുചാട്ടമാണ്. അനുഭൂതിപ്രധാനമായ ഏതു കലയേയും വ്യാഖ്യാനിക്കുന്നതില് ഒരു അതിപ്രവര്ത്തനം ഉണ്ടെന്ന് വിചാരിക്കണം. വ്യാഖ്യാനിക്കാന് സൗകര്യമുള്ള, സാധുതയുമുള്ള, കൈവശമുള്ള ചില ചില്ലുകളിലൂടെ നോക്കുക, ചില ചട്ടക്കൂടുകള് കൊണ്ട് അളന്നുമാറുക, അത്രയേ നിര്വാഹമുള്ളൂ. അതാണ് ചെയ്യാന് ശ്രമിക്കുന്നത്.

റഫീക്കിന്റെ കവിതകളുമായി ഈ സമാഹാരത്തിലെ കവിതകളുടെ ഉറ്റവായനയാണ് എന്റെ പരിചയപ്പെടല്. റഫീക്കീന്റെ മൂന്നാമത്തെ സമാഹാരമാണിത്. എന്താണ് ഈ കവിയ്ക്ക് പ്രധാനം? ഉള്ളടക്കത്തിലും ഭാഷയിലും അയാളുടെ ഉത്കണ്ഠകള്, മമതകള് എന്തൊക്കെയാണ്? അങ്ങനെ നോക്കുമ്പോള് റഫീക്കിന്റെ കവിതകള് നില്ക്കുന്നത് മൂന്നുനാല് നിരകളായാണ്. തമ്മില് തൊടാത്തവയോ കലരാത്തവയോ അല്ല ആ നിരകള് എങ്കിലും. ഒന്ന് (ഒന്നാമതും)- പ്രണയവും രതിയും. രണ്ട്- ഓര്മ, വീട്, നാട്, കുട്ടിക്കാലം, ആളുകള് എന്നിങ്ങനെ; അതോടൊപ്പം പ്രവാസജീവിതവും. മൂന്ന്- ആത്മീയത, തത്വചിന്താപരമായ ഊന്നലുകള്, പിന്നെ എഴുത്തിനെപ്പറ്റിയുള്ള വിചാരങ്ങള്, പൊതുവായ ചില സാമൂഹ്യശ്രദ്ധകള് എന്നിങ്ങനെ. 'ഒരു ചെറിയ മഞ്ഞ പേരയ്ക്ക' എന്ന് പേരുള്ള ഒരു ചെറിയ കവിതയുണ്ട്, ഈ സമാഹാരത്തില്.
'ഓലിക്കൊന്നും കൊടുക്കണ്ട
ഞമ്മക്ക് ഒറ്റയ്ക്ക് തിന്നാം'
എന്തോ വീതിക്കുകയാണു നീ
ഇഞ്ഞ് തിന്നോ ഇഞ്ഞ് തിന്നോ ഞാന് പറയുന്നു
ഇഞ്ഞ് തിന്നോ, ഇനിക്കല്ലേ പയിക്കുന്നേ നീ പറയുന്നു.
അപ്പോള് കലമ്പിയത് മട്ത്തിറ്റ്
ഞാന് നിന്റെ കൈകളിലേക്ക് നോക്കി
ഒരു ചെറിയ മഞ്ഞ പേരയ്ക്ക.'

റഫീക്ക് തിരുവള്ളൂരിന്റെ മറ്റെല്ലാ കവിതകളുടെയും വിത്ത് ഈ ചെറിയ കവിതയിലുണ്ട്. ഓര്മ, കുട്ടിക്കാലം, വീട്, നാട്, പ്രണയം, രതി, വിശ്വാസം, ആത്മീയത, പ്രകൃതി ഇതെല്ലാം അടങ്ങുന്ന, അടയാളപ്പെടുന്ന കവിത. നേരുള്ള, ദേശപ്പറ്റുള്ള, മനുഷ്യപ്പറ്റുള്ള ഭാഷയും. അധികമധികം പറയാതിരിക്കല്, പറയുന്നത് ഉള്ളുകൊണ്ടു പറയല് എന്നതാണ് അയാളുടെ രീതി. പൂര്ണതയല്ല അതിന്റെ ഭംഗി, കുറവുകളും കൂടിയാണ് അതിനെ ഭംഗിയാക്കുന്നത്, മുടമ്പല്ലിന്റെ ചിരിപോലെ.
