പാമ്പൻ കുത്ത്*ആംഗ്രി ബേഡ്സ് കളിച്ചുകൊണ്ടിരിക്കേ
അപ്പിയിട്ടിട്ട് വരാമെന്നു പറഞ്ഞ് പോയ 
മോന്റെ നിലവിളി ടോയിലറ്റിൽ നിന്നും
ഉമ്മീ പാമ്പ്, ഓടി വരണേ, പാമ്പ്.

ഭയന്നു പോയി ഭവനം
അടുത്ത വീടുകൾ പോലും വന്നു
ഭയത്തിൽ പങ്കു ചേർന്നു
ഒറ്റമുറിയിലെ
അടുക്കള കിടപ്പറ കോലായ
ഒന്നിച്ചു ഫണം വിടർത്തി നിന്നു.

'ങ്ങള് ചെല്ല്
എനിക്കു പേടിയാകുന്നു'
അവളു പിന്മാറി
പലമടങ്ങ് ധൈര്യമെടുത്ത്
ചെന്നു നോക്കുമ്പോൾ
വിരയാണ്
തീവ്രഭാവമില്ല
പത്തിപോലുമില്ല
മലത്തൊടുള്ള പ്രതിപത്തിയിൽ
ചത്ത് മലച്ച്,

അയവു വന്ന സംഘർഷത്തോടുള്ള
അവളുടെ അനുശോചനം കേട്ട്
എന്റെ ആത്മ നിന്ദ പോലും ചിരിച്ചുപോയി

"അവനിന്നലെ പള്ളപൊത്തിക്കരഞ്ഞിരുന്നു
പാമ്പൻ കുത്താണെന്ന് ഞാനോർത്തില്ല".

*പാമ്പൻ കുത്ത്: വിരശല്യത്തിനു നാട്ടിൽ പറയുന്ന വാക്ക്.

2 comments:

  1. കുറെ കരഞ്ഞിരുന്നു, ഭയന്നിരുന്നു.. പണ്ട്.
    തേങ്ങ തിന്നിട്ടാണെന്ന ഉമ്മയുടെ ഭയപ്പെടുത്തല്‍ ഓരോ ചിരവപ്പൂവിലും ഇപ്പോഴുമുണ്ടാവണം.

    ReplyDelete
  2. എന്റെ ചെറുപ്പകാലത്ത് കണ്ടിരുന്ന വിരകള്‍ ഒരു ചെറിയ പാമ്പിന്റെ വലിപ്പം തന്നെ.

    ReplyDelete