എസ്. ജോസഫിന്റെ 'ഒരു കുറിപ്പ്'

കേരള കവിത (2011-2012)യിൽ എസ്. ജോസഫ് 'തിരുവള്ളൂരി'നെ കുറിച്ച് ഒരു കുറിപ്പെഴുതിയിരിക്കുന്നു, ആ പുസ്തകത്തെ പറ്റി എഴുതപ്പെട്ടിട്ടുള്ള ആകെയൊരു കുറിപ്പ് അതായതിനാലും ജോസഫ് എന്റെ പ്രിയപ്പെട്ട കവിയായതിനാലും അതിവിടെ പകർത്തുന്നു:

റഫീക്ക് തിരുവള്ളൂര് - ഒരു കുറിപ്പ്
എസ്. ജോസഫ് 

90-കൾക്ക് ശേഷം മലയാള കവിതകളിൽ പുതിയൊരു തരംഗമുണ്ടാക്കുകയും മുമ്പെങ്ങും കാണാത്ത ജനുസ്സിൽ പെട്ട കവികളും കവിതകളും അരങ്ങത്തെത്തുകയും ചെയ്തു. കാണപ്പെടാതെ കിടന്ന ദേശങ്ങളും അവിടത്തെ പ്രകൃതിയും മനുഷ്യരും മനുഷ്യരൊടു ബന്ധപ്പെട്ട കാര്യങ്ങളും ഭാഷയും എഴുത്തിൽ ഇടം പിടിച്ചു. കവിതയിലെ ജനാധിപത്യം എന്ന് ഈ പുതിയ പ്രവണതയെ ചില കാവ്യ ചിന്തകർ വിവരിച്ചിട്ടുണ്ട്. ഇന്ന് ആ തരംഗത്തിന്റെ തുടർച്ചകളിൽ പലതും കവിതാ ധൂർത്തായി മാറിയിട്ടുണ്ട്. ഒരാളോ രണ്ടാളോ എഴുതിയ കവിതകൾ എന്ന് ഇക്കാലത്തെ കവിതകളെ പറ്റി പറയാം. എങ്കിലും അങ്ങിങ്ങായി ചില കവികൾ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്.


റഫീക്ക് തിരുവള്ളൂര് എന്ന കവി ഉമ്പാച്ചി എന്ന പേരിൽ ബ്ലോഗിൽ ശ്രദ്ധ നേടിയ ഒരു കവിയാണ്. മുമ്പേത്തന്നെ ഈ കവിയെ വലിയൊരു ബ്ലോഗ് വായനക്കാരനല്ലാത്ത ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. പ്രവാസിയുടെ എഴുത്താകയാൽ ബ്ലോഗിലെഴുതി എന്നത് ഒരു പുതിയ എഴുത്തിടം ആണെങ്കിലും കവിത ബ്ലോഗിലെഴുതിയാലും കല്ലിലെഴുതിയാലും കടലാസിൽ അച്ചടിച്ചാലും കവിതയാണെങ്കിലേ മനസ്സിൽ തൊടുകയുള്ളൂ എന്നത് നാം മറന്നു കൂടാ. പ്രവാസിയുടെ ഗൃഹാതുരമായ ജന്മ നാടും പ്രവാസ ഭൂമിയും ഈ കവിതകളിൽ ദൃശ്യപ്പെടുന്നു. പുതിയ ഒരു നോട്ടസ്ഥാനം കവിക്ക് ഉണ്ട്. അതിനാൽ കക്കൂസ്, സാന്റ് പേപ്പർ, ആദ്യ പകൽ, മാർച്ച്-16, നഗരത്തിലെ മരങ്ങൾ എന്നീ കവിതകളിലെല്ലാം പരമ്പരാഗതമായ നോട്ടസ്ഥാനം മാറുന്നു. മാർച്ച്-16 പോലുള്ള കവിതകൾ പുതിയ ഒരു കാവ്യാനുഭവം നൽകുന്നുണ്ട്. റഫീക്കിന്റെ കവിതകൾ പുതിയ ഒരെഴുത്തായി മാറുന്നത് കവി വേറിട്ട ഒരു നിരീക്ഷണ രീതി സൃഷ്ടിച്ചതു കൊണ്ടാണ്. ഇതു മാത്രമല്ല, രണ്ടാമത്തെ ഒരു മാറ്റം അചേതന വസ്തുക്കൾ കവിതയിൽ സചേതനങ്ങളാകുന്നു എന്നിടത്താണ്.

"വടകരക്ക് ഇപ്പോൾ ബസുണ്ടോ?
ആയഞ്ചേരിക്കുള്ള
ഗ്രീൻ സ്റ്റാർ പോയോന്ന്
റോഡിലിറങ്ങി 
നില്പുണ്ട് പീടികകൾ"

"ഇപ്പോഴും നിരത്തിലിറങ്ങി
അടുത്ത ബസിൽ പോയാലോ എന്ന്
നിൽപ്പാണ് അങ്ങാടി"

റഫീക്കിന്റെ കവിതകളിൽ അചേതന വസ്തുക്കൾ സചേതനങ്ങളെ പോലെ പെരുമാറുന്നു. അചേതനങ്ങൾക്ക് ആത്മാവു ലഭിക്കുന്ന ഒരു ചെയ്തിയാണിത്. അത് കവിതയിൽ നിശ്ശബ്ദത സംസാരിച്ചു തുടങ്ങുന്നതു പോലെയാണ്. ഇത് മറ്റു കവികളിലും കാണാവുന്നതാണ്. അതു കൊണ്ട് ആദ്യത്തെ മാറ്റം തന്നെയാണു പ്രധാനപ്പെട്ടത്. വളരെ വേഗം മാറിപ്പോകുന്ന കുറേ കാര്യങ്ങളും മാറാതിരിക്കുന്നതു മൂലം പാർശ്വവൽക്കരിക്കപ്പെടുന്ന കുറേക്കാര്യങ്ങളും ഈ കവിതകളിൽ ഉണ്ട്. വർത്തമാന കാലത്തിന്റെ സങ്കീർണതകളുടെ ഒരു ചിത്രീകരണവുമാണ് അത്തരത്തിൽ ഈ കവിതകൾ..

അമ്പത്തൊന്നക്ഷരാധീ,

അമ്പത്തൊന്നക്ഷരാളീ
മലയാളമേ
വ്രണിത തനു ലതേ
അമ്പത്തൊന്നു മുറിവുകളില്‍
ചോരയുടെ വേദമാകുക
വേദനേ,

തിരുത്തുന്നതിനു പകരം
വെട്ടിക്കളഞ്ഞല്ലോ കൈപ്പട
ശരിയായാലും തെറ്റായാലും
നീ പഠിപ്പിച്ചതില്‍ നിന്നും
കിട്ടിയ ഉത്തരങ്ങളായിരുന്നൂ
കൂട്ടിവായിച്ചതൊക്കെയും

അമ്പത്തിയൊന്നെന്ന്
അക്ഷയമാല പഠിപ്പിച്ച
നീ
അന്നേ പറഞ്ഞതല്ലേ
വേറെയും വര്‍ണ്ണങ്ങള്‍
സ്വരങ്ങള്‍ വന്നു ചേരുമെന്ന്,
സ്വരങ്ങളധികം വഹിച്ചതിനല്ലേ
ഇങ്ങനെ വരഞ്ഞു
വെട്ടിയതെന്നെ..

അമ്പത്തൊന്നക്ഷരാധീ,
കഠാരകള്‍ക്കു പകരം
വ്രണിത നാരായം
ലിപികളെഴുതിയ
ദേഹമാകുക വീണ്ടും
ക്ഷതങ്ങളേ,
അക്ഷരങ്ങളാകുക വീണ്ടും.

മുൻ പുഴു

പൂക്കൾക്കും കുഞ്ഞുങ്ങൾക്കുമൊപ്പമാണിപ്പോൾ
ഒരു പൂവിലുമിരിപ്പുറക്കാത്തതിനാൽ
മാറിമാറി പ്രേമിക്കുന്ന പൂവാലനെന്ന്
കളിയാക്കി ഇന്നാളൊരാൾ*
പൂമ്പാറ്റയെന്നത് വീട്ടിൽ വിളിക്കുന്ന പേരോന്ന്
ചോദിച്ചിരുന്നു അതിനും മുമ്പൊരു കുട്ടി*
കുട്ടികളെനിക്ക് ജീവൻ
അവർക്കുമെന്നെ പെരുത്തിഷ്ടം
ബാല സാഹിത്യങ്ങളേക്കാൾ
അവരെന്നെ ഇഷ്ടപ്പെടുന്നൂ

അവരെപ്പോലിരിക്കുന്നതിനാണ്
പല നിറങ്ങളുള്ള ഉടുപ്പിട്ട് പുറത്തേക്കിറങ്ങുന്നത്
അവരോടൊപ്പം കളിക്കുന്നതിനാണ്
അവരുടെ വഴികളിൽ വന്നിരിക്കുന്നത്

നിങ്ങൾക്കും എന്നെ സ്നേഹമാണെന്നറിയാം
പൂമ്പൊടിയേറ്റിച്ചെന്ന്
പ്രണയങ്ങളെ പൂവിടീക്കുന്നതു മുതൽ
സ്വപ്നങ്ങളിൽ പറ്റിക്കൂടി
ഓർമ്മകളുടെ ആൽബത്തിന്റെ വക്കിലെ 
തൊങ്ങലായിരിക്കുന്നതു വരേ,

ചിത്രച്ചിറകുകളിലെ
ഭാഷകൾക്കു മുന്നേയുള്ള ലിപികൾ
പാറ്റകളുടെ വംശത്തിലെ 
പറന്നു പോകുന്ന പൂക്കൾ
ഉടലിൽ ചിത്രത്തുന്നലുള്ള പുളകങ്ങൾ
സ്വപ്നദർശനം പോലെ മനംകിളിർപ്പിക്കുന്ന
ജീവന്റെ പലനിറത്തുള്ളികൾ
വെയിലിന്റെ നിലാവിന്റെ സൂര്യന്റെ
താരാട്ടിന്റെ വാൽസല്യത്തിന്റെ
പച്ചയുടെ പ്രാണന്റെ
ഏഴുനിറങ്ങളുടേയും പേരക്കിടാങ്ങൾ ഞങ്ങൾ

എന്നിട്ടും
ഭൂതകാലം തിന്നു കൊതി തീരാത്ത
ചില ജീവികളുടെ ദോഷൈകദൃഷ്ടിയിൽ
ഞാൻ മുൻ പുഴു,
അവർക്കറിയില്ല
കാറ്റിനു പോലും തുളക്കാവുന്ന ചിറകുകൾ കൊണ്ട്
ജീവിതമെഴുതുന്നതിന്റെ പ്രാണിവേദന.


*ശൈലന്റെ കവിതയിൽ
*വീരാൻ കുട്ടിയുടെ കവിതയിൽ

എന്നാപ്പിന്നെ:

നാളെ അഞ്ചുമണിക്കെണീറ്റ്‌
ഏഴു മണിക്കു പുറപ്പെട്ട്‌
എട്ടു മണിക്കെത്തണം
എന്നു കരുതി ഒപ്പിച്ചു വച്ച അലാറം
അടിച്ചു തുടങ്ങുമ്പോള്‍ തന്നെ കെടുത്തി
ഒരു മണിക്കൂറു കൂടി ഉറങ്ങി
അര മണിക്കൂറു കൂടി വൈകി
കാ മണിക്കൂറ്‌ ഒരുങ്ങി ഇറങ്ങി
എന്നും ചെല്ലുന്ന സമയവും കഴിഞ്ഞു
ചെന്നതിന്‌ മടക്കി അയച്ചിട്ടുണ്ടോ,
ശാസിച്ചിട്ടുണ്ടോ,
വല്ല മുടക്കവും വന്നിട്ടുണ്ടോ
ഇല്ലല്ലോ,
എന്നാപ്പിന്നെ
നാളെ അലാറം വച്ച്‌
നേരത്തിനെണീറ്റ്‌
നേരത്തെ ഇറങ്ങി
നേരത്തിനും മുന്നേ എത്തിനോക്ക്‌
എന്തു പറ്റീന്ന്‌ എല്ലാരും തുറിച്ചു നോക്കും,
ആളുകളുടെ തുറിച്ചുള്ള നോട്ടമേല്‍ക്കുന്നതിലും
നല്ലതല്ലേ നന്നായുറങ്ങുന്നത്‌,

ഉപയോഗ ശൂന്യമായ ഉണര്‍വ്വുകള്‍ക്കു പകരം
ഉറക്കത്തില്‍ തന്നെ നേരിടാന്‍ പഠിക്കൂ
ഈ ലോകത്തെ,
അഞ്ചുമണിക്കെണീറ്റ്‌
ഏഴു മണിക്കു പുറപ്പെട്ട്‌
എട്ടു മണിക്കെത്തണം
എന്നു കരുതി ഒപ്പിച്ചു വച്ച അലാറം
ഉറങ്ങും മുന്നേ കെടുത്തി വച്ചേക്കൂ,
എല്ലാ വിളക്കുകളേയും വിളികളേയും പോലെ.

വൈകുന്നേര കവിത

വൈകീട്ട്‌
തൊട്ടു താമസിക്കുന്ന വീട്ടിലെ
കുട്ടി വന്നിട്ട്‌
കാലു പിടിക്കുന്നൂ
അവനൊരു കവിത വേണം
അരപ്പായ
വെള്ളക്കടലാസുമായ്‌
അവന്റമ്മയും വക്കാലത്തിന്‌

കൈ കഴുകീട്ട്‌
തുണി കൂട്ടി തൊടണമത്രയും
നല്ലവളയല്‍ക്കാരി
ചോദിച്ചിട്ടൊരു
കവിത കൊടുക്കാത്തവനെന്തു
കവിതക്കാരനിടവലക്കാരന്‍

'രാവിലെ'യാണു
ടീച്ചറു കൊടുത്ത വിഷയം
എന്തെഴുതാനാണു ഞാന്‍
കവിതയാക്കാമോ രാവിലത്തെ
വെളുപ്പിനെ,തിരക്കിനെ
കവിത തേടുന്നവരും
കൂടെ ഞാനും, മുന്നില്‍ കാണാം
വെളുത്തു വരുന്നൊരു ലോകം

"രാവിലെ"

എത്ര വിളിച്ചാലുമുണരാ
മരങ്ങളെ
നെറും തലയില്‍
വെള്ളമിറ്റിച്ചുണര്‍ത്തിയതാണാകാശം
ഇലകളിലുണ്ടതിന്‍ കുഞ്ഞുനനവ്‌

മരക്കൊമ്പില്‍ പിന്നെയും
തല ചായ്‌ച്ചുറങ്ങൂന്നൂ വെയില്‍
ചില്ലകള്‍ വീശിക്കുടഞ്ഞ്‌
ഉണര്‍ന്നു വരുന്ന കിളികളെ
പല്ലു തേപ്പിക്കുകയാണു കാറ്റ്‌
കാറ്റിലവയുടെ കുഞ്ഞുവാമണം

സ്‌കൂളില്ലിവര്‍ക്കൊന്നും
അതാവുമിത്ര പെട്ടന്നെല്ലാരും
കണ്ണു തിരുമ്മി എഴുന്നേറ്റത്‌...