വലിയ അശുദ്ധികളെ നാമുയര്ത്തുന്നു
ഈ സമാഹാരത്തിന്റെ ശീര്ഷകകവിത തന്നെ 'വലിയ അശുദ്ധികളെ നാമുയര്ത്തുന്നു' എന്നാണ്. അശുദ്ധികളെ ഉയര്ത്തി ശുദ്ധിയാക്കുന്നു എന്ന്. ശുദ്ധാശുദ്ധികളെപ്പറ്റിയുള്ള വിചാരമാണ് വാസ്തവത്തില് മനുഷ്യസംസ്‌കാരത്തിന്റെ, നാഗരികതയുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്കണ്ഠകളില് ഒന്ന്. ശുദ്ധി എന്നാലെന്തെന്നും അശുദ്ധി എന്നാലെന്തെന്നും ഉള്ള വിചാരങ്ങള് പിന്തുടര്ന്നാല് മനുഷ്യസംസ്‌കാരത്തിന്റെ ഇന്നുവരെയുള്ള വഴി മുഴുവന് തെളിഞ്ഞുകാണാനാകും. അറുപതുകളില് മേരി ഡൗഗ്ലസ് എഴുതിയ 'ശുദ്ധിയും ആപത്തും' (ുൗൃശ്യേ മിറ റമിഴലൃ) എന്ന പുസ്തകം ശുദ്ധിയുടെ അര്ത്ഥവും അനര്ത്ഥവും വിശകലനം ചെയ്യുന്നുണ്ട്. അവര് പറയുന്നത് അഴുക്ക് അഥവാ അശുദ്ധമായത്, അസ്ഥാനത്തിരിക്കുന്നതാണ് എന്നാണ്. സ്വസ്ഥാനത്തല്ലാതെ, സ്ഥാനം തെറ്റി / മാറി ഇരിക്കുന്നത്. അതുകൊണ്ടുതന്നെ അത് ക്രമീകരിക്കപ്പെടുന്ന ലോകത്തില് നിന്ന് ക്രമംതെറ്റി പുറന്തള്ളപ്പെടുന്നതാണ്. മാലിന്യം എന്ന സങ്കല്പത്തെ പിന്തുടര്ന്ന് ശുദ്ധിയുടെ / അശുദ്ധിയുടെ ദര്ശനം തേടുന്ന വില്യം വീനി എന്നയാളുടെ മതം, അശുദ്ധമായത് കാലം തെറ്റിയതാണ് എന്നാണ്. അതായത് ഉപയോഗകാലം കഴിഞ്ഞത്. ചുരുക്കത്തില് അകാലത്തും അസ്ഥാനത്തും ഉള്ളതെന്തോ അത് അശുദ്ധം. മനുഷ്യരും വസ്തുക്കളും കാലവും തമ്മിലുള്ള പുരാതനബന്ധം മനസ്സിലാക്കാന് 'അഴുക്ക് / അശുദ്ധി' എന്ന സങ്കല്പം മതിയാകും. മനുഷ്യര്ക്കോ വസ്തുക്കള്ക്കോ ഉള്ള ഉചിതമായ കാലവും സമയവും നിശ്ചയിക്കുന്നതാവട്ടെ, ഒരു സമൂഹത്തിലെ മാറിമാറിവരുന്ന അധികാരബന്ധങ്ങളും. ആ അര്ത്ഥത്തില് ശുദ്ധി / അശുദ്ധി എന്ന സങ്കല്പം ആപേക്ഷികവുമാണ്.

'വലിയ അശുദ്ധികളെ നാമുയര്ത്തുന്നു' എന്ന ശീര്ഷകം റഫീക്കിന്റെ ജീവിതദര്ശനമായാണ് ഞാന് വായിക്കുന്നത്. എന്താണ് വലിയ അശുദ്ധി? ഇസ്ലാമില് 'വലിയ അശുദ്ധി' സ്ത്രീപുരുഷശാരീരികബന്ധം കൊണ്ടുണ്ടാകുന്നതാണ്. അതിന്റെ പരിഹാരം കുളിച്ച് ശരീരശുദ്ധിയോടെ ആ ശുദ്ധിയാക്കല് തന്നോടും ദൈവത്തോടും ഉച്ചരിച്ച് അറിയിക്കുകയാണ് തനിക്കുണ്ടായ 'വലിയ അശുദ്ധിയെ ഉയര്ത്തുന്നു' എന്ന്. വലിയ അശുദ്ധിയെന്ന് സമുദായത്താല് വിധിക്കപ്പെട്ടതിനെ താന് ഉയര്ത്തുന്നു, തന്റെ കവിത ഉയര്ത്തുന്നു, ആ അശുദ്ധിയെ കാലം കൊണ്ടും സ്ഥാനം കൊണ്ടും കെട്ടില് നിന്ന് വിടുതലാക്കുന്നു, ശുദ്ധമാക്കുന്നു, സ്വതന്ത്രമാക്കുന്നു. ഈ പുസ്തകത്തില്ത്തന്നെയുള്ള ഡോ. വി അബ്ദുല് ലത്തീഫ് എഴുതിയ വിശദമായ ലേഖനത്തില് ഏറ്റവും പ്രധാനമായിത്തോന്നിയ നിരീക്ഷണം റഫീക്ക് 'വലിയ അശുദ്ധികളെ ഉയര്ത്തുന്നു' എന്നു പറയുമ്പോള് അതിനുപിന്നില് ഭാഷാപരമായ ഒരു തിരുത്തും സവിശേഷമായ അനുഭവലോകത്തെ ആവിഷ്‌കരിക്കുന്നതിലുള്ള സാഹസികതയും ഉണ്ട് എന്നതാണ്. സാമാന്യകവിതാഭാഷയില് അനുഷ്ഠാനഭാഷകൊണ്ടുള്ള തിരുത്ത്, ആചാരപരമായി കെട്ടിയിടുന്നവയെ കൂസലില്ലാതെ തുറന്നു വിടുന്ന സാഹസികത.

മറ്റ് സാഹിത്യരൂപങ്ങളില് നിന്ന് വ്യത്യസ്തമായി മലയാളത്തിലെ ആണ്കവിതയില് രതി അങ്ങേയറ്റം ഒളിവിലും മറവിലും മാത്രമാണ് പൊതുവേ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുള്ളത്. ആണ്രതിയുടെ നൈസര്ഗികമായ ആവിഷ്‌കാരങ്ങള് രാഷ്ട്രീയമായി തെറ്റിപ്പോകാമെന്ന ഒരു ശങ്ക, ആ സംശയത്തിന്റെ ഒരു തടവ്, പുതുകവിതയില്പ്പോലും പലപ്പോഴും കാണാം. എന്നാല് തുറവോടെയും തീര്ച്ചയോടെയും തന്റെ ജീവിതചര്യകളോട് ചേര്ത്ത് ശരീരബദ്ധമായ രതി ആവിഷ്‌കരിക്കുന്നുവെന്നതാണ് റഫീക്കിന്റെ ഒരു വലിയ വ്യത്യാസം. 'ദുആ' എന്ന കവിതയില് മതചര്യ രതിചര്യയുമായി ചേരുകയാണ്. 'നിന്റെ രണ്ടു മുലകളുടെ/സ്വര്ഗീയമായ ചെരുവില്/ഞാന് പണിയും/ഒരാള്ക്കു മാത്രം മുസല്ല വിരിക്കാവുന്ന/എന്റെ നിസ്‌ക്കാരപ്പള്ളി/നിന്റെ മുലപ്പാലുകൊണ്ട്/അഞ്ച് 'വക്തു'കളില്/ഞാന് വരുത്തും വ്യംഗ്യശുദ്ധി'. തനിക്കായി 'അവള് പുറപ്പെടുവിക്കുന്ന ജലവും വെളിച്ചവും' എന്ന് അവളുടെ കാമത്തെ അഭിമുഖീകരിക്കുകയും അംഗീകരിക്കുകയും കൂടി ചെയ്യുന്നുണ്ട്. എങ്കിലും 'എനിക്കുവേണ്ട സ്വര്ഗം, നരകത്തിലും നീയെന്റെ അരികിലുണ്ടാകണേ' എന്ന പ്രാര്ത്ഥനയോടെയാണ് കവിത അവസാനിക്കുന്നത്. ഈ നരകം ശരീരത്തിന്റെ ആനന്ദവും നോവും ഉള്ള ഭൂമിയിലെ നരകമാണ്.
