റഹ്‌മാനിയ.എച്ച്.എസ്


........................................
അതു കൊണ്ട്‌
ലോകത്തിലെ ഏറ്റവും വലിയ വീടേതാണ്‌?
വീടിന്റെ മുറ്റം പെങ്ങന്മാര്‍
അടിച്ചു വാരുന്നു
കോലായ അമ്മമാര്‍ തുടക്കുന്നു
വണ്ണാമ്പല നിങ്ങള്‍ തട്ടുന്നു
നമ്മുടെ വലിയ വീടാണ്‌ സ്‌കൂള്‍
അതാരു വൃത്തിയാക്കും?
കുറിയ വാചകങ്ങള്‍ക്കു ശേഷമുള്ള
ശാരദട്ടീച്ചറുടെ ചോദ്യം
ഒറ്റക്കെട്ടായ 4 B യുടെ ഉത്തരം:
റഹ്മാനിയ LP

ലോകത്തിലെ ഏറ്റവും ചെറിയ ദിനേശ്‌ ബീഡി ഏതാണ്‌
ടീച്ചര്‍ ക്ലാസില്‍ നിന്നിറങ്ങിയ ശൂന്യതയില്‍
കുഞ്ഞിമ്മൂസയുടെ ചോദ്യം
ശാരദട്ടീച്ചര്‍
ഒറ്റക്കെട്ടായ 4 B അപ്പോള്‍ രണ്ടു പക്ഷമാകും
പെണ്‍കുട്ടികള്‍ വിട്ടു നില്ക്കും 

ലോകത്തിലെ ഏറ്റവും വലിയ സ്‌കൂള്‍
റഹ്മാനിയ HS
ഒരു ചെറിയ കണ്ടം നിറയെ LP
നാലഞ്ചു പറമ്പുകളില്‍ UP
നിരത്തിനോട്‌ ചേര്‍ന്ന്
ലേശം മുതിര്‍ന്ന പോലെ HS
ഒത്ത നടുക്ക്‌ വലിയ മൈതാനം
പടിഞ്ഞാറേ മൂലക്ക്‌ 
കൂറ്റന്‍ സ്റ്റേജ്‌, അതില്‍ 10 A

4 B യില്‍ നിന്ന്‌ ജയിച്ചത്
ആദ്യം ദുഖമായി
അജ്‌മലിനും കുഞ്ഞിമ്മൂസക്കും 
നടുക്ക്‌ നിന്ന്‌ പോന്ന്‌
പ്രകാശനും വിനോദനും ഇടയിലായി

അവര്‍ കോമത്തെ LP ക്കാര്‍
ബാലമംഗളവും ബാലരമയും വായിക്കുന്നവര്‍
മലര്‍‌വാടി കണ്ടിട്ടേയില്ല
പതുക്കെ ഡാക്കിനിയെ
അവരു വെറുക്കുന്ന പോലെ ഞാനും വെറുത്തു
പൂച്ചപ്പോലീസിനെ എന്നെ പോലെ
അവരും സ്‌നേഹിച്ചു
ഞങ്ങള്‍ കുഞ്ഞുണ്ണി മാഷും കുട്ട്യോളുമായി

ക്ലാസ്സ് തുടങ്ങിയപ്പോള്‍
5 C
മലയാളം എടുത്തവരും
അറബിക്കിനു പോകുന്നവരുമായി
സംസ്‌കൃതത്തിനും ചേര്‍ന്നു മൂന്നു പേര്‍
മലയാളം ക്ലാസില്‍ തന്നെ നടക്കും
അറബിക്കിന്‌ 5 A യിലേക്ക്‌ പോകണം
മൂന്നു ഭാഷകള്‍ ചേര്‍ന്ന്
സ്‌കൂളു മൊത്തം കലപിലയാക്കി

അറബിക്കിനു ചേര്‍ന്നവര്‍
ഉച്ചക്കു വിട്ടാല്‍ കുഞ്ഞോള്ള മാഷിനൊപ്പം
പള്ളിയില്‍ പോയി
പത്തര വരേ മാഷ്‌ മദ്രസയിലെ ഉസ്‌താദ്‌
മദ്രസ വിട്ടാൽ മാഷ്‌
അല്ലാത്തപ്പോള്‍ മുന്‍‌ഷി
നിസ്‌കാരം നിര്‍‌ബന്ധമാക്കിയത്
അല്ലാഹുവല്ല മുന്‍‌ഷിയായായിരുന്നു

സ്‌കൂളതിരിനോട്‌ ചേര്‍ത്തു തുന്നിയതായിരുന്നു
നിസ്‌കാരപ്പള്ളി
ചെറുപ്പം കണ്ടാല്‍ നിസ്‌കാരപ്പള്ളാന്നു
വിളിക്കാന്‍ തോന്നും
മുറ്റത്തൊരു കുഞ്ഞു കിണറുണ്ട്‌,
തൊട്ടിയും കയറും വീണാല്‍ ഇറങ്ങി എടുക്കാം

കുടിവെള്ളമെടുക്കുന്നവര്‍ക്കും
ചോറ്റു പാത്രം കഴുകുന്നവര്‍ക്കും
ഇടയിലൂടെ
നിസ്‌കരിക്കുന്നവര്‍ ആദ്യം
*ഒളുവര്‍പ്പിക്കണം
കിണറ്റിന്‍ കരയിലെ പെണ്‍‌കുട്ടികള്‍ മാറി നില്ക്കും 
സ്‌ത്രീ പുരുഷന്മാരുടെ
തൊലി തമ്മില്‍ ചേര്‍ന്നു കൂടാ

നിസ്‌കാരം കഴിയുന്നതു വരെ
*തലക്കാമ തുടങ്ങാതെ
പ്രകാശനും വിനോദനും കാത്തു നില്ക്കും 

എല്ലാ സ്‌കൂളുകളിലേയും പോലെ
ഞങ്ങളുടെ സ്‌കൂളിലും 
ടി.സി യിലെഴുതിയ മാതിരി
ഹിന്ദുമതവും
ഇസ്ലാം മതവുമുണ്ടായിരുന്നില്ല.


*ഒളുവര്‍പ്പിക്കുക: നിസ്കാരത്തിനു മുമ്പുള്ള അംഗസ്നാനം.ആരാധനയായതിനാലാകണം ഒളു എടുക്കുകയെന്ന് പറയുന്നതിനു പകരം ഒളു അര്‍പ്പിക്കുകയെന്ന് മുമ്പ് പറഞ്ഞിരുന്നു നാട്ടില്‍.

*തലക്കാമ: കുട്ടിക്കാലത്തെ ഒരിനം ഓലപ്പന്തു കളി