കേല

വെളിച്ചത്തിന്റത്ര
സുതാര്യമായ
മഷി നിറച്ചു വച്ചിട്ടുണ്ട്
തലക്കകത്ത്
സ്വപ്നങ്ങൾ വരക്കുന്നതിന്

ഉറക്കത്തിൽ തിരിഞ്ഞും മറിഞ്ഞും
കിടക്കുന്നേരമുള്ള
ഇളക്കത്തിൽ തട്ടി മറിയുന്നതാണ്
നിറച്ചു വച്ചൊരാ മഷിപ്പാത്രം

സ്വപ്ന ജീവിയായ
ഒരു കലാകാരനു മാത്രം
വരക്കാനാകുന്ന
നേർത്ത നിറപടങ്ങൾ കോറുന്നതാണ്
തല ഇണയിലന്നേരം

ഭൂമിയിലില്ലാത്ത
ദേശങ്ങളുടെ ഭൂപടങ്ങൾ
ആകൃതി ഭംഗം വന്നു
ഭംഗിയായ നിലങ്ങൾ
മോഹനിദ്രയിലെ റിപ്പബ്ലിക്കുകൾ
തല ചായ്ച്ചിടങ്ങളിലെല്ലാം
നിറം കെട്ടവയ്ക്കു മീതെ
വെളിച്ചത്തിന്റെ സൂചന, രചന

കിടക്കവിരിയിൽ മെഴുക്കു പുരട്ടുന്ന
ഈ ഒലിച്ചിറക്കമാണു
സത്യത്തിൽ സ്വപ്ന സ്ഖലനം
കൂട്ടു കിടക്കുന്ന ഇണ
തലയിണയായ കാരണം
ആ പേരും കിട്ടിയില്ലെന്നു മാത്രം

വിശന്നുറങ്ങുന്നവന്റെ ദ്രവം
സ്വപനത്തിൽ പൊടിച്ച മരങ്ങളുടെ നീര്
വെയിലത്തു വിയർക്കുന്നവന്റെ രക്തം
അവർണ്ണം ദുർമണം
മറ്റേത് വിശപ്പറിയാത്തവന്റെ ദ്രവ്യം ശുക്ലം


തലക്കകത്തെ വെളിച്ചത്തിന്റെ മഷിയാണ്
സ്വപ്നങ്ങൾ വരക്കുകയായിരുന്നു
തട്ടി മറിഞ്ഞതാണ്
പതുക്കെ പരന്നതാണ്, പതിഞ്ഞതാണ്
ക്ഷമിച്ചേക്കണം...



ബൂലോകകവിതയുടെ അരാജ്യകകവിതകൾ ലക്കത്തിൽ നിന്ന്.

റഹ്‌മാനിയ.എച്ച്.എസ്


........................................
അതു കൊണ്ട്‌
ലോകത്തിലെ ഏറ്റവും വലിയ വീടേതാണ്‌?
വീടിന്റെ മുറ്റം പെങ്ങന്മാര്‍
അടിച്ചു വാരുന്നു
കോലായ അമ്മമാര്‍ തുടക്കുന്നു
വണ്ണാമ്പല നിങ്ങള്‍ തട്ടുന്നു
നമ്മുടെ വലിയ വീടാണ്‌ സ്‌കൂള്‍
അതാരു വൃത്തിയാക്കും?
കുറിയ വാചകങ്ങള്‍ക്കു ശേഷമുള്ള
ശാരദട്ടീച്ചറുടെ ചോദ്യം
ഒറ്റക്കെട്ടായ 4 B യുടെ ഉത്തരം:
റഹ്മാനിയ LP

ലോകത്തിലെ ഏറ്റവും ചെറിയ ദിനേശ്‌ ബീഡി ഏതാണ്‌
ടീച്ചര്‍ ക്ലാസില്‍ നിന്നിറങ്ങിയ ശൂന്യതയില്‍
കുഞ്ഞിമ്മൂസയുടെ ചോദ്യം
ശാരദട്ടീച്ചര്‍
ഒറ്റക്കെട്ടായ 4 B അപ്പോള്‍ രണ്ടു പക്ഷമാകും
പെണ്‍കുട്ടികള്‍ വിട്ടു നില്ക്കും 

ലോകത്തിലെ ഏറ്റവും വലിയ സ്‌കൂള്‍
റഹ്മാനിയ HS
ഒരു ചെറിയ കണ്ടം നിറയെ LP
നാലഞ്ചു പറമ്പുകളില്‍ UP
നിരത്തിനോട്‌ ചേര്‍ന്ന്
ലേശം മുതിര്‍ന്ന പോലെ HS
ഒത്ത നടുക്ക്‌ വലിയ മൈതാനം
പടിഞ്ഞാറേ മൂലക്ക്‌ 
കൂറ്റന്‍ സ്റ്റേജ്‌, അതില്‍ 10 A

4 B യില്‍ നിന്ന്‌ ജയിച്ചത്
ആദ്യം ദുഖമായി
അജ്‌മലിനും കുഞ്ഞിമ്മൂസക്കും 
നടുക്ക്‌ നിന്ന്‌ പോന്ന്‌
പ്രകാശനും വിനോദനും ഇടയിലായി

അവര്‍ കോമത്തെ LP ക്കാര്‍
ബാലമംഗളവും ബാലരമയും വായിക്കുന്നവര്‍
മലര്‍‌വാടി കണ്ടിട്ടേയില്ല
പതുക്കെ ഡാക്കിനിയെ
അവരു വെറുക്കുന്ന പോലെ ഞാനും വെറുത്തു
പൂച്ചപ്പോലീസിനെ എന്നെ പോലെ
അവരും സ്‌നേഹിച്ചു
ഞങ്ങള്‍ കുഞ്ഞുണ്ണി മാഷും കുട്ട്യോളുമായി

ക്ലാസ്സ് തുടങ്ങിയപ്പോള്‍
5 C
മലയാളം എടുത്തവരും
അറബിക്കിനു പോകുന്നവരുമായി
സംസ്‌കൃതത്തിനും ചേര്‍ന്നു മൂന്നു പേര്‍
മലയാളം ക്ലാസില്‍ തന്നെ നടക്കും
അറബിക്കിന്‌ 5 A യിലേക്ക്‌ പോകണം
മൂന്നു ഭാഷകള്‍ ചേര്‍ന്ന്
സ്‌കൂളു മൊത്തം കലപിലയാക്കി

അറബിക്കിനു ചേര്‍ന്നവര്‍
ഉച്ചക്കു വിട്ടാല്‍ കുഞ്ഞോള്ള മാഷിനൊപ്പം
പള്ളിയില്‍ പോയി
പത്തര വരേ മാഷ്‌ മദ്രസയിലെ ഉസ്‌താദ്‌
മദ്രസ വിട്ടാൽ മാഷ്‌
അല്ലാത്തപ്പോള്‍ മുന്‍‌ഷി
നിസ്‌കാരം നിര്‍‌ബന്ധമാക്കിയത്
അല്ലാഹുവല്ല മുന്‍‌ഷിയായായിരുന്നു

സ്‌കൂളതിരിനോട്‌ ചേര്‍ത്തു തുന്നിയതായിരുന്നു
നിസ്‌കാരപ്പള്ളി
ചെറുപ്പം കണ്ടാല്‍ നിസ്‌കാരപ്പള്ളാന്നു
വിളിക്കാന്‍ തോന്നും
മുറ്റത്തൊരു കുഞ്ഞു കിണറുണ്ട്‌,
തൊട്ടിയും കയറും വീണാല്‍ ഇറങ്ങി എടുക്കാം

കുടിവെള്ളമെടുക്കുന്നവര്‍ക്കും
ചോറ്റു പാത്രം കഴുകുന്നവര്‍ക്കും
ഇടയിലൂടെ
നിസ്‌കരിക്കുന്നവര്‍ ആദ്യം
*ഒളുവര്‍പ്പിക്കണം
കിണറ്റിന്‍ കരയിലെ പെണ്‍‌കുട്ടികള്‍ മാറി നില്ക്കും 
സ്‌ത്രീ പുരുഷന്മാരുടെ
തൊലി തമ്മില്‍ ചേര്‍ന്നു കൂടാ

നിസ്‌കാരം കഴിയുന്നതു വരെ
*തലക്കാമ തുടങ്ങാതെ
പ്രകാശനും വിനോദനും കാത്തു നില്ക്കും 

എല്ലാ സ്‌കൂളുകളിലേയും പോലെ
ഞങ്ങളുടെ സ്‌കൂളിലും 
ടി.സി യിലെഴുതിയ മാതിരി
ഹിന്ദുമതവും
ഇസ്ലാം മതവുമുണ്ടായിരുന്നില്ല.


*ഒളുവര്‍പ്പിക്കുക: നിസ്കാരത്തിനു മുമ്പുള്ള അംഗസ്നാനം.ആരാധനയായതിനാലാകണം ഒളു എടുക്കുകയെന്ന് പറയുന്നതിനു പകരം ഒളു അര്‍പ്പിക്കുകയെന്ന് മുമ്പ് പറഞ്ഞിരുന്നു നാട്ടില്‍.

*തലക്കാമ: കുട്ടിക്കാലത്തെ ഒരിനം ഓലപ്പന്തു കളി

കവികൾ നേരിൽ


ആന ബസ്സിനു പാലക്കാട്ടേക്ക്
ഒരു പേമഴക്കാലം
കവിത ചോദിച്ച് ട്രഷറിയാപ്പീസിൽ
ഫയലുകൾക്ക് മീതെ കവി
വയലുകൾക്കു മീതെ നോക്കി
മഴ വരമ്പിലിരുന്നുറങ്ങും തവള

കവിത തന്നില്ല
ചായ തന്നു
സിഗരറ്റ് വേണോന്നു ചോദിച്ചു
ഫ്രീയായിത്തന്നുപദേശം
ചങ്ങാതിക്കവിയെച്ചെന്നുകാണുക
"അവനെന്നേക്കാൾ അടക്കമൊതുക്കം കാവ്യശീലം"

അപ്പോൾ എന്റെ കേരളം വരക്കുന്ന
ഭാസ്കരനുദയം ചെയ്തു
ഉച്ച
ജീൻസ് ബുൾ ഷർട്ടിൽ
അംബാസഡർ കാറിൽ
കവി കൂടെ കോട്ട കാണാൻ പോയി

മടക്കത്തിൽ മറ്റേ കവിയുടെ ഗേറ്റിൽ
"ഇതു കവിയുടെ വീടാണോ?"
പുറത്തേക്കു വന്നതിൽ തിടുക്കത്തിൽ
ഒരു നോട്ടം അകത്തേക്കു പാഞ്ഞു

ചോദ്യം മാറ്റി
"കവി ഇവിടുണ്ടോ?"
മറുപടിയായിക്കവി
കട്ടിക്കണ്ണട നല്ല ആൾമറ.

മ്യാവൂ വാദി


പഴഞ്ചൊല്ലുകളെ അതിജീവിക്കുക
പൂച്ചകൾക്കും ദുഷ്ക്കരം തന്നെ
അടച്ചിട്ട മുറിയിൽ തല്ലരുതെന്നതു വെറുതേ,
പുറത്ത് കതകിൽ നഖമുരസി
അതിന്റെ ഇണ 
വിരഹത്തിന്റെ കടമ്പ ചാടിക്കടക്കാൻ ശ്രമിച്ചു
അത്രമാത്രം
ഏതു വീഴ്ചയിലും പൂച്ച നാലുകാലിൽ
എന്നതും മാധ്യമസൃഷ്ടി
ആദ്യ പ്രഹരത്തിൽ തന്നെ
ചത്തുമലച്ചു
ഇരുമ്പുപല്ലുകൾ ഉണ്ടായിരുന്നെങ്കിൽ
നിന്നെ ഞാൻ എന്നൊരു നോട്ടത്തോടെ
കണ്ണുകൾ തുറന്ന് പിടിച്ച്
ചത്തിട്ടും അതിന്റെ നാട്യം
ചതിക്കൂട്ടിൽ വീണ നരിയെന്ന്, സാധു.

കുട്ടികൾ കണ്ട് ഭയക്കാതിരിക്കാൻ
ചാക്കിൽ കെട്ടി പുഴയിലേക്കെറിഞ്ഞു

അതിനെ ചാക്കിലാക്കി
ഈ വീട്ടിലേക്ക് കൊണ്ടുവന്നത്
നരിയെന്ന് പറഞ്ഞു വിശ്വസിപ്പിച്ചത്
പരാക്രമങ്ങളിൽ കണ്ണിറുക്കിയത്

ഇപ്പോൾ ഒരു ചാക്കു കെട്ടിൽ പാവം
അധികം ജലമില്ലാത്ത ഒരൊഴുക്കിന്റെ മുതുകിൽ
തുള്ളിക്കളിച്ച് കൊണ്ട് അതിന്റെ ശവം
ദൂരെ മുഴങ്ങുന്ന അപായത്തിന്റെ സൈറൺ
അതിന്റെ കരച്ചിൽ
കാലിൽ തൊട്ടുരുമ്മി
ഉള്ളിലേക്കരിച്ച് കയറി എന്റെ ഭയം.

കാവ്യപൂർവ്വം

"ഒപ്പര"ത്തിലെ കുറേ കവിതകൾ
പുസ്തകരൂപം നേടി
മറ്റൊരു ജീവിതം തുടങ്ങിയതറിഞ്ഞിരിക്കുമല്ലോ,
യു.എ.ഇയിലുള്ള കൂട്ടുകാർക്കെങ്കിലും
പുസ്തകം നേരിൽ നൽകാനാകും.
എത്തിച്ചേരുന്നതിനുള്ള വഴി പറഞ്ഞാൽ
"തിരുവള്ളൂരി"നെ അങ്ങോട്ടയക്കാം,
കൂടെ പറ്റിയാൽ ഞാനും വരാം.
വിളിക്കുമല്ലോ, എഴുതുമല്ലോ,
കാവ്യ പൂർവ്വം ഉമ്പാച്ചി.