മതചരിത്രവും ആചാരക്രമങ്ങളും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു സങ്കരഭാഷയില് പ്രണയ/രതിവര്ണനകള് ഉണ്ടാകുമോ? ഉണ്ടാകും, ഉണ്ടായിരുന്നു. എം എന് കാരശ്ശേരി ഒരു സംഭാഷണത്തില് ഇതു സൂചിപ്പിക്കുന്നുണ്ട്, മോയിന്കുട്ടി വൈദ്യര് എഴുതിയ രതികള് നിങ്ങള്ക്ക് സങ്കല്പിക്കാനാകാത്തവയാണ് എന്ന്. ധാരാളം കൃതികള് ഉണ്ട്. മാപ്പിളപ്പാട്ടുകള് അനവധി. പുലിക്കോട്ടില് ഹൈദര് എഴുതിയ തെറിപ്പാട്ടുകളെപ്പറ്റി പറയേണ്ടതില്ല. 'പൈങ്കിളി' അറബി മലയാളം നോവലുകള് വ്യാപകമായി അച്ചടിച്ചു വിതരണം ചെയ്യപ്പെട്ടിട്ടുപോലുമുണ്ട്. പ്രാര്ത്ഥന പുസ്തകങ്ങളും അത്തറും ഒക്കെ വില്ക്കാന് വരുന്ന ആളുകള് ആയിരുന്നുവത്രെ വീട്ടിലെ കാരണവര് കാണാതെ അവ യുവതികള്ക്ക് കൈമാറിയിരുന്നത്. അതായത് ശരീരബദ്ധമായ പ്രണയവും രതിയും ശ്ലീലമായും അശ്ലീലമായും തുറവിലും മറവിലും കൈകാര്യം ചെയ്യപ്പെട്ടിരുന്ന ഭാഷയാണ് അറബി മലയാളം. അതുകൊണ്ട് പെട്ടെന്നൊരു കവി ശരീരത്തെപ്പറ്റി ഉണര്ന്നെഴുതുമ്പോള് ഭാഷയ്ക്ക് നാണമോ ചൂളലോ ക്ഷോഭമോ ഒന്നുമുണ്ടാവാന് തരമില്ല എന്നു മാത്രമല്ല, ചില പ്രതീക്ഷകള് ഉണ്ടാവുകയും ചെയ്യും. ആ ഭാഷയുടെ തുടര്ച്ചയില് റഫീക്കിന്റെ കവിത ചെയ്യുന്നത് വ്യക്തിപരവും/ആത്മീയവും സമുദായപരവും/മതപരവും ആയ അനുഭവത്തെ ഭാഷാപരവും ലാവണ്യപരവും ആയി വീണ്ടെടുക്കലാണ്, സ്ഥാപിക്കലുമാണ്. റഫീക്ക് പറയുന്നത് ബഹുവചനത്തില്, 'വലിയ അശുദ്ധികള്' എന്നാണ്. വലിയ അശുദ്ധികളെ ഉയര്ത്തുന്നുവെന്ന് പ്രഖ്യാപിക്കുകയാണ്. വഴക്കിന്റെ വിത്തു കുഴിച്ചിട്ട വഴക്കത്തിന്റെ ഭാഷയാണത്. അത് പൗരോഹിത്യത്തിന് വെളിപ്പെടുകയില്ല. അവരറിയാതെ ആ വിത്ത് മുളയ്ക്കും.

