''ഒലക്ക''

ഒലക്ക വേറെയാണ്‌
ഉരലോ ഉമിയോ അതിന്റെ ആരുമല്ല

ക്ഷോഭത്തിന്റെ മുന്നാഴി
പൊടിച്ച്‌
ആഴക്ക്‌ സഹനം
സഹിഷ്‌ണുതയുടെ ലേശം തവിട്‌
വെറുപ്പിന്റെ ഒരു നുള്ളിനെ വേര്‍പ്പെടുത്തി
അല്‍പ്പം ക്ഷമ
പുച്ഛത്തിന്റെ ഇത്തിരി പൊടി

''ഒലക്ക''
ഉറക്കെ പറഞ്ഞു നോക്കുക
ഇടിക്കുന്നതിന്റെ പൊടിക്കുന്നതിന്റെ
യാതൊരു ശബ്ദവും പുറമേ കേള്‍പ്പിക്കില്ല

ഒരു വാക്കിനു കൂട്ടാനാകുന്ന
കുറഞ്ഞ ഒച്ചയില്‍
പറഞ്ഞു കഴിയുന്നതോടെ തീരുന്ന ഉപായം

വാക്കുകള്‍ എത്ര മുന്തിയ ഉപകരണങ്ങള്‍

പക്ഷേ,
പൊടിച്ചു കൊടുക്കപ്പെടും
എന്നൊരു ബോര്‍ഡ്‌ വച്ച്‌
കുറച്ചു നേരമിരുന്നു നോക്കുക
അറിയുന്നവരും അറിയാത്തവരും
വന്നു കൊണ്ടേയിരിക്കും
ഈ ലോകം മുഴുവന്‍
അവരുടെ കൈകളിലുണ്ടാകും
ഇടിച്ച്‌ പൊടിച്ച്‌
ഉണക്കി സൂക്ഷിക്കുന്നതിന്‌

ആയതിനാല്‍
അരിശത്തിന്റെ ഇന്ധനം നിറഞ്ഞ ഒന്നും
ഒരു വാക്കു പോലും
സ്വാര്‍ത്ഥത്തിന്റെ ഉപകരണമാക്കാതിരിക്കുക
ഒലക്ക വേറെയാണ്‌
അതിന്‌ ഉമിയുമായോ ഉരലുമായോ എന്തു ബന്ധം...?