പുസ്തകമായി

ദ്യ പുസ്തകം അധികം വൈകാതെ
വെളിച്ചം കാണും എന്നു കരുതുന്നു.
അച്ചടി കഴിഞ്ഞെത്തിയതായി അറിയിപ്പു കിട്ടി.
ഏപ്രിൽ 8 നു പ്രസാധകർ വക ഒരു പ്രകാശനം ഉണ്ട് ദുബായിൽ.
അതു കഴിഞ്ഞ് അബുദാബിയിലും
ഒന്നു കൂടണം കൂട്ടുകാരെ ഒക്കെ വിളിച്ച്,
കവിത പറഞ്ഞും കേട്ടും കുറച്ചു പേർ കുറച്ചു നേരം.
ഒരിരിപ്പിനു വഴി തേടുന്നു.
പുസ്തകത്തിന് അതിന്റെ വഴി ഒരുക്കിക്കൊടുക്കുന്നതിന്
നിങ്ങളിൽ വിശ്വസിച്ചു കൊണ്ട്
സന്തോഷത്തോടെ,
ഉമ്പാച്ചി
ഒപ്പ്

അരിയല്ലൂർ ശാന്തി

ഉച്ചപ്പടം
പപ്പടം
ഊണിനൊപ്പം
പൊടിച്ചു കുഴച്ചോ
കറി വരുന്നതിനു മുന്നേ
പൊട്ടിച്ചു ചവച്ചോ തീരും

വിശപ്പു മാറില്ല പൂതിയും തീരില്ല
അത്രമാത്രം
നീ കാണിച്ചതും
കൊതിപ്പിച്ചതുമെല്ലാം കൂടി

ഒരു വല്ലാത്ത സുഖം
എല്ലാം കണ്ട ഈ പ്രായത്തില്‍
നിന്നെക്കുറിച്ചോര്‍ക്കുന്നതു പോലും

കുളിപ്പുരയില്‍
നിന്റെ നനഞ്ഞ കഴുത്ത്‌ കാണുന്നേരം
ചുമരിനപ്പുറം നീ മുഴുവനും
നനഞ്ഞു നില്‍ക്കുന്നുണ്ടാകുമോ

ഒരു ദിവസം തന്നെ
ഇങ്ങനെ പലവട്ടം കുളിച്ചാല്‍
നിനക്കു ജലദോശം വരില്ലേ
പനി പിടിക്കില്ലേ നീ കിടപ്പിലാവില്ലേ

ഇത്രയും നര്‍ത്തകിമാരെ
തോഴികളായിക്കിട്ടാന്‍
നീയാര്‌, രാജാവിന്റെ മകളോ
ഒന്നു പോടീ

നിന്നെത്തന്നെ വേണമെന്നില്ല
പിന്നിലും ഇരു വശങ്ങളിലും
കൂടെത്തുള്ളുന്ന
ആട്ടക്കാരികളിലൊന്നിനെ മതി
നിന്നെപ്പറ്റി
ആലോചന പോയിട്ടുണ്ട്‌
കുരുത്തം കെട്ട്‌ പല പ്രകാരം
എല്ലാം പൊറുക്കണം ചെറുപ്പമായിക്കരുതി

ഇടവേളയില്‍
നിന്റെ ഭൃത്യന്‍മാര്‍
വിളക്കു തെളിക്കുന്നതു വരേ
നിന്നില്‍ തന്നെ മുഴുകി
മൂത്രമൊഴിക്കാന്‍ പോലും മറന്നിട്ടുണ്ട്‌

മൂത്രപ്പുരയില്‍ പോലും
ഞങ്ങളെഴുതീ നിന്റെ
നിന്ദാ സ്‌തുതി വചനങ്ങള്‍
നിന്നെ വിളിക്കാവുന്ന നമ്പറുകള്‍
സാക്ഷി നിന്റെ നാഭിച്ചുഴിയെന്നോര്‍ത്ത്‌
കുത്തിക്കെടുത്തിയ സിഗരറ്റു കുറ്റികള്‍

നിന്റെ ജന്മം വല്ലാത്തത്‌
എന്നൊന്നും പറഞ്ഞാല്‍ പോര
കാരണം
ഞങ്ങളുടെ വൃത്തികേടുകളത്രയും സഹിച്ച നീ
ഉച്ച ചരിഞ്ഞുള്ള സമയം
അമ്മയായി
അനിയത്തി പ്രാവായി
ഓപ്പോളും കുട്ട്യേടത്തിയുമായി
കുടംബങ്ങളുടെ കസ്‌തൂരിമാനായി
പുതിയ കുട്ടികളുടെ ക്ലാസ്‌മേറ്റു പോലുമായി
നീ ഭയങ്കരി തന്നെ

നിനക്കും പ്രായമായിരിക്കും
മരിച്ചോ മണ്ണടിഞ്ഞോ
ഒരു വിവരവുമില്ല
ഞാനും മരിച്ചു കൊണ്ടിരിക്കുന്നു
നിനക്കും നിത്യ ശാന്തി...


*കോഴിക്കോട് മലപ്പുറം ജില്ലകള്‍ക്കിടയിലെ അതിര്‍ത്തി ദേശമാണ് അരിയല്ലൂര്‍,
അവിടത്തെ സിനിമാ ടാക്കീസ് ശാന്തി.

ബൂലോക കവിതയിൽ നിന്ന്

കാവ്യ നീതി, ഒരാദ്യ രാത്രി

വിവാഹ വാര്‍ഷിക ദിനത്തില്‍ ഓര്‍മ്മിക്കാനുള്ളത്:


‘meet me after midnight
underneath the waxing moon
I'll be under the tall oak tree
adorning the glow of sensual skin''
                                   First night- Abid khan

ഴുതപ്പെട്ട വാക്കുകള്‍ക്ക്‌ ജീവനുണ്ടെന്നാരെങ്കിലും പറഞ്ഞാല്‍ എനിക്കവിശ്വസിക്കാനാവില്ല ഇപ്പോഴത്‌. ആദ്യരാത്രി എന്ന കൗതുകത്തെ തരം താഴ്‌ത്തി ഞാനെഴുതിയ വാക്കുകളാണ്‌ ആദ്യപകല്‍ എന്ന കവിത. ആദ്യരാത്രി പോലെ പേരെടുത്തിട്ടില്ല അവിവാഹിതരായ ചെറുപ്പക്കാരെ കൊതിപ്പിച്ചും പ്രതിശ്രുതവധുക്കളെ പേടിപ്പിച്ചും കഥകളില്‍ വളര്‍ന്നിട്ടില്ല എന്നിങ്ങനെ ആദ്യപകലിനെ എടുത്തു നോക്കുക മാത്രമാണാ കവിതയില്‍. ചില സ്വപ്‌നങ്ങള്‍ ജീവിതത്തില്‍ പുലരാന്‍ പോകുന്നതിന്റെ മുന്‍കൂര്‍ അറിയിപ്പാകുന്ന പോലെ കവിതയും ചില നേരത്ത്‌ അതിന്റെ സ്വന്തം ജീവിതം പ്രാവര്‍ത്തികമാക്കും. അറംപറ്റിയ വാക്കാകും കവിതയും.

എന്റെ ആദ്യ രാത്രിയെ നാമാവശേഷമാക്കിയത്‌ ആ ആദ്യപകലെന്ന കവിതായാണെന്ന്‌ സമാധാനിക്കുകയാണിപ്പോഴും ഞാന്‍. ആദ്യപകല്‍ എന്ന കവിത എഴുതുന്ന സമയം ഞാനൊരവിവാഹിതനായിരുന്നു. ആബിദ്‌ ഖാന്റെ ആദ്യരാത്രി എന്ന കവിതയോ വേറെ ഏതെങ്കിലും അതേ പ്രമേയം ഉള്ളടക്കമുള്ള കവിതയോ ഞാന്‍ വായിച്ചിട്ടുമില്ല. ആബിദ്‌ ഖാനെ കുറിച്ച്‌ ആദ്യം കേള്‍ക്കുന്നതു തന്നെ വി.എം ദേവദാസ്‌ ആദ്യപകലിനിട്ട കമന്റില്‍ നിന്നാണ്‌. ആ കവിത വായിച്ച ചിലരാവട്ടെ ആദ്യപകല്‍ കവിതയാകുന്നതാദ്യമാണ്‌, ആദ്യരാത്രി പലയിടങ്ങളില്‍ വായിച്ചിട്ടുണ്ടെന്ന അഭിനന്ദനവും തന്നതാണ്‌.

മൂന്നാണ്ടു മുന്നേയാണ്‌ സജിന ജീവിതത്തിലേക്കു വന്നത്‌. ദുബായിലേക്കു പറിച്ചുനടപ്പെട്ട ജീവിതവും കൊക്കിലൊതുക്കി 2008 ഫെബ്രുവരി 7നാണു നാട്ടിലേക്കു പറന്നത്‌. നാട്ടില്‍പോക്ക്‌ ഉറപ്പാകുന്നതിനു മുമ്പേ തന്നെ നീ എന്റെ ഭാര്യ എന്നൊരു കവിതയിലൂടെ കൂടെപ്പോരാനൊരാളെ തിരയുന്ന എന്നെ ഞാന്‍ ബ്ലോഗില്‍ നട്ടിരുന്നു. ആ കവിത ചില ആലോചനകളെ വളര്‍ത്തുകയും ചെയ്‌തിരുന്നു. നാട്ടിലെത്തിയതിന്റെ നാലാ ദിവസം ആദ്യത്തെ പെണ്ണുകാണല്‍ നടന്നു. വടകര സഹകരണാശുപത്രിയുടെ കാശ്വാലിറ്റി വാഡിനു പുറത്തിട്ട കസേരകളില്‍ ഇരുന്ന്‌ ഒരര മുക്കാല്‍ മണിക്കൂര്‍ സംസാരം. കാര്യങ്ങളേതാണ്ടു തീര്‍പ്പാക്കിയാണന്നു മടങ്ങിയത്‌. ഓര്‍മ്മിക്കപ്പെടേണ്ട ഒരു കൂടിക്കാഴ്‌ചയായിരുന്നൂ അത്‌. ഒരുപാടു കാലം പ്രണയത്തിലോ പരിചയത്തിലോ ആയിരുന്ന രണ്ടു പേര്‍ പാകത വന്നു നിറഞ്ഞ പോലെയായിരുന്നു ഇരുവരുമപ്പോഴെന്ന്‌ ഞങ്ങളിപ്പോഴും വഴക്കിലാവുമ്പോള്‍ ആ കണ്ടുമുട്ടലിനെ ഓര്‍ത്തെടുത്ത്‌ വഴക്കു തീര്‍ക്കുന്നു. കാര്യഗൗരവം വന്നവരെപ്പോലെ അന്നു സംസാരിച്ചത്‌ വളരേ മോശമായി, അതാണു നാം അകാലത്തു തന്നെ ഗൃഹകാര്യപ്രസക്തരായി മാറിയതെന്ന്‌ ഇടക്കു പരിഭവിക്കുന്നു. അന്നു കണ്ടു മടങ്ങുമ്പോള്‍ അവളൊന്നു കൂടി നോക്കിയിരുന്നു, ആ നോട്ടത്തിനു വേണ്ടി ഞാന്‍ തിരിഞ്ഞു നോക്കിയതായിരുന്നു. രണ്ടു പേര്‍ ഒരേ സമയം പരസ്‌പരം യാചിച്ച പോലെയായിരുന്നൂ ആ നോട്ടം എന്നെടുത്തു നോക്കാറുണ്ട്‌ ആ ഫ്രയിമിനെ ഇപ്പോഴും. നിനക്കവളെ മതിയെങ്കില്‍, അവളെ എനിക്കിവിടെ വന്ന ശേഷം കണ്ടാല്‍ മതിയെന്ന ഉമ്മയുടെ ഉറപ്പ്‌ നാട്ടുനടപ്പുകളെ മുഴുവന്‍ വീട്ടിനു പുറത്തു നിര്‍ത്തി. 2008 ഡയറിയുടെ ഫെബ്രുവരി 12ന്റെ പേജില്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരു പൂവല്ല, നോക്കി നിന്നാല്‍ താനേ വിരിഞ്ഞു വരുമൊരു പൂവെന്ന്‌ ഞാനവളെ ആദ്യമായെഴുതി.

അക്കൊല്ലത്തെ ഫെബ്രുവരി 29 ഉള്ളതിനാല്‍ അന്നു തന്നെ നമ്മുടെ വിവാഹമെന്ന്‌ ഞങ്ങളുറപ്പിക്കുകയും നാലു കൊല്ലം കൂടുമ്പോള്‍ മാത്രം ആവര്‍ത്തിക്കുന്ന വിവാഹവാര്‍ഷികത്തെ കുറിച്ച്‌ പറഞ്ഞു രസിക്കുകയും ചെയ്‌തെങ്കിലും 29 നു വിവാഹം നടത്തിയെടുക്കാനായില്ല. മാര്‍ച്ച്‌ 16നു നടന്നതു പ്രതീകാത്മക വിവാഹമാണ്‌, ഫെബ്രുവരി 29 നാണതു ശരിക്കുമുണ്ടായതെന്നങ്ങു കരുതി അതു വിട്ടു. മാര്‍ച്ച്‌ 16 വരേ നീട്ടിക്കിട്ടിയ രാപ്പകലുകളില്‍ ഞാനെഴുതിയ അനേകം കത്തുകളിലൂടെ എന്റെ 28 വര്‍ഷത്തെ ജീവിതമേതാണ്ട്‌ അവള്‍ക്ക്‌ ഹൃദിസ്ഥം തന്നെയായി. അത്രക്കന്യോന്യമറിഞ്ഞതിനാല്‍ ആദ്യരാവിനു നിര്‍ബന്ധമായ ആശങ്കകള്‍ തീരെ തൊടാത്ത, ആഹ്ലാദം മാത്രമാവേണ്ടതായിരുന്നു ആദ്യരാത്രി.

വീടിന്റെ മുകള്‍ നിലയില്‍ പുതുതായുണ്ടാക്കിയ മുറിയില്‍, അട്ടിയിട്ടതും അടുക്കി വച്ചതുമായ നൂറുകണക്കിനു പുസ്‌തകങ്ങള്‍ക്കിടയില്‍, ഒ.വി വിജയനും വി.കെ.എന്നും ബഷീറും മാര്‍ക്കേസും മുട്ടത്തു വര്‍ക്കി തന്നെയും നോക്കി നില്‍ക്കേ ഞങ്ങളുടെ ആദ്യസമാഗമം. സ്വകാര്യം പറച്ചിലുകളുടെ നീളം കുറക്കാനാണ്‌ പുറത്തിറങ്ങി ടെറസ്സിനു മോളില്‍ പെയ്യുന്ന നിലാവത്തു നില്‍ക്കാമല്‍പ്പം, എന്നിട്ടാവാം കിടപ്പ്‌ എന്ന കൊതി പൂത്തത്‌. വാതിലു തുറക്കാനുള്ള ശ്രമത്തിലാണ്‌ അതറിഞ്ഞത്‌. വാതില്‍പോളകള്‍ പൂട്ടുകളുടെ പിടുത്തത്തില്‍ നിന്നും പുറത്തായടഞ്ഞിരിക്കുന്നു. പൂട്ടിനുള്ളില്‍ പിടുത്തം കിട്ടാതെ താക്കോലുകള്‍ നിന്നനില്‍പ്പില്‍. നിന്ന നില്‍പ്പിലായി അതോടെ ഞങ്ങളും. വാക്കുകള്‍ക്കു കയറ്റാനാകാത്ത ആകാംക്ഷകളുടെ നടുക്കടലില്‍ രണ്ടു പേര്‍. ഏതു ബുദ്ധിമുട്ടിലും കൂടെ വരാറുള്ള മൂത്രമൊഴിക്കാനുള്ള മുട്ടലും വന്നു ചേര്‍ന്നു അപ്പോള്‍. അരയും അരയും ചേര്‍ന്ന്‌ ഒന്നാകുന്ന ദാമ്പത്യത്തിന്റെ ബീജഗണിതം പോലും തെറ്റി അതോടെ. ഈ രാവൊന്നു തീര്‍ന്നു കിട്ടിയാല്‍ മതിയായിരുന്നു എന്നായി ആകെയുള്ള ആശയപ്പോള്‍.