ഒരു ചെറിയ മഞ്ഞ പേരയ്ക്ക
ടോണി മോറിസന്റെ ദി ബിലവഡ് എന്ന നോവലില് റിമെമറി (Rememory) എന്നൊരു വാക്ക് അവര് ആവര്ത്തിച്ചുപയോഗിക്കുന്നുണ്ട്. വെറും ഓര്മ അല്ല അത്. പുനരോര്മ എന്ന് ഒരുപക്ഷെ പറയാം, അഥവാ ഓര്മപ്പകര്ച്ച എന്ന്. ഓര്മയുടെ ആവര്ത്തിക്കല്, പകരല്, പങ്കുവയ്ക്കല് എന്നൊക്കെയുള്ള അര്ത്ഥത്തില്. അപ്പോഴും പക്ഷെ അതിന്റെ ശരിയായ, പൂര്ണമായ അര്ത്ഥം ആവുകയില്ല. നോവലിലെ കഥാപാത്രം തന്റെ മകള്ക്ക് ആ വാക്ക് വിശദീകരിച്ചുകൊടുക്കുന്നത് ഇങ്ങനെയാണ്: 'ചിലതെല്ലാം കടന്നു പോകും, ചിലത് തങ്ങും. ചിലത് നാം മറക്കും. മറ്റുചിലത് ഒരിക്കലും മറക്കുകയില്ല. ഇടങ്ങള് അവിടെത്തന്നെയുണ്ടല്ലൊ. ഒരു വീട് കത്തിയമര്ന്നാല് അത് പൊയ്ക്കഴിഞ്ഞു, പക്ഷെ അതിന്റെ ചിത്രം അത് നിലനില്ക്കും, എന്റെ റിമെമറിയില് മാത്രമല്ല, പൊതുവായി അത് നില്ക്കും. ഞാനോര്മിക്കുന്നത് എന്റെ തലയ്ക്കു പുറത്ത് പാറുന്ന ആ ചിത്രമാണ്. ഞാനതേപ്പറ്റി ആലോചിക്കാതിരുന്നാലും, ഞാന് മരിച്ചുപോയാലും, ഞാന് ചെയ്തതിനെപ്പറ്റി, എനിക്കറിയാമായിരുന്നതിനെപ്പറ്റി, ഞാന് കണ്ടതിനെപ്പറ്റി ഉള്ള ചിത്രം അവിടെയുണ്ടാകും. എവിടെയാണോ അത് സംഭവിച്ചത് അതേ ഇടത്തില്.' ഓര്മയല്ല അത്. ഓര്മയില് നിന്ന് വ്യത്യസ്തമായി റിമെമറി ഒറ്റ മനസ്സിലല്ല ഉള്ളത്. അത് പല മനസ്സുകള് പങ്കിട്ടെടുക്കുന്നതാണ്. ഓര്ക്കുന്നയാളിന്റെ ഇച്ഛയോ ഇഷ്ടമോ അതിന് വിഷയമല്ല. വേണമെങ്കിലും വേണ്ടെങ്കിലും അതവിടെയുണ്ട്. അടിമത്തത്തിന്റെ പൊതുവായ അനുഭവം റിമെമറീസ് സൃഷ്ടിച്ചു, പലരുടേതുമായ ഒറ്റ ഒരു വലിയ അനുഭവം, അതിന്റെ ഓര്മകള്. താന് സ്വയം അനുഭവിക്കാത്ത, എന്നാല് പങ്കാളിയായ ഒരനുഭവത്തിന്റെ ഭയാനകത ഒരടിമയ്ക്ക് അറിയാനാവും. (ആ അറിവ് നിലനില്ക്കെ എങ്ങനെ അതിന്റെ നടുക്കങ്ങളില് നിന്ന് വിടുതല് നേടാന് കഴിയും എന്നാണ് ടോണി മോറിസണ് ഉന്നയിക്കുന്ന ചോദ്യം).

റഫീക്കിന്റെ ഈ സമാഹാരത്തിലെ കവിതകളില് ഈ റിമെമറിയുടെ വലിയ സാന്നിധ്യം വായിക്കാനാകും. ഉണ്ടായിരുന്ന ഇടങ്ങള്, ആ ഇടങ്ങളിലെ വസ്തുക്കള്, ജീവിതങ്ങള് ആളുകള് എന്നിങ്ങനെ തലയ്ക്കുപുറത്ത് പാറുന്ന ചിത്രങ്ങള്. കവി ഇന്ന് ജീവിക്കുന്നത് അവിടെയല്ല, വിദൂരത്താണ്. അയാള് എഴുതിയാലും ഇല്ലെങ്കിലും അവ അവിടെയുണ്ട്. അയാളുടെ വീട്ടുകാര്ക്കും കൂട്ടുകാര്ക്കും നാട്ടുകാര്ക്കും അതറിയാം. ഇരുനില വീടുകള്ക്കുവേണ്ടി ഇടമൊഴിഞ്ഞുകൊടുത്ത കുന്നുകള്, മൊബൈല് ടവര്, വീണുകൊണ്ടിരിക്കുന്ന മരങ്ങള്, മറുനാടന് മൊഴികള്ക്ക് ഒഴിഞ്ഞുകൊടുക്കുന്ന മലയാളം (കവിത: 'ഒരാള് കൂടി'). ഇത് ഒരാളുടെ മാത്രമല്ല, ഒരു ദേശത്തിന്റെ, അയല്ദേശങ്ങളുടേയും, ഓര്മയാണ്, അനുഭവമാണ്. അതുകൊണ്ടുതന്നെ മധ്യസ്ഥതയില്ലാതെ പങ്കിടാവുന്നതുമാണ്. 'കണ്ണുപൊത്തിക്കളി' എന്ന കവിത കൃത്യമായിത്തന്നെ ഇത് സൂചിപ്പിക്കുന്നുണ്ട്. 'വീതി കുറഞ്ഞ ഒരിടവഴി കഴിഞ്ഞാല്/ ഇപ്പോഴുമുണ്ട്/ആ വീടു നിന്നിടത്ത്/ആടുമേഞ്ഞ പൊന്തയ്ക്കപ്പുറം/ഇട്ടേച്ചുപോയ കളിയൊച്ചകള്'. ഇടങ്ങള് ഇപ്പോഴും എപ്പോഴും അവിടെത്തന്നെയുണ്ട്, അതിന്റെ ഓര്മകള് അവിടെ പാറുന്നുണ്ട്.
