രാത്രിയിലെ നഗരപാതകള്‍

അവ
നിറഞ്ഞൊഴുകും തോടുകള്‍
അലകളില്‍
മടക്കിവെച്ചത്
വെളിച്ചത്തിന്റെ പൊട്ടുകള്‍
അകങ്ങളില്‍ ഇമപൂട്ടാന്‍ മറന്നു നിദ്രകള്‍

വെളിച്ചത്തിനെയും ഇരുട്ടിനെയും
തരം തിരിച്ചെടുത്ത്
ഒഴുകുന്നുണ്ട് പല വേഗങ്ങളില്‍
ഒരേ ധൃതികള്‍
ചുഴികളില്‍ മുട്ടിത്തിരിഞ്ഞും
തടവുകളില്‍ തട്ടിയും
നിന്നും

പരല്‍മീനുകളുണ്ട്
ശ്വാസമയക്കാന്‍ പാടുപെട്ട്
ഒഴുക്കിനെതിരെ തുഴ കുത്തി
വലിയ വാകളില്‍ നിന്നൊഴിഞ്ഞ്
കുഴഞ്ഞ്
ഇടക്ക് കരക്കു നോക്കുന്നു

അവസാനത്തെ ബസ്സിനു
വന്നിറങ്ങിയ
രണ്ടുമൂന്ന് സ്വര്‍ണ്ണമത്സ്യങ്ങള്‍‌
കരയിലേക്കു ചൂണ്ടയിട്ട്
വാലിളക്കി നടക്കുന്നു
അവയ്ക്കു പിറകേ
പകല് പഴുപ്പിച്ച കണ്ണുകള്‍

മുങ്ങിത്താഴുന്നു ചിലത്
ഒഴുകി നീങ്ങാന്‍ കെല്പില്ലാതെ
മരത്തില്‍ നിന്നോ മാളത്തില്‍ നിന്നോ
വന്നുവീണവ

കലങ്ങിമറിയുമ്പോള്‍ വീശാം എന്ന്
വല നിവര്‍ക്കുന്നുണ്ട്
കരയിലൊട്ടു വിശപ്പുകള്‍

വേഗം ഒഴുകിപ്പോട്ടേ എന്നോര്‍ത്താവാം
ബാറില്‍നിന്നിറങ്ങിയ
ഛര്‍ദ്ദി
ഇരുട്ടിന്റെ അരികുപറ്റി
തല കുമ്പിട്ടിരുന്നു രാകുന്നു തൊണ്ട

ആകാശം കുടഞ്ഞ ജലം പോലെ
ഒഴുകിയും വറ്റിയും
മായുകയാണ്
രാത്രിയിലെ പാതകള്‍

രാത്രി കറുക്കുംതോറും
അരികിലേക്ക് കയറിക്കയറി
ഒഴുക്കുമുണ്ട്
നേര്‍ത്തു നേര്‍ത്തു വരുന്നു

മരപ്പാലത്തില്‍ നിന്ന്
തോട്ടിലേക്കെന്ന പോലെ
കാലു തെന്നുമെന്ന് ഭയന്ന്
മുറിച്ചുകടക്കണം ഈ ഒഴുക്ക്

എത്ര നീന്തിയിട്ടും അക്കരെ കാണാത്ത
ജീവിതത്തിന്റെ വിസ്താരമുണ്ട്
ചിലപ്പോള്‍
രാത്രിയിലെ നഗരപാതകള്‍ക്ക്

രാത്രി
അര്‍ധ രാത്രിയും
അന്ത്യരാത്രിയുമായി
നഗരം
ഉറക്കവും പാതിയുണര്‍ച്ചയുമായി
പുലരുമ്പോഴേക്കും
പതിവു പോലെ
വറ്റിയും വരണ്ടും
പാതകള്‍
പാതകള്‍ തന്നെയാവുകയാണ്

8 comments:

 1. അവസാനത്തെ ബസ്സിനു
  വന്നിറങ്ങിയ
  രണ്ടുമൂന്ന് സ്വര്‍ണ്ണമത്സ്യങ്ങള്‍‌
  കരയിലേക്കു ചൂണ്ടയിട്ട്
  വാലിളക്കി നടക്കുന്നു
  അവയ്ക്കു പിറകേ
  പകല് പഴുപ്പിച്ച കണ്ണുകള്‍

  രാത്രിയിലെ നഗരപാതകള്‍

  ReplyDelete
 2. എത്ര നീന്തിയിട്ടും അക്കരെ കാണാത്ത
  ജീവിതത്തിന്റെ വിസ്താരമുണ്ട്
  ചിലപ്പോള്‍
  രാത്രിയിലെ നഗരപാതകള്‍ക്ക്
  :):)

  ReplyDelete
 3. നല്ല ആശയം
  നല്ല വരികള്‍

  ReplyDelete
 4. താങ്കളുടെ
  ചില കവിതകള്‍ വായിച്ചാല്‍ അല്പനേരം
  കമന്റിടാന്‍ മറന്ന്
  നിശ്ശ്ബ്ദമായിപ്പോകും.
  പിന്നെ ഒരഭിപ്രായത്തിന്റെ
  അസാംഗത്യത്തെ കുറിച്ച്
  ബോധവാനായി ഒന്നും
  പറയാതെ പിന്തിരിയും

  ReplyDelete
 5. കുടഞ്ഞു കളഞ്ഞു!

  ReplyDelete
 6. രാത്രിയുടെ പുതിയ അനുഭവം..
  അഥവാ, രാത്രി എന്ന അനുഭവം..

  ഹാരിസിക്കയുടെ അഭിപ്രായം ശരിയാണ് ട്ടോ..

  ReplyDelete
 7. കണ്ണികള്‍ പൊട്ടിയവലയില്‍ ഒരു പരല്‍മീന്‍ പോലും കുടുങ്ങുന്നില്ലല്ലോ? എത്ര നാളായി ഒന്ന് തൊണ്ട രാകിയിട്ട്.

  ReplyDelete