മരങ്ങളില്‍ വെളുത്ത ദളിതന്‍


ഇപ്പോള്‍ വേണമെങ്കില്‍
വേരില്‍ കായ്‌ച്ചു കാണിക്കാമെന്ന്‌
ബലം പിടിച്ചു നില്‍ക്കുന്ന പ്ലാവിനും

ഒടിഞ്ഞ കൈകളില്‍
കാറ്റു തട്ടുമ്പോള്‍
പതുക്കേ ഞരങ്ങുന്ന വാഴത്തഴപ്പുകള്‍ക്കും

ഇടയില്‍

വെളുത്ത്‌ കൊലുന്നനെ
ഭൂപരിഷ്‌കരണത്തില്‍ കിട്ടിയ
കുടികിടപ്പില്‍ മരങ്ങളുടെ കൂട്ടത്തിലങ്ങനെ

തണ്ടും തടിയുമില്ല
കണ്ണുപൊത്തിക്കളിക്കുന്ന കുട്ടികളെപ്പോലും
മറച്ചുപിടിച്ചിട്ടില്ലിതേവരേ
അഭയത്തിനു വന്നവരും
ഭയന്നോടിയവരുമായാരും
ഒളിച്ചുകഴിഞ്ഞതിന്‍റെ വിപ്ലവ സ്‌മൃതികളേയില്ല
ആത്മകഥയായാകെക്കൂടി
കറിവെക്കുന്നതിനിലകള്‍ മുഴുവന്‍
പാവങ്ങള്‍ക്കു നല്‍കിയ ദാനം മാത്രം

ഒരുറപ്പുമില്ല
പൊട്ടിവീഴുമോ തട്ടി,
തൊട്ടരികിലെ ചെറുചെടികള്‍ക്കു പോലുമില്ല
ഒഴിഞ്ഞു നില്‍ക്കാനൊരു തോന്നല്‍
ആടിയുലയുമ്പോള്‍ കാറ്റില്‍

മുമ്പു പടക്കുപോയതിന്‍
പ്രതാപമറിയിച്ചാവണം
ശോഷിച്ച കൈകളില്‍
വാളു തൂക്കിയിട്ടുള്ള ഈ നില്‍പ്പ്‌
ആണ്ടിലൊരിക്കല്‍
അധികം ചൂച്ചമയങ്ങളൊന്നും
പുറമേക്കില്ലാതെ

കാര്‍ഷിക സര്‍വ്വകലാ ശാലയില്‍
പൊടിച്ച
ചെടിമുരിങ്ങയല്ല
മിറ്റക്കൊള്ളിലെ വെറും മുരിങ്ങ.

8 comments:

 1. മുരിങ്ങക്ക്
  മലയളവും ഇംഗ്ലീഷും ഒന്നു തന്നെ.
  തനതു മലയാളിയാവണം ഇവനെന്ന് തോന്നുന്നു.

  ReplyDelete
 2. kavitha kollam...
  ente roopathe ormippikkunnu ninte ee kavitha

  ReplyDelete
 3. This tree is the native of foot hills of himalaya and now it is cultivated in all over asia and africa coz of its nutritional qualities

  ReplyDelete
 4. അപ്പോള് ദളിതന്മാരിലും വെളുത്തവരുണ്ട്. ജീവിതം മുഴുവനും ദാനം ചെയ്ത ഈ ഓര്മ്മ മുരിങ്ങക്കല്ലാതെ മറ്റാര്ക്കാണുള്ളത്.

  ReplyDelete
 5. "മുമ്പു പടക്കുപോയതിന്‍
  പ്രതാപമറിയിച്ചാവണം
  ശോഷിച്ച കൈകളില്‍
  വാളു തൂക്കിയിട്ടുള്ള ഈ നില്‍പ്പ്‌."

  നന്നായിരിക്കുന്നു...............

  ReplyDelete
 6. ദലിതനായ മുരിങ്ങ ഒരു വെറൈറ്റി ഇനം തന്നെ. നന്നായി ഉമ്പാച്ചി

  ReplyDelete
 7. പ്ലാവ്, വാഴ റിപ്പബ്ലിക്കുകള്‍ക്കിടയിലെ ദളിതന്റെ ആ ഉറപ്പില്ലാത്ത നില്‍പ്പ് ഇഷ്ടപ്പെട്ടു ഉമ്പാച്ചീ..
  അഭിവാദ്യങ്ങളോടെ

  ReplyDelete