ഈ ഗണത്തില് ഒരുപക്ഷെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള കവിത 'തിരുവള്ളൂര്' ആയിരിക്കണം. റഫീക്കിന്റെ ഗ്രാമമാണ് തിരുവള്ളൂര്. കോഴിക്കോടിന് ഏതാണ്ട് അന്പത് കിലോമീറ്റര് വടക്കുകിഴക്ക് കുറ്റ്യാടി മണ്ഡലത്തിലുള്ള ഒരു ഗ്രാമം. ആ ദേശം എനിക്കറിയില്ല. അവിടെയുള്ള ഒരാളെയോ വീടോ തെരുവോ അറിയില്ല. ഈ കവിതയാണ് ആ ദേശത്തേക്കുള്ള എന്റെ താക്കോല്. കവിത പറഞ്ഞുതരുന്നത് ഇതാണ്: അവിടം സ്വകാര്യബസുകള് വന്നുപോകുന്നിടമാണ്, ധാരാളം യുവാക്കള് ഗള്ഫില് തൊഴില് തേടി പോയിടമാണ്, നഗരത്തിന്, നഗരത്തിന്റെ പുതിയ എടുപ്പുകള്ക്ക് വഴിമാറിക്കൊടുക്കുന്ന ചെറുതുകളുടെ ഗ്രാമമാണ്, എങ്കിലും പഴയ ഗ്രാമത്തിന്റെ അവശേഷിപ്പുകളായി അങ്ങാടിയും ചില പീടികകളും ഇപ്പോഴും അവിടെയുണ്ട്. ഞാന് ജനിച്ചു വളര്ന്ന ആലപ്പുഴ ജില്ലയിലെ ഗ്രാമങ്ങളായി തിരുവള്ളൂരിന് പകരാന് ഈ കവിത മതി. ദേശത്തിന്റെ ഭൂമിശാസ്ത്രപരമോ സാംസ്‌കാരികമോ ആയ അന്തരങ്ങളെയെല്ലാം അപ്രസക്തമാക്കിക്കൊണ്ട് ഒരേപോലെ വന്നിറങ്ങി പടര്ന്ന, പടരുന്ന നഗരവല്ക്കരണവും അതിന്റെ ഒരേമട്ടിലുള്ള ആകാരവല്ക്കരണവും പുറന്തള്ളലുകളും ഈ കവിതയില് ഉണ്ട്. അത് കവിതയ്ക്കു പുറത്ത് എല്ലാടവും പാറുന്ന ചിത്രമാണ്. കെ ജി ശങ്കരപ്പിള്ള ഈ കവിതയെപ്പറ്റി എഴുതിയ കുറിപ്പില് 'പോക്കുവരവുകളുടെയും പോകാവരായ്കകളുടെയും പൊരുള് ആളുന്ന വെട്ടം' റഫീക്കിന്റെ വാക്കുകളില് കാണുന്നു. ഓര്മയില് വാഴുന്ന ഒരിടത്തിന്റെ 'ബന്ധനസ്ഥമായ നില്പ്', അവിടുത്തെ 'ബന്ദിജനത' എന്ന് പറയുന്നു.
ഇടങ്ങളേയോ ആളുകളേയോ പേരുപറഞ്ഞ് സൂചിപ്പിക്കാതെയും ഈ ഓര്മപ്പകര്ച്ച ഉണ്ടാക്കുന്നുണ്ട് ചില കവിതകള്.
'റിമെമറി' എന്ന സങ്കല്പ്പത്തെ അതിന്റെ അക്ഷരാര്ത്ഥത്തില് എഴുതുന്ന കവിതയാണ് മില്ല്. പണ്ടുണ്ടായിരുന്ന ഒരു മില്ലും അതിനെ ചുറ്റിപ്പറ്റി മൂന്ന് കൂട്ടുകാരുടെ ജീവിതവും. ഇപ്പോള് അതോര്ക്കുമ്പോള് കവി പറയുന്നത്, 'മില്ലു നിന്നിടത്ത്/കിടപ്പുണ്ടല്ലൊ ഇപ്പോഴും / മില്ലുനിന്ന പേരിലൊരു സ്ഥലമെങ്കിലും' എന്നാണ്. വസ്തുക്കള് നശിച്ചുപോയാലും അവ നിന്നിരുന്ന ഇടം അവിടെയുണ്ടല്ലൊ എന്ന്. മരിച്ചുപോയ അച്ചാച്ചനെപ്പറ്റി, അച്ചാച്ചനോടൊപ്പം കാണാതായ മാവ്, കണ്ണട, വീട്, സൈക്കിള് എന്നിവയെപ്പറ്റിയാണ് 'ചൂട്' എന്ന കവിത. ഒരാള്, അയാളുടെ ഇടം, ജീവനുള്ളതും അല്ലാത്തതുമായ അയാളുടെ വസ്തുക്കള് എന്നിങ്ങനെയുള്ള ഓര്മയുടെ വിന്യാസം. നാടകീയമായ ആഖ്യാനം കൊണ്ട് എടുത്തുപറയാവുന്നതുമാണ് ഈ കവിത. വലിയ തോതില് സാമ്പത്തിക, സാംസ്‌കാരിക അധിനിവേശങ്ങള് സംഭവിച്ചുകൊണ്ടിരിക്കുന്ന, അതിന്റെ ഫലമായുള്ള പ്രകൃതി/വ്യവസ്ഥ/വസ്തു പരിണാമങ്ങള് സംഭവിച്ചുകൊണ്ടിരിക്കുന്ന നാട്ടില് ഈ ഓര്മപ്പകര്ച്ചകള് അനിവാര്യമാണ്. അത് പൊയ്പ്പോയവയെച്ചൊല്ലിയുള്ള ആധി മാത്രമല്ല, വര്ത്തമാനത്തോടുള്ള ജാഗ്രതയും വരാനിരിക്കുന്നവയോടുള്ള കരുതലും കൂടിയാണ്. പ്രവാസജീവിതം പ്രമേയമാവുന്ന കവിതകള് ഈ സമാഹാരത്തില് എണ്ണത്തില് കുറവാണ്. റഫീക്ക് സ്ഥലപരമായ ഒരു വേര്പെടല് അനുഭവിക്കുന്നില്ല എന്നു തോന്നും. 'ഓര്മകളിലും ചുറ്റുപാടുകളിലും നിറയുന്നുവെങ്കിലും നാട് ഈ കവിതകളില് നൊസ്റ്റാള്ജിയ അല്ല' എന്ന് റഫീക്കിന്റെ കവിതകളെപ്പറ്റിയുള്ള കുറിപ്പില് മനോജ് കുറൂര് നിരീക്ഷിക്കുന്നുണ്ട്. പ്രവാസിയുടെ 'ഇടം മാറ്റപ്പെടല്' അയാള്ക്കില്ല. അയാളില്ത്തന്നെ നാടും വീടും ഉണ്ട്. അഥവാ എവിടെയായിരിക്കുമ്പോഴും അയാളില് നാടും വീടും ആണ് ഉള്ളത്. പ്രവാസനാട് അയാള്ക്കു പുറത്താണ്. അയാള് അവിടെ പാര്ക്കുകയല്ല, അതിലൂടെ കടന്നുപോവുക മാത്രം. അയാള്ക്ക് എപ്പോള് വേണമെങ്കിലും സങ്കല്പത്തിലോ യാഥാര്ത്ഥ്യത്തിലോ നാട്ടിലെത്താനും ആകും. ഒരുപക്ഷെ മാറിവരുന്ന പൊതുവായ ഒരു പ്രവാസഅനുഭവത്തിന്റെ സ്വഭാവം കൂടിയാവാം ഇത്.