ഒരു സഹായം ചോദിച്ച്‌ ഇപ്പോള്‍ തന്നെ വീട്ടിലെ ഫോണിലേക്കു വിളിച്ചാലോ, പുലര്‍ക്കാലത്തെഴുന്നേറ്റ്‌ പശുവിനെ കറക്കാനായി തൊഴുത്തിലേക്കു പോകുന്ന ഉമ്മയെ അന്നേരം വിളിക്കാം, എന്റെ തോന്നലുകള്‍ക്കെല്ലാം ഊന്നലായി അവളുടെ മൂളല്‍ മാത്രം. നാണം കൊണ്ട്‌ അവളാകെ മെലിഞ്ഞു മെലിഞ്ഞ്‌ പുതപ്പില്‍ പതിഞ്ഞു പോയ പോലെ തോന്നി എനിക്ക്‌. അവസാനം പുലരുവോളം കാത്തിരിക്കാമെന്നായി ഉഭയകക്ഷി തീരുമാനം. തൊഴുത്തിലേക്കു പോകുന്ന ഉമ്മയെത്തന്നെ വിളിച്ചൂ മുകളിലെ പാതി തുറന്നിട്ട ജനലിലൂടെ ഞാന്‍. ഉമ്മ പച്ചവെള്ളം നിറച്ച കുടവും നെയ്‌പ്പാത്രവും നിലത്തിട്ട്‌ കോലായിലേക്കു മടങ്ങുന്നതു കണ്ടു. ഉമ്മാമയുടെ കരച്ചിലാണാദ്യം മുകളിലെത്തിയതെങ്കിലും, പിന്നാലെ വീടു മുഴുവന്‍ മുകള്‍ നിലയിലേക്കു പോന്നു. എന്താണു പ്രശ്‌നമെന്നു പറഞ്ഞപ്പോള്‍ അടച്ചിട്ട വാതിലിനപ്പുറം പിറ്റേന്നു പോയാല്‍ മതിയെന്ന്‌ ഉമ്മ പിടിച്ചു നിര്‍ത്തിയ ബന്ധുക്കളുടെ ചിരി കേട്ടു. അത്യാവശ്യത്തിനു കരുതിയ ഉപ്പയുടെ ഉപകരണപ്പെട്ടി തിരയാന്‍ പോയ പെങ്ങളുടെ ഒച്ച കേട്ടു. എല്ലാം സ്ഥലം മാറ്റി വച്ചതല്ലേ കല്യാണമായപ്പോള്‍. ഉപ്പയും അയലത്തെ ദുരിതാശ്വാസ പ്രവര്‍ത്തകരും ചേര്‍ന്ന്‌ പൂട്ടു പൊളിച്ച്‌, പോലീസ്‌ സ്‌റ്റേഷനില്‍ നിന്നും ഇറക്കി കൊണ്ടു വരുന്ന ഒളിച്ചോടിയ രണ്ടു കമിതാക്കളെ പോലെ ഞങ്ങള്‍ രണ്ടാളും. വാതില്‍ തുറന്നു വരുമ്പോള്‍ അകത്തേക്ക് അര്‍ഥങ്ങള്‍ പലതും ഉള്ളില്‍ തിരുകിയ ഒരു ചിരിയുമായി ആദ്യ പകലും.

ചെമ്പരത്തി

ഇത്രയും ക്ഷമ പാടില്ല ചെടിയേ
നനയോ തടമോ കിട്ടാതെ പൂവിടുന്ന
നിന്നില്‍ നിന്നും പഠിക്കണം
സംവരണത്തിനു പഠിപ്പും പണിയും നേടിയ
ഞാന്‍ സ്വാശ്രയ തത്വം,

കോരുമ്പോള്‍ ഒലിച്ചിറങ്ങുന്ന
വെള്ളം മതിയെന്നു ശഠിച്ച്
നീ കിണറ്റു വക്കത്തു തന്നെ
നിന്നു കളഞ്ഞതല്ലേ,
വിനയത്തെ കുറിച്ച് ദിവസവും ഓര്‍മ്മിക്കുന്നതിന്
നിന്നെ ക്ഷമയുടെ അതിരിലേക്ക്
മാറ്റി നടാന്‍ പോകുന്നൂ ഞാന്‍

''ഒലക്ക''

ഒലക്ക വേറെയാണ്‌
ഉരലോ ഉമിയോ അതിന്റെ ആരുമല്ല

ക്ഷോഭത്തിന്റെ മുന്നാഴി
പൊടിച്ച്‌
ആഴക്ക്‌ സഹനം
സഹിഷ്‌ണുതയുടെ ലേശം തവിട്‌
വെറുപ്പിന്റെ ഒരു നുള്ളിനെ വേര്‍പ്പെടുത്തി
അല്‍പ്പം ക്ഷമ
പുച്ഛത്തിന്റെ ഇത്തിരി പൊടി

''ഒലക്ക''
ഉറക്കെ പറഞ്ഞു നോക്കുക
ഇടിക്കുന്നതിന്റെ പൊടിക്കുന്നതിന്റെ
യാതൊരു ശബ്ദവും പുറമേ കേള്‍പ്പിക്കില്ല

ഒരു വാക്കിനു കൂട്ടാനാകുന്ന
കുറഞ്ഞ ഒച്ചയില്‍
പറഞ്ഞു കഴിയുന്നതോടെ തീരുന്ന ഉപായം

വാക്കുകള്‍ എത്ര മുന്തിയ ഉപകരണങ്ങള്‍

പക്ഷേ,
പൊടിച്ചു കൊടുക്കപ്പെടും
എന്നൊരു ബോര്‍ഡ്‌ വച്ച്‌
കുറച്ചു നേരമിരുന്നു നോക്കുക
അറിയുന്നവരും അറിയാത്തവരും
വന്നു കൊണ്ടേയിരിക്കും
ഈ ലോകം മുഴുവന്‍
അവരുടെ കൈകളിലുണ്ടാകും
ഇടിച്ച്‌ പൊടിച്ച്‌
ഉണക്കി സൂക്ഷിക്കുന്നതിന്‌

ആയതിനാല്‍
അരിശത്തിന്റെ ഇന്ധനം നിറഞ്ഞ ഒന്നും
ഒരു വാക്കു പോലും
സ്വാര്‍ത്ഥത്തിന്റെ ഉപകരണമാക്കാതിരിക്കുക
ഒലക്ക വേറെയാണ്‌
അതിന്‌ ഉമിയുമായോ ഉരലുമായോ എന്തു ബന്ധം...?

എമിറേറ്റ്‌സ്‌ പാലസ്‌

(രാപ്പാടിക്ക്)

ഇതാണ്‌ എമിറേറ്റ്‌സ്‌ പാലസ്‌ ഹോട്ടല്‍
നഗരം കാണിക്കാനിറങ്ങിയ കൂട്ടുകാരന്‍ പറയുന്നു
ഈ കാണുന്നതോ
എത്ര വലുതാണല്ലേ
വന്ദ്യനായ ഏതോ ശൈഖിന്റെ
അരികിലഴിച്ചു വച്ച തലപ്പാവു പോലെ
നഗരത്തിന്റെ മടിത്തട്ടില്‍
എന്തൊരു പ്രൗഢിയാണല്ലേ
ഇത്രയും വലിയ ഗെയിറ്റ്‌ ഞാനാദ്യായിട്ടു കാണുകയാ
ഇവിടത്തെ പാറാവുകാരൊക്കെ എവിടെ പോയി
ഒരൊറ്റ എണ്ണവും വരുന്നില്ലല്ലോ
നമുക്കും കയറി നോക്കാം
മുറ്റം വരേ പൂങ്കാവനമാണല്ലോ
ചതുരക്കല്ലു പാകിയ നടപ്പാതപോലുണ്ടല്ലോ റോഡ്
ആരും തടയാത്തതെന്താണ്‌
മുറ്റം നിറയെ നിരന്ന ഈ കാറുകള്‍ക്ക്‌
ദിര്‍ഹമില്‍ തന്നെ ലക്ഷങ്ങള്‍ വരുമോ
എന്തൊരു മിനുസമുള്ള നിലം
എത്ര തുടുത്ത ചുമരുകള്‍
ഈ പരവതാനികള്‍ അറബിക്കഥയിലേതു തന്നെ
ഈ പരിചാരികമാര്‍
ഷഹറസാദിന്റെ തോഴികള്‍ തന്നെ
ഈ പോകുന്നവരും വരുന്നവരും ആരായിരിക്കും
ഏതായാലും ഞങ്ങളെ പോലെ ഊപ്പകളാകില്ല
അകത്തേക്കു ചെല്ലുന്തോറും വാതിലുകള്‍
ഞങ്ങള്‍ക്കു മുന്നിലും തുറക്കുകയാണ്‌
കാവല്‍ക്കാര്‍ തല താഴ്‌ത്തി വന്ദിക്കുകയാണ്‌
ഈ കമാനങ്ങളെ പൊതിഞ്ഞ മഞ്ഞ ലോഹം
സ്വര്‍ണ്ണം തന്നെയായിരിക്കുമോ
ഇനിയും അകത്തേക്കു പോകുന്നതിന്‌ തടസ്സമൊന്നുമില്ലേ
പ്രിയപ്പെട്ട പാറാവുകാരാ
ഞങ്ങളോടെന്തെങ്കിലുമൊന്ന്‌ ചോദിക്ക്‌
ആരാ എന്തിനാ എവിടേക്കാ എന്തെങ്കിലുമൊന്ന്‌
ഇനിയും അകത്തു പോകാന്‍ പറ്റില്ലയെങ്കില്‍
ഒന്നു ഞങ്ങളെ പിടിച്ചു പുറത്താക്ക്‌
എന്റെ ഉള്ളില്‍ ബലപ്പെട്ടു വരുന്ന സംശയത്തിന്റെ വളര്‍ച്ച
ഇപ്പോള്‍ പുറത്തറിയും
സംശയധാരണത്തിന്റെ ആദ്യ നിമിഷങ്ങളിലെ
പരിഭ്രമത്തിന്റെ ചര്‍ദ്ദില്‍ വീണ്‌
ഈ നടുമുറ്റം വൃത്തികേടാകും,
ഒന്നു ഗെറ്റൗട്ടടിക്ക്‌....

ഗൃഹാശയം

എല്ലാ വാതിലുകളുമടയുമ്പോള്‍ 
വാതിലുകളേയില്ലാത്ത ഒരു വീട്‌ 
മരങ്ങളോട്‌ പിണങ്ങി ആകാശം നിറയെ വേരുകളും 
ഭൂമി നിറയേ ശാഖകളും പടര്‍ത്തി ഒരു മരമതിന്റെ മുറ്റത്ത്‌ 
ആഗ്രഹിക്കുമ്പോള്‍ മരിക്കുന്നതിന്‌ ഒരു കട്ടിലും 
അതേ പോലെ ജനിക്കുന്നതിന്‌ ഒരു തൊട്ടിലും ഓരോ അകത്തും 
ജനലുകളോട്‌ കാറ്റും ചുമരുകളോട്‌ വെളിച്ചവും സമ്മതം ചോദിക്കില്ല 
ഇല്ലാത്ത മതിലുകള്‍ എല്ലാ നടപ്പുകളേയും ക്ഷണിച്ചു വരുത്തും
ഇല്ലാത്ത വാതിലുകള്‍ എല്ലാ വഴികളേയും അകത്തു കയറ്റും
അടിച്ചേല്‍പ്പിക്കപ്പെട്ട വീട്ടില്‍ പാര്‍ക്കാതിരിക്കാനുള്ള അവകാശം 
ഒരിക്കലെങ്കിലും നിങ്ങളുമാഗ്രഹിച്ചിരിക്കും
മടുക്കുമ്പോള്‍ ഉപേക്ഷിക്കാവുന്ന ഒരു പുറന്തോട്‌ മതി എനിക്കുമെന്ന്‌ 
ഒരു ദിവസമെങ്കിലും മോഹിച്ചിരിക്കും 
അങ്ങനെ ഒരു ദിവസം പടുത്തു തുടങ്ങിയതാണ്‌ ഈ വീടും

ഒരോ ദിവസും ഒരോ അഥിതി
ശനി പോയി പിറ്റേന്നു ഞായര്‍ വരും 
ചോവ്വേ വന്നോളൂ എന്നു വിളിക്കേണ്ടതില്ല
തിങ്കളു പോകുന്ന രാത്രി അവന്‍ വരും
പ്രയപ്പെട്ട ബുധന്‍ പുറപ്പെട്ടുവോ എപ്പോഴെത്തും എന്നൊന്നുമില്ല ആധികള്‍
വ്യാഴവും വെള്ളിയും ചിലപ്പോള്‍ ഒന്നിച്ചാണു വരിക, 
അവരൊന്നിച്ചു പോകാതിരുന്നാല്‍ മതി
ഉന്‍മാദത്തില്‍ പണിത വീടുകളാണ്‌ 
സ്വപ്‌നത്തില്‍ വച്ച വീടുകളേക്കാള്‍ ജീവിതത്തിന്റെ വസതി
വീടുകള്‍ ഇടക്കിടെ ഉയര്‍ത്തുന്ന എല്ലാ ചോദ്യങ്ങള്‍ക്കുമെതിരെ 
കൊതികള്‍ പാകിയ ഒരുത്തരക്കെട്ട്‌ 
പണിതീരുന്നതിനു മുന്നേ ഗൃഹപ്രവേശം കഴിഞ്ഞ 
ഈ വീട്ടിലെ താമസക്കാരനെ നിങ്ങളറിയും
ഇല്ലെന്നു പറയരുത്‌
നിങ്ങളും വരണം 
ഈ വീട്ടിലും ഇടക്ക്‌ ഒന്നു കൂടുന്നത്‌ നന്ന്‌

:ബൂലോകകവിതയില്‍ നിന്ന്

തെരുവു തീരുന്നിടം

കറുത്ത പെണ്ണുങ്ങളുടെ
ധൂര്‍ത്തമായ അരക്കെട്ടുകള്‍ കൊണ്ട്‌
ഉണ്ടാക്കിയ ഒരു തെരുവിലാണ്‌
ഇപ്പോള്‍

ഒരു സ്‌ത്രീ എന്റെ നേരെ
ഒരു മുലയും കൊണ്ടു വരുന്നു
നിറം കണ്ടിട്ട്‌ ആഫ്രിക്കയിലെ
ഏതോ കാട്ടില്‍ നിന്ന്‌
പറിച്ചു കൊണ്ടു വന്നതാണെന്ന്‌ തോന്നുന്നു

ആണുങ്ങള്‍ കണ്ടിട്ടില്ലാത്ത
ഏതോ മരത്തിന്റെ കനിയായിരിക്കും

വേറെ ഒരു സ്‌ത്രീ
ഉരുട്ടിക്കൊണ്ടു പോകാവുന്ന
ഒരു തൊട്ടിലില്‍
കുഞ്ഞിനേയും കൊണ്ട്‌ പോകുന്നു
പോക്കു കണ്ടിട്ട്‌
അതിനെ അവളിറങ്ങി വന്ന
ഗ്രോസറിയില്‍ നിന്ന്‌ വാങ്ങിയതാണെന്നേ തോന്നൂ
ഈ തെരുവു തീരുന്നിടം
നിറയെ മുലകള്‍ കായ്ച്ചു നില്‍ക്കുന്ന ഒരു മരം.

*ദേരയില്‍ രാപാര്‍ത്ത കാലത്തെഴുതിയത്, ഇയ്യിടെ മലയാളനാടില്‍ വന്നിരുന്നു.

