സാന്‍റ്‌ പേപ്പര്‍

പെങ്ങള്‍ക്ക്
കല്യാണം
നിശ്ചയിച്ചതോടെ

ചുമരുകളാകെ
വെള്ള
വലിപ്പിക്കുകയാണുപ്പ

വാതുക്കലെ
കട്ട്ള
ഉരച്ചു
വെളുപ്പിക്കുകയാണുമ്മ

ഓഫീസിലേക്കൊരുങ്ങുന്ന
എനിക്കും
കാണാം

തെളിഞ്ഞുവരുന്നുണ്ട്
കട്ട് ളപ്പടിയില്‍

മൂത്തപെങ്ങളുടെ
മൂക്ക്
പിഴിഞ്ഞ്
കോന്തലയിലും
ചുമരിലും
വിരല്‍ തുടച്ച
മൂക്കട്ടയുടെ ബാക്കി

പരമേശരനാശാരി
തട്ടിച്ച
മുഴക്കോലിന്‍റെ
വക്ക്

നട്ടുകാരുടെ
ഊരവേദനക്ക്
മൂത്തുമ്മ
കാച്ചിയ
തൈലങ്ങളുടെ
മണം

എളാപ്പ
കുവൈത്ത് ന്ന്
വന്നന്ന്
ചവച്ചു തുപ്പിയ
സ്റ്റിക്കര്‍മുട്ടായികളുടെ പശ

ഉപ്പാപ്പയെ
പുറത്തേക്കെടുക്കുമ്പൊള്‍
ഉമ്മാമയുതിര്‍ത്ത
നെടുവീര്‍പ്പുകളുടെ
കനം

ഉരക്കുകയാണുമ്മ
തെളിഞ്ഞു
മായുകയാണോരോന്ന്

തേപ്പുകാരുണ്ട്
ചോദിക്കുന്നു
സാന്‍റ്‌ പേപ്പറുണ്ടോ

അതു മാത്രം
ഓന്‍
മറന്നതെന്തെന്ന്
ഉമ്മ
ഉറക്കെ
ഉരച്ച് നോക്കുന്നുണ്ടെന്നെ

ഉരക്കടലാസ്
മതിയെങ്കില്‍
ഇതാന്ന്
സമാധാനിപ്പിക്കുന്നുണ്ടവരെ

തേപ്പുകാരുണ്ട്
ചിരിച്ച്
ഉമ്മാന്‍റെ കയ്യിലെ
സാന്‍റ്‌ പേപ്പര്‍
വാങ്ങി
ജനലുകളുരക്കുന്നു

10 comments:

  1. സമയം ജീവിതത്തിനുമേല്‍ അടിഞ്ഞുകൂടിയതിന്റെ സങ്കീര്‍ണ്ണ സാന്ദ്രത, അതിനെ ഉരച്ചടര്‍ത്തിയെടുക്കുന്ന കവിതയെന്ന പ്രവര്‍ത്തി.. ഉമ്പാച്ചീ നിങ്ങള്‍ എന്നെ വിസ്മയിപ്പിക്കുന്നു...

    ReplyDelete
  2. ഉമ്പാച്ചീ, കവിത നന്നായി. സന്റ്‌ പേപ്പര്‍ എന്ന ബിംബം കാലം മായ്ച്ചു കളഞ്ഞ (മറക്കാന്‍ പഠിപ്പിച്ച) പലതിനെയും വീണ്ടും തെളിമയോടെ മുന്നിലെത്തിക്കുന്നു.
    നല്ല നിരീക്ഷണങ്ങള്‍

    ReplyDelete
  3. ജീവനുള്ള വരികള്‍ :)

    ReplyDelete
  4. ഇഷ്ടപ്പെട്ടു ഈ എഴുത്തു്. ഓരോ ബിംബങ്ങളിലും പറയാനുള്ളതിന്‍റെ മഹാ സമുദ്രം ലളിതമായ വാക്കുകളില്‍‍ ഒതുക്കിയിരിക്കുന്നു.
    ഉമ്പാച്ചി എന്‍റെ ആശംസകള്‍‍.

    ReplyDelete
  5. ശകതമായ ആശയം. ഒറ്റ ശ്വാസത്തില്‍ വായിച്ചു.

    ReplyDelete
  6. അതു മാത്രം
    ഓന്‍
    മറന്നതെന്തെന്ന്
    ഉമ്മ
    ഉറക്കെ
    ഉരച്ച് നോക്കുന്നുണ്ടെന്നെ

    ഈ വരികള്‍ക്കു ഒരു പ്രത്യേക ചേലുണ്ട്. വളരെ ഇഷ്ടമായി

    ReplyDelete
  7. എന്റെ മനസ്സിലും തെളിഞ്ഞു വന്നു പലതും

    ReplyDelete
  8. നിങ്ങളെഴുതുന്ന ഓരോ കവിതയിലും വിസ്മയിപ്പിക്കുന്ന കയ്യൊതുക്കമുണ്ട്.തനതുബിംബങ്ങളുടെ പുതുമയുണ്ട്.കണ്ടിട്ടും കാണാതെ പോയ കേട്ടിട്ടും കേള്‍ക്കാതെപോയ പലതും ഈ കവിതകളില്‍ നിറഞ്ഞുനിന്ന് എന്നോട് ചിരിക്കുന്നു.

    ReplyDelete
  9. ലളിതമായ ഭാഷ, ഗഹനമായ ആശയം – ഇഷ്ടപ്പെട്ടു!

    ReplyDelete
  10. ബിംബങ്ങള്‍ കൊണ്ട്‌ ഒരു പാട്‌ ഓര്‍മ്മകളെ ഉണര്‍ത്തി.

    ReplyDelete