അഹംകോരി
പ്രപഞ്ചവും മനുഷ്യരുമൊത്ത് പുലരുന്നതാണ് റഫീക്കിന്റെ കവിതകളിലെ ആത്മീയത. പുറം എന്നപോലെ അകവും അകക്കണ്ണും അകക്കാഴ്ച്ചയും ഉള്ളത്. തത്വചിന്തയെന്ന് പറയാവുന്ന തരം വിചാരങ്ങളുടെ മുളപൊട്ടി ഇലവിരിക്കുന്ന വിത്തുകളും ധാരാളം. ഇത് പുതുകാലമലയാളകവിതയുടെ, തിരക്കവിതയുടെയും പൊതുസ്വഭാവത്തില് നിന്ന് ഭിന്നമാണ്. 'എന്നെ തൂത്തുകളയാന് / ആത്മാവില് / കാട്ടം കോരി മതിയാവില്ല / അതിനു വേണം / ഒരഹംകോരി (കവിത: 'അഹംകോരി') എന്നത് പുതുഭാവുകത്വത്തോട്, അതിന്റെ മൂര്ച്ചകളോട്, തീര്ച്ചകളോട്, അവനവനോടും ലോകത്തോടുമുള്ള ഭാരം കുറഞ്ഞ സമീപനത്തോട്, ലേശം പോലും ചേര്ന്നുനില്ക്കാത്തതരം ഒരു ചിന്തയാണ്. അത് ഇളതല്ല, ഇളയതുമല്ല. തുടര്ക്കണ്ണികളുടെ ദീര്ഘകാലത്തെ ജ്ഞാനം അതിലുണ്ട്. അതുകൊണ്ടുതന്നെ റഫീക്കിന്റെ ആദ്യകാലജീവിതം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള് എങ്ങനെയായിരുന്നുവെന്നറിയാന് താത്പര്യം തോന്നി, ചോദിച്ചറിഞ്ഞു. ചെറിയ പ്രായത്തില്, അഞ്ചാം തരം കഴിഞ്ഞപ്പോള് മുതല്, മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയില് ഉള്ള ദാറുല്ഹുദ ഇസ്ലാമിക് അക്കാദമിയിലാണ് റഫീക്കിന്റെ തുടര്പഠനം നടന്നത്. അതായത് പതിനൊന്നു വയസ്സുമുതല് പന്ത്രണ്ട് വര്ഷം അവിടെയായിരുന്നു പഠനം. പ്രധാനമായും മതവിദ്യ, ഒപ്പം അറബി, ഇംഗ്ലീഷ്, ഉറുദു, മലയാളം ഭാഷകള്, ശാസ്ത്രം, സാമൂഹ്യശാസ്ത്രം ഒക്കെയാണ് അവിടുത്തെ പാഠ്യപദ്ധതി. ഹുദവി എന്നറിയപ്പെടുന്ന മതപണ്ഡിതരെ വാര്ത്തെടുക്കാനുള്ള പഠനസംവിധാനമാണത്. അവിടെ പഠനം പൂര്ത്തിയാക്കിയെങ്കിലും, റഫീക്കിന്റെ തന്നെ വാക്കുകളില് പറഞ്ഞാല് 'എന്റെ ദുര്ന്നടപ്പ് കാരണം ആ ബിരുദം അവര് നല്കിയില്ല.' അതെന്തായാലും ഈ പന്ത്രണ്ട് വര്ഷം അവിടെ നിന്നു പഠിച്ചത് ഖുര്ആന്, ഹദീസ്, അവയുടെ വ്യാഖ്യാനം, കര്മശാസ്ത്രം, സൂഫിസം ഉള്പ്പെടെയുള്ള മതതത്വചിന്തകള് ഒക്കെയാണ്. സുന്നി മുസ്ലിങ്ങളുടെ ഭാഗത്തുനിന്നുള്ള വിചാരമൂല്യമുള്ള പ്രസിദ്ധീകരണം എന്ന് വിശേഷിപ്പിക്കപ്പെട്ട 'തെളിച്ചം' എന്നൊരു മാസികയുടെ പിന്നിലും അക്കാലത്ത് പ്രവര്ത്തിച്ചിരുന്നു. വളര്ച്ചയുടെ ഈ കാലയളവില് അയാള് വളരെ വായിച്ചു, കവിത എഴുതിത്തുടങ്ങി. ബ്ലോഗുകളുടെ ആരംഭകാലത്ത് ഉമ്പാച്ചി എന്ന പേരില് ബ്ലോഗെഴുത്തിലൂടെയാണ് റഫീക്ക് ശ്രദ്ധിക്കപ്പെടുന്നത്.
നീ എങ്ങനെ കവിയായി എന്നു ചോദിച്ചാല്
ഇതേ പേരുള്ള കവിതയില് റഫീക്ക് ഇതിനുള്ള ഉത്തരം പറയുന്നുണ്ട്:
'എഴുതപ്പെട്ട വാക്കുകളെ
കൈപ്പട എന്നു വെറുതേ വിളിക്കുന്നതല്ല
നമുക്കുവേണ്ടി കൊല്ലാനും
ചാവാനും പുറപ്പെട്ട ഭടരും
ചിലനേരത്ത് ഒളിപ്പോരുകാരുമവര്,
പടവെട്ടുന്നുണ്ട് ഓരോ വാക്കും കവിതയില്.

ഇങ്ങനെ ഓരോ വാക്കിനും റഫീക്കിന്റെ കവിതയില് പടവെട്ടേണ്ടിവരുന്നതിന് ചരിത്രപരമായ കാരണമുണ്ട്. അത് അയാളുടെ ഭാഷയാണ്. മാനവമലയാളകാവ്യഭാഷയില് സുലഭമല്ലാത്ത ഒരു ഭാഷാലോകം റഫീക്കിന്റെ കവിതകളിലുണ്ട്. സമകാലമലയാളത്തില് അറബി വാക്കുകളും, ദര്സ്മലയാളവും ചേരുന്ന ഒരു മാപ്പിളപ്പുതുമലയാളമാണ് അത്. ഇസ്ലാം മതമോ അതിന്റെ ചര്യകളോ പരിചിതമല്ലാത്തവര്ക്ക് പല വാക്കുകളുടേയും അര്ത്ഥം മനസ്സിലാക്കാന് എളുപ്പമല്ല. ഇശാ നിസ്‌ക്കാരം, ഒളു, സുജൂദ്, വക്ത്, മുസല്ല, ദസ്വിയ മുത്തുകള് എന്നിങ്ങനെ അനേകം വാക്കുകള്.
സാമാന്യഭാഷയില് അതായത്, 'മുഖ്യധാരാ'ഭാഷയില്, സാഹിത്യത്തില്, പ്രചാരമില്ലാത്ത വാക്കുകള് കവിതയില് അധികമായി വരുന്നത് സമീപകാലത്താണ്. അവ കാവ്യഭാഷയില് പ്രത്യക്ഷമാകുമ്പോള് നിര്വഹിക്കപ്പെടുന്നത് രാഷ്ട്രീയധര്മമാണ്, സാമൂഹ്യനീതിയും കലയുടെ നീതിയുമാണ്. അതുകൊണ്ടുതന്നെ അവയുടെ ഉപയോഗം സ്വാഭാവികമായിരിക്കുക എന്നതിനേക്കാള് സത്യമായിരിക്കുക എന്നതാണ് പ്രധാനം. ആവര്ത്തിച്ചുള്ള ഉപയോഗം കൊണ്ട് അവയെ പൊതുവായനയിലേക്ക് സ്വാഭാവികമാക്കിത്തീര്ക്കുകയാണ് വേണ്ടത്. വാക്കുകളുടെയും പ്രയോഗങ്ങളുടെയും ബോധപൂര്വമായ ഉപയോഗം അതിന് ആവശ്യമാണ്. പ്രാദേശികമായവയോ, സമുദായപരമായവയോ, ദലിത്, ആദിവാസി വിഭാഗങ്ങളുടെയോ, കടപ്പുറത്തിന്റെയോ, ഇസ്ലാം, ക്രിസ്ത്യന് മതചര്യകളുമായി ബന്ധപ്പെട്ടവയോ, തമിഴ്, കൊങ്കണി തുടങ്ങി കേരളത്തില് തലമുറകളായി പാര്ക്കുന്ന പരദേശ ഭാഷകളുമായി കലര്ന്നതോ ഒക്കെയായ വാക്കുകള്, പ്രയോഗങ്ങള് ഒക്കെ ഇതില്പ്പെടും. നവസാങ്കേതികവിദ്യയുമായി, ഉപകരണങ്ങളും സംവിധാനങ്ങളുമായി, മാധ്യമലോകവുമായി, ഒക്കെ ബന്ധപ്പെട്ട് കവിതയില് അവതരിപ്പിക്കപ്പെടുന്ന പുതുവാക്കുകളുടെ ധര്മത്തില് നിന്ന് വ്യത്യസ്തമാണ് ഇത്. അവ ജീവിതത്തില് പ്രത്യക്ഷമാകുന്നതിനനുസരിച്ച് കലയിലും പ്രത്യക്ഷപ്പെടും. ആ പ്രത്യക്ഷപ്പെടല് കലയിലെ / കവിതയിലെ കാലത്തിന്റെ രേഖപ്പെടുത്തല് എന്ന ധര്മമാണ് നിര്വഹിക്കുക. അത് സ്വാഭാവികമായി സംഭവിക്കേണ്ടതാണ്. അത് നീതിയുടെ വിഷയമല്ല. കവിതയില് അത്തരം വാക്കുകളുടെ ബോധപൂര്വമായ ചേര്ക്കല് അതുകൊണ്ടുതന്നെ ഇണങ്ങുകയുമില്ല.

റഫീക്കിിന്റെ കവിതയില് ധാരാളമായി 'സ്വാഭാവികമായും' 'സത്യമായും' ഇസ്ലാം സംസ്‌കാരത്തില് നിന്ന്, നിത്യജീവിതത്തില് നിന്ന് ഉള്ള വാക്കുകള് വരുന്നു. ആദിശങ്കരനും ഒരു നൂറ്റാണ്ട് മുന്പെങ്കിലും ഇവിടെ ഉണ്ടായിരുന്ന ഒരു മതജീവിതത്തിന്റെ, ഇപ്പോള് ജനസംഖ്യയുടെ നാലിലൊന്നു വരുന്ന ഒരു വിഭാഗത്തിന്റെ ജീവിതഭാഷ ആ നാടിന്റെ കവിതയില് ഇഴുകിച്ചേരാതെ പുറത്തുനില്ക്കുകയാണ് ഇന്നും! അതുകൊണ്ടാവണം ആ ജീവിതഭാഷയില്നിന്നു വരുന്ന ഓരോ വാക്കിനും റഫീക്കിന്റെ കവിതയില് പടവെട്ടേണ്ടി വരുന്നത്. വാക്കുകളുടെ ആ പടവെട്ട് സ്വസമുദായത്തിന്റെ നൂറ്റാണ്ടുകള് നീണ്ട ജീവിതത്തിന് മലയാളകവിതയില് സാധുത തേടാന് വേണ്ടി മാത്രമല്ല, സമുദായത്തിനുള്ളിലുള്ള യാഥാസ്ഥിതികത്വത്തോടും ശഠതകളോടും ഉള്ള ചെറുക്കലും കൂടി അതിലുണ്ട്. വാക്കുകളുടെ ആ പടവെട്ടാണ്, റഫീക്കിന്റെ കവിതയെ മലയാളകവിതയില് അടയാളപ്പെടുത്തുന്ന ഒരു പ്രധാനഘടകം എന്ന് ഞാന് കരുതുന്നു. കവിതയുടെ ഭാഷ പടവെട്ടുന്ന വാക്കുകളാല് സമ്പന്നമായിരിക്കുമ്പോഴും കാവ്യഭാഷയില് (ശില്പപരമായും ശൈലീപരമായും) മലയാളകവിതയുടെ ശീലങ്ങളോട് വലിയ ഇടര്ച്ചകള് കാണുന്നില്ല. പുതുവഴി വെട്ടി നടപ്പല്ല, മറിച്ച് പഴയ വഴിയില് മാറ്റിച്ചവിട്ടുന്ന ചുവടുകളാണ് ഇവ എന്ന് പറയാം. അസാധാരാണമായതൊന്നും റഫീക്ക് എഴുതുന്നില്ല എന്നതും പ്രധാനം. മമതകളും മതിപ്പുകളും അല്ലാതെ മദിപ്പുകളും തിമിര്പ്പുകളും അയാള്ക്കില്ല. സാധാരണജീവിതം മാത്രം. കാഴ്ച്ചക്കോണാണ് സാധാരണമല്ലാത്തത്. എല്ലാവരും തെരുവില് നിന്നു കാണുന്ന ഒരു കെട്ടിടത്തെ ഒരാള് ഒരു തെങ്ങിന്മണ്ടയില് നിന്ന് നോക്കിയാലോ അല്ലെങ്കില് നിലത്തു കിടന്നുകൊണ്ട് നോക്കിയാലോ എന്ന പോലെ. കവിത അസംബന്ധമായ ഒരു കഠിനപരിശ്രമമാണെന്നും കണ്കെട്ടുവിദ്യയാകാമെന്നും റഫീക്ക് പറയുന്നുണ്ട്. (കവിത: 'അസംബന്ധം')

കവിതയുടെ ഭാവുകത്വപരിണാമങ്ങളെ സൂചിപ്പിക്കാന് പുതിയ തലമുറ എന്ന് പൊതുവായി പറയുകയാണ് പതിവ്. പക്ഷെ ശ്രദ്ധിച്ചാല് അറിയാം, ഒരൊറ്റ 'പുതിയ തലമുറ' എന്നൊന്നില്ല എന്ന്. പ്രദേശം, മതം, ജാതി, ധനസ്ഥിതി, വിദ്യാഭ്യാസം, തൊഴില്, ലിംഗപദവി എന്നിങ്ങനെ നിര്ണയിക്കപ്പെടുന്ന നിരവധി അടരുകളില് പുലരുന്ന പല തലമുറകളുണ്ട്, ഒരേസമയം. ചിലപ്പോള് തമ്മില് ബന്ധമേയില്ലാത്ത പല തലമുറകള് ഒരേ നാട്ടില് ഒരേ കാലത്ത് സംഭവിക്കുന്നുണ്ട്. ദലിത്, ആദിവാസി, കടലോര, മലയോര ഒച്ചകള്, മാനക മലയാളം പഠിക്കുകയോ ശീലിക്കുകയോ ചെയ്യാത്തവരുടെ പലതരം ഒച്ചകള് മധ്യവര്ഗ നാഗരിക 'മുഖ്യധാര'യ്ക്കുമേല് വേറിട്ട് കേട്ടുതുടങ്ങുന്ന കാലമാണിത്. ഒരാള് ഒറ്റയ്ക്ക് ഒരു തലമുറയാകുന്ന കാലം! അഥവാ പല തലമുറകള് ഒരാളില് സന്നിവേശിക്കുന്ന കാലം. പലകാലങ്ങള് ഒരു ഇടത്തില് പ്രവര്ത്തിക്കുന്ന കാലം. സമകാലികമാകാനുള്ള ശ്രമങ്ങളേയില്ല ഈ കവിതകളില്. കാലം, നീരോടും പോലെ ഓടുന്ന ഒരിടം. ഭൂപടത്തില് ഒരേസമയം സ്ഥലവും കാലവും നിജപ്പെടുത്തി അടയാളപ്പെടുത്തിവയ്ക്കാന് പറ്റാത്ത വിധം ഇളകുന്ന ഇടം. മനുഷ്യരും മൃഗങ്ങളും പച്ചയും ഉള്ള ഒരിടം. പ്രേമം അതിന്റെ മതം, കവി അന്ധനായ പ്രണയവിശ്വാസി. കാലബന്ധിയല്ലാത്ത ഉള്ള്, നാട്യങ്ങളില്ലാത്ത നടത്തം. ആത്മാവിന്റെ വിളി പിന്തുടരുക, നിലനില്ക്കുന്ന അധികാരത്തെ കബളിപ്പിച്ച് അതിനോടുള്ള കലഹത്തിന്റെ വിത്തുകള് ഒളിപ്പിച്ച് കടത്തുക, ഭാഷ എന്ന ഓര്മയുടെ തുടര്ച്ചയോട് സ്വന്തം ഒച്ചയെ, സ്വസമുദായത്തിന്റെ ഒച്ചയെ ചേര്ക്കുക ഇതൊക്കെയാണ് കവിതയുടെ ചോദന എങ്കില് റഫീക്കിന്റെ കവിത ചെയ്യാന് ശ്രമിക്കുന്നത് അതാണ്. അതു തന്നെയാണ് അതിന്റെ സാധുത.
-
കവിതാപഠനം: അനിത തമ്പി പുസ്തകം: വലിയ അശുദ്ധികളെ നാമുയര്‍ത്തുന്നു

No comments:

Post a Comment