പൂമ്പാറ്റകളെ കുറിച്ച്‌

ഞാനോരു സ്‌കൂള്‍ അധ്യാപകനാണ്‌ 
കുട്ടികളെ അവരുടെ മാതൃഭാഷ പഠിപ്പിക്കുന്നു 
അവിവാഹിതനാണെങ്കിലും 
രണ്ടു കുട്ടികളുടെ രക്ഷിതാവുമാണ്‌ 
ഇരട്ടക്കുട്ടികള്‍ 
പ്രസവത്തോടെ മരിച്ചു പോയ  
പെങ്ങളുടെ രണ്ടു മക്കള്‍ 
അവരും എന്റെ ക്ലാസില്‍ തന്നെ 

കുട്ടികളെ അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ 
പഠിപ്പിക്കേണ്ടി വരുന്നു എന്നതാണ്‌ 
മാതൃഭാഷ പഠിപ്പിക്കുന്നവരുടെ പ്രശ്‌നം 
എന്റെ പ്രശ്‌നം അതല്ല 
എല്ലാ കുട്ടികള്‍ക്കും നല്ല അറിവുള്ള ചിലത്‌ 
എന്റെ കുട്ടികള്‍ക്ക്‌ മനസ്സിലാവുന്നേയില്ല 

പൂമ്പാറ്റകളെ കുറിച്ച്‌ 
ഒരു കൊച്ചു കുറിപ്പെഴുതാന്‍ പറഞ്ഞൂ ഒരിക്കല്‍ 
കുട്ടികള്‍ കൊച്ചു കൊച്ചു പൂമ്പാറ്റകളായി എഴുത്തു തുടങ്ങിയപ്പോള്‍ 
നോട്ട്‌ ബുക്കിന്റെ ഇതളുകളില്‍ വന്നിരിക്കാന്‍ തുടങ്ങി 
വാക്കുകള്‍ 
നിറങ്ങളിലേക്കും ഉടുപ്പുകളിലേക്കും പൂക്കളിലേക്കും 
മാറി മാറി ഇരിക്കാന്‍ തുടങ്ങി കുഞ്ഞുകുഞ്ഞക്ഷരങ്ങള്‍ 

അവര്‍ രണ്ടു പേരും അതൊന്നുമെഴുതിയില്ല 
ആരും കൊണ്ടു പോകാത്ത ദൂരത്തേക്ക്‌ പറക്കാന്‍ കഴിയുന്ന 
പൂമ്പാറ്റകളെ കുറിച്ച്‌ എഴുതാമോ കൂട്ടത്തിലിളയത്‌
അവര്‍ രണ്ടു പേരും ഒന്നുമെഴുതിയില്ല പൂമ്പാറ്റകളെ കുറിച്ച്‌ .

എ (u)

രുട്ടു തടഞ്ഞു
വീണവനെ
പകല്‍ വെളിച്ചം
എടുത്തുകിടത്തി

വിണ്ണിനു
മതിയായവനെ
മണ്ണേറ്റെടുത്തു
വേരുകള്‍ക്കു കൊടുത്തു

ഇലയായും കനിയായും
മരക്കയ്യിലെ കറുപ്പായും
തിരികെ വരും

പൂവായ് മാത്രം
പുറമേക്കു ചിരിച്ചു നില്‍ക്കില്ലവന്‍.

തന്റേടം

കാടിറങ്ങി
പുഴ കടന്ന്‌
മല കയറി
വയലു താണ്ടി
എത്തണം വീടെന്നോ
ബോറ്‌,

ആദ്യം കാണുന്ന ആരും
രണ്ടാമതു ചോദിക്കുമല്ലോ
വീടെവിടെയാ..?



എവിടെയാ...?
അതെവിടെയാ വച്ചു പോന്നത്‌
മറന്നത്‌
ബേജാറ്‌,

അമ്പലത്തിന്റെ ബേക്കില്‍
കനാലിന്റെ വക്കില്‍
ടാറിട്ട റോഡ്‌ തീരുന്നിടത്ത്‌
പോസ്‌റ്റാപ്പീസിന്റെ പിറകില്‍
ഷാപ്പിന്റെ മുന്നില്‍
സര്‍ക്കാര്‍ സ്കൂളിന്റെ അരികെ
MLAയുടെ അടുത്ത വീട്‌
ബോറ്‌,
ഒറ്റക്കു നില്‍ക്കാന്‍
കെല്‍പ്പുള്ള
ഒറ്റ വീടില്ല ഇന്നാട്ടില്‍

9/11
21/246
വരൂ നഗരത്തിലേക്ക്‌
ഒറ്റ ഒറ്റയായ
മുറിക്കു മുറി പോരുന്ന വീട്ടിലേക്ക്‌.

തീരുമാനം

ഞങ്ങള്‍ നാലഞ്ചു പേര്‍ ബസ്സു കാത്തു നില്‍ക്കുന്നു
മുന്നില്‍ ഒരങ്ങാടിക്കൂട്ടം ഞങ്ങളെ നോക്കി നില്‍ക്കുന്നു
ഒരലര്‍ച്ച
പൊട്ടിത്തെറിക്കുന്നു
അവനെ കൊല്ല്
ആരെ കൊല്ലണം എന്നറിയാതെ പല ശബ്ദങ്ങള്‍
അത്ര തന്നെ നിശ്ശബ്ദതകള്‍
അവക്കിടയിലൂടെ അരുത് എന്നൊരു അപേക്ഷ
പതുക്കെ എഴുന്നേറ്റു നില്‍ക്കുന്നു
ആരെ കൊല്ലണം എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകുന്നു
എങ്ങനെ എളുപ്പത്തില്‍ വീട്ടിലെത്താം എന്നു മാത്രമാകുന്നു
ഇപ്പോള്‍ ബസ്സ് കാത്തുനില്‍ക്കുന്ന നാലഞ്ചു പേര്‍ ഞങ്ങള്‍
0
ബൂലോക കവിതയില്‍ വന്നത്

വീണ ബസ്സ്

ഇടവഴികള്‍
വീടുകള്‍ക്കു മുന്നിലൂടെയും
പറമ്പുകള്‍ക്കിടയിലൂടെയും
ഇറങ്ങി വന്നു
പാടം മുറിച്ചു കടന്ന്
വരമ്പുകള്‍ കയറി വന്നു
ഗ്രാമ ഞരമ്പുകള്‍
ഹാജര്‍ പറഞ്ഞു
കൂട്ടത്തോടെ കാത്തു നിന്നു
റോഡ്
വരുന്നതും നോക്കി

തോടുകള്‍ കമിഴ്ന്നു കിടന്നു കൊടുത്തു
മുന്നോട്ട് മുന്നോട്ട് പോകുന്നതിന്
അമ്പലക്കുളം പോലും
കുറച്ചങ്ങോട്ട് മാറിനിന്നു

റോഡ് വന്നു
പഴയ നിരത്തിനെ വിഴുങ്ങി
അത് മലര്‍ന്നു കിടന്നു

ബസ്സ് വന്നു

സമയം നോക്കി റഡിയാക്കി
കുറച്ചു നേരത്തേ
റോഡിനിരുപുറവും
ബസ്റ്റോപ്പില്‍ വന്നു കാത്തു നില്‍ക്കാന്‍ തുടങ്ങി

വരമ്പുകളാണാദ്യം പിരിഞ്ഞു പോയത്
മടിപൊടിച്ചു തുടങ്ങിയ
പാടങ്ങളും കൂടെപ്പോയി
റോഡുകളായി നടിക്കാന്‍ തുടങ്ങിയ
ഇടവഴികളും മടങ്ങി
അവരവരുടെ വീടുകളിലേക്ക്
സ്വന്തം സ്വന്തം വണ്ടികള്‍ വാങ്ങുകയും ചെയ്തു

റോഡ് കിടക്കുന്നു
മടങ്ങുന്നതിനുള്ള ബസ്സ് വരുന്നതും കാത്ത്,
നഗരത്തില്‍ നിന്നും
വിളിച്ചു വരുത്തിയതെന്തിന് എന്ന് ചോദിച്ചു കൊണ്ട്.

മുളകിട്ടത്

എത്ര കഷണം വേണമെങ്കിലും
മുറിക്കാവുന്ന കൂട്ടുകാരുണ്ട്
നടുക്കഷണം തന്നെ വേണെമെനിക്കെന്ന്
കൂട്ടുന്നവരോരോരുത്തരും കൊതിക്കും
സ്വന്തം ചങ്ങാതിയെയാണ്
തിന്നു കൊണ്ടിരിക്കുന്നതെന്ന് ചുവക്കുകയേയില്ല
അത്രയും രുചി
മുളകിട്ട് വച്ചിട്ടുണ്ടാകും ഓരോ മുറിവിലും

2009 -ല്‍ വിട്ടുപോയവ

മരത്തുള്ളി

പഴയ പൂവിടലുകളെ
ഒന്നു കൂടി പുറത്തെടുക്കുന്നതിനു മോഹിച്ച്
വഴിയില്‍
ഓര്‍മ്മിച്ചു നില്‍ക്കുന്ന
ഒരു മരത്തുള്ളിയാണ് ഞാന്‍

മഴപ്പെട്ടി

ഓടിട്ട
ഒരു വീട്ടിലായിരുന്നെങ്കില്‍
ഇന്നലെ പെയ്ത മഞ്ഞു കട്ടകളുടെ മഴ
മേല്‍ക്കൂര പൊളിച്ചെന്‍റെയും അകത്തു കടക്കും

രക്ഷാ പ്രവര്‍ത്തനത്തിനു വന്ന
അയല്‍ക്കാരെപ്പോലെ
എന്നെയും പുറത്തെടുക്കും
ജീവനോടെ,
ഒന്നുമുണ്ടായില്ല

മഴ മഞ്ഞെറിഞ്ഞു കളിക്കുക മാത്രം ചെയ്തു

ഉള്‍ക്കിണര്‍

കൈവരി കെട്ടാത്ത
ഒരു കിണറുണ്ട് മനസ്സിനറ്റത്ത്
അതിലേക്ക് കെട്ടിത്തൂക്കിയ
തൊട്ടി ആത്മീയത

അനേകം മലക്കം മറിച്ചിലുകള്‍ കഴിഞ്ഞ്
ജലനിരപ്പില്‍ മുഖം പൂഴ്ത്തി
ജലസമാധി
തണുപ്പുമായി മടങ്ങിവരവ്
ഒഴിഞ്ഞ് ഉള്ളുമായി തിരിച്ചിറക്കം

വീണ്ടും വീണ്ടും ഒരേ വെള്ളം കോരലുകളുടെ പുനരാഖ്യാനം

മാര്‍ച്ച് 16

മിന്നുന്നൂ മുന്നില്‍
നീ
യെന്തൊരു തിളക്കം
പണയത്തില്‍ നിന്നും
തിരികെയെടുത്ത പൊന്നു പോലിന്ന്

ഒന്നു കൂടി നിന്നെപ്പെണ്ണു കാണുവാന്‍
പരിചയിക്കുവാനതിശയം
മാറാതെ
വിളിക്കുവാനോരോ മണിക്കൂറിടവിട്ട്
പറയുവാനോരോയിളക്കവുമനക്കവും
തിളക്കവും
ബാറ്ററി തീരുവാനിടക്കു റീചാര്‍ജ് ചെയ്യുവാന്‍
പ്രണയത്തിലാകുവാനതിനാല്‍
പിണങ്ങുവാനിണങ്ങുവാന്‍
വീട്ടുകാരറിയാതൊളിച്ചുള്ള
ചെറു ചെറു യാത്രകള്‍ പോകുവാന്‍
ഒന്നു തൊട്ടു നോക്കുവാന്‍
വിരലില്‍
നീ പരുങ്ങുന്നതും
കോരിത്തരിച്ചതുമറിയുവാന്‍

കല്യാണ നിശ്ചയം,
ക്ഷണമൊക്കെയൊന്നുകൂടി
വധൂവരന്മാരായിത്തീരുവാന്‍
പലകുറി
ആദ്യരാത്രിയാകുവാന്‍
മോഹം

മതിവരായ്കകളല്ലേ
നമ്മിലും
ജീവിതം കൊരുക്കുന്നൂ നിരന്തരം.

ഡയറി-2009 മാര്‍ച്ച് 16 (വിവാഹ വാര്‍ഷികം)

നിങ്ങളെന്നെ...


ളര്‍ത്തു പട്ടികളുടെ കാലം വരുന്നു വരുന്നു
എന്ന്‌ എത്രയോ കാലമായി കേട്ടിരുന്നതാണ്‌
അമേരിക്ക വരുന്നു ബിന്‍ലാദന്‍ വരുന്നൂ
എന്നൊക്കെയുള്ള മനുഷ്യരുടെ ബേജാറു പോലെ
ഒരു കിംവദന്തി
കൊല്ലം കൂടുമ്പോള്‍ പഞ്ചായത്തയക്കുന്ന
പട്ടി പിടുത്തക്കാരെ കുറിച്ചുള്ള ഒരു മുന്നറിയിപ്പ്‌
അത്രയേ കരുതിയിരുന്നുള്ളൂ

എന്നെങ്കിലുമൊരിക്കല്‍ പുലി വരണമല്ലോ

കൂട്ടത്തില്‍ ആദ്യമാദ്യം തുടലു പൊട്ടിച്ചവര്‍
വേട്ടപ്പട്ടികാളായാണ്‌ മാറിയത്‌
ഇനി വളര്‍ത്തു പട്ടികളാവുകയാണ്‌ രക്ഷ
ജീവിതം അതോടെ ശുഭം
തീറ്റ തരുന്ന കൈകളോര്‍ക്കണം
വന്നു പോകുന്ന വിരുന്നുകാരെ മാനിക്കണം
പ്രഭാത സവാരിക്കിറങ്ങിയാല്‍
മറ്റുള്ളവരെ കടന്നു പോകുന്നേരം
ലേശം ഗമയും പായ്യാരവും ചമയണം

കടിക്കുന്ന പട്ടി കുരക്കില്ല



പട്ടികളുടെ ഗണം തിരിച്ചുള്ള പട്ടിക തയ്യാറാക്കുന്നുണ്ട്‌
ഏതു ഗണത്തില്‍ ചേര്‍ക്കണം
എന്നതിനു പൂരിപ്പിച്ചു നല്‍കേണ്ട
അപേക്ഷാ ഫോറവും വിതരണം ചെയ്യും
വീഴ്‌ച വരുത്തുന്നവയെ
നാലാമതൊരു ഗണത്തില്‍ പെടുത്തും
പേപ്പട്ടികള്‍
ശേഷം
പട്ടി പിടുത്തക്കാര്‍ക്കേല്‍പിച്ചു കൊടുക്കും

എല്ലാവരും വേട്ടപ്പട്ടികളോ
വളര്‍ത്തു പട്ടികളോ ആകുന്നതിനുള്ള
മല്‍സരത്തില്‍ പേരു കൊടുത്താല്‍ പിന്നെ
നിങ്ങളെന്നേ പേപ്പട്ടിയാക്കി
എന്നോ മറ്റോ ശീര്‍ഷകത്തിലെഴുതുന്ന
ഒരു നാടകം കൊണ്ടൊ
കവിത കൊണ്ടോ
പട്ടികളെ സംഘടിപ്പിക്കാനാകില്ല

എല്ലാം നാടകമായി കഴിഞ്ഞ
നാട്ടകങ്ങളില്‍ ചുറ്റിത്തിരിയാനിനി ഏതു പട്ടിയെ കിട്ടും
ഭയം നിറഞ്ഞ ചരിത്രത്തിന് ഏതു പട്ടി കാവല്‍ നില്‍ക്കും

