ഹൃദ്രോഹം

മരുന്നും ഗുളികയുമൊന്നുമില്ല
പുറത്തിറങ്ങരുത്തെന്ന്
പറഞ്ഞിട്ടുണ്ട്
നിലാവ് കാണരുത്
കാറ്റ് കൊള്ളരുത്
പണ്ട് കൊണ്ടതും
കണ്ടതുമായ പലതും വേണ്ട
എന്നും ശാസിച്ചിട്ടുണ്ട്
അതൊക്കെയാണീ രക്തസമ്മര്‍ദ്ദത്തിന് ഹേതു.
മോളുംകുട്ടികളുമിന്നലെ
കടല്‍ക്കരയില്‍ പോകുന്നേരം
അതിനും കൂട്ടിയില്ല,
കടലും പറ്റില്ല
പകരം
കളര്‍മീനുകള്‍ പായുന്നൊരു
ചില്ലുവീടുമായവര്‍ മടങ്ങി വന്നിരിക്കുന്നു...
അത് കണ്ടുകൊണ്ടിരുന്നാല്‍ മതി.
പകല്‍ വെളിച്ചം വറ്റിയാല്‍
കുഞ്ഞു കോലായിലെ
ചാരുകസേരയിലേക്ക് വരാം,
റോട്ടിലേക്ക് നോക്കി ഈ ഇരിപ്പിരിക്കാം
ലേശം കാറ്റു കൊള്ളാം
അതും സൂക്ഷിച്ച്
ശുദ്ധവായുവാണേലും അധികമാകാതെ നോക്കണം.

1 comment:

 1. പുതിയതൊന്നുമല്ല
  ബൂലോക കവിതയില്‍
  നേരത്തെ തിരയടിച്ചതാ...
  എഴുത്തുകള്‍
  വേറെങ്ങും സൂക്ഷിപ്പില്ല,
  അതു കൊണ്ട് ഇവിടെ എടുത്തു വെക്കുന്നു.
  അത്ര മാത്രം

  ReplyDelete