വര: പാബ്ലോ പിക്കാസോയുടെ പട്ടി

മഴ പോലൊന്ന്‌

വീടുമാറിക്കയറിയ അതിഥിയാണ്‌
ദുബായിലെ മഴ
ഉറങ്ങുന്നവരുണരുമോയെന്ന
പരുങ്ങലോടെ
ഒച്ച കൂട്ടാതെ
തൊട്ടുവിളിക്കുക മാത്രം ചെയ്‌ത്‌
ഒന്ന്‌ കൊണ്ടയുടനെ
തെല്ലു ജാള്യതയോടെ
തിരിച്ചിറങ്ങിപ്പോയി

നാട്ടിലേതു പോലെ
തുള്ളിക്കൊരു കുടമില്ല
മഴ പോലൊന്ന്‌
ഒറ്റ ദിവസം കൊണ്ട്‌
പാവം പിടിച്ചൊരു മഴക്കാലം

മഴ പെയ്യുന്നതറിഞ്ഞ്‌
മുറി വിട്ടിറങ്ങിയവര്‍ക്കത്‌
നാട്ടില്‍ നിന്ന്‌ കൊടുത്തയച്ച
പലഹാരപ്പൊതി
രുചിച്ച്‌
മതി വരും മുന്നേ
തീര്‍ന്നു പോയ മധുരം

ജീവിതം
നിലത്തു വീണ മഴ

പെറ്റപാട്‌


പാത്തുമ്മാ പാത്തുമ്മാ...
കുട്ടികള്‍ വിളിക്കുന്നു
അവരുടെ വിളി
ഏതു ദൂരേന്നും കേള്‍ക്കുന്നു
പള്ളേലിരുന്നുള്ള
അവരുടെ വിളിക്ക്‌
കാതു കൂര്‍പ്പിച്ച്‌ കൂര്‍പ്പിച്ച്‌
തേഞ്ഞു പോയ ചെവിവട്ടം
നോക്ക്‌

നോക്കിയപ്പോള്‍
അലിക്കത്തുകള്‍ തൂങ്ങിയ
കുഴികളില്‍
പാടകെട്ടിയ
കാതുകുത്തു നോവുകള്‍


പെറ്റപാട്‌ കുഞ്ഞുങ്ങള്‍
പാത്തുമ്മയോട്‌ മാത്രം സംസാരിച്ചു
തള്ളക്കോഴിയെ ഒരൊച്ചയും വെക്കാതെ
വിളിച്ചു വരുത്തുന്ന കുഞ്ഞുങ്ങളെ
പോലെ
ഗര്‍ഭത്തിലിരുന്നു തന്നെ അവര്‍
പാത്തുമ്മയെ വിളിച്ചു വരുത്തി

നിങ്ങളുടെ പാപച്ചോര പുരണ്ട
കൈകളു പോലല്ല
പേറ്റുചോരപുരണ്ട പേറ്റിച്ചിക്കൈകള്‍
നോക്ക്‌

നോക്കിയപ്പോള്‍
നല്ല പുഴുങ്ങിയ പൂളയില്‍
മുളകു കറി ഒഴിച്ച പോലെ
ചുവപ്പില്‍ വെളുവെളുപ്പുള്ള ഉള്ളം കൈ



കല്യാണ വീടുകളിലെ
അരി പെറുക്കുന്ന പെണ്ണുങ്ങളാണ്‌
പരദൂഷണങ്ങള്‍
അളന്നു കൂട്ടുന്നതിനിടക്കാണ്‌
പ്രായ പൂര്‍ത്തി കൊടുത്തത്‌,
മോന്തിക്ക്‌
ഒതുക്കുകല്ലുകള്‍ കയറിപ്പോയ
ഞെക്കുവിളക്കു വെളിച്ചത്തില്‍
അവള്‍ ഗര്‍ഭവതിയാകുന്നതും നോക്കി
തോട്ടു വക്കത്ത്‌
ഗ്രാമമൊന്നടങ്കം ഒളിച്ചിരുന്നു പലദിവസം

വെറുതേ ചൂണ്ടയിടുവരെ
ഇരുത്തിയിരുന്നു
അക്കാലത്തെ പകലവിടെ
മീന്‍ കണ്ണുള്ളോളെ തേടിയുമവരെ
വരുത്തിയിരുന്നൂ രാവവിടെ
മയക്കാനായില്ലെന്നിട്ടും
നിലാച്ചിരികള്‍ക്കൊന്നുമൊരിക്കലും

ഒറ്റത്തടിയായോലപ്പുരയില്‍
മുട്ടവിളക്കിന്റെ വെളു വട്ടത്തില്‍
കണ്ണിമ വെട്ടാതുള്ള ഇരിപ്പില്‍
പാത്തുമ്മ
മലക്കുകളോടും പിറക്കാനിരിക്കുന്ന
മക്കളോടും സംസാരിച്ചു പഠിച്ചു

പാത്തുമ്മാ പാത്തുമ്മാ...
കുട്ടികള്‍ വിളിക്കുന്നു
അവരുടെ വിളി
ഏതു ദൂരേന്നും കേള്‍ക്കുന്നു
പള്ളേലിരുന്നുള്ള
അവരുടെ വിളിക്ക്‌
കാതു കൂര്‍പ്പിച്ച്‌ കൂര്‍പ്പിച്ച്‌

അവരോട്‌ മിണ്ടി മതി വരാതെ
ആദ്യമാദ്യം
പൈതങ്ങളുരിയാടുന്ന
സ്‌ത്രോത്രങ്ങള്‍ ഉരുവുട്ടുരുവിട്ട്‌..

ഉള്ളിയരിയുമ്പോള്‍ കരയുന്നവളേ...

2:11 PM me: hallo
2:14 PM salma: മ്... enthe?
2:16 PM me: മലയാളത്തിലേക്ക് വരൂ
കാണാറേ ഇല്ലല്ലോ ഇപ്പോള്‍
2:20 PM salma: നീ മറ്റുള്ളവര്‍ക്കു വേണ്ടി എഴുതുന്നു എന്ന് കേട്ടു
2:21 PM me: എന്‍റെ കയ്യില്‍ കുറച്ചു വാക്കുകളുണ്ട്.
നല്ല വില തരുന്നവര്‍ക്ക് അത് കൊടുക്കുന്നു.
അത്രയേ യുള്ളൂ
2:22 PM salma: എനിക്ക് തരുമോ?
2:27 PM me: വില തരാനാവുമെങ്കില്‍
2:29 PM salma: തരാം
2:30 PM me: നിനക്കെഴുതാനുള്ളത് പറയൂ
2:31 PM salma: ഉള്ളി വെട്ടുമ്പോള്‍ കരയുന്നതിനെ പറ്റി
2:32 PM me: എഴുതാം
(:!:)
ഉള്ളിയരിയുമ്പോള്‍ കരയുന്നവളേ...

അല്ലിയല്ലിയായി
പൊളിച്ചെടുത്താലേ
അറിയാനാകൂ
ഓരോന്നായി അഴിച്ചു മാറ്റാകുന്ന
ആവരണങ്ങള്‍ തന്നെ
അതിന്‍റെ അസ്തിത്വം

നിനക്കുള്ളേയില്ല
നീയാകെയുള്ളം
ഉള്ളും പുറവുമൊന്നായ സത്യം

അരിയുന്നവരെ
കരയിച്ചു കൊണ്ട് നീ
തിളക്കുന്ന ജീവിതത്തിന്‍റെ വേവിനൊരുങ്ങുന്നു

നിന്നെ അരിയുമ്പോള്‍
കരയാത്തത് പഠിച്ച പാചകക്കാര്‍ മാത്രം

വിധിവായന


ദൈവം വല്ലതും വായിക്കുന്നുണ്ടാകുമോ?
എല്ലാ ഭാഷകളുമവയുടെ വ്യാകരണങ്ങളുമവന്‌
പച്ച വെള്ളം പോലെ
എഴുതപ്പെടാത്ത പുസ്‌തകങ്ങള്‍
പോലുമവന്‌ ഹൃദിസ്ഥം

കണ്ടു കഴിഞ്ഞൊരു സിനിമയുടെ
തിരക്കഥ വായിക്കുന്നതു പോലെ
വിരസമാകുമോ
അതിനാലവനു വായന


വായിക്കുന്നൊരു പുസ്‌തകത്തിന്‍റെ
കഥാഗതിയും
പിറ്റേന്നത്തെ ലോകത്തിന്‍റെ ഗതിയും തമ്മില്‍
ഒരു രസത്തിനവനൊന്നു വച്ചുമാറിയാല്‍..
ദൈവമേ കാത്തു കൊള്ളണേ,
നിന്‍റെ വായനയില്‍ നിന്ന്‌
ഹൊറര്‍ ഫിക്ഷനുകളൊഴിവാക്കണേ...

പങ്കെടുക്കുന്നവരും കഥാപാത്രങ്ങളും
പരസ്‌പരം മാറിപ്പോകാതെ
ഈലോക കഥയെഴുതുന്നവന്‌
അല്ലെങ്കിലെന്തിനു വായന വേറെ...

പച്ച ഒപ്പരം രാപ്പനി

മൂന്ന് കവിതാ ബ്ലോഗുകളെ വായിച്ചുള്ളൊരു പഠനം
സന്തോഷ് പല്ലശ്ശന എഴുതിയതിയിട്ടുണ്ട്.
മൂന്നില്‍ ഒന്ന് ഒപ്പരം,
മറ്റുള്ളവ സെറീനയുടെ പച്ചയും
ടി.പി അനില്‍ കുമാറിന്‍റെരാപ്പനിയും.
ഒന്ന് ഒപ്പരമായ സ്ഥിതിക്ക് ഞാനിക്കാര്യം നാലാളെ അറിയിക്കാതിരിക്കുന്നതെങ്ങനെ?
ഇവിടെ ഞെക്കിയാല്‍ അതൊന്ന് കണ്ണോടിക്കാം.

നോമ്പരം



നോമ്പ്‌ നിയ്യത്തു ചൊല്ലി
വാമൊഴിയുന്നത്‌ കാതിനെപ്പോലും
കേള്‍പ്പിക്കാതെ

ഇക്കൊല്ലത്തെ
റമദാന്‍ മാസത്തിലെ
നാളത്തെ നോമ്പിനെ
അല്ലാഹുത്തആലാക്ക്‌ വേണ്ടി
നോറ്റു വീട്ടുവാന്‍ കരുതി ഉറപ്പിച്ചു

അരിയിട്ടോ
അത്താഴത്തിനാരാ വിളിക്കുക
ഉമ്മാമ ചോദിച്ചു

മാസം കണ്ടോ അതിന്‌
ഉപ്പാപ്പ

ഒരു പ്രത്യേക അറിയിപ്പ്
റേഡിയോ തുടങ്ങി
കുറേ നിശ്ശബ്ദതകള്‍ അത് കാതു കൂര്‍പ്പിച്ചു കേട്ടു
റംസാന്‍ മാസപ്പീറവി കണ്ടതായി
ഇതുവരേ വിവരമൊന്നും ലഭിച്ചിട്ടില്ല
അടുത്ത അറിയിപ്പ്
അതൊന്ന്‌ പൂട്ടുന്നുണ്ടോ
ബാങ്ക്‌ കൊടുത്താല്‍ കേള്‍ക്കില്ല
ഉപ്പാപ്പ
അതിനെ ബാക്കി പറയാനയച്ചില്ല

പൂട്ടുന്ന സമയം
റേഡിയോയില്‍ ഖാന്‍ കാവിലിന്‍റെ നാടകം
തുടങ്ങി
ബാങ്ക്‌ കൊടുക്കുന്നതു വരേ
നാടകം കാത്തു നില്‍ക്കില്ലെന്ന്‌
അടുക്കള അക്ഷമ കൂട്ടി
റേഡിയോ കോലായീന്ന്‌
പതുക്കേ അകത്തേക്ക്‌ കയറി

ഒരു പ്രത്യേക അറിയിപ്പ്‌
മാസപ്പിറവി കണ്ടതായി
വിവരം ലഭിച്ചതിനാല്‍
നാളെ റമദാന്‍ ഒന്നായി
ഖാദിമാര്‍ ഉറപ്പിച്ചെന്ന്‌
അകത്തു നിന്ന് റേഡിയോ പറഞ്ഞു


മാസം കണ്ടു കൂയ്‌
അക്കുഡേറ്റ്‌ അടുത്ത രാജ്യത്തേക്ക്‌
ആളെ കടത്തുന്ന തുളയില്‍
ഒരു ചൂട്ട്‌ മിന്നി

നോമ്പു നോറ്റാല്‍
പെരുന്നാളു കിട്ടുമെന്ന്‌
ഉപ്പാപ്പ പറഞ്ഞു

നോമ്പെടുക്കുമെന്ന്‌
കുട്ടികള്‍ കരഞ്ഞു
വിശപ്പില്ലാത്ത
ക്ഷമയായതിനെ നാമകരണം
ചെയ്യുമവര്‍ നാളെ

o
മുഴുവന്‍ കണ്ടു കഴിഞ്ഞാല്‍
തീര്‍ന്നു പോകുമല്ലോ എന്ന്‌ കരുതീട്ട്‌
പിറ്റേന്നു മുതല്‍
ആകാശം നിലാവിനെ
കുറേശ്ശെയായി പുറത്തു കാണിച്ചു

*നോമ്പരം എന്ന ടൈറ്റിലിന് നോവലിസ്റ്റ് ഹഫ്സ എന്ന ഹാശിമിക്കയോട് കടപ്പാട്

മരങ്ങളില്‍ വെളുത്ത ദളിതന്‍


ഇപ്പോള്‍ വേണമെങ്കില്‍
വേരില്‍ കായ്‌ച്ചു കാണിക്കാമെന്ന്‌
ബലം പിടിച്ചു നില്‍ക്കുന്ന പ്ലാവിനും

ഒടിഞ്ഞ കൈകളില്‍
കാറ്റു തട്ടുമ്പോള്‍
പതുക്കേ ഞരങ്ങുന്ന വാഴത്തഴപ്പുകള്‍ക്കും

ഇടയില്‍

വെളുത്ത്‌ കൊലുന്നനെ
ഭൂപരിഷ്‌കരണത്തില്‍ കിട്ടിയ
കുടികിടപ്പില്‍ മരങ്ങളുടെ കൂട്ടത്തിലങ്ങനെ

തണ്ടും തടിയുമില്ല
കണ്ണുപൊത്തിക്കളിക്കുന്ന കുട്ടികളെപ്പോലും
മറച്ചുപിടിച്ചിട്ടില്ലിതേവരേ
അഭയത്തിനു വന്നവരും
ഭയന്നോടിയവരുമായാരും
ഒളിച്ചുകഴിഞ്ഞതിന്‍റെ വിപ്ലവ സ്‌മൃതികളേയില്ല
ആത്മകഥയായാകെക്കൂടി
കറിവെക്കുന്നതിനിലകള്‍ മുഴുവന്‍
പാവങ്ങള്‍ക്കു നല്‍കിയ ദാനം മാത്രം

ഒരുറപ്പുമില്ല
പൊട്ടിവീഴുമോ തട്ടി,
തൊട്ടരികിലെ ചെറുചെടികള്‍ക്കു പോലുമില്ല
ഒഴിഞ്ഞു നില്‍ക്കാനൊരു തോന്നല്‍
ആടിയുലയുമ്പോള്‍ കാറ്റില്‍

മുമ്പു പടക്കുപോയതിന്‍
പ്രതാപമറിയിച്ചാവണം
ശോഷിച്ച കൈകളില്‍
വാളു തൂക്കിയിട്ടുള്ള ഈ നില്‍പ്പ്‌
ആണ്ടിലൊരിക്കല്‍
അധികം ചൂച്ചമയങ്ങളൊന്നും
പുറമേക്കില്ലാതെ

കാര്‍ഷിക സര്‍വ്വകലാ ശാലയില്‍
പൊടിച്ച
ചെടിമുരിങ്ങയല്ല
മിറ്റക്കൊള്ളിലെ വെറും മുരിങ്ങ.

ആദ്യത്തെ ബസ്സിനു തന്നെ പോകാനുള്ള കാരണം


ചിലപ്പോള്‍
രാവിലെ ബസ്റ്റോപ്പില്‍
ഞാനെത്തുന്ന നേരത്ത് എത്തുന്ന
ഒരു പെണ്‍കുട്ടിയാകാം,
ആ സമയം നോക്കി
അവള്‍ വന്നു നില്‍ക്കുന്നതാണെന്ന് തോന്നാം,
അവളു പോലും അറിയുന്നുണ്ടാവില്ല അത്.

പക്ഷേ, അവളായിരിക്കും
ഒന്നു കൂ‍ടി കിടക്കാനുള്ള
കിടക്കപ്പായയുടെ ക്ഷണത്തില്‍ നിന്നും
വിട്ടു പോരാന്‍ നിര്‍ബന്ധിക്കുന്നത്
വിളിച്ചെഴുന്നേല്‍പ്പിക്കുന്നത്
പുറപ്പെടുവിക്കുന്നത്
ആദ്യത്തെ ബസ്സിനു തന്നെ പോകാനുള്ള കാരണം.

6 വരികള്‍

കുട്ടികളെപ്പോലെ
ഓടിക്കളിക്കുന്ന പാതകളേ,
നിങ്ങളെന്‍റെ
അരപ്പട്ട കെട്ടിയ ഗ്രാമത്തെ കാണണം
നിങ്ങള്‍ക്ക്
ഒരരഞ്ഞാണം പോലുമില്ലല്ലൊ.

ഉമ്പാച്ചിക്കൊരു കെ.ജി.എസ്‌ വായന

പോക്കും വരവും ബന്ധനസ്ഥമായ നിലനില്‍പ്പും മൊഴിയുടെ പുതു സ്വച്ഛന്ദതയില്‍ ആഖ്യാനം ചെയ്യുകയാണ്‌ റഫീക്ക്‌ "തിരുവള്ളൂരി'ല്‍. സമയം തെറ്റാതെ, ദിശ തെറ്റാതെ, കൃത്യമായ റൂട്ടുകളില്‍, കൃത്യമായ സമയപ്പട്ടികയില്‍ പോക്കുവരവ്‌ നടത്തുന്ന ബസ്സുകള്‍. സ്‌കൂള്‍ കുട്ടികളും. ഒരു പട്ടിയും ചിട്ടയുമില്ലാതെ തെക്കുവടക്ക്‌ നടന്ന്‌ കുരുത്തക്കേട്‌ പാസായി ചിലര്‍ പാസ്‌പോര്‍ട്ടെടുത്ത്‌ ഗള്‍ഫില്‍ പോയി ധനികരായി തിരിച്ചെത്തുന്നു. മുഹമ്മദിന്റെ തുണിപ്പീടികയും മൊയ്‌തീന്റെ അനാദിക്കടയും മുന്നോട്ടു പോയി; യഥാക്രമം ഫാഷന്‍ സ്‌പോട്ടിലേക്കും സൂപ്പര്‍ മാര്‍ക്കറ്റിലേക്കും. അതുവഴി നാട്ടിലെ ഒരു വിഭാഗവും മുന്നോട്ടു പോയി. ചലനമറ്റു നിന്നുപോയി മുനീറിന്റെ ചെരുപ്പുകട; ഈ ചെരിപ്പെല്ലാമുണ്ടായിട്ടും ഒരടി എങ്ങോട്ടും പോകാനാവാതെ. പടിക്കു പുറത്തുവച്ച ചെരുപ്പു പോലെ അതവിടെത്തന്നെ ഉണ്ട്‌; ആരും തട്ടി വീഴ്‌ത്താതെ. നിശ്ചലതയുടെയും മരവിക്കലിന്റെയും തീരത്തെ പുതിയൊരു കെടുനില്‍പ്പ്‌. എത്രയോ നിസ്വജന്മങ്ങളുടെ ഛായാചിത്രമാകുന്നുണ്ടിത്‌. ലത്തീഫിന്റെ തുന്നല്‍പ്പീടികയുമുണ്ട്‌ കൂട്ടുനില്‍പ്പിന്‌. ഒരു വ്യത്യാസം മാത്രം. ലത്തീഫിന്റെ ജന്മം മറ്റുള്ളവരുടെ ആഘോഷങ്ങളുടെയും വളര്‍ച്ചയുടെയും അളവുബുക്കാണ്‌. പെരുന്നാളിന്റെയും നിക്കാഹിന്റെയും സന്തോഷഭാഷയുടെയും അഴകളവുകളുടെയും കണക്കുകള്‍ അതിലുണ്ട്‌. സ്വന്തം പെങ്ങളുടെ ജീവിതവും പടവുകള്‍ പിന്നിട്ടത്‌ ആ അളവു ബുക്കിന്റെ പടികള്‍ ചവിട്ടി. എത്ര പരതിയാലും കാണില്ല, ആ ഏടുകളില്‍ അവന്റെ സ്വന്തം ഒരളവും. ചരിത്രത്തില്‍ ഇല്ലാത്തവരില്‍ ഒരാള്‍. ഇങ്ങനെയുണ്ട്‌ എത്രയെങ്കിലും പരാര്‍ത്ഥ ജന്മങ്ങള്‍ ഇന്നും നമ്മുടെ നാടന്‍ വാഴ്‌വില്‍. പോകാന്‍ മോഹമുണ്ടെങ്കിലും പോകാനാവാത്ത ബഹുഭൂരിപക്ഷത്തെ മുഴുവനായി കാണിക്കുന്നു ഇപ്പോഴും നിരത്തിലിറങ്ങി അടുത്ത ബസ്സിനു പോയാലോ എന്നു നില്‍പ്പായ അങ്ങാടി എന്ന ഗ്രൂപ്പ്‌ ഫോട്ടോ. തീവെപ്പും അടിപിടിയും കൊള്ളയും ഭീകരാക്രമണങ്ങളും എത്രയുണ്ടായാലും അകലെയോ അടുത്തോ മറ്റൊരഭയമില്ലാത്തവ; വിട്ടുപോകാനാവാത്ത ബന്ദിജനത. അങ്ങനെ പോക്കുവരവുകളുടെയും പോകാവരായ്‌കകളുടെയും പൊരുള്‍ ആളുന്ന വെട്ടവുമായി റഫീക്കിന്റെ വാക്കുകളും. കാലത്തെ തൊട്ട്‌.
-ദുബൈയില്‍ നിന്ന് പുറത്തിറങ്ങുന്ന പ്രവാസ ചന്ദ്രികയില്‍ നിന്ന്

അസ്തമയം

കളിക്കുന്ന
കുട്ടികള്‍ക്കിടയില്‍ നിന്ന്
പന്ത്
ചക്രവാളത്തിലേക്ക് തെറിച്ചുപോയി.

ഹെയര്‍ ബെന്‍റ്

എന്‍റെ നാലു പെണ്മക്കളും
മരിച്ചിരിക്കുന്നു
കൂട്ടത്തിലേറ്റവും ഇളയവള്‍
അവളുടെ കാണാതായ
ഹെയര്‍ ബെന്‍റ് തിരഞ്ഞു കൊണ്ട്
കുനിഞ്ഞിരിക്കുകയായിരുന്നു
അപ്പോഴാണ് ഒച്ച പോലും കേള്‍പ്പിക്കാതെ,

വളഞ്ഞ് ഒരു നിലാവിന്‍റെ തുണ്ട് പോലെ
കിടക്കുകയായിരുന്നു അവള്‍
അവളെ കുളിപ്പിക്കാനെടുക്കുമ്പോള്‍
അര്‍ദ്ധചന്ദ്രാകൃതിയിലുള്ള
തിളങ്ങുന്നൊരു ഹെയര്‍ ബെന്‍റിനെ
എല്ലാരും ചേര്‍ന്ന്
മായ്ച്ചു കളയുന്ന പോലെ തോന്നി
എനിക്ക്,

ഇമ


ഈ ലോല ചര്‍മ്മങ്ങള്‍
തമ്മിലൊന്നു തൊട്ടാല്‍ മതി
സൂര്യന്‍ കെട്ടു പോകും

ഏതു നേരവും
നിസ്സാരമായി തുറക്കുന്നവ
ഒരിക്കലെന്നേക്കുമടയുമെന്ന
സൂചന തരുന്നതിനോ മുഖം
കണ്ണുകളെ
ഈ ചെപ്പില്‍ ഉപ്പു നീരിട്ടു വച്ചത്.

ഫുഡ് കോര്‍ട്ട്


ഇത്രയധികം പച്ചിലകള്‍
ആളുകള്‍ തിന്നു തുടങ്ങിയാല്‍ പിന്നെ
ആടുകളുടെ കാര്യമെന്താകും

കൃശഗാത്രനായ
ഈ ആഫ്രിക്കക്കാരന്‍
എന്തിനാണിങ്ങനെ
ഭക്ഷണത്തോട് പൊരുതുന്നത്

അയാളുടെ
വിശക്കുന്ന രാജ്യത്തിനു മുഴുവന്‍
വേണ്ടിയാകുമോ ഈ പോരാട്ടം
ഇത്ര തിന്നിട്ടും
അയാളിങ്ങനെ മെലിഞ്ഞിരിക്കുന്നതിനും
കാരണമതാകുമോ
?

മരണചക്രം

അറുത്തെടുത്ത എന്റെ ശിരസ്സ്
നിനക്ക്
കൊറിയറില്‍ അയക്കും
നിന്റേത്
മറ്റാര്‍ക്കെങ്കിലും

വിരുന്ന്
പട്ടു മെത്ത നിവര്‍ത്തിയ
മുറികളില്‍
ഭയത്തെ കൊണ്ട്
ശവപ്പുടവ വിരിപ്പിക്കും

മാന്ത്രിക വിളക്കുകളും
പറക്കുന്ന പരവതാനികളും
കട്ടെടുത്ത്
കഥകളില്‍ പകരം വെക്കും
പടക്കോപ്പുകളും
ബ്ലാക്ക് ബറി ഫോണുകളും

തോളില്‍ കയ്യിട്ട
സൌഹാര്‍ദ്ദങ്ങളെ
തട്ടിമാറ്റും
ഇളം പ്രായത്തിന്റെ മിനുപ്പും
തുടിപ്പുമുള്ള
തോക്കിന്‍ കൈകള്‍

മരിച്ചവരുടെ
ആത്മാക്കള്‍ക്കുള്ള
മെഴുകുതിരികളൂതിക്കെടുത്തി
കോപാഗ്നിയെക്കൂട്ടി
വീടുകള്‍ക്ക് തീകൊടുക്കും

വാക്കുകളേയും
സംഭാഷണങ്ങളേയും
തിരിച്ചു വിളിച്ച നിശ്ശബ്ദതയില്‍
നിലവിളികളും
വെടിയൊച്ചകളും
നയതന്ത്രപദമേല്‍ക്കും

ഭാഷയെത്തന്നെ
മാറ്റിക്കളയുമെന്നിട്ട്
അര്‍ത്ഥങ്ങള്‍
വിപര്യയങ്ങള്‍
പര്യായങ്ങളൊക്കെ തെറ്റും
സാധുവിന്റെ
പര്യായമല്ലാതാകും സന്യാസി
ഹിന്ദുവിന്റെ
വിപരീതമാകും മുസ്ലിം

കാലചക്രം പോലെയല്ല
കറങ്ങുക
കറങ്ങുന്നുണ്ടെന്ന് തന്നെ തോന്നുകയില്ല
നമുക്കിടയിലെ
ദൂരവും വേഗവും
*അനക്കങ്ങളെയാണ് ആദ്യം ഇല്ലാതാക്കുക.

*അനക്കം എന്ന വാക്കിനു ഞങ്ങളുടെ ഗ്രാമനിഘണ്ടുവില്‍ ചലനമെന്നും സംസാരമെന്നും അര്‍ത്ഥങ്ങള്‍.

ഗര്‍ഭം


ആണുങ്ങളും
ഒരു ദിവസം പെറ്റുകൂടായ്കയില്ല
വയറ്റിലുള്ളവളെ
അതുകൊണ്ടാണ് ഗര്‍ഭിണി
എന്നു വിളിക്കുന്നത്

ഗര്‍ഭി
അവിടെ എടുത്തു വച്ചിട്ടുണ്ട്
നിനക്ക്
കേട്ടോടാ ക്രൂരാ...

സ്വപ്ന വാങ്മൂലം


സ്വപ്‌നങ്ങളുടെ ജീവിതം
അവയെ കണ്ടവരുടെ
ജീവിതത്തിലുമെത്രയോ ദുസ്സഹം

ആരെ കാണിക്കണമെന്നു
തെരഞ്ഞെടുക്കുന്ന നാള്‍ തൊട്ട്‌
തീരുമാനിക്കപ്പെടുന്നു
ഓരോ സ്വപ്‌നത്തിന്റെയും ഭാവി

മോഹനിദ്ര വിട്ടുണര്‍ന്നെങ്കിലും
വെറും സ്വപ്‌നങ്ങള്‍ മാത്രമായിത്തുടരുന്ന
എത്ര സ്വപ്‌നങ്ങളുണ്ട്‌!
ഭൂരിപക്ഷം വരുന്ന അവയുടെ
നിജസ്ഥിതി മറച്ചുവെച്ചാണു നിങ്ങള്‍
സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങള്‍ എന്നു
കവിതയെഴുതുന്നതും
വിപ്ലവം പറയുന്നതും
പ്രസംഗിക്കുന്നതും

ദുസ്വപ്‌നങ്ങള്‍ എന്നു മുദ്രയടിക്കപ്പെട്ട
ഹീനജാതികളുടെ കാര്യം വിട്‌
കുറച്ചെങ്കിലും ഭേദം
അവയുടെ ജീവിതം തന്നെ
പേടിപ്പെടുത്തി
രക്ഷപ്പെടുകയെങ്കിലുമാവാമവക്ക്‌

തന്നെ ആദ്യം കണ്ടയാളുടെ
ജീവിതത്തിനു
മിന്നുകെട്ടുക എന്നതു തന്നെ
സ്വപ്‌നങ്ങളുടെയും പതിവ്
അങ്ങനെ വരിച്ചവര്‍ക്കൊപ്പം
ജീവിതം നിത്യസങ്കടം എന്നു വീര്‍പ്പുമുട്ടുന്ന
എത്ര ഹതഭാഗ്യര്‍!.
പ്രത്യുല്‍പ്പാദന ശേഷിയില്ലാത്ത
പുരുഷന്മാര്‍ക്കൊപ്പം
ജീവിതം പാഴാക്കുന്ന
പെണ്ണുങ്ങളെ പോലെ
എല്ലാം സഹിച്ചും ത്യജിച്ചും
കഴിയുന്ന സല്‍സ്വഭാവികള്‍ തന്നെ
സ്വപ്‌നങ്ങളിലും ഉത്തമര്‍

എന്നാലുമുണ്ട്‌ കൂട്ടത്തില്‍
തന്നെ വച്ചുകൊണ്ടിരിക്കുന്നവരെ കബളിപ്പിച്ച്‌
മറ്റുള്ളവര്‍ക്കൊപ്പം പോകുന്നവ,
എത്ര സഫലം എന്നു കേളിമികച്ച
എത്രയോ സ്വപ്‌നങ്ങള്‍
ഇങ്ങനെ കണ്ണുവെട്ടിച്ച്‌ കടന്നവയാണ്‌

ഒരേ കിടപ്പറയില്‍
നിറവേറാത്തതും
നീട്ടിവെക്കപ്പെട്ടതും
സാക്ഷാല്‍ക്കാരങ്ങളെ
പ്രാപിക്കാനാവാത്തതും ജീവിതം

പുലരാതെ മടുത്ത സ്വപ്‌നങ്ങള്‍
കൂട്ടത്തോടെ സ്വപ്‌നം കാണുന്നുണ്ട്‌
കൂട്ടിപ്പോകുന്ന ഒരിടയന്റെ വരവ്‌

അതു സംഭവിക്കാന്‍ വൈകുംതോറും
മിക്ക സ്വപ്‌നങ്ങളുമിപ്പോള്‍ കൊതിക്കുന്നത്‌
ഭീതിയായോ വൈരമായോ
ആകുലതകളായോ ഒരു പുനര്‍ജന്മം

എളുപ്പത്തിലും വേഗത്തിലും സഫലമാകുന്ന
ജീവിതമാണ്‌
തല്‍ക്കാലം അഭികാമ്യമായത്‌.
000

ഒറ്റ വരിയില്‍ ഒരുകവിതയായ(കുഴൂര്‍ വിത്സണ്‍ പറയുന്നത്)
സ്വപ്ന വാങ്മൂലം എന്ന ശീര്‍ഷകത്തിനു
കവി റഫീക്ക് അഹമ്മദിനോട് കടപ്പാട്,
മാറ്റി എഴുതിയ സ്വപ്ന വാങ്മൂലം പുനപ്രകാശിപ്പിക്കുന്നു.

501

അലുത്തു പോയ
വിരലുകളുടെ
ഒരു പ്രാര്‍ത്ഥനാ യോഗമുണ്ട്
അലക്കൊഴിഞ്ഞ നേരത്ത്

പരസ്പരം തിരുമ്മിയും
കെട്ടുപൊട്ടിച്ചുമാണത് പിരിയുക

ഓര്‍ത്തെടുക്കാനാവില്ലിനി
കൈകള്‍ക്കൊന്നും
വെള്ളം തൊട്ടിട്ടും
ഉണര്‍വ്വൊന്നുമുണ്ടായില്ല

അഞ്ഞൂറ്റൊന്നിന്റെ മണം
മൂക്കുകള്‍ക്കിനി പിടിക്കാനാവില്ല
സുഗന്ധ സോപ്പിട്ട് തന്നെ
കുളിപ്പിക്കാം

പ്രത്യേകിച്ച്
ഒന്നുമുണ്ടായിരുന്നില്ല

കഴിഞ്ഞ ആഴ്ച
കാലൊന്നു പടം മറഞ്ഞിരുന്നു
മുറ്റത്തെ നിരപ്പില്‍
ഇല്ലാത്ത ചവിട്ടുപടി ഇറങ്ങിയതായിരുന്നു

പിന്നാമ്പുറത്തെ
അലക്കു കല്ലിന്റെ പൊത്തില്‍ നിന്ന്
ഒരു തേളു കുത്തുകയുമുണ്ടായി ഇന്നലെ
സോപ്പു കഷണം വച്ചിട്ടുണ്ടെന്ന് പറഞ്ഞ്
അതില്‍ കയ്യിട്ടതായിരുന്നു

വേറെ പ്രത്യേകിച്ച്
ഒന്നും, ഉണ്ടായിരുന്നില്ല

ഉണങ്ങിപ്പോയ വിരലുകളുടെ
വേറെ ഒരു പ്രാര്‍ത്ഥനാ യോഗമുണ്ട്
അഴുക്കൊഴിഞ്ഞ ദേഹത്ത്

ഭൂതകാലത്തിന്റെ
കടച്ചിലുകളൊന്നുമറിയാതെ വിശ്രമിച്ചു കൊണ്ട്.

അന്തരം(ഗം)


തലയിണയോ
തലയണയോ
?
അവള്‍ വരുന്നതു വരെ ഇണ,
വന്നതിൽ പിന്നെ അണ.

അറ്റം


നിശ്ശബ്ദത
എത്ര നീളം പോകുമെന്ന്
വീക്ഷിക്കുകയാണ്
അതിനു തുടക്കമിട്ട ഈ അറ്റം

നേരെ വരുന്ന
ശബ്ദങ്ങളുടെ അകമ്പടിയില്ലാത്ത
എതിര്‍പ്പില്‍ നിന്ന്
അകന്നകന്ന് പോകുകയാണ്
മറ്റേ അറ്റം

ഒരു ഭാരവുമില്ലാത്ത
ഒന്നിനെ
ചുമന്നു തളരുന്നൂ
രണ്ടറ്റങ്ങളില്‍
കാത്തു നില്‍ക്കുന്നവര്‍

ഏതു പെരുക്കവും
എത്രയോ കനം കുറഞ്ഞതാകുന്നു
മാന്ദ്യത്തിന്‍റെ
അളവു തൂക്കങ്ങളിലെന്ന്
മാന്ദ്യം ബാധിച്ച
ഇണക്കത്തിനു
കൈവരുന്ന നവോന്മേഷമാണ്
ഓരോ പിണക്കവുമെന്ന്
കണക്കു കൂട്ടല്‍ രണ്ടറ്റത്തും.

കക്കൂസ്


വൃത്തിയാക്കി വച്ചാല്‍
വെട്ടിത്തിളങ്ങുന്ന ഈ കൊട്ടത്തളത്തെ
മനസ്സിനോട് ഉപമിക്കാവുന്നതേയുള്ളൂ
എത്ര നിറച്ചോഴിച്ചാലും
ജലം
ഒരേ നിരപ്പില്‍ തുടരുന്നതിനാലും
ഛേ തീട്ടമെന്ന് മൂക്ക് പൊത്തുന്നവയെ
അകത്ത് അടക്കി വെക്കുന്നതിനാലും

പഴമ
ചിത്രപ്പണി ചെയ്ത
ഈ കുടുസ്സു മുറിയുടെ ചുമരുകള്‍ക്കുമുണ്ട്
മനസ്സിനോട്
മുറിച്ചാല്‍ മുറിയാത്ത ചേര്‍ച്ച

അഴിഞ്ഞ മുടിക്കെട്ടും
നീണ്ട മൂക്കുമുള്ള സ്ത്രീ രൂപം
സ്തനങ്ങളുടെ ഉയര്‍ച്ച കഴിഞ്ഞ്
നോക്ക്
ഒരു പുഴ പോലെ നിരങ്ങി
ചുഴി പൊലെ കുത്തി
മലഞ്ചെരിവു പോലെ ഇറങ്ങി
കണ്ണാടി തറച്ചിരുന്ന
ആണികള്‍ക്കപ്പുറം കടവ്

തൊട്ടപ്പുറത്ത്
കിടക്കുന്നതിനെ
അഴിച്ചു വച്ച പോലീസ് തൊപ്പിയാക്കാം
വാ പിളര്‍ന്നു നില്‍ക്കുന്ന
വേട്ട നായാക്കാം
ഈ മുറിയില്‍ പക്ഷെ നല്ലത്
എതിര്‍ ലിംഗങ്ങളെ
പിടിക്കുന്ന രൂപകങ്ങളാണ്

അത്
കുളി കഴിഞ്ഞു പോയവളുടെ
മുടികുടുക്കി ആവട്ടെ അപ്പോൾ.

അനേകാഗ്രത


മാംസവും രക്തവുമുള്ള
മനുഷ്യ ബന്ധങ്ങളൊക്കെയും
നമ്പറുകളായി മാറുന്നല്ലോ
എന്നൊരാധിയിലകപ്പെട്ട ദിവസം

അക്കമിട്ട തടവുകാരന്
കുടുസ്സു മുറിയിലേക്കിറ്റുന്ന
വെളിച്ചത്തിനോടെന്ന പോലെ
അവന്
ദൈവത്തോട് കമ്പം തോന്നി

ജയിലെന്നാല്‍
അത്യാവശ്യമായതിലും കുറഞ്ഞ സ്ഥലവും
ആവശ്യമായതിലുമേറെ സമയവും മാത്രമല്ല
പേരിനു പകരം കുത്തിയ അക്കവുമാണെന്ന്
അവന്‍ അപ്പോള്‍ ബോധവാനായി

പരമോന്നത നീതി പീഠവും
ന്യായാധിപനുമായ
ദൈവത്തോട് കുറച്ചധികം സംസാരിക്കണം
എന്നൊരു ഉള്‍വിളി വന്നതങ്ങനെയാണ്

ദൈവത്തോട്
സംസാരിച്ചിരിക്കുന്നതിനിടെ
അവന്റെ കൈഫോണ്‍
അരികെ പതുങ്ങി നിന്ന ആരോ
കൈക്കലാക്കിയിരുന്നു

പ്രാര്‍ത്ഥിക്കുന്നവനേക്കാള്‍
എത്രയോ കൂടിയ ഏകാഗ്രത വേണം
മോഷ്ടിക്കുന്നവന് എപ്പോഴും

പ്രാര്‍ത്ഥനകള്‍
ആഗ്രഹിച്ചതൊന്നും കവര്‍ന്നെടുക്കാനാവാത്ത
പാഴ് ശ്രമങ്ങളായി തുടരുമ്പോള്‍
മോഷണം എത്ര ഫലവത്താണ് മിക്കപ്പോഴും

നിലവിലില്ലാത്ത ഫോണിലേക്ക്
എന്നെ വിളിക്കേണ്ട നേരമായെന്ന
പ്രണയിനിയുടെ
പാഴ്വിളി പോലെയാകും
ചില നേരം പ്രാര്‍ത്ഥനകള്‍

കടം വാങ്ങിയവനെ വിളിച്ച പോലെ
പരിധിക്ക് പുറത്തോ
സ്വിച്ച്ഡ് ഓഫ്ഫോ ആവും
മിക്കവാറും ദൈവ സന്നിധി

രോഗികള്‍ക്ക് മരുന്നു കൊടുക്കുന്ന
അതേ കൃത്യതയില്‍
അവളെഴുതിയ
കുഞ്ഞു കുഞ്ഞു പ്രേമക്കുറികളാല്‍
ദിവസവും രണ്ടു നേരം
ശുശ്രൂഷ ചെയ്യപ്പെട്ട അവന്‍
അഞ്ചു നേരമുള്ള
ദൈവത്തിന്റെ വിളി
അറിഞ്ഞിരുന്നു പോലുമില്ല അതു കൊണ്ട്.
00

ഇത് കവിതയല്ല. ഇതിലെ അവന്‍ മറ്റൊരാളുമല്ല. പോയ്പ്പോയത് സ്വന്തം ഫോണ്‍ തന്നെയാണ്. എന്റെ പ്രിയപ്പെട്ട ഫോണ്‍ നോക്കിയ 5310 എക്സ്പ്രസ്സ് മ്യൂസിക്ക്. കഴിഞ്ഞ ജനുവരിയില്‍ 850 ദിര്‍ഹമിനു വാങ്ങിയത്. ദേരയിലെ ഗ്ലാസ്സ് മസ്ജിദില്‍, തൊട്ടപ്പുറം പ്രാര്‍ത്ഥിക്കാനെന്ന പോലെ നിന്നിരുന്ന ആരോ ഒരാള്‍ അതും കൊണ്ട് കടന്നു കളയുകയായിരുന്നു. വിചാരിക്കുമ്പോള്‍ കരച്ചില്‍ വരുന്നത് സൌഹൃദങ്ങളുടേയും സഹവാസങ്ങളുടേയും അക്കബന്ധങ്ങളൊക്കെ കൈവിട്ടു പോയതോര്‍ക്കുമ്പോഴാണ്. വീണ്ടെടുപ്പില്ലാത്തവയുമുണ്ട് ആ കൂട്ടത്തില്‍. എന്നേക്കുമായി കൈവിട്ട ചങ്ങാത്തങ്ങള്‍. കാത്തു വച്ച ചെറു ലിഖിതങ്ങള്‍ കുറെ. കേട്ടാല്‍ കൊതി തീരാത്ത പ്രിയ ഗാനങ്ങള്‍ വേറെ. നടപ്പുകളുടേയും ദുര്‍നടപ്പുകളുടേയും അവശിഷ്ടങ്ങളായുള്ള സൂക്ഷിപ്പുകള്‍ ഏറെ.
നഷ്ടങ്ങളുടെ നഷ്ടം വിവാഹ നിശ്ചയത്തിനും വിവാഹത്തിനുമിടയിലുള്ള കുറഞ്ഞ ദിനങ്ങളുടെ, ഹൃസ്വതയുടെ ദൈര്‍ഘ്യം വെട്ടിക്കുറക്കാന്‍ എന്റെ പ്രണയിനി എഴുതിയ കുഞ്ഞു കുഞ്ഞു ലിഖിതങ്ങളുടെ നഷ്ടമാണ്. പ്രണയക്കടുപ്പത്തില്‍ ആയിരുന്നു ഞങ്ങളപ്പോള്‍. പരസ്പരം കൂട്ടിയിടിച്ച് തകരാനുള്ള വെമ്പലോടെ ഭ്രമണ പഥങ്ങളില്‍ നിന്ന് പിണങ്ങിയ രണ്ടു ഗ്രഹങ്ങളുടെ വേഗവും പിണ്ഠവുമാകുമല്ലോ അക്കാലം ഏതു പ്രണയികള്‍ക്കും. ഈ വിരഹത്തിലാവട്ടെ അവളുടെ നേരം കൂട്ടിയുള്ള സ്നേഹ ശുശ്രൂഷകള്‍ എനിക്കായി സ്വീകരിച്ചിരുന്നതും ആ ഫോണായിരുന്നു. imei കോഡ് ഉപയോഗിച്ച് ആ ഫോണിനു പിന്നാലെ പോകാമെന്ന് കേള്‍ക്കുന്നു. 358976018271477 ആണ് ആ നമ്പറ്. അതിനൊന്നും നില്‍ക്കണ്ട, നിനക്കേതായാലും പോയി, അതെടുത്തവനെങ്കിലും ഉപകാരത്തിനെത്തിക്കോട്ടെ എന്ന് പറയുന്നു ഉള്ളിലെ മാന്യന്‍. അപ്പോഴും ചില ജീവിത രംഗങ്ങള്‍ ഓര്‍മ്മയിലെത്തുമ്പോള്‍ അവിടെ സന്നിഹിതരും അതോടെ എനിക്ക് സുഹൃത്തുക്കളുമായി മാറിയ ചില മുഖങ്ങളെ ഇനി തിരിച്ചു പിടിക്കാന്‍ ഒരു വഴിയുമില്ലെന്ന ദുഖം മനസ്സില്‍ മൂടിക്കെട്ടി പെയ്യാതെ നില്‍ക്കുന്നു. അവരുടെ അസാന്നിധ്യം പകരുന്ന വേദന... ജീവിതത്തിന്റെ ഒരടര് ഡിലീറ്റ് ചെയ്യപ്പെട്ട